പാവപ്പെട്ടവന്റെ പാപ്പാ.. പാവപ്പെട്ടവന്റെ പാപ്പാ.. 

ഫ്രാൻസിസ് പാപ്പാ: ദരിദ്രർ സഭയുടെ നിധിയാണ്

ദരിദ്രർക്കായുള്ള അഞ്ചാം ആഗോളദിനത്തിൽ പ്രാർത്ഥനയ്ക്കായി ഒരുമിച്ചുകൂടിയ വിശ്വാസികളെ അഭിവാദ്യം ചെയ്തു കൊണ്ട് ഫ്രാൻസിസ് പാപ്പാ വീഡിയോ സന്ദേശമയച്ചു

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അസ്സീസിയിൽ ഫ്രാൻസിസ് പാപ്പാ നടത്തിയ സന്ദർശനത്തിൽ വച്ച് ദരിദ്രരെ സേവിക്കുന്ന "Fratello"എന്ന സംഘടനയോടു മുന്നോട്ടുവച്ച അഭ്യർത്ഥന മാനിച്ച് അവർ ആസൂത്രണം ചെയ്ത 30 മിനിറ്റ് ആഗോള പ്രാർത്ഥനാ സമ്മേളനത്തിലാണ് ദരിദ്രർ സഭയുടെ നിധിയാണ് എന്ന് പാപ്പാ ഉയർത്തി കാട്ടിയത്.

സ്പാനീഷ് ഭാഷയിൽ നൽകിയ ഈ സന്ദേശവും ലോകം മുഴുവനിൽ നിന്നുള്ള സാക്ഷ്യങ്ങളും ഫ്രത്തെല്ലോയുടെ ഫേസ്ബുക്  പേജ് വഴി പങ്കു വയ്ക്കുകയും ചെയ്തു. മുൻകൂട്ടി തയ്യാറാക്കാതെ സ്വതന്ത്രമായി സംസാരിച്ച പാപ്പാ അവർ ചെയ്യുന്ന സേവനത്തോടും അവരോടുമുള്ള തന്റെ  സാമിപ്യം അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച അസ്സീസിയിൽ ശ്രവിച്ച സാക്ഷ്യങ്ങളിൽ ജയിലുകളിലും, ചേരികളിലും, യുദ്ധം, തഴയൽ, ഒറ്റപ്പെടൽ തുടങ്ങിയവ മൂലം ദരിദ്രർ അനുഭവിക്കുന്ന ഒട്ടനവധി കഷ്ടങ്ങളെ പാപ്പാ അംഗീകരിച്ചു. ഒരു നേരമെങ്കിലും ഉണ്ണാൻ ഉണ്ടാവുമോ? എവിടെ ഉറങ്ങും? എന്ന അനുദിന ചിന്തയാണ് അവർ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ എന്നു പാപ്പാ ഓർമ്മിപ്പിച്ചു.

പരിശുദ്ധാത്മാവിനെ പരിപൂർണ്ണമായി സ്വാഗതം ചെയ്ത പരിശുദ്ധ മറിയം നമുക്ക് സമാധാനം നൽകട്ടെ എന്നും അവളുടെ അലിവിന്റെ മേലങ്കിയാൽ നമ്മെ സംരക്ഷിക്കട്ടെയെന്നും പാപ്പാ പ്രാർത്ഥിച്ചു. യേശു ആവശ്യപ്പെട്ടുന്നതു പോലെ മറ്റുള്ളവരെ, പ്രത്യേകിച്ച് ദരിദ്രർ, കുഞ്ഞുങ്ങൾ, രോഗികൾ, ജീവിതത്തിൽ മുറിവേറ്റവർ എന്നിവരെ സഹായിക്കാനും സുവിശേഷം പങ്കുവയ്ക്കാനും, യേശുവിന്റെ  സ്നേഹത്തിന്റെ  സദ്വാർത്ത പങ്കുവയ്ക്കാനും ഫ്രാൻസിസ് പാപ്പാ അവരോടു ആവശ്യപ്പെട്ടു. നാം ഓരോരുത്തരും നമ്മെത്തന്നെ പല വിധത്തിൽ ദരിദ്രരായി പരിഗണിക്കണം കാരണം നമ്മുടെ ശൂന്യതകൾ നിറയ്ക്കാൻ നമുക്ക് ദൈവത്തിന്റെ സ്നേഹം ആവശ്യമുണ്ട്. "നമ്മിൽ അവൻ വലുതാകുന്നതിന് കർത്താവ് നമ്മെ ഓരോരുത്തരേയും ചെറുതാകാൻ സഹായിക്കട്ടെ," പാപ്പാ പ്രാർത്ഥിച്ചു.

"ഇവരിൽ ഏറ്റം എളിയവനോടു നിങ്ങൾ ചെയ്തത് എനിക്ക് തന്നെയാണ് ചെയ്തത് " എന്നതും "ഈ എളിയവനെ, ഈ ദരിദ്രനെ എന്റെ  നാമത്തിൽ സ്വാഗതം ചെയ്യുന്നവൻ എന്നെ സ്വീകരിക്കുന്നു" എന്നതും  നമ്മുടെ എല്ലാ സഹോദരീ സഹോദരരോടും ഐക്യദാർഢ്യം പ്രകടിപ്പിക്കാനുള്ള സുവിശേഷ കൽപനയാണ് എന്ന്  ഓർമ്മിപ്പിച്ച ഫ്രാൻസിസ് പാപ്പാ, അതുകൊണ്ടാണ് നമ്മൾ ദരിദ്രർ സഭയുടെ നിധിയാണെന്ന് പറയുന്നതെന്നും അറിയിച്ചു.

ദരിദ്രരെ വേദനിപ്പിക്കുകയോ, അവഗണിക്കുകയോ, അപമാനിക്കയോ ചെയ്ത എല്ലാ കൃസ്ത്യാനികളുടേയും പേരിൽ ഫ്രാൻസിസ് പാപ്പാ മാപ്പു ചോദിച്ചു. ഓരോ സ്ത്രീയും പുരുഷനും ദൈവത്തിന്റെ  ആലയവും സഭയുടെ നിധിയുമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ദരിദ്രർ ദൈവത്തിന്റെ  നിധി ആയതിനാലും അവരിൽ വിശുദ്ധർ ഒളിഞ്ഞിരിക്കുന്നതിനാലും അവർ നമ്മുടെ ദേവാലയങ്ങളുടെ വാതിക്കലല്ല, മറിച്ച് സഭയുടെ ഹൃദയഭാഗത്താണ് ആയിരിക്കേണ്ടതെന്നും പാപ്പാ കൂട്ടിച്ചേർത്തു. ദൈവത്തിന്റെ സ്നേഹത്തിന് ഹൃദയം തുറന്ന് ലോകത്തിൽ അവന്റെ സ്നേഹത്തിന് സത്യസന്ധമായ സാക്ഷികളാകാനും അവരെ ഫ്രാൻസിസ് പാപ്പാ പ്രോൽസാഹിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 November 2021, 14:26