ഫ്രാൻസീസ് പാപ്പാ, “റെത്തുവായ്” (Retrouvaille) എന്ന സംഘടനയുടെ ഇറ്റാലിയൻ ഘടകത്തിൻറെ അറുനൂറോളം പേരടങ്ങുന്ന പ്രതിനിധി സംഘത്തെ ശനിയാഴ്ച (06/11/21) വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ സ്വീകരിച്ചപ്പോൾച്ചു ഫ്രാൻസീസ് പാപ്പാ, “റെത്തുവായ്” (Retrouvaille) എന്ന സംഘടനയുടെ ഇറ്റാലിയൻ ഘടകത്തിൻറെ അറുനൂറോളം പേരടങ്ങുന്ന പ്രതിനിധി സംഘത്തെ ശനിയാഴ്ച (06/11/21) വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ സ്വീകരിച്ചപ്പോൾച്ചു 

ദാമ്പത്യ പ്രതിസന്ധി ഒരു ശാപമല്ല, അത് ആ യാത്രയുടെ ഭാഗവും അവസരവും, പാപ്പാ!

കുടുംബഅജപാലനത്തിൽ സുപ്രധാനമാണ് പ്രതിസന്ധി, മുറിവ് എന്നീ പദങ്ങളോടു ചേർന്നു പോകുന്ന തുണയേകൽ എന്ന വാക്ക് . തുണയേകുക എന്നതിനർത്ഥം പ്രതിസന്ധികളുടെ വേളകളിൽ അവർക്കൊപ്പം ആയിരിക്കുന്നതിന് സമയം ചിലവഴിക്കുകയാണ്. അതിന് പലപ്പോഴും ഏറെ സമയം വേണ്ടിവരും, ക്ഷമയും ആദരവും സന്നദ്ധതയും മറ്റും ആവശ്യമായി വരും, പാപ്പാ .

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദമ്പതികൾ, നിരവധിയായ പ്രതിസന്ധിയിലുഴലുകയൊ വേർപരിയുകയൊ ചെയ്തിരിക്കുന്ന യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുമ്പോൾ നല്കാൻ കഴിയുന്ന ഉത്തരം, സർവ്വോപരി, അവർക്ക് തുണയേകലാണെന്ന് മാർപ്പാപ്പാ.

അമേരിക്കഭൂഖണ്ഡത്തിൽ വിവാഹജീവിതം ഗുരുതര പ്രതിസന്ധിയിലായ ഒരു കാലഘട്ടത്തിൽ, 1970-കളിൽ കാനഡക്കാരായ ഏതാനും ദമ്പതികൾ തുടക്കം കുറിച്ച കൂടിക്കാഴ്ചയോടുകൂടി ക്രമേണ രൂപംകൊള്ളുകയും ഇതര ഭൂപ്രദേശങ്ങളിലേക്കു വ്യാപിക്കുകയും ചെയ്ത “പുന:സമാഗമം” എന്നർത്ഥം വരുന്ന “റെത്തുവായ്” (Retrouvaille) എന്ന സംഘടനയുടെ ഇറ്റാലിയൻ ഘടകത്തിൻറെ അറുനൂറോളം പേരടങ്ങുന്ന പ്രതിനിധി സംഘത്തെ ശനിയാഴ്ച (06/11/21) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ. പ്രതിസന്ധിയിലാകുകയും, വിവാഹമോചനത്തിൻറെ വക്കിലെത്തുകയൊ, വിവാഹമോചനം നടത്തുകയൊ ചെയ്തവരും വീണ്ടും കൂടിച്ചേരാൻ ആഗ്രഹിക്കുന്നവരുമായ ദമ്പതികൾക്ക് സഹായം നല്കുന്നതിന് ഇത്തരം പ്രതിസന്ധികളെ അതിജീവച്ചവരടങ്ങിയ സംഘടനയാണിത്.

പ്രതിസന്ധി, മുറിവ്, തുണയേകൽ എന്നീ പദങ്ങളിലൂന്നിയതായിരുന്നു പാപ്പാ ഈ സംഘടനയിലെ അംഗങ്ങളോടു നടത്തിയ പ്രഭാഷണം.

വ്യക്തികൾക്കുണ്ടാകുന്ന പ്രതിസന്ധി മുറിവിനു കാരണമാകുന്നുവെന്നും അത് ഹൃദയത്തെയും ശരീരത്തെയും വ്രണപ്പെടുത്തുന്നുവെന്നും പറഞ്ഞ പാപ്പാ ഇത്തരം മുറിവുകളിൽ നിന്ന് സൗഖ്യം നേടിയവർക്ക് മുറിവേറ്റ മറ്റു ദമ്പതികളെ സഹായിക്കാനാകുമെന്ന വസ്തുത അനുസ്മരിച്ചു.

പ്രതിസന്ധി ഒരു ശാപമല്ല, പ്രത്യുത അത് ജീവിതയാത്രയുടെ ഒരു ഭാഗവും ഒരു അവസരവും ആണെന്ന് സാക്ഷ്യമേകാൻ കഴിയുന്ന ദമ്പതികളെ, വ്യക്തികളെ ഇന്ന് ഏറെ ആവശ്യമാണെന്നു പറഞ്ഞ പാപ്പാ സാക്ഷ്യം വിശ്വസനീയമാകണമെങ്കിൽ അത് അവർ അനുഭവിച്ചറിഞ്ഞവരായിരിക്കേണ്ടത് ആവശ്യമാണെന്നും കൂട്ടിച്ചേർത്തു.

കുടുംബഅജപാലനത്തിൽ സുപ്രധാനമാണ് പ്രതിസന്ധി, മുറിവ് എന്നീ പദങ്ങളോടു ചേർന്നു പോകുന്ന തുണയേകൽ എന്ന വാക്ക് എന്ന് പാപ്പാ വിശദീകരിച്ചു.

തുണയേകുക എന്നതിനർത്ഥം പ്രതിസന്ധികളുടെ വേളകളിൽ അവർക്കൊപ്പം ആയിരിക്കുന്നതിന് സമയം ചിലവഴിക്കുകയാണെന്നും അതിന് പലപ്പോഴും ഏറെ സമയം വേണ്ടിവരുമെന്നും ക്ഷമയും ആദരവും സന്നദ്ധതയും മറ്റും ആവശ്യമായി വരുമെന്നും പാപ്പാ പറഞ്ഞു.   

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 November 2021, 13:59