തിരയുക

സ്നേഹം: സാഹോദര്യപരമായ തിരുത്തലിൻറെ പരമോന്നത നിയമമെന്ന് പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ പൊതുദർശന പ്രഭാഷണം: "പരിശുദ്ധാത്മാവ് നമുക്ക് സൗമ്യതയുടെ ദാനം നൽകുന്നതിനു പുറമെ, ഐക്യദാർഢ്യമുള്ളവരായിരിക്കുന്നതിനും മറ്റുള്ളവരുടെ ഭാരങ്ങൾ വഹിക്കുന്നതിനും നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു."

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ ബുധനാഴ്ചയും (03/11/2021) ഫ്രാൻസീസ് പാപ്പാ അനുവദിച്ച പ്രതിവാരപൊതുദര്‍ശനത്തിൻറെ വേദി വത്തിക്കാനിൽ  വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ സമീപത്തുള്ള പോൾ ആറാമൻ ശാല ആയിരുന്നു. മഴയിൽ കുതിർന്ന ഒരു ദിനമായിരുന്നെങ്കിലും വിവിധ രാജ്യക്കാരും ഭാഷാക്കാരുമായിരുന്ന നിരവധി തീര്‍ത്ഥാടകരും സന്ദര്‍ശകരും ഇതിൽ പങ്കുകൊണ്ടു. പാപ്പായുടെ ആഗമനം പ്രതീക്ഷിച്ചിരിക്കവേ ഏതാനും പേരുടെ താളവാദ്യാകമ്പടിയോടെ ഒരു യുവതി ശാലയിൽ നൃത്തം ചവിട്ടുന്നതും നയനാനന്ദകരമായിരുന്നു. ശാലയിൽ പ്രവേശിച്ച പാപ്പായെ ജനങ്ങൾ ആനന്ദരവങ്ങളോടും കരഘോഷത്തോടുംകൂടി വരവേറ്റു. എല്ലാവരെയും അഭിവാദ്യം ചെയ്ത പാപ്പാ, റോമിലെ സമയം രാവിലെ ഏതാണ്ട് 09.30 ആയപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിയോടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. ജഡത്തിൻറെയല്ല, പ്രത്യുത, ആത്മാവിൻറെ പ്രേരണയനുസരിച്ചാണ് വ്യാപരിക്കേണ്ടത് എന്ന് പൗലോസപ്പോസ്തലൻ ഗലാത്തിയക്കാരെ ഉദ്ബോധിപ്പിക്കുന്ന ഭാഗം, ഗലാത്തിയക്കാർക്കുള്ള ലേഖനം അദ്ധ്യായം 5:16-17, 25 എന്നീ വാക്യങ്ങൾ ആയിരുന്നു വായിക്കപ്പെട്ടത്. ഈ വായനയെത്തുടർന്ന് ജനങ്ങളെ സംബോധനചെയ്ത പാപ്പാ, പൗലോസപ്പോസ്തലന്‍ ഗലാത്തിയക്കാര്‍ക്കെഴുതിയ ലേഖനത്തിലെ ആശയങ്ങളെ അധികരിച്ച് താൻ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടർന്നു.  ആത്മാവിനനുസൃതം ചരിക്കുക എന്ന പൗലോസപ്പോസ്തലൻറെ ഉപദേശമായിരുന്നു പാപ്പായുടെ വിചിന്തനത്തിന് അവലംബം.  പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ മുഖ്യ പ്രഭാഷണം  ഇപ്രകാരം വിവവർത്തനം ചെയ്യാം:

ആത്മാവിനനുസൃത വിസ്മയകര പ്രയാണം

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

നാം ഇപ്പോൾ വായിച്ചുകേട്ട ഗലാത്തിയക്കാർക്കുള്ള കത്തിൽ നിന്നുള്ള ഭാഗത്ത്, വിശുദ്ധ പൗലോസ് ക്രിസ്ത്യാനികളെ പരിശുദ്ധാത്മാവിൻറെ പ്രേരണയനുസരിച്ച് വ്യാപരിക്കാൻ ഉദ്ബോധിപ്പിക്കുന്നു (ഗലാത്തിയർ 5:16.25). ഒരു ശൈലിയുണ്ട്: ആത്മാവിനനുസൃതം ചരിക്കുക. വാസ്‌തവത്തിൽ, യേശുവിൽ വിശ്വസിക്കുക എന്നതിനർത്ഥം ആദ്യ ശിഷ്യന്മാർ ചെയ്‌തതുപോലെ, അവിടത്തെ അനുഗമിക്കുക, അവിടത്തെ വഴിയിലൂടെ അവിടത്തെ പിന്തുടരുക എന്നാണ്. അതോടൊപ്പം തന്നെ, അപ്പോസ്തലൻ "ജഡമോഹം" (വാക്യം 16) എന്ന് വിളിക്കുന്ന സ്വാർത്ഥതയുടെ, സ്വന്തം താൽപ്പര്യം തേടലിൻറെതായ വിപരീത പാത ഒഴിവാക്കുക എന്നാണ് വിവക്ഷ. ക്രിസ്തുവിൻറെ പാതയിലൂടെയുളള ഈ യാത്രയിൽ വഴികാട്ടി പരിശുദ്ധാരൂപിയാണ്. ജ്ഞാനസ്നാനത്തിൽ ആരംഭിച്ച് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന അത്ഭുതകരവും എന്നാൽ ആയാസകരവുമായ ഒരു യാത്രയാണ് ഇത്. ഉയർന്ന ഒരു പർവ്വതത്തിലേക്കുള്ള ഒരു നീണ്ട യാത്രയെക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കാം: അത് മനം കവരുന്നതാണ്, ലക്ഷ്യസ്ഥാനം നമ്മെ ആകർഷിക്കുന്നു, എന്നാൽ അതിന് വളരെയധികം പരിശ്രമവും സ്ഥിരോത്സാഹവും ആവശ്യമാണ്.

ദൈവമാണ് ഏറ്റവും വലിയവൻ എന്ന വിശ്വാസത്തിൻറെ അനിവാര്യത 

അപ്പോസ്തലൻറെ വാക്കുകളുടെ പൊരുൾ ഗ്രഹിക്കുന്നതിന് ഈ സാദൃശ്യം നമുക്ക് പ്രയോജനകരമാകും: "ആത്മാവിനനുസൃതം ചരിക്കുക", ആത്മാവിനാൽ "നയിക്കപ്പെടാൻ അനുവദിക്കുക". ആദ്യ പ്രതിബന്ധത്തിനു മുന്നിൽത്തന്നെ സ്തംഭിച്ചുപോകുന്നത് തടയുന്നതും “ഉന്നതത്തിൽ നിന്നു വരുന്ന ശക്തിയിൽ” (ഹെർമാസിൻറെ ഇടയൻ, 43, 21)  വിശ്വാസം  ഉളവാക്കുന്നതുമായ ഒരു പ്രവൃത്തിയെ, ഒരു ചലനത്തെ, ചലനാത്മകതയെ സൂചിപ്പിക്കുന്ന പദപ്രയോഗങ്ങളാണിവ. ഈ പാത പിന്തുടരുന്നതിലൂടെ, ക്രിസ്ത്യാനി ജീവിതത്തെക്കുറിച്ചുള്ള ഭാവാത്മകമായ ഒരു കാഴ്ചപ്പാട് ആർജ്ജിക്കുന്നു. ലോകത്ത് നിലവിലുള്ള തിന്മ അപ്രത്യക്ഷമായെന്നോ സ്വാർത്ഥതയുടെയും അഹംഭാവത്തിൻറെയും നിഷേധാത്മക പ്രേരണകൾ കുറയുന്നുണ്ടെന്നോ ഇതിനർത്ഥമില്ല; ദൈവം എല്ലായ്‌പ്പോഴും നമ്മുടെ ചെറുത്തുനിൽപ്പുകളേക്കാൾ ശക്തനും നമ്മുടെ പാപങ്ങളെക്കാൾ വലിയവനും ആണെന്ന് വിശ്വസിക്കുക എന്നാണ് അത് അർത്ഥമാക്കുന്നത്. ഇതു സുപ്രധാനമാണ്: എന്നും ദൈവമാണ് ഏറ്റവും വലിയവൻ എന്നു വിശ്വസിക്കുക.

നാമെല്ലാവരും ആത്മാവിൻറെ പ്രേരണയാൽ വർത്തിക്കേണ്ടവർ

ഈ പാത സ്വീകരിക്കാൻ ഗലാത്തിയക്കാരെ ഉദ്ബോധിപ്പിക്കുമ്പോൾ, അപ്പോസ്തലൻ അവരുടെ തലത്തിൽ തന്നെത്തന്നെ നിർത്തുന്നു. കല്പനയുടെതായൊരു ക്രിയാപദം "നടക്കുക" (വാക്യം 16)-  എന്നത് ഒഴിവാക്കി "നമുക്ക്" എന്ന സൂചകം ഉപയോഗിക്കുന്നു: "നമുക്ക് ആത്മാവിനനുസരിച്ച് വ്യാപരിക്കാം" (ഗലാത്തിയർ 5,25). നമുക്ക് ഒരേ നിരയിൽ നല്ക്കാം, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാൻ നമ്മെത്തന്നെ അനുവദിക്കാം എന്നു പറയുന്നതുപോലെ. ഈ പ്രബോധനം തനിക്കും ആവശ്യമാണെന്ന് വിശുദ്ധ പൗലോസ് കരുതുന്നു. ക്രിസ്തു തന്നിൽ വസിക്കുന്നു എന്ന അവബോധം പുലർത്തുന്ന അദ്ദേഹത്തിന് (ഗലാത്തിയർ 2:20), സ്വന്തം ലക്ഷ്യത്തിൽ, പർവ്വത മുകളിൽ എത്തിയിട്ടില്ലെന്ന ബോധ്യവുമുണ്ട് (ഫിലിപ്പിയർ 3:12). അപ്പോസ്തലൻ സ്വന്തം സമൂഹത്തിന് അതീതനായി സ്വയം പ്രതിഷ്ഠിക്കുന്നില്ല, മറിച്ച് എല്ലാവരുടെയും യാത്രയുടെ മദ്ധ്യത്തിൽ തന്നെത്തന്നെ നിറുത്തുന്നു, അത്,  ആത്മാവിൻറെ മാർഗ്ഗനിർദ്ദേശത്തോട് ഉപരിമെച്ചപ്പെട്ട രീതിയിൽ പ്രത്യുത്തരിച്ചുകൊണ്ട്  ദൈവത്തെ അനുസരിക്കേണ്ടത് എത്രത്തോളം ആവശ്യമാണ് എന്നതിൻറെ മൂർത്ത മാതൃക നൽകുന്നതിനുവേണ്ടിയാണ്.

സൗമ്യതയോടുകൂടി സഹോദരൻറെ തെറ്റു തിരുത്തുക

ഈ "ആത്മാവിനെ അനുസരിച്ച് വ്യാപരിക്കൽ" എന്നത് കേവലം ഒരു വ്യക്തിഗത പ്രവർത്തനമല്ല: അത് സമൂഹം മുഴുവനെയും സംബന്ധിച്ചതാണ്. വാസ്തവത്തിൽ, അപ്പോസ്തലൻ സൂചിപ്പിച്ച പാത പിന്തുടർന്നുകൊണ്ട് സമൂഹത്തെ കെട്ടിപ്പടുക്കുകയെന്നത് ആവേശകരവും എന്നാൽ വെല്ലുവിളി നിറഞ്ഞതുമാണ്. "ജഡമോഹങ്ങൾ", അതായത്, അസൂയ, മുൻവിധി, കാപട്യം, മാത്സര്യം എന്നിവ അനുഭവപ്പെടുന്നത് തുടരുന്നു, കർശനമായ നിയമങ്ങൾ അവലംബിക്കുകയെന്ന പ്രലോഭനത്തിൽ എളുപ്പം നിപതിക്കാം, എന്നാൽ അങ്ങനെ ചെയ്യുമ്പോൾ ഒരാൾ സ്വാതന്ത്ര്യത്തിൻറെ പാതയിൽ നിന്നു പുറത്തുപോകുകയും  മുകളിലേക്ക് കയറുന്നതിനു പകരം താഴേക്കിറങ്ങുകയും ചെയ്യും. ആത്മാവിൻറെ വഴിയിൽ നടക്കുന്നതിന് ആദ്യം കൃപയ്ക്കും ഉപവിയ്ക്കും ഇടം നൽകേണ്ടതുണ്ട്. പൗലോസ് കഠിനമായ രീതിയിൽ സംസാരിച്ചതിനു ശേഷം, പരസ്പരം ബുദ്ധിമുട്ടുകൾ ഏറ്റെടുക്കാനും ആരെങ്കിലും തെറ്റ് ചെയ്താൽ സൗമ്യമായി നേരിടാനും ഗലാത്തിയക്കാരെ ക്ഷണിക്കുന്നു (ഗലാത്തിയർ 5:22). നമുക്ക് അദ്ദേഹത്തിൻറെ വാക്കുകൾ ശ്രദ്ധിക്കാം: "സഹോദരന്മാരേ, ആരെങ്കിലും എന്തെങ്കിലും തെറ്റിൽ അകപ്പെട്ടാൽ, ആത്മീയരായ നിങ്ങൾ, സൗമ്യതയോടെ അവനെ തിരുത്തുക. നിങ്ങളും പ്രലോഭിതരാകാതിരിക്കാൻ ശ്രദ്ധിച്ചുകൊള്ളുവിൻ. പരസ്പരം ഭാരങ്ങൾ വഹിക്കുവിൻ" (ഗലാത്തിയർ 6:1-2).

അപവദിക്കുന്നതിനുള്ള പ്രലോഭനം 

വാസ്‌തവത്തിൽ, പലപ്പോഴും സംഭവിക്കുന്നതുപോലെ, മറ്റുള്ളവരെ തെറ്റായി വിലയിരുത്താൻ നാം പ്രലോഭിതരാകുമ്പോൾ, ആദ്യം നമ്മുടെ ബലഹീനതയെക്കുറിച്ച് ചിന്തിക്കണം. മറ്റുള്ളവരെ വിമർശിക്കുക എത്ര എളുപ്പമാണ്! ജല്പനങ്ങളിൽ ബിരുദമെടുത്ത ചിലരുണ്ട്. മറ്റുള്ളവരെ വിമർശിക്കലാണ് അവരുടെ അനുദിന തൊഴിൽ. എന്നാൽ നീ നിന്നെത്തന്നെ നോക്കുക. ഒരു സഹോദരനെയോ സഹോദരിയെയോ തിരുത്താൻ നമ്മെ പ്രേരിപ്പിക്കുന്നതെന്താണെന്നും അവൻറെ തെറ്റിന് നാം ഏതെങ്കിലും വിധത്തിൽ ഉത്തരവാദികളല്ലേ എന്നും സ്വയം ചോദിക്കുന്നത് നല്ലതാണ്. പരിശുദ്ധാത്മാവ് നമുക്ക് സൗമ്യതയുടെ ദാനം നൽകുന്നതിനു പുറമെ, ഐക്യദാർഢ്യമുള്ളവരായിരിക്കുന്നതിനും മറ്റുള്ളവരുടെ ഭാരങ്ങൾ വഹിക്കുന്നതിനും നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ എത്രയെത്ര ഭാരങ്ങളുണ്ട്: രോഗം, തൊഴിൽരാഹിത്യം, ഏകാന്തത, വേദന…! സഹോദരങ്ങളുടെ സാമീപ്യവും സ്‌നേഹവും ആവശ്യമായ മറ്റ് എത്രയെത്ര പരീക്ഷണങ്ങൾ! ഇതേ ഭാഗത്തിന് വ്യാഖ്യനം നല്കുന്ന വിശുദ്ധ അഗസ്തീനോസിൻറെ വാക്കുകൾ നമുക്ക് സഹായകമാകും: "അതിനാൽ, സഹോദരങ്ങളേ, ആരെങ്കിലും എന്തെങ്കിലും തെറ്റിൽ അകപ്പെട്ടാൽ, [...] ഈ രീതിയിൽ, സൗമ്യതയോടെ അവനെ തിരുത്തുക. നീ സ്വരം ഉയർത്തുകയാണെങ്കിൽ, ഉള്ളുകൊണ്ട് സ്നേഹിക്കുക. നീ പ്രോത്സാഹിപ്പിച്ചാലും, പൈതൃകഭാവം പ്രകടിപ്പിച്ചാലും കാർക്കശ്യം പുലർത്തിയാലും  സ്നേഹിക്കുക" (പ്രസംഗം 163 / ബി 3). സാഹോദര്യപരമായ തിരുത്തലിൻറെ പരമോന്നത നിയമം സ്നേഹമാണ്: നമ്മുടെ സഹോദരീസഹോദരന്മാരുടെ നന്മ കാംക്ഷിക്കലാണ്. അപരൻറെ തെറ്റുകളും കുറവുകളും സഹിക്കുകയും ആ തെറ്റു തിരുത്തുന്നതിന് അവനെ സഹായിക്കുന്നതിന് പ്രാർത്ഥനയും മൗനവും വഴി മാർഗ്ഗം കണ്ടെത്തുകയും വേണം. ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. നാം എളുപ്പമുള്ളതായി കാണുന്നത് അപരനെ കുറ്റപ്പെടുത്തലാണ്, താൻ പരിപൂർണ്ണനാണ് എന്ന മട്ടിൽ അപരനെ അവഹേളിക്കലാണ്.  ഇതു പാടില്ല. മറിച്ച് വേണ്ടത് സൗമ്യതയാണ്, ക്ഷമയാണ്, പ്രാർത്ഥനയാണ്, സാമീപ്യമാണ്. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാൻ സ്വയം അനുവദിച്ചുകൊണ്ട് നമുക്ക് ഈ പാതയിൽ സന്തോഷത്തോടെയും ക്ഷമയോടെയും നീങ്ങാം. നന്ദി.

സമാപനാഭിവാദ്യങ്ങൾ

മുഖ്യ പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിൻറെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ പതിവുപോലെ, പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ അഭിവാദ്യം ചെയ്തു.

സകലിവിശുദ്ധരുടെയും തിരുന്നാളും മരിച്ചവിശ്വാസികളുടെ സ്മരണയും

സകലവിശുദ്ധരുടെയും തിരുന്നാളും മരിച്ചവിശ്വാസികളുടെ ഓർമ്മയാചരണവും യഥാക്രമം, നവമ്പർ 1,2 തീയതികളിൽ നടന്നത് അനുസ്മരിച്ച പാപ്പാ, അവ, ഭൗമികാസ്തിത്വത്തിൻറെ അർത്ഥത്തെക്കുറിച്ചും നിത്യതയുമായി ബന്ധപ്പെട്ട അതിൻറെ മൂല്യത്തെക്കുറിച്ചും ഒരിക്കൽ കൂടി ചിന്തിക്കാനുള്ള അവസരം പ്രദാനം ചെയ്യുന്നുവെന്ന് പാപ്പാ പറഞ്ഞു. ജീവിതത്തിലുടനീളം ദൈവിക പദ്ധതിയോട് വിശ്വസ്തത പുലർത്തിയ വിശുദ്ധരെ അനുകരിക്കാനുള്ള ക്ഷണമാണ് ധ്യാനത്തിൻരെയും പ്രാർത്ഥനയുടെയും ഈ ദിനങ്ങൾ എന്ന് പാപ്പാ ഓർമ്മിപ്പിക്കുകയും ചെയ്തു. ഈ വാക്കുകളെ തുടർന്ന് പാപ്പാ എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 November 2021, 11:42

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >