2013ൽ ഫ്രാൻസിസ് പാപ്പാ അസ്തല്ലി സെന്റർ സന്ദർശിച്ചവസരത്തിൽ പകർത്തപ്പെട്ട ചിത്രം. 2013ൽ ഫ്രാൻസിസ് പാപ്പാ അസ്തല്ലി സെന്റർ സന്ദർശിച്ചവസരത്തിൽ പകർത്തപ്പെട്ട ചിത്രം. 

പാപ്പാ: മനുഷ്യത്വം നശിച്ച മരുഭൂമിയും നിസ്സംഗത ആഗോളവൽക്കരിച്ച മനുഷ്യബന്ധങ്ങളുടെ വരൾച്ചയും അനുഭവിക്കുന്ന അഭയാർത്ഥികൾ

അഭയാർത്ഥികൾക്കായുള്ള അസ്താല്ലി കേന്ദ്രത്തിന്റെ നാൽപതാം വാർഷികത്തിൽ "ഭാവിയിലേക്കുള്ള മുഖങ്ങൾ "എന്ന പ്രദർശനത്തിന്റെ ഉദ്ഘാടനവേളയിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

നാൽപ്പതിന്റെ പ്രാധാന്യം

ബൈബിളിൽ നാൽപത് നിരവധി സൂചനകൾ തരുന്ന ഒരു പ്രധാന സംഖ്യയാണ്. എന്നാൽ തീർച്ചയായും നിങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ വാഗ്ദത്ത ഭൂമിയിൽ പ്രവേശിക്കുന്നതിനു മുൻപ് നാൽപത് വർഷം മരുഭൂമിയിൽ നടന്ന ഇസ്രായേൽ ജനതയെ ഞാൻ ഓർക്കുന്നു. അടിമത്തത്തിൽ നിന്ന് മോചിതരായി ഒരു ജനതയായി രൂപപ്പെടാൻ അവർക്കു നിരവധി ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകാ൯ ഒരു തലമുറയുടെ സമയമെടുത്തു. ഇപ്പോഴും കഴിഞ്ഞ 40 വർഷങ്ങളിലെ മനുഷ്യചരിത്രം ഒരു പുരോഗമനത്തിന്റെ വഴിയിൽ അല്ല നീങ്ങുന്നത്. കാരണം സ്വന്തം മണ്ണ് വിട്ട് ഓടിപോകേണ്ടി വരുന്ന ജനതയുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളിൽ ഭൂരിഭാഗവും ഇസ്രായേൽജനം അനുഭവിച്ച അടിമത്തത്തിനു  സമാനമായ സാഹചര്യത്തിൽ നിന്നും രക്ഷപ്പെട്ടോടേണ്ടി വന്നവരാണ്. ഇവിടെ ഒരു മനുഷ്യനെ അവന്റെ അന്തസ്സിനെ ഉരിഞ്ഞു മാറ്റി വെറും ഒരു വസ്തുവായി കണക്കാക്കുന്ന രീതിയാണ് നിലവിലുള്ളത്. യുദ്ധം എത്ര ക്രൂരതയാണെന്നും സ്വാതന്ത്ര്യവും അവകാശവും ഇല്ലാതെ ജീവിക്കേണ്ടിവരുന്നത് എന്താണെന്നും നിങ്ങൾക്ക് നന്നായി അറിയാം. നിങ്ങളുടെ ഭൂമി വരണ്ടു പോകുമ്പോഴും, നിങ്ങളുടെ ജലം മലിനമാകുമ്പോഴും നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നിങ്ങൾക്ക് ഒരു സുരക്ഷിത സ്ഥാനം തേടി നടക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. ദൗർഭാഗ്യവശാൽ ഇത്തരം യാത്ര പലപ്പോഴും യഥാർത്ഥ വിമോചനത്തിൽ കൊണ്ട് ചെന്നെത്തിക്കുന്നുമില്ല. പലപ്പോഴും നിങ്ങൾ മനുഷ്യത്വം നശിച്ച മരുഭൂമിയും നിസ്സംഗത ആഗോളവൽക്കരിച്ച മനുഷ്യബന്ധങ്ങളുടെ വരൾച്ചയുമാണ് കണ്ടെത്തുന്നത്, പാപ്പാ വിശദീകരിച്ചു.

ചരിത്രത്തിന്റെ ഭൂതകാലത്തിലേക്കുള്ള തിരിച്ചുപോക്ക്

കഴിഞ്ഞ പത്ത് വർഷങ്ങളിലെ ചരിത്രം ഭൂതകാലത്തിലേക്കുള്ള തിരിച്ചുപോക്കാണ്. ലോകത്തിന്റെ പല ഭാഗത്തും സംഘർഷങ്ങൾ വീണ്ടും ഉടലെടുക്കുന്നതും ദേശീയവാദവും, ജനകീയതയും വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്നതും കാണുന്നു. മതിലുകൾ നിർമ്മിക്കുന്നതും, കുടിയേറ്റക്കാരെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലേക്ക് തിരിച്ചയക്കുന്നതും മാത്രമാണ് പല സർക്കാറുകളും മനുഷ്യന്റെ കുടിയേറ്റം നിയന്ത്രിക്കാൻ കണ്ടെത്തുന്ന ഏകമാർഗ്ഗം.

അഭയാർത്ഥികൾ പ്രത്യാശയുടെ മുഖം

എന്നാൽ കഴിഞ്ഞ ഈ 40 വർഷം ഈ മരുഭൂമിയിൽ സ്വപ്നം കാണാൻ ഉതകുന്ന ധാരാളം പ്രത്യാശകളുടെ തെളിവുകളുമുണ്ട്. ഒരു പുതിയ ജനതയായി ഒരുമിച്ച് യാത്ര ചെയ്യാൻ ഒരു വലിയ "നമ്മൾ " നമ്മിൽ രൂപപ്പെടുത്തുകയും ചെയ്യാം. അതിന് അഭയാർഥികളായ പ്രിയപ്പെട്ട നിങ്ങൾ പ്രതീക്ഷയുടെ അളവും മുഖവുമാണ്. നിങ്ങൾക്ക് ഒരു സാധ്യത നൽകപ്പെടുമ്പോൾ ഞങ്ങൾ അറിയാനും, മനസ്സിലാക്കാനും ,കഴിഞ്ഞ കാലത്തെ തെറ്റുകൾ ആവർത്തിക്കാതിരിക്കാനും, ഇന്നിനെ രൂപാന്തരപ്പെടുത്തി സമാധാനത്തിന്റെ ഭാവി സൃഷ്ടിക്കാൻ പറ്റുന്ന പദങ്ങൾ ഞങ്ങൾക്ക് നിങ്ങൾ  നൽകുന്നു. അതേപോലെതന്നെ 40 കൊല്ലത്തോളം ഈ അസ്താല്ലി കേന്ദ്രത്തിൽ  സന്മനസ്സോടെ തങ്ങളുടെ  സമയവും ശക്തിയും വിനിയോഗിച്ച ധാരാളം സ്ത്രീകളും പുരുഷന്മാരും ഈ പ്രത്യാശയുടെ മറ്റൊരു അടയാളമാണ്. എല്ലാവർക്കും തുല്യ അവകാശവും അന്തസ്സുമുള്ള കൂടുതൽ നീതിപൂർവ്വകമായ ഒരു ലോകം സൃഷ്ടിക്കാനുള്ള ശ്രമത്തിൽ വ്യത്യസ്തരായ ആയിരക്കണക്കിനാളുകൾ പരസ്പരം  ഒരുമിച്ചത് ഈ പ്രത്യാശയോടെ മറ്റൊരു അടയാളമാണ്. "ഫ്രത്തേല്ലി തൂത്തി" എന്ന ചാക്രിക ലേഖനത്തിൽ ഞാൻ ഓർമ്മിപ്പിച്ചത് പോലെ നല്ല സമരിയാക്കാരന്റെ കഥ ആവർത്തിക്കപ്പെടുന്നു, പാപ്പാ അനുസ്മരിപ്പിച്ചു.

വാഗ്ദത്ത ഭൂമിയിലേക്ക്...

ഇപ്പോൾ നമുക്കും വാഗ്ദത്ത ഭൂമിയിൽ ജീവിക്കാനുള്ള സമയം കൈവന്നിരിക്കുന്നു. പരസ്പരം സേവനത്തിൽ നമ്മെ പ്രതിഷ്ഠിക്കുന്ന ഐക്യദാർഢ്യത്തിന്റെ ഭൂമിയാണത്. സഹോദര ജനതകൾ ഉൾക്കൊള്ളുന്ന ഒരു പൊതുഭവനത്തിന്റെ സമയം. അസ്താല്ലി  കേന്ദ്രങ്ങൾ സ്വാഗതമേകിയ സ്ത്രീകളുടെയും പുരുഷന്മാരുടെയും മുഖങ്ങൾ നമ്മിലേക്ക് അവരുടെ കൃത്യമായ പേരുകളും കഥകളും നമുക്ക് കാണിച്ചു തരുന്നു. കൂടാതെ റോമാനഗരത്തിലെ ചില സ്ഥലങ്ങളുടെ കൃത്യമായ വിവരങ്ങളും നൽകുന്ന ഈ പ്രദർശനത്തിൽ അവർ ജീവിതം പങ്കിട്ട സ്ഥലമെന്നനിലയിൽ അതിന്റെ സജീവ ഭാഗമാകാനുള്ള ആഗ്രഹവും വിളിച്ചുപറയുന്നു. ഐക്യമത്യമാർന്ന ഒരു സമൂഹം കെട്ടിപ്പടുക്കാൻ നിരവധി സ്ത്രീ പുരുഷന്മാരോടൊപ്പം പൂർണ്ണമായ പൗരത്വത്തോടെ നായകരാകാനുള്ള ആഗ്രഹവും നമുക്ക് കാണാം. ഈ വാർഷികത്തിൽ കൂടിക്കാഴ്ചയുടെ സംസ്കാരം സാക്ഷാത്ക്കരിക്കപ്പെടട്ടെ എന്നാശംസിക്കുന്നു. ഒരു ജനത എന്ന നിലയിൽ പരസ്പരം കണ്ടുമുട്ടാനും, ബന്ധപ്പെടാനുള്ള മാർഗ്ഗങ്ങൾ തേടുന്ന, പാലം പണിയാൻ ആഗ്രഹിക്കുന്ന, എല്ലാവരെയും ഉൾക്കൊള്ളുന്ന, ഒരു കൂടിക്കാഴ്ചയുടെ സംസ്കാരം സാക്ഷാത്കരിക്കട്ടെ എന്നും ആശംസിക്കുന്നു. ഇറ്റലിയിലെ ഈശോ സഭാംഗങ്ങൾ അഭയാർത്ഥികൾക്കായി നടത്തുന്ന സേവനങ്ങൾ, അഭയാർത്ഥി കേന്ദ്രങ്ങൾ എന്നിവയ്ക്ക് ഫാദർ അരുപ്പേ കാവൽ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 November 2021, 13:25