തിരയുക

പൗലോസപ്പോസ്തലൻറെ കല്പനാശക്തിയാർന്ന ഉൾക്കാഴ്ചകൾ!

ഗലാത്തിയക്കാർക്കുള്ള ലേഖനത്തിൽ, ഒരു സുവിശേഷകൻ, ദൈവശാസ്ത്രജ്ഞൻ, ഇടയൻ എന്നീ നിലകളിൽ നമ്മോടു സംസാരിക്കുന്ന പൗലോസിൻറെ രചനാത്മക ആന്തരകിവീക്ഷണങ്ങൾ യേശുക്രിസ്തുവിൻറെ വെളിപാടിൽ അടങ്ങിയിരിക്കുന്ന അത്ഭുതപ്പെടുത്തുന്ന പുതുമ കണ്ടെത്താൻ നമ്മെ സഹായിക്കുന്നു-ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുദർശന പ്രഭാഷണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പത്താം തീയതി ബുധനാഴ്ച (10/11/2021) ഫ്രാൻസീസ് പാപ്പാ അനുവദിച്ച പ്രതിവാരപൊതുദര്‍ശനത്തിൻറെ വേദി, തലേ ആഴ്ചയിലെന്നതു പോലെ തന്നെ,  വത്തിക്കാനിൽ  വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ സമീപത്തുള്ള പോൾ ആറാമൻ ശാല ആയിരുന്നു. വിവിധ രാജ്യക്കാരും ഭാഷാക്കാരുമായിരുന്ന നിരവധി തീര്‍ത്ഥാടകരും സന്ദര്‍ശകരും അവിടെ സന്നിഹിതരായിരുന്നു. ശാലയിൽ പ്രവേശിച്ച പാപ്പായെ ജനങ്ങൾ ആനന്ദരവങ്ങളോടും കരഘോഷത്തോടുംകൂടി വരവേറ്റു. എല്ലാവരെയും അഭിവാദ്യം ചെയ്ത പാപ്പാ, റോമിലെ സമയം രാവിലെ ഏതാണ്ട് 09.30 ആയപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിയോടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. പൗലോസപ്പോസ്തലൻ ഗലാത്തിയക്കാർക്കെഴുതിയ ലേഖനത്തിലെ അവസാനത്തെതായ ആറാം അദ്ധ്യായത്തിലെ, 9,10,18 എന്നീ വാക്യങ്ങൾ ആയിരുന്നു വായനയ്ക്കായി തിരഞ്ഞെടുത്തത്.

“നന്മചെയ്യുന്നതിൽ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാൽ, നമുക്ക് മടുപ്പുതോന്നാതിരുന്നാൽ യഥാകാലം വിളവെടുക്കാം.10 ആകയാൽ, നമുക്ക് അവസരം ലഭിച്ചിരിക്കുന്നതുകൊണ്ട് സകല മനുഷ്യർക്കും, പ്രത്യേകിച്ചു്, വിശ്വാസത്താൽ ഒരേ കുടുംബത്തിൽ അംഗങ്ങളായവർക്ക്, നന്മ ചെയ്യാം........ 18 സഹോദരരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻറെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഉണ്ടായിരിക്കട്ടെ. ആമേൻ”

ഈ വായനയെത്തുടർന്ന് ജനങ്ങളെ സംബോധനചെയ്ത പാപ്പാ, പൗലോസപ്പോസ്തലന്‍ ഗലാത്തിയക്കാര്‍ക്കെഴുതിയ ലേഖനത്തിലെ ആശയങ്ങളെ അധികരിച്ച് താൻ നടത്തിപ്പോരുന്ന പ്രബോധന പരമ്പരയുടെ സമാപനമായി അപ്പോസ്തലൻറെ വിവിധഭാവങ്ങൾ, അദ്ദേഹം ഈ ലേഖനത്തിലൂടെ നമ്മിലുളവാക്കുന്ന നവോന്മേഷം, സ്വാതന്ത്ര്യസരണിയിൽ സഞ്ചരിക്കാനുള്ള ആവേശം, നമ്മുടെ പരിമിതികളെക്കുറിച്ചുള്ള അവബോധം തുടങ്ങിയവയെക്കുറിച്ച് പരാമർശിച്ചു.

പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന മുഖ്യ പ്രഭാഷണത്തിൻറെ സംഗ്രഹം :

ദൈവവചനം അക്ഷയ സ്രോതസ്സ്

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഗലാത്യക്കാർക്കുള്ള ലേഖനത്തെ അധികരിച്ചുള്ള പരിചിന്തനത്തിൻറെ സമാപനത്തിലെത്തിയിരിക്കയാണ് നമ്മൾ.  വിശുദ്ധ പൗലോസിൻറെ ഈ രചനയിൽ അടങ്ങിയിരിക്കുന്ന മറ്റ് എത്രയെത്ര കാര്യങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യാൻ സാധിക്കുമായിരുന്നു!  ദൈവവചനം അക്ഷയ സ്രോതസ്സാണ്. ഈ കത്തിൽ അപ്പോസ്തലൻ, ഒരു സുവിശേഷകൻ എന്ന നിലയിലും ദൈവശാസ്ത്രജ്ഞനെന്ന നിലയിലും ഒരു ഇടയൻ എന്ന നിലയിലും നമ്മോടു സംസരിച്ചു.

പൗലോസിൻറെ പ്രബോധന ശൈലിയും സുവിശേഷ സേവനവും

അന്ത്യോക്യയിലെ വിശുദ്ധനായ മെത്രാൻ ഇഗ്നേഷ്യസിൻറെ   മനോഹരമായ ഒരു പ്രയോഗമുണ്ട്: “സംസാരിച്ചവനും പറഞ്ഞതു ചെയ്‌തതവനുമായ ഒരേയൊരു ഗുരുവേയുള്ളൂ; എന്നാൽ അവൻ നിശ്ശബ്ദനായി ചെയ്ത കാര്യങ്ങൾ പിതാവിന് പ്രീതികരമായവയാണ്. യേശുവിന്റെ വചനം കൈവശമുള്ളവർക്ക് അവിടത്തെ നിശബ്ദത ശ്രവിക്കാൻ കഴിയും "(ആദ് എഫേസിയോസ്, 15,1-2). ഈ നിശ്ശബ്ദതയ്ക്ക് ശബ്ദം നൽകാൻ പൗലോസ് അപ്പോസ്തലന് കഴിഞ്ഞുവെന്ന് നമുക്ക് പറയാനാകും. യേശുക്രിസ്തുവിൻറെ വെളിപാടിൽ അടങ്ങിയിരിക്കുന്ന ഞെട്ടിപ്പിക്കുന്ന പുതുമ കണ്ടെത്താൻ അപ്പോസ്തലൻറെ ഏറ്റവും കല്പനാശക്തിയുള്ള ഉൾക്കാഴ്ചകൾ നമ്മെ സഹായിക്കുന്നു. അദ്ദേഹം ഒരു യഥാർത്ഥ ദൈവശാസ്ത്രജ്ഞനായിരുന്നു, ക്രിസ്തുവിൻറെ രഹസ്യത്തെക്കുറിച്ച് ചിന്തിക്കുകയും തൻറെ സൃഷ്ടിപരമായ ബുദ്ധി ഉപയോഗിച്ച് അത് അദ്ദേഹം കൈമാറുകയും ചെയ്തു. വഴിതെറ്റിയതും ആശയക്കുഴപ്പത്തിലായതുമായ ഒരു സമൂഹത്തിൻറെ കാര്യത്തിൽ തൻറെ അജപാലന ദൗത്യം വിനിയോഗിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. വിഭിന്ന രീതികളിലൂടെയാണ് അദ്ദേഹം അത് ചെയ്തത്: കാലാകാലങ്ങളിൽ പൗലോസ് വിപരീതാർത്ഥപ്രയോഗവും, കാർക്കശ്യവും, സൗമ്യതയും ഉപയോഗിച്ചു ... ഒരു അപ്പോസ്തലനെന്ന നിലയിലുള്ള തൻറെ അധികാരം എടുത്തുകാട്ടിയ അദ്ദേഹം, എന്നാൽ അതേ സമയം തൻറെ സ്വഭാവത്തിൻറെ ബലഹീനതകൾ മറച്ചുവെച്ചില്ല. അദ്ദേഹത്തിൻറെ ഹൃദയത്തിൽ ആത്മാവിൻറെ ശക്തി യഥാർത്ഥ ഉൽഖനനം നടത്തി: ഉത്ഥിതനായ ക്രിസ്തുവുമായുള്ള കണ്ടുമുട്ടൽ അദ്ദേഹത്തിൻറെ ജീവിതത്തെ മുഴുവൻ കീഴടക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്തു. പൗലോസപ്പോസ്തലൻ ആ ജീവിതം പൂർണ്ണമായും സുവിശേഷസേവനത്തിനായി നീക്കിവച്ചു.

ക്രിസ്തുദത്ത സ്വാതന്ത്ര്യത്തെ സഹനത്തിലൂടെ സംരക്ഷിക്കുന്ന പൗലോസ് 

വീര്യവും ഊർജ്ജവും ഇല്ലാത്തതായൊരു സമാധാനപ്രിയ സ്വഭാവവിശേഷമുള്ള ഒരു ക്രിസ്തീയതയെക്കുറിച്ച് പൗലോസ് ഒരിക്കലും ചിന്തിച്ചിരുന്നില്ല. നേരെമറിച്ച്, ക്രിസ്തു കൊണ്ടുവന്ന സ്വാതന്ത്ര്യത്തെ അദ്ദേഹം സംരക്ഷിച്ചു, അത് ഇന്നും നമ്മുടെ ഹൃദയത്തെ തൊടുന്ന സഹനത്തിലൂടെയായിരുന്നു, പ്രത്യേകിച്ചും, അദ്ദേഹത്തിനു സഹിക്കേണ്ടിവന്ന കഷ്ടപ്പാടുകളെയും ഏകാന്തതയെയും കുറിച്ച് നാം ചിന്തിക്കുകയാണെങ്കിൽ. തനിക്ക് മാത്രം ഉത്തരം നൽകാൻ കഴിയുന്ന ഒരു വഴി തനിക്കു ലഭിച്ചുവെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു; എല്ലാത്തരം അടിമത്തത്തിൽ നിന്നും അവരെ മോചിപ്പിച്ച ആ സ്വാതന്ത്ര്യത്തിലേക്കാണ് അവരും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഗലാത്യക്കാരോട് വിശദീകരിക്കാൻ അദ്ദേഹം ആഗ്രഹിച്ചു, കാരണം അത് അവരെ പുരാതന വാഗ്ദാനത്തിൻറെ അവകാശികളും ക്രിസ്തുവിൽ ദൈവമക്കളും ആക്കി. ഈ സ്വാതന്ത്ര്യ സങ്കൽപ്പം പേറുന്ന അപകടങ്ങളെക്കുറിച്ച് അവബോധമുണ്ടായിരുന്നു അദ്ദേഹം  അതിൻറെ അനന്തരഫലങ്ങളെ ലഘൂകരിച്ചു കണ്ടില്ല. സ്വാതന്ത്ര്യം ഒരു തരത്തിലും തോന്ന്യാസ സമാനമല്ലെന്നും അത് ഔദ്ധത്യരൂപമാർന്ന സ്വയംപര്യാപ്തതയിലേക്ക് നയിക്കില്ലെന്നും അദ്ദേഹം വിശ്വാസികളോട് തുറന്നു അസന്ദിഗ്ദമായി പറഞ്ഞു. നേരെമറിച്ച്, പൗലോസ് സ്വാതന്ത്ര്യത്തെ സ്നേഹത്തിൻറെ നിഴലിൽ പ്രതിഷ്ഠിക്കുകയും ജീവകാരുണ്യ സേവനാനുസൃതമായ അതിൻറെ അഭ്യസനം ഉറപ്പാക്കുകയും ചെയ്തു. ഈ ദർശനങ്ങളെല്ലാം പരിശുദ്ധാത്മാവിനനുസരിച്ചുള്ള ജീവിതത്തിൻറെ ചക്രവാളത്തിൽ വിന്യസിക്കപ്പെട്ടു. ഇസ്രായേലിന് ദൈവം നൽകിയ നിയമം നിറവേറ്റുകയും പാപത്തിൻറെ അടിമത്തത്തിൽ വീണ്ടും നിപതിക്കുന്നതിൽ നിന്ന് അവരെ തടയുകയും ചെയ്യുന്ന ആത്മാവാണിത്.

പ്രചോദനവും പരിമിതികളെക്കുറിച്ചുള്ള സ്വയാവബോധവും 

ഈ പ്രബോധന പ്രയാണത്തിൻറെ സമാപനത്തിൽ, നമ്മിൽ രണ്ടു മനോഭാവങ്ങൾ ജനിച്ചേക്കാമെന്ന് എനിക്ക് തോന്നുന്നു. ഒരു വശത്ത്, അപ്പോസ്തലൻറെ പ്രബോധനം നമ്മിൽ ഉത്സാഹം ജനിപ്പിക്കുന്നു; സ്വാതന്ത്ര്യത്തിൻറെ പാത പിന്തുടരാൻ, "ആത്മാവിനനുസരിച്ച് ചരിക്കാൻ". നമ്മളുടൻ പ്രചോദിതരാകുന്നു. മറുവശത്ത്, നമ്മുടെ പരിമിതികളെക്കുറിച്ച് നമുക്ക് അവബോധമുണ്ടാകുന്നു, എന്തെന്നാൽ, ആത്മാവിനോട് വിധേയത്വം പുലർത്തുകയും ആത്മാവിൻറെ ഫലദായക പ്രവർത്തനത്തോടു അനുകൂലഭാവം പുലർത്തുകയും ചെയ്യുക എത്രമാത്രം ആയാസകരമാണെന്ന് അനുദിനം നാം തൊട്ടറിയുന്നു. അപ്പോൾ ഉത്സാഹത്തെ തടയുന്ന ക്ഷീണം കടന്നുവരുന്നുവരാനുള്ള സാദ്ധ്യതയുണ്ട്. ലൗകിക മാനസികാവസ്ഥയ്ക്ക് അനുസൃതമായ ജീവിതശൈലിയുമായി ബന്ധപ്പെട്ട് നമുക്ക് നിരുത്സാഹവും ബലഹീനതയും അനുഭവപ്പെടുന്നതായും ചിലപ്പോൾ പാർശ്വവൽക്കരിക്കപ്പെട്ടതായും തോന്നും.

ഹൃത്തിൽ ഉറങ്ങിക്കിടക്കുന്ന വിശ്വാസത്തെ കുലുക്കിവിളിച്ചുണർത്തുക 

തടാകത്തിലുണ്ടായ കൊടുങ്കാറ്റിനെക്കുറിച്ചുള്ള സുവിശേഷസംഭവവിവരണം അനുസ്മരിച്ചുകൊണ്ട്, ഈ സാഹചര്യത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് വിശുദ്ധ അഗസ്റ്റിൻ നമ്മോട് നിർദ്ദേശിക്കുന്നു, അദ്ദേഹം ഇപ്രകാരം പറയുന്നു: "നിൻറെ ഹൃദയത്തിലെ ക്രിസ്തുവിശ്വാസം, വഞ്ചയിലിരിക്കുന്ന ക്രിസ്തുവിനെപ്പോലെയാണ്. നീ അപമാനങ്ങൾ കേൾക്കുന്നു, നീ പരിക്ഷീണിതനാകുന്നു, നീ അസ്വസ്ഥനാകുന്നു,  ക്രിസ്തു ഉറങ്ങുന്നു. ക്രിസ്തുവിനെ ഉണർത്തുക, നിൻറെ വിശ്വാസത്തെ പിടിച്ചു കുലുക്കുക! പ്രക്ഷുബ്ധാവസ്ഥയിലും നിനക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും. നിൻറെ വിശ്വാസത്തെ പിടിച്ചു കുലുക്കുക. ക്രിസ്തു ഉണരുകയും നിന്നോട് സംസാരിക്കുകയും ചെയ്യട്ടെ ... അതിനാൽ ക്രിസ്തുവിനെ ഉണർത്തുക ... പറയപ്പെട്ടിരിക്കുന്നവയിൽ വിശ്വസിക്കുക, നിൻറെ ഹൃദയത്തിൽ വലിയ ശാന്തതയുണ്ട് "(പ്രസംഗങ്ങൾ 163 / ബി 6). അങ്ങനെയാണ്. നാം നമ്മുടെ ഹൃദയങ്ങളിൽ  ക്രിസ്തുവിനെ ഉണർത്തണം, അപ്പോൾ മാത്രമേ നമുക്ക് അവിടത്തെ വീക്ഷണത്തിൽ കാര്യങ്ങൾ ധ്യാനിക്കാൻ കഴിയൂ, കാരണം അവിടന്ന് കൊടുങ്കാറ്റിനപ്പുറം കാണുന്നു. അവിടത്തെ ശാന്തമായ നോട്ടത്തിലൂടെ, നമുക്ക് വിശാലദർശനം സാദ്ധ്യമാകും, നാം തനിച്ചാണെങ്കിൽ, അത് കാണുകയെന്നത്, ചിന്തിക്കാൻ പോലുമാകില്ല.

നന്മ ചെയ്യുന്നതിൽ മടുക്കരുത്, റൂഹാക്ഷണ പ്രാർത്ഥനയിൽ മുഴുകുക

നന്മ ചെയ്യുന്നതിൽ മടുപ്പുള്ളവരാകരുതെന്ന്, അപ്പോസ്തലൻ നമ്മെ, ആയാസകരവും എന്നാൽ ആകർഷകവുമായ ഈ യാത്രയിൽ, ഓർമ്മിപ്പിക്കുന്നു. നമ്മുടെ ബലഹീനതകളിൽ നമ്മെ സഹായിക്കാൻ ആത്മാവ് എല്ലായ്‌പ്പോഴും വരുമെന്നും നമുക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും നാം വിശ്വസിക്കണം. അതുകൊണ്ട് പരിശുദ്ധാത്മാവിനെ നിരന്തരം വിളിച്ചപേക്ഷിക്കാൻ നമുക്ക് പഠിക്കാം! ദിവസത്തിൻറെ വിവിധ നിമിഷങ്ങളിൽ ലളിതമായ വാക്കുകൾ കൊണ്ട് നമുക്ക് ഇത് ചെയ്യാൻ കഴിയും.  പെന്തക്കോസ്‌താവേളയിൽ സഭ ചൊല്ലുന്ന മനോഹരമായ പ്രാർത്ഥന, ഒരുപക്ഷേ നിങ്ങളുടെ കീശയിലുള്ള സുവിശേഷത്തിൽ, നമുക്കൊപ്പം കൊണ്ടുപോകാം: "പരിശുദ്ധാത്മാവേ, നീ എഴുന്നുള്ളി വരേണമെ, / സ്വർഗ്ഗത്തിൽ നിന്ന് നിൻറെ പ്രകാശകിരണങ്ങൾ ഞങ്ങളുടെ മേൽ വീശൂ! / പാവങ്ങളുടെ പിതാവേ, വരൂ, വരദായകനേ വന്നാലും, / ഹൃദയങ്ങളുടെ പ്രകാശമേ / സമ്പൂർണ്ണ സമാശ്വാസകനേ / ആത്മാവിൻറെ മാധുര്യമേറിയ അതിഥിയെ / മധുരതമ ആശ്വാസമേ വരൂ ... ". അങ്ങനെ തുടരുന്ന, മനോഹരമായ ഒരു പ്രാർത്ഥനയാണ് അത്. പരിശുദ്ധാത്മാവേ വന്നാലും. ആത്മാവിനോടു തുടരെതുടരെ പ്രാർത്ഥിക്കുന്നത് നമുക്കു ഗുണദായകമാണ്. പരിശുദ്ധാത്മാവിൻറെ സാന്നിദ്ധ്യത്താൽ നമുക്ക് സ്വാതന്ത്ര്യം സംരക്ഷിക്കാനാകും. നാം സ്വതന്ത്രരാകും, സ്വതന്ത്ര ക്രൈസ്തവരാകും, വാക്കിൻറെ നിഷേധാത്മകാർത്ഥത്തിൽ, നാം ഭൂതകാലത്തോടു ബന്ധിതരാകാതെ, ആചാരങ്ങളുടെ ചങ്ങലയാൽ തളച്ചിടപ്പെടാതെ സ്വതന്ത്രരായിരിക്കും. ക്രിസ്തീയ സ്വാതന്ത്ര്യമാണ് നമ്മെ പക്വതയുള്ളവരാക്കുന്നത്. ഈ പ്രാർത്ഥന നമ്മെ ആത്മാവിലും സ്വാതന്ത്ര്യത്തിലും സന്തോഷത്തിലും നടക്കാൻ സഹായിക്കും, കാരണം പരിശുദ്ധാത്മാവ് വരുമ്പോൾ സന്തോഷം സമാഗതമാകുന്നു  , യഥാർത്ഥ സന്തോഷം. കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ. നന്ദി.

സമാപനാഭിവാദ്യവും ആശീർവ്വാദവും

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ പതിവുപോലെ, പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ അഭിവാദ്യം ചെയ്തു.

മഹാനായ വിശുദ്ധ ലെയൊ പാപ്പായുടെ തിരുന്നാൾ

നവമ്പർ 10-ന് തിരുസഭ, സഭാപാരംഗതനും പാപ്പായുമായ മഹാനായ വിശുദ്ധ ലെയൊയുടെ തിരുന്നാൾ ആചരിക്കുന്നത് അനുസ്മരിച്ചു. സുവിശേഷ സത്യം സംരക്ഷിക്കുന്നതിനും പ്രസരിപ്പിക്കുന്നതിനും വേണ്ടി ജീവിതം സമർപ്പിച്ച വിശുദ്ധനാണ് അദ്ദേഹം എന്നു പാപ്പാ പറഞ്ഞു. സ്വന്തം വിശ്വാസം ആനന്ദത്തോടെ ജീവിക്കുന്നതിനും കർത്താവിൻറെ സ്നേഹത്തിൻറെ പ്രശാന്തസാക്ഷികളായിരിക്കുന്നതിനും ഈ വിശുദ്ധൻറെ മാദ്ധ്യസ്ഥ്യം വഴി എല്ലാവർക്കും സാധിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു. ഈ വാക്കുകളെ തുടർന്ന് പാപ്പാ എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 November 2021, 12:42

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >