"ഞാൻ പാപ്പായെ ക്രിസ്ത്യാനിയാക്കി" എന്ന പുസ്തകത്തിന് പാപ്പാ ആമുഖമെഴുതി
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ജ്ഞാനസ്നാനം നൽകുക മാത്രമല്ല നവസന്യാസ കാലഘട്ടം വരെ പാപ്പായുടെ ദൈവവിളി പിൻതുടർന്ന വൈദീകനായിരുന്നു ഫാ. എൻറിക്കോ. ഫെറുച്ചോ പാള്ളവേര എഴുതിയ ഈ ജീവചരിത്രം ഇറ്റലിയിലെ വിവിധ നഗരങ്ങളിൽ വ്യത്യസ്ത ദിനങ്ങളിലായാണ് പ്രകാശിതമാകുക. നവംബർ 10 ന് ആസ്തി നഗരത്തിലെ സെമിനാരിയിലായിരിക്കും ആദ്യ പ്രകാശനം.
ആമുഖത്തിൽ ഫാ. എൻറിക്കോയുടെ വിവിധ മുഖങ്ങൾ പാപ്പാ വിവരിക്കുന്നുണ്ട്. യാഥാർത്ഥ്യങ്ങളെകുറിച്ച് നല്ല അവബോധമുണ്ടായിരുന്ന ഫാ. എൻറിക്കോ പൊത്സോളിയെ തേടി എന്തെങ്കിലും ഒരു പ്രശ്നമുള്ളപ്പോഴും, ഒരു ഉപദേശം അവശ്യമുള്ളപ്പോഴും ഏതൊരാളും പോകുമായിരുന്നെന്ന് പാപ്പാ എഴുതി. പതിവില്ലാത്തതെന്തെങ്കിലും സംഭവിച്ചാ പോലും അത് വിശദീകരിക്കാൻ അദ്ദേഹത്തിന് ഒരു പ്രത്യേക രീതിയുണ്ടായിരുന്നത് പാപ്പാ ഓർമ്മിച്ചു. അദ്ദേഹത്തിന്റെ ക്ഷമ നശിക്കുന്നതിന്റെ ഏക ലക്ഷണം തലയുടെ മുകളിൽ കൈവച്ച് അഞ്ചു വിരലുകളും കൊണ്ട് ചൊറിഞ്ഞ് "കനാസ്തോസ്...." (ചവറ്റുകൊട്ട) എന്നു പറയുമായിരുന്നത് ഫ്രാൻസിസ് പാപ്പാ ഓർത്തെടുത്തു. ആളുകൾക്ക് അദ്ദേഹം നൽകിയിരുന്ന ഉപദേശങ്ങളിൽ നിന്ന് അദ്ദേഹം അസാമാന്യ ബുദ്ധിമാനായിരുന്നു എന്ന് മനസ്സിലാക്കാൻ ഒരു പ്രയാസവുമില്ലായിരുന്നെന്നും പാപ്പാ കൂട്ടിച്ചേർത്തു.
മണിക്കൂറുകൾ കുമ്പസാര കൂട്ടിൽ ചിലവഴിച്ചിരുന്ന അദ്ദേഹം വർഷങ്ങൾ പിന്നിട്ടപ്പോൾ ബോനേസ് അയേഴ്സിലെ മുഴുവൻ സലേഷ്യൻകാർക്കും ചുറ്റുമുള്ള സമൂഹങ്ങൾക്കും മാത്രമല്ല നിരവധി രൂപതാ വൈദീകർക്കും ഒരു പ്രമാണ പുരുഷനായിരുന്നു. സഹായിയായ മറിയത്തിന്റെ (Maria Ausiliatrice) സന്യാസിനി സഭയിലെ സന്യാസിനികളുടെ കുമ്പസാരത്തിനായും ഇടയ്ക്കിടെ പോയിരുന്ന അദ്ദേഹം ഒരു മഹാനായ കുമ്പസാരക്കാരനായിരുന്നു എന്നത് ഫ്രാൻസിസ് പാപ്പാ ഓർമ്മിച്ചു.
(1955 ൽ വൈദീകനാകാൻ തീരുമാനിച്ച ഹോർഹെ മാരിയോ ബെർഗോലിയോ തന്റെ തീരുമാനം ആദ്യം അറിയിച്ചത് പിതാവിനെ ആയിരുന്നു. കാരണം അമ്മയേക്കാൾ തന്നെ മനസ്സിലാക്കാൻ പിതാവിന് കഴിയുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ഉടൻ തന്നെ പിതാവ് ഇക്കാര്യത്തിൽ ഉൽസാഹം കാണിച്ചു. എന്നാൽ അമ്മ, ഈ തീരുമാനമെടുക്കുന്നതിന് മുമ്പ് നന്നായി ചിന്തിക്കണമെന്നും കലാശാലാ പഠനം തീർത്ത് ബിരുദം നേടണമെന്നുമാണ് പ്രതികരിച്ചത്. രണ്ടു കൊല്ലങ്ങൾക്ക് ശേഷം 1957ൽ ബെർഗോലിയോയ്ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നം നേരിട്ടു. വലതു ശ്വാസകോശ സംബന്ധമായ അസുഖവും നിർത്താതെയുള്ള വേദനയും മൂലം അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട്, ശ്വാസകോശത്തിലെ അണുബാധ മൂലം മരിക്കാൻ സാധ്യതയുണ്ടായതിനാൽ ശ്വാസകോശത്തിന്റെ മുകൾഭാഗം നീക്കം ചെയ്യേണ്ടിവരികയും ചെയ്തു).
സലേഷ്യൻ വൈദീകനായിരുന്ന പൊത്സോളിയോടു താൻ ഈശോസഭയിലാണ് ചേരുവാൻ ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞപ്പോൾ തന്റെ തീരുമാനത്തെ പിൻതാങ്ങിയതിലൂടെ തന്റെ തീരുമാനത്തെ ബഹുമാനിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. മതപരിവർത്തനം നടത്തുന്നയാളായിരുന്നില്ല ഫാ. പൊത്സോളി എന്ന് ഫ്രാൻസിസ് പാപ്പാ സാക്ഷ്യപ്പെടുത്തി. അന്വേഷിച്ചശേഷം ഫാ. പൊത്സോളി മാർച്ച് മാസത്തിൽ ഈശോസഭാ സെമിനാരിയിൽ തന്നെ സ്വീകരിക്കുമെന്നറിയിക്കുകമാത്രമല്ല, താൻ അദ്ദേഹത്തെ ഇക്കാര്യം അറിയിച്ച നവംബർ മുതൽ മാർച്ചുവരെയുള്ള നാല് മാസം വീട്ടിൽ നിൽക്കേണ്ട എന്നും വിഷമകരമായ ശസ്ത്രകിയയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കാനായി അദ്ദേഹം തന്റെ മേലധികാരികളോടു ഇക്കാര്യം വിശദീകരിച്ചതും പാപ്പാ ആമുഖത്തിൽ കുറിച്ചുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: