റോമിൽ ഫ്രഞ്ച് യോദ്ധാക്കൾക്കായുള്ള സെമിത്തേരിയിൽ  ഫ്രാൻസിസ് പാപ്പാ... റോമിൽ ഫ്രഞ്ച് യോദ്ധാക്കൾക്കായുള്ള സെമിത്തേരിയിൽ ഫ്രാൻസിസ് പാപ്പാ... 

മരിച്ച വിശ്വാസികളുടെ ഓർമ്മ ദിവസത്തിൽ യുദ്ധത്തിന്റെയും അക്രമത്തിന്റെയും ഇരകൾക്കായി പാപ്പാ പ്രാർത്ഥിച്ചു

മരിച്ച വിശ്വാസികളുടെ ഓർമ്മ ദിവസമായ നവംബർ 2, യുദ്ധത്തിന്റെയും അക്രമത്തിന്റെയും ഇരകൾക്കു വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കുവാനുള്ള അവസരമാണെന്ന് ഫ്രാൻസിസ് പാപ്പാ.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

റോമിൽ ഫ്രഞ്ച് യോദ്ധാക്കൾക്കായുള്ള സെമിത്തേരിയിൽ ബലിയർപ്പിച്ചാണ് ഫ്രാൻസിസ് പാപ്പാ മരിച്ച വിശ്വാസികളുടെ ദിനമാചരിച്ചത്.

തിങ്കളാഴ്ച സകല വിശുദ്ധരുടെയും തിരുനാളിലെ മദ്ധ്യാഹ്ന പ്രാർത്ഥന മദ്ധ്യേ സംസാരിക്കവേ ഈ ദിവസങ്ങളിൽ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശവകുടീരത്തിൽ പ്രാർത്ഥിക്കാൻ  പോകുന്ന  ലോകം മുഴുവനുമുള്ള വിശ്വാസികളോടു ആത്മീയമായി പങ്കുചേരാനുള്ള ഒരവസരമാണിതെന്ന് സൂചിപ്പിച്ചിരുന്നു. യോദ്ധാക്കൾക്കായുള്ള സെമിത്തേരിയിലുള്ള ബലിയർപ്പണം യുദ്ധത്തിന്റെയും അക്രമണങ്ങളുടേയും എല്ലാ ഇരകൾക്കുമായി പ്രാർത്ഥിക്കാനായുള്ള അവസരമാണ് എന്ന് പാപ്പാ അറിയിച്ചു.

റോമിലെ ഫ്രഞ്ച്  യോദ്ധാക്കൾക്കായുള്ള സിമിത്തേരിയിൽ ഏതാണ്ട് 1900 ശവകുടീരങ്ങളുണ്ട്. ഇവയിൽ ഭൂരിഭാഗവും രണ്ടാം ലോകമഹായുദ്ധത്തിൽ ജീവൻ കൊടുത്ത മൊറോക്കോ, അൾജീരിയ എന്നിവിടങ്ങളിലുള്ള പടയാളികളുടെ ശവകുടീരങ്ങളാണ്. കുരിശു നാട്ടിയ കല്ലറകളെക്കൂടാതെ അവയിൽ വളരെയേറെ കല്ലറകൾ മുസ്ലിം ചന്ദ്രക്കല കൊണ്ട് അടയാളപ്പെടുത്തിയവയുമുണ്ട്. അവയിലെല്ലാം  "ഫ്രാൻസിനായി മരണമടഞ്ഞവർ" എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

1943-44 കാലഘട്ടത്തിൽ നാസികൾക്കെതിരെ  പോരാടിയ ഫ്രഞ്ചു സേനയ്ക്ക് ആദരാഞ്ജലിയർപ്പിക്കാനായി ഇറ്റാലിയൻ സർക്കാർ നിർമ്മിച്ചതാണ് ഈ സെമിത്തേരി. എല്ലാ നവംബർ 11 നും ഇവിടെ കഴിഞ്ഞ കാലത്തേയും നിലവിലേയും യുദ്ധങ്ങളുടെ ഇരകൾക്കായി ഒരു അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കാറുണ്ട്. കഴിഞ്ഞ നവംബർ രണ്ടിന് ഫ്രാൻസിസ് പാപ്പാ മരിച്ചവർക്കായുള്ള പരിശുദ്ധ കുർബ്ബാനയർപ്പിച്ചത് വത്തിക്കാനിൽ തന്നെയുള്ള ട്യൂട്ടോണിക്  സെമിത്തേരിയിലായിരുന്നു. കോവിഡ് പരിമിതികൾ മൂലം അത് വിശ്വാസികൾക്ക് പങ്കെടുക്കാൻ അനുവാദമില്ലാതിരുന്ന ഒരു സ്വകാര്യ ചടങ്ങായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 November 2021, 16:30