തിരയുക

ഫ്രാൻസീസ് പാപ്പാ ഭിന്നശേഷിക്കാരിയായ ഒരു കുട്ടിയുടെ ചാരെ, ഒരു പഴയ ചിത്രം ഫ്രാൻസീസ് പാപ്പാ ഭിന്നശേഷിക്കാരിയായ ഒരു കുട്ടിയുടെ ചാരെ, ഒരു പഴയ ചിത്രം 

പാപ്പാ: അംഗവൈകല്യമുള്ളവരെ സഭ സ്നേഹിക്കുന്നു, സഭയ്ക്ക് അവരെ ആവശ്യമുണ്ട്!

ഡിസമ്പർ 3-ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആചരിക്കുന്ന അംഗവൈകല്യമുള്ളവർക്കായുള്ള അന്താരാഷ്ട്രദിനത്തിന് ഫ്രാൻസീസ് പാപ്പായുടെ സന്ദേശം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യേശു സ്നേഹിതനായുണ്ടായിരിക്കുന്നത് അതിരില്ലാത്ത ആശ്വാസമായിഭവിക്കുമെന്ന് മാർപ്പാപ്പാ.

അംഗവൈകല്യമുള്ളവർക്കായുള്ള അന്താരാഷ്ട്രദിനം അനുവർഷം ഡിസമ്പർ 3-ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആചരിക്കുന്നതിനോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പാ വ്യാഴാഴ്‌ച (25/11/21) പുറപ്പെടുവിച്ച സന്ദേശത്തിലാണ് ഈ ഉദ്ബോധനമുള്ളത്.

യേശുവുമായുള്ള സുഹൃദ്ബന്ധം നാമെല്ലാവരേയും കൃതജ്ഞതാഭരിതരും സന്തോഷപൂരിതരുമായ ശിഷ്യരാക്കി മാറ്റുമെന്നും നമ്മുടെ ബലഹീനതകളൊന്നും  സുവിശേഷം ജീവിക്കുന്നതിനും പ്രഘോഷിക്കുന്നതിനും വിഘ്നമല്ല എന്നു തെളിയിക്കുന്നതിന് നമ്മെ പ്രാപ്തരാക്കിത്തീർക്കുമെന്നും പാപ്പാ “നിങ്ങൾ എൻറെ സ്നേഹിതരാണ്”  എന്ന യേശു വചനം (യോഹന്നാൻ 15,14) അവലംബമാക്കി നല്കിയിരിക്കുന്ന തൻറെ സന്ദേശത്തിൽ പറയുന്നു.

ചില സമയത്ത് യേശു മൗനം പാലിക്കുന്നുവെന്ന പ്രതീതിയുളവാകുമെങ്കിലും അവിടന്നുമായുള്ള സൗഹൃദം വിച്ഛേദിക്കാനാകില്ലെന്നും ആ മൈത്രിബന്ധം ക്ലേശവേളകളിൽ നമുക്കു സംരക്ഷണമേകുന്നുവെന്നുമുള്ള തൻറെ ബോധ്യം പാപ്പാ കോവിദ് 19 മഹാമാരിയുളവാക്കിയിരിക്കുന്ന നിരവധിയായ പ്രതിസന്ധികളെക്കുറിച്ച് പ്രത്യേകം  സൂചിപ്പിച്ചുകൊണ്ട് ആവർത്തിച്ചു വെളിപ്പെടുത്തുന്നു.

ഭിന്നശേഷിക്കാരെ സഭ സ്നേഹിക്കുന്നുവെന്നും സുവിശേഷത്തിനായുള്ള സേവന ദൗത്യ നിർവ്വഹണത്തിൽ അവൾക്ക് അവരെ ആവശ്യമുണ്ടെന്നും പാപ്പാ പറയുന്നു.

ഐക്യരാഷ്ട്രസഭ 1981-ലാണ് അംഗവൈകല്യമുള്ളവർക്കായുള്ള അന്താരാഷ്ട്രദിനം പ്രഖ്യാപിച്ചത്.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 November 2021, 13:49