തിരയുക

പാപ്പാ: അലോസരപ്പെടുത്തുന്നതിനെയെല്ലാം നിഷ്കാസനം ചെയ്യണമെന്ന പ്രലോഭനത്തെ ഉപേക്ഷിക്കുക

കുടിയേറ്റത്തിനായുള്ള അന്തർദേശിയ സംഘടനയുടെ International Organisation for Migration (IOM) എഴുപതാം വാർഷീകത്തോടനുബഡിച്ച് ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനാണ് വീഡിയോ സന്ദേശത്തിൽ അവതരിപ്പിച്ചത്. നവംബർ ഇരുപത്തൊമ്പതാം തിയതി ജെനീവയിൽ വച്ചായിരുന്നു എഴുപതാം വാർഷീകം ആചരിക്കപ്പെട്ടത്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

സംഘടനയുടെ ചരിത്രത്തിലെ ഈ നാഴികക്കല്ല് കോവിഡ് മഹാമാരി ഉയർത്തുന്ന നിരവധി വെല്ലുവിളികൾക്കിടയിലും കൂടുതൽ മാന്യതയോടെ കുടിയേറ്റ പ്രതിഭാസത്തോടു പ്രതികരിക്കാൻ നമ്മുടെ കാഴ്ചപാടിനെയും പ്രതിബദ്ധതയെയും നവീകരിക്കാനുള്ള അവസരം നൽകുന്നു എന്ന് പാപ്പാ അനുസ്മരിച്ചു.

പത്ത് വർഷങ്ങൾക്ക് മുമ്പ് ഈ ആലോചനസമിതിയുടെ നൂറാമത് സമ്മേളനത്തിൽ ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ തീരുമാനപ്രകാരം പരിശുദ്ധ സിംഹാസനത്തിന്റെ സ്വഭാവത്തിനും, തത്വങ്ങൾക്കും പ്രത്യേക മാനദണ്ഡങ്ങൾക്കും അനുസൃതമായി ഈ സംഘടനയുടെ അംഗരാജ്യമാകാൻ തീരുമാനിച്ചതിനെയും പാപ്പാ ഓർമ്മിപ്പിച്ചു. അത്തരമൊരു തീരുമാനത്തിന് ഹേതുവായ അടിസ്ഥാനപരമായ കാരണങ്ങൾ ഇന്നും കൂടുതൽ വിലമതിയുള്ളതും അടിയന്തരവുമാണെന്നും  ചൂണ്ടി കാണിച്ച പാപ്പാ,

(i) ജനങ്ങളുടെ നീക്കങ്ങൾക്ക് ധാർമ്മികമാനം ഉറപ്പാക്കുക,

(ii) സഭയ്ക്ക് ലോകമെമ്പാടുമുള്ള സംഘടനകളുടെ ഏകീകൃത ശൃംഖലയിലൂടെയും അനുഭവങ്ങളിലൂടെയും  വേരോടെ പിഴുതെറിയപ്പെടുന്ന ജനതകൾക്കായുള്ള അന്താരാഷ്ട്ര സേവനങ്ങളിൽ കത്തോലിക്കാസഭയുടെ സഹകരണം വാഗ്ദാനം ചെയ്യുക

( iii) ഒരേ മനുഷ്യ കുടുംബത്തിലെ എല്ലാ അംഗങ്ങളിലും അന്തർലീനമായിരിക്കുന്ന  അന്തസ്സും ആവശ്യങ്ങളുമനുസരിച്ച് ഉച്ചനീചത്വങ്ങളില്ലാതെ സമഗ്രമായ സഹായം നൽകുക എന്ന മൂന്ന് അടിയന്തര കാര്യങ്ങളെക്കുറിച്ചും  പാപ്പാ സന്ദേശത്തിൽ സൂചിപ്പിച്ചു.

കുടിയേറ്റത്തെ കുറിച്ചുള്ള ചർച്ച യഥാർത്ഥത്തിൽ കുടിയേറ്റക്കാരെക്കുറിച്ചല്ല. അത് നമ്മെ എല്ലാവരെയും കുറിച്ചാണ്. നമ്മുടെ സമൂഹങ്ങളുടെ ഭൂതകാലത്തെയും വർത്തമാനത്തെയും ഭാവിയെയും കുറിച്ചാണ് എന്ന് പാപ്പാ വിശദീകരിച്ചു. കുടിയേറ്റക്കാരുടെ സംഖ്യയിൽ അത്ഭുതപ്പെടാതെ അവരെയെല്ലാം വ്യക്തികളായി കാണുകയും, അവരുടെ മുഖങ്ങൾ ദർശിക്കുകയും, അവരുടെ കഥകൾ ശ്രദ്ധിക്കുകയും വേണമെന്നും നിർദേശിച്ചു. അവരുടെ വ്യക്തിപരവും കുടുംബപരവുമായ പ്രത്യേക സാഹചര്യങ്ങളോടു  കഴിയുന്നത്ര മികച്ച രീതിയിൽ പ്രത്യുത്തരം നൽകാൻ ശ്രമിക്കുകയും വേണമെന്ന് പാപ്പാ ആവശ്യപ്പെട്ടു.

ഇതിനു വളരെയധികം മാനുഷിക സംവേദനക്ഷമതയും നീതിബോധവും സാഹോദര്യവും ആവശ്യമാണ്. അലോസരപ്പെടുത്തുന്നതിനെയെല്ലാം നിഷ്കാസനം ചെയ്യണം എന്ന ഇന്നത്തെ പൊതു പ്രലോഭനത്തെ ഉപേക്ഷിക്കണമെന്നും പാപ്പാ സന്ദേശത്തിൽ ആവശ്യപ്പെട്ടു. വലിച്ചെറിയൽ സംസ്കാരം എന്ന് പലതവണ താൻ അപലപിച്ചത്  ഇതിനെ കുറിച്ചാണെന്നും പാപ്പാ ഓർമ്മപ്പെടുത്തി.

മറ്റുള്ളവർ എങ്ങനെ നമ്മോടു പെരുമാറണമെന്ന് നാം ആഗ്രഹിക്കുന്നുവോ അതുപോലെ മറ്റുള്ളവരോടു പെരുമാറാനും നമ്മെ പോലെ തന്നെ അയൽക്കാരെ സ്നേഹിക്കാനും ക്രൈസ്തവ മതം ഉൾപ്പെടെയുള്ള മിക്ക പ്രധാന മത പാരമ്പര്യങ്ങളിലും അയൽക്കാരെ സ്നേഹിക്കാൻ പ്രബോധിപ്പിക്കുന്ന അനുശാസനങ്ങൾ കാണാൻ കഴിയും എന്ന് സൂചിപ്പിച്ച പാപ്പാ നാം ഈ മാനദണ്ഡങ്ങൾക്കും അതീതമായി പോകണമെന്നും അപരിചിതരോടുള്ള ആതിഥ്യം അവഗണിക്കരുതന്നും  പാപ്പാ നിർദ്ദേശിച്ചു. സാർവ്വത്രികമായി അംഗീകരിക്കപ്പെട്ട ഈ മൂല്യങ്ങൾ പ്രാദേശിക സമൂഹത്തിലും ദേശീയതലത്തിലും കുടിയേറ്റക്കാരോടുള്ള നമ്മുടെ പെരുമാറ്റത്തെ നയിക്കണം.

കുടിയേറ്റക്കാരെ സ്വീകരിക്കാൻ രാജ്യങ്ങൾ എന്താണ്  ചെയ്യുന്നത് എന്ന് നാം പലപ്പോഴും കേൾക്കാറുണ്ടു. എന്നാൽ കുടിയേറ്റക്കാർ അവരെ സ്വീകരിക്കുന്ന രാജ്യങ്ങൾക്ക് എന്തൊക്കെ നേട്ടങ്ങൾ നൽകുന്നു എന്നും  അവർ ആ രാജ്യങ്ങളെ എങ്ങനെ സമ്പന്നമാക്കുന്നു എന്നുമുള്ള പ്രധാനപ്പെട്ട ചോദ്യവും ചോദിക്കേണ്ടത് ആവശ്യമാണെന്നും പാപ്പാ പറഞ്ഞു. ഒരു വശത്ത് ഉയർന്ന - ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ വിപണികളിൽ കുടിയേറ്റ തൊഴിലാളികൾക്ക് വലിയ ആവശ്യകതയുണ്ടു. തൊഴിലാളികളുടെ അഭാവം നികത്താനള്ള ഒരു മാർഗ്ഗമായി അവരെ സ്വീകരിക്കുന്നു. എന്നാൽ മറുവശത്ത് കുടിയേറ്റക്കാരെ സ്വീകരിക്കുന്ന പല സമൂഹങ്ങളും പലപ്പോഴും അവരെ അവഗണിക്കുകയും അമർഷത്തിന്റെ മനോഭാവം പുലർത്തുകയും ചെയ്യുന്നു.

ദൗർഭാഗ്യവശാൽ ഈ  ഇരട്ടത്താപ്പ് മനുഷ്യ വ്യക്തിയുടെ ആവശ്യങ്ങൾക്കും അന്തസ്സിനും മേലുള്ള സാമ്പത്തിക താൽപര്യങ്ങളുടെ ആധിപത്യത്തിൽനിന്ന് ഉരു തിരിഞ്ഞതാണ്.  കോവിഡ് മഹാമാരിയുടെ അടച്ചിടൽ സമയത്തു "ആവശ്യ" തൊഴിലാളികളിൽ പലരും കുടിയേറ്റക്കാരായിരുന്നു എന്നത് പ്രകടമായിരുന്നു. എന്നാൽ കോവിഡ് സാമ്പത്തിക സഹായ പദ്ധതികളുടെ  ആനുകൂല്യങ്ങളോ,അടിസ്ഥാന ആരോഗ്യസംരക്ഷണത്തിലേക്കുള്ള പ്രവേശനമോ അല്ലെങ്കിൽ കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകളോ ഒന്നും അവർക്ക് നൽകിയില്ല എന്ന സത്യം പാപ്പാ ചൂണ്ടിക്കാണിച്ചു.

കുടിയേറ്റക്കാരെ വിലപേശൽ കണ്ണികളായി, ചതുരംഗ പലകയിലെ പണയക്കാരായും രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഇരകളായും ഉപയോഗിക്കുന്നത് കൂടുതൽ ഖേദകരമാണ്. രാഷ്ട്രീയ അജണ്ടകൾ മുന്നോട്ടുകൊണ്ടുപോകുന്നതിനും പ്രതിരോധിക്കുന്നതിനും എങ്ങനെ ദുരിതങ്ങളും നിരാശയും മുതലെടുക്കാനാകും? മനുഷ്യ അന്തസ്സ് അപകടത്തിൽ ആകുമ്പോൾ രാഷ്ട്രീയ പരിഗണനകൾ എങ്ങനെ നിലനിൽക്കും? പാപ്പാ ചോദ്യമുയർത്തി.

അനിയന്ത്രിതമായ സാഹചര്യങ്ങളുടെയും രാഷ്ട്രീയവും  നിയമപരവുമായ വശങ്ങൾക്കപ്പുറം കുടിയേറ്റത്തിന്റെ മാനുഷിക മുഖവും അതിർത്തികളുടെ ഭൂമിശാസ്ത്രപരമായ വിഭജനങ്ങൾക്കപ്പുറം നാം ഒരൊറ്റ മനുഷ്യ കുടുംബത്തിന്റെ ഭാഗമാണെന്ന് വസ്തുതയും ഒരിക്കലും കാണാതെ പോകരുതെന്നും പാപ്പാ അഭ്യർത്ഥിച്ചു. പിന്നീട് പാപ്പാ തന്റെ നാല് നിരീക്ഷണങ്ങൾ മുന്നോട്ടുവച്ചു.

നാല് നിരീക്ഷണങ്ങൾ

1. ക്രമരഹിതമായ സാഹചര്യങ്ങളിൽ നിന്ന് മാന്യമായ വഴികൾ കണ്ടെത്തേണ്ടത് അടിയന്തിരമായ ആവശ്യമാണ്. പരിമിത നയങ്ങൾക്ക് മേലെ നിരാശയും പ്രത്യാശയും എപ്പോഴും നിലനിൽക്കുന്നു.നിയമപരമായ വഴികൾ കൂടുതൽ ഉണ്ടായാൽ, കുടിയേറ്റക്കാർ മനുഷ്യക്കടത്തുകാരുടെ  കുറ്റകൃത്യ ശൃംഖലകളിലേക്ക് ആകർഷിക്കപ്പെടാനുള്ള സാധ്യത കുറവാണ്.

2. മുഴുവൻ മനുഷ്യകുടുംബത്തെയും ഒന്നിപ്പിക്കുന്ന ബന്ധത്തെയും, സംസ്‌കാരങ്ങളുടെ സമൃദ്ധിയെയും, വികസന വിനിമയത്തിനും, പ്രവാസി സമൂഹങ്ങളെ ഉൾക്കൊള്ളുന്ന വാണിജ്യ ശൃംഖലകൾക്കുമുള്ള വിഭവങ്ങളെയും കുടിയേറ്റക്കാർ ദൃശ്യമാക്കിത്തരുന്നു. ഈ അർത്ഥത്തിൽ, ഏകീകരണത്തിന്റെ പ്രശ്നം അടിസ്ഥാനപരമാണ്; പരസ്പര വിജ്ഞാനം, പരസ്പരം തുറവുള്ള മനസ്സ്, ആതിഥേയ രാജ്യങ്ങളുടെ നിയമങ്ങളോടും സംസ്കാരത്തോടുമുള്ള ബഹുമാനം, പരസ്പരമുള്ള കൂടികാഴ്ചയുടെയും, സമ്പന്നതയുടെയും യഥാർത്ഥ മനോഭാവം എന്നിവയെ അടിസ്ഥാനമാക്കിയുള്ള അങ്ങോട്ടമിങ്ങോട്ടുമുള്ള ദ്വിമാർഗ്ഗ പ്രക്രിയയാണ് ഏകീകരണം.

3. ആഗോളവൽക്കരിക്കപ്പെട്ട നമ്മുടെ ലോകത്തിലെ സമൂഹങ്ങളുടെ നിർണ്ണായക ഘടകമാണ് കുടിയേറ്റ കുടുംബം. എന്നാൽ പല രാജ്യങ്ങളിലും കുടിയേറ്റ തൊഴിലാളികൾക്ക് നിയമപരമായ തടസ്സങ്ങൾ കാരണം കുടുംബജീവിതത്തിന്റെ ആനുകൂല്യങ്ങളും സ്ഥിരതയും നിഷേധിക്കപ്പെടുന്നു. ഒരു രക്ഷിതാവ് ഒറ്റയ്ക്ക് കുടിയേറുമ്പോളുണ്ടാകുന്ന മാനുഷിക ശൂന്യത, കുടുംബത്തെ പോറ്റാൻ വേണ്ടി മാത്രം കുടിയേറ്റം തിരഞ്ഞെടുക്കാൻ നിർബന്ധിതരാകുകയോ അല്ലെങ്കിൽ അവരുടെ മാതൃരാജ്യത്തിൽ അന്തസ്സോടെ തുടരാനുള്ള മൗലികാവകാശം ആസ്വദിക്കുകയോ ചെയ്യുന്നതിനുള്ള ധർമ്മസങ്കടത്തിന്റെ അമിതമായ വേദനയുടെ വ്യക്തമായ ഓർമ്മപ്പെടുത്തലാണ്.

4. നിയമപരമല്ലാത്ത കുടിയേറ്റത്തിന് കാരണമാകുന്ന സാഹചര്യങ്ങളെ അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി അഭിസംബോധന ചെയ്യണം, അങ്ങനെ കുടിയേറ്റത്തെ ഗതികെട്ട അനിവാര്യതയിൽ നിന്ന് നല്ല അറിവോടെയുള്ള തിരഞ്ഞെടുപ്പാക്കി മാറ്റുകയും ചെയ്യണം. സ്വന്തം രാജ്യങ്ങളിൽ മാന്യമായി ജീവിക്കാൻ കഴിയുന്ന ഭൂരിഭാഗം ആളുകളും ക്രമവിരുദ്ധമായി കുടിയേറാൻ നിർബന്ധിതരാകില്ല എന്നതിനാൽ, “മെച്ചപ്പെട്ട സാമ്പത്തികവും സാമൂഹികവുമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള  ശ്രമങ്ങൾ അടിയന്തിരമായി ആവശ്യമാണ്, അതിനാൽ സമാധാനവും നീതിയും സുരക്ഷിതത്വവും, മാനുഷിക അന്തസ്സിനോടുള്ള പൂർണ്ണമായ ആദരവും തേ ടുന്നവർക്കുള്ള ഏക പോംവഴി കുടിയേറ്റം മാത്രമല്ല എന്നത് ഉറപ്പാക്കണം.

അത്യന്തികമായി കുടിയേറ്റം കുടിയേറ്റക്കാരുടെ മാത്രം കഥയല്ല, അസമത്വങ്ങൾ, നിരാശകൾ, പാരിസ്ഥിതിക തകർച്ചകൾ, കാലാവസ്ഥാ വ്യതിയാനം മുതലായവയുടേയും സ്വപ്നങ്ങൾ, ധൈര്യം, വിദേശപഠനം, കുടുംബ പുനരധിവാസം, പുതിയ അവസരങ്ങൾ, സുരക്ഷിതത്വം, കഠിനവും എന്നാൽ മാന്യവുമായ ജോലി തുടങ്ങിയവയുടെയും കൂടി കഥയാണ്.

കുടിയേറ്റ നീക്കത്തിന്റെ ആഗോള നടത്തിപ്പ് തൃപ്തികരമായി മുന്നോട്ടു കൊണ്ടു പോകാൻ അവരെക്കുറിച്ച് നിഷേധാത്മകമല്ലാത്ത ഒരു ധാരണയുണ്ടാക്കാനും സമഗ്ര മനുഷ്യ വികാസം ഫലപ്രദമാക്കാനുമുള്ള ലക്ഷ്യം ഇനിയും വിദൂരത്താണ്. എങ്കിലും ഇവർ കണക്കുകളല്ല ജീവിതം അപകടത്തിലായ വ്യക്തികളാണെന്ന് ഒരിക്കലും മറക്കരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. നൂറ്റാണ്ടുകൾ നീണ്ട അനുഭവത്തിൽ വേരൂന്നിയ, കത്തോലിക്കാ സഭയും അതിന്റെ സ്ഥാപനങ്ങളും  കുടിയേറ്റ നീക്കം നടത്തുന്നവരെ സ്വീകരിക്കാനും, സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സമന്വയിപ്പിക്കാനുമുള്ള ദൗത്യം തുടരും എന്ന് പാപ്പാ അറിയിച്ചു. സംഘടനയ്ക്ക്  ഹൃദയത്തിൽ നിന്ന് നന്ദി പറന്നു കൊണ്ടും, അവരുടെ മേലും, അവർ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളുടെ മേലും കുടിയേറ്റക്കാരുടേയും അവരുടെ കുടുംബങ്ങളുടെ മേലും തന്റെ ആശീർവ്വാദം നൽകിക്കൊണ്ട് പാപ്പാ ഉപസംഹരിച്ചു.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 November 2021, 21:23