തിരയുക

Vatican News

പരിത്രാണ പദ്ധതിയിൽ വിശുദ്ധ യൗസേപ്പിൻറെ അദൃശ്യ കർമ്മനിരതത്വം!

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ച, വിശുദ്ധ യൗസേപ്പിതാവിനെ അധികരിച്ചുള്ള പ്രബോധന പരമ്പര. പ്രത്യക്ഷത്തിൽ മറഞ്ഞിരിക്കുന്നവരോ "രണ്ടാം സ്ഥാനക്കരോ" ആയ എല്ലാവർക്കും പരിത്രാണ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു നായകസ്ഥാനമുണ്ടെന്ന് വിശുദ്ധ യൗസേപ്പ് നമ്മെ ഓർമ്മിപ്പിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നവമ്പർ 24-ന് ബുധനാഴ്ചയും (24/11/2021) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ പ്രതിവാരപൊതുദര്‍ശനം അനുവദിച്ചു. എന്നാൽ കൂടിക്കാഴ്ചയ്ക്കെത്തുന്നവരുടെ എണ്ണത്തിൽ സാരമായ വർദ്ധനവുണ്ടായിരിക്കുന്നത് പരിഗണിച്ച് പാപ്പാ രണ്ടു ഘട്ടമായിട്ടാണ് ഇത്തവണ ദർശനം അനുവദിച്ചത്. ആദ്യം ഇറ്റലിക്കാരടങ്ങിയ ഒരു സംഘവുമായി വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ വച്ച് കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് പാപ്പാ  മറ്റുള്ളവർക്ക് ദർശനമേകുന്നതിന് ബസിലിക്കയുടെ സമീപത്തുള്ള പോൾ ആറാമൻ ശാലയിൽ എത്തിയത്.

വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ

ഇറ്റലിക്കാരായ വവിവധ സംഘങ്ങളെ ബസിലിക്കയിൽ വച്ച് സംബോധന ചെയ്യവെ പാപ്പാ അക്രമത്തിന് ഇരകളായവരുടെ സമിതിയുടെ പ്രതിനിധികളെ പ്രത്യേകം അഭിവാദ്യം ചെയ്തു. പീഢനങ്ങൾക്കും അക്രമപ്രവർത്തനങ്ങൾക്കും ഇരകളായവർക്കും ആശങ്കയിലും ദുരിതാവസ്ഥയിലും ജീവിതം തള്ളിനീക്കുന്നവർക്കും തുണയായി ഈ സമിതി ഏകുന്ന സേവനങ്ങൾക്ക് പാപ്പാ നന്ദി പറയുകയും നീതിപൂർവ്വകവും കെട്ടുറപ്പുള്ളതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള സംഭാവനയാണ് ഈ സമിതിയുടെ പ്രവർത്തനങ്ങൾ എന്ന് ശ്ലാഘിക്കുകയും ചെയ്തു. അക്രമം മ്ലേച്ഛകരമായ ഒരു പ്രവർത്തിയാണ് എന്ന് പാപ്പാ ആവർത്തിച്ചു.

പോൾ ആറാമൻ ശാലയിൽ

ബസിലിക്കയിൽ വച്ചുള്ള  കൂടിക്കാഴ്ചാനന്തരം  പോൾ ആറാമൻ ശാലയിൽ എത്തിയ പാപ്പായെ  അവിടെ സന്നിഹിതരായിരുന്ന വിവിധ രാജ്യക്കാരായിരുന്ന തീർത്ഥാടകരും സന്ദർശകരും ആനന്ദാരവങ്ങളോടെ വരവേറ്റു. എല്ലാവരെയും അഭിവാദ്യം ചെയ്ത പാപ്പാ, റോമിലെ സമയം രാവിലെ ഏതാണ്ട് 09.30 ആയപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിയോടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. ഈ വായനയെത്തുടർന്ന് പാപ്പാ,  ജനങ്ങളെ സംബോധനചെയ്തു. തിരുസഭ വിശുദ്ധ യൗസേപ്പിതാവിന് പ്രതിഷ്ഠിതമായ ഒരു വർഷം ആചരിക്കുന്ന പശ്ചാത്തലത്തിൽ, യേശുവിൻറെ വളർത്തുപിതാവായ ആ വിശുദ്ധനെ അധികരിച്ച് പാപ്പാ നനമ്പർ 17-ന് ബുധനാഴ്ച (17/11/21) തുടക്കംകുറിച്ച പ്രബോധന പരമ്പര തുടർന്നു. ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന തന്‍റെ മുഖ്യ പ്രഭാഷണത്തില്‍ പാപ്പാ ഇപ്രകാരം പറഞ്ഞു:

രക്ഷാകര ചരിത്രത്തിൽ വിശുദ്ധ യൗസേപ്പ്

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

കഴിഞ്ഞ ബുധനാഴ്ച (17/11/21) നാം വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള പ്രബോന പരമ്പര ആരംഭിച്ചുവല്ലൊ. വിശുദ്ധ യൗസേപ്പിൻറെ വത്സരം സമാപനത്തിലേക്കു നീങ്ങുകയാണ്.... രക്ഷയുടെ ചരിത്രത്തിൽ അദ്ദേഹത്തിൻറെ പങ്കിനെക്കുറിച്ച് പരിചിന്തനം ചെയ്തുകൊണ്ട് ഇന്ന് നാം പ്രയാണം തുടരുകയാണ്.

യേശു തച്ചൻറെ മകൻ, ജോസഫിൻറെ മകൻ

സുവിശേഷങ്ങളിൽ യേശുവിനെ "ജോസഫിൻറെ പുത്രൻ" (ലൂക്കാ 3,23; 4,22; യോഹന്നാൻ 1,45; 6,42), "തച്ചൻറെ മകൻ" (മത്തായി 13,55; മർക്കോസ് 6,3) എന്നിങ്ങനെ വിശേഷിപ്പിച്ചിരിക്കുന്നു. യേശുവിൻറെ ബാല്യകാലം വിവരിക്കുന്ന സുവിശേഷകരായ മത്തായിയും ലൂക്കായും ജോസഫിൻറെ പങ്കിന് ഇടം നല്കുന്നുണ്ട്. യേശുവിൻറെ ചരിത്രപരത എടുത്തുകാട്ടുന്നതിനായി രണ്ടുപേരും ഒരു "വംശാവലി" ഉണ്ടാക്കുന്നു. ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചത് ആരിൽ നിന്നാണോ, ആ മറിയത്തിൻറെ  ഭർത്താവായ യൗസേപ്പിൽ എത്തിച്ചേരുന്നതിന്, മത്തായി, എല്ലാറ്റിനുമുപരിയായി, ജൂത-ക്രിസ്ത്യാനികളെ സംബോധന ചെയ്തുകൊണ്ട് അബ്രഹാമിൽ നിന്ന് തുടങ്ങുന്നു. (മത്തായി 1, 16). നേരെമറിച്ച്, ലൂക്കായാകട്ടെ,  "ജോസഫിൻറെ പുത്രനായിരുന്ന" യേശുവിൽ നിന്ന് നേരിട്ട് ആരംഭിച്ച് ആദം വരെ പിന്നോട്ട് പോകുന്നു. ജോസഫിൻറെ പുത്രനായിരുന്നു എന്ന് “കരുതപ്പെട്ടിരുന്നതു പോലെ”  എന്ന് ലൂക്കാ  വ്യക്തമാക്കുന്നുണ്ട് (3:33) അതിനാൽ, രണ്ട് സുവിശേഷകരും ജോസഫിനെ ജീവശാസ്ത്രപരമായ പിതാവായിട്ടല്ലെങ്കിൽത്തന്നെയും, യേശുവിൻറെ പിതാവ് എന്ന പൂർണ്ണ പദവിയുള്ളവനായി അവതരിപ്പിക്കുന്നു. അവനിലൂടെ യേശു, ദൈവവും മനുഷ്യനും തമ്മിലുള്ള ഉടമ്പടിയുടെയും രക്ഷയുടെയും ചരിത്രത്തിൻറെ പൂർത്തീകരണം സാക്ഷാത്ക്കരിക്കുന്നു. മത്തായിയെ സംബന്ധിച്ചിടത്തോളം ഈ ചരിത്രം ആരംഭിക്കുന്നത് അബ്രഹാമിൽ നിന്നാണ്, ലൂക്കായുടെ ഭാഷ്യത്തിലാകട്ടെ അതിൻറെ തുടക്കം മനുഷ്യരാശിയുടെ ഉത്ഭവത്തിൽ നിന്നുതന്നെയാണ്.

ജോസഫ് പരിത്രാണ പദ്ധതിയുടെ അണിയറയിൽ, രണ്ടാം തട്ടിലുള്ളവരുടെ പ്രാധാന്യം

ജോസഫിൻറെ രൂപം, പ്രത്യക്ഷത്തിൽ നാമമാത്രവും, വേറിട്ടു നില്ക്കുന്നതും, രണ്ടാം സ്ഥാനത്തുള്ളതുമാണെങ്കിലും, രക്ഷയുടെ ചരിത്രത്തിലെ ഒരു പ്രധാന ഭാഗമാണ് എന്ന് മനസ്സിലാക്കാൻ മത്തായി സുവിശേഷകൻ നമ്മെ സഹായിക്കുന്നു. രംഗം കൈയ്യടക്കാൻ   ഒരിക്കലും ആഗ്രഹിക്കാതെയാണ് യൗസേപ്പ് തൻറെ പ്രധാന വേഷം ചെയ്യുന്നത്. നമ്മൾ അതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, "നമ്മുടെ ജീവിതം നെയ്തെടുക്കുന്നതും നിലനിർത്തുന്നതും - സാധാരണയായി വിസ്മരിക്കപ്പെടുന്നവരും - പത്രങ്ങളുടെയും മാസികകളുടെയും തലക്കെട്ടുകളിൽ പ്രത്യക്ഷപ്പെടാത്തവരുമായ സാധാരണക്കാരാണ് […]. അനുദിന ശീലങ്ങളെ പുനഃക്രമീകരിച്ചും, കണ്ണുകൾ ഉയർത്തിയും പ്രാർത്ഥനയെ ഉത്തേജിപ്പിച്ചും കൊണ്ട് എങ്ങനെ പ്രതിസന്ധികളെ അഭിമുഖീകരിക്കുകയും തരണം ചെയ്യുകയും ചെയ്യാമെന്ന്, എത്രയോ അച്ഛനമ്മമാർ, മുത്തശ്ശീമുത്തശ്ശന്മാർ, അദ്ധ്യാപകർ നമ്മുടെ കുട്ടികൾക്ക് ദൈനംദിന ചെറിയ പ്രവർത്തികളിലൂടെ, കാണിച്ചുതരുന്നു. എല്ലാവരുടെയും നന്മയ്ക്കായി എത്ര പേർ പ്രാർത്ഥിക്കുകയും സ്വയം സമർപ്പിക്കുകയും മാദ്ധ്യസ്ഥ്യം വഹിക്കുകയും ചെയ്യുന്നു" (അപ്പോസ്തോലിക ലേഖനം പാത്രിസ്  കോർദെ, 1). അങ്ങനെ, ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്നവനും, അനുദിന സാന്നിദ്ധ്യമുള്ളവനും, വിവേകിയും മറഞ്ഞിരിക്കുന്നവനുമായ യൗസേപ്പിൽ, ഒരു മദ്ധ്യസ്ഥനെ, സഹായിയെ, പ്രയാസകരമായ സമയങ്ങളിൽ വഴികാട്ടിയെ കണ്ടെത്താൻ എല്ലാവർക്കും കഴിയും. പ്രത്യക്ഷത്തിൽ മറഞ്ഞിരിക്കുന്നവരോ "രണ്ടാം സ്ഥാനക്കരോ" ആയ എല്ലാവർക്കും പരിത്രാണ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു നായകസ്ഥാനമുണ്ടെന്ന് അദ്ദേഹം നമ്മെ ഓർമ്മിപ്പിക്കുന്നു. ലോകത്തിന് ഇത്തരം സ്ത്രീ പുരുഷന്മാരെ ആവശ്യമാണ്. രണ്ടാം സ്ഥാനത്തുള്ള സ്ത്രീപുരുഷന്മാർ നമ്മുടെ ജീവതത്തിൻറെ പുരോഗതിക്ക് താങ്ങായി നിലകൊള്ളുന്നു.

കാവലാളായ വിശുദ്ധ യൗസേപ്പ്

ലൂക്കായുടെ സുവിശേഷത്തിൽ, യൗസേപ്പ്, യേശുവിൻറെയും മറിയത്തിൻറെയും കാവൽക്കാരനായി പ്രത്യക്ഷപ്പെടുന്നു. ഇക്കാരണത്താൽ അദ്ദേഹം "സഭയുടെ കാവലാൾ കൂടിയാണ്, കാരണം സഭ ചരിത്രത്തിൽ ക്രിസ്തുഗാത്രത്തിൻറെ വ്യാപനമാണ്, ഒപ്പം സഭയുടെ മാതൃത്വത്തിൽ മറിയത്തിൻറെ മാതൃത്വത്തിൻറെ നിഴലുണ്ട്. സഭയെ സംരക്ഷിക്കുന്നത് തുടർന്നുകൊണ്ട് യൗസേപ്പ്, ഉണ്ണിയേശുവിനെയും അവൻറെ അമ്മയെയും സംരക്ഷിക്കുന്നത് തുടരുന്നു "(പാത്രിസ് കോർദെ 5). യൗസേപ്പിതാവിൻറെ കാവലിൻറെ ഈ മാനം ഉല്പത്തിപ്പുസ്തകത്തിലെ വിവരണത്തോടുള്ള വലിയ പ്രതികരണമാണ്. ആബേലിൻറെ ജീവൻറെ കണക്ക് ദൈവം കായേനോട് ആവശ്യപ്പെടുമ്പോൾ, അവൻ മറുപടി പറയുന്നു: "ഞാൻ എൻറെ സഹോദരൻറെ കാവൽക്കാരനാണോ?" (ഉല്പ്പത്തി 4.9). നമ്മുടെ സഹോദരങ്ങളുടെ, നമ്മുടെ ചാരത്തുള്ളവരുടെ, ജീവിതസാഹചര്യങ്ങളിലൂടെ കർത്താവ് നമ്മെ ഭരമേല്പ്പിച്ചിരിക്കുന്നവരുടെ സംരക്ഷകരാണെന്ന അവബോധം നാം എന്നും പുലർത്താൻ നാം സദാ വിളിക്കപ്പെട്ടിരിക്കുന്നു എന്ന് തന്റെ ജീവിതത്തിലൂടെ നമ്മോട് പറയാൻ യൗസേപ്പ് ആഗ്രഹിക്കുന്നു എന്നു തോന്നുന്നു.

ബന്ധങ്ങളുടെ പ്രാധാന്യം

"പരിവർത്തനവിധേയം" എന്ന് നിർവ്വചിക്കപ്പെട്ടിരിക്കുന്ന നമ്മുടേതുപോലുള്ള ഒരു സമൂഹം, മനുഷ്യബന്ധങ്ങളുടെ പ്രാധാന്യത്തിൻറെ വളരെ കൃത്യമായ സൂചന ജോസഫിൻറെ കഥയിൽ കാണുന്നു. വാസ്‌തവത്തിൽ, സുവിശേഷം യേശുവിൻറെ വംശാവലിയെ അവതരിപ്പിക്കുന്നത്, ദൈവശാസ്‌ത്രപരമായ കാരണത്തിനു പുറമെ, നമ്മുടെ ജീവിതം നമുക്ക് മുമ്പും പിമ്പുമുള്ള ബന്ധങ്ങളാൽ രൂപപ്പെടുത്തപ്പെട്ടതാണ് എന്ന് നമ്മെ ഓരോരുത്തരെയും ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയുമാണ്. ലോകത്തിലേക്ക് വരുന്നതിനു വേണ്ടി,  ദൈവപുത്രൻ, ബന്ധങ്ങളുടെ പാത, ചരിത്ര സരണി, തിരഞ്ഞെടുത്തു. അവിടന്ന് മായാജാലത്താലല്ല ലോകത്തിലേക്കിറങ്ങി വന്നത്. നാമെല്ലാവരും സഞ്ചരിക്കുന്ന ചരിത്രത്തിൻറെ പാതയിലൂടെ അവിടന്ന് ചരിച്ചു.

വിശുദ്ധ യൗസേപ്പിൻറെ മാദ്ധ്യസ്ഥ്യം

പ്രിയ സഹോദരീസഹോദരന്മാരേ, തങ്ങളുടെ ജീവിതത്തിൽ അർത്ഥവത്തായ ബന്ധങ്ങൾ വീണ്ടും കണ്ടെത്താൻ പ്രയാസപ്പെടുന്ന പലരെയും കുറിച്ച് ഞാൻ ചിന്തിക്കുന്നു, ഇതിനായി അവർ പോരാടുന്നു, അവർക്ക് ഏകാന്തത അനുഭവപ്പെടുന്നു, അവർക്ക് മുന്നോട്ട് പോകാനുള്ള ശക്തിയും ധൈര്യവുമില്ല. വിശുദ്ധ യൗസേപ്പിൽ ഒരു ബന്ധുവിനെ, സുഹൃത്തിനെ, ഒരു താങ്ങ് കണ്ടെത്താൻ അവരെയും നമ്മെയും സഹായിക്കുന്ന ഒരു പ്രാർത്ഥനയോടെ ഉപസംഹരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

വിശുദ്ധ യൗസേപ്പേ,

മറിയത്തോടും യേശുവിനോടും ബന്ധം കാത്തുസൂക്ഷിച്ച നീ,

ഞങ്ങളുടെ ജീവിതത്തിലെ ബന്ധങ്ങൾ പരിപാലിക്കാൻ ഞങ്ങളെ സഹായിക്കൂ.

ഏകാന്തതയുടെ ഫലമായ പരിത്യക്തതാബോധം ആരും അനുഭവിക്കാതിരിക്കട്ടെ

ഓരോരുത്തരും അവരവരുടെ ചരിത്രവുമായും മുൻഗാമികളുമായും അനുരഞ്ജിതരാകുകയും

ചെയ്തുപോയ തെറ്റുകളിലും  ദൈവപരിപാലന വഴികണ്ടെത്തിയ രീതിയും

തിന്മയ്ക്കല്ല അവസാന വാക്ക് എന്നതും തിരിച്ചറിയുകയും ചെയ്യട്ടെ.

കൂടുതൽ ബുദ്ധിമുട്ടുന്നവർക്ക് നീ ഒരു സുഹൃത്തായിരിക്കൂ,

പ്രയാസകരമായ സമയങ്ങളിൽ നീ മറിയത്തെയും യേശുവിനെയും താങ്ങി നിറുത്തിയതു പോലെ,

ഞങ്ങളുടെ യാത്രയിൽ ഞങ്ങക്കും തുണയായിരിക്കൂ. ആമേൻ.

സമാപനാഭിവാദ്യവും ആശീർവ്വാദവും

ഈ പ്രാർത്ഥനയെ തുട ര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ പതിവുപോലെ, പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ അഭിവാദ്യം ചെയ്തു. ഈ വരുന്ന ഞായറാഴ്‌ച (28/11/21) ആഗമനകാലത്തിന് തുടക്കം കുറിക്കുന്നതിനെക്കുറിച്ച് പരാമർശിച്ച പാപ്പാ അത് തിരുപ്പിറവിക്കുള്ള ഒരുക്കത്തിനായുള്ള ആരാധനാക്രമ കാലമാണെന്ന് അനുസ്മരിച്ചു. നമ്മുടെ എല്ലാ മാനുഷിക ബലഹീനതകളെയും തൻറെ സാന്നിധ്യ പ്രഭയാൽ നിറയ്ക്കാൻ വരുന്നവന് വഴി ഒരുക്കുന്നതിനായി കർത്താവിന് എല്ലാവരും ഹൃദയം തുറന്നുകൊടുക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. ഈ വാക്കുകളെ തുടർന്ന് പാപ്പാ എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

24 November 2021, 11:45

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >