തിരയുക

പാപ്പാ: ജാഗരൂകത, ക്രിസ്തിയ ജീവിതത്തിൻറെ സുപ്രധാന മാനം!

"ജാഗരൂകരായിരിക്കുക എന്നതിൻറെ അർത്ഥം ഇതാണ്: ഹൃദയം അലസതയിൽ നിപതിക്കാനും ആത്മീയ ജീവിതം മന്ദോഷ്ണതയിൽ അലിഞ്ഞുചേരാനും അനുവദിക്കാതിരിക്കുക"'- ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം- ആഗമനകാലം ഒന്നാം ഞായർ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കാർമുകിൽ ആദിത്യന് മറ തീർത്തതിനാൽ മൂടൽ അനുഭവപ്പെട്ട ഒരു ദിനമായിരുന്നു ഇക്കഴിഞ്ഞ ഇരുപത്തിയെട്ടാം തീയതി  ഞായറാഴ്ച (28/11/21) എങ്കിലും, അന്ന് ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ പതിവുപോലെ, നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ  സന്നിഹിതരായിരുന്നു. ഞായറാഴ്ചകളിൽ, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം,  വൈകുന്നേരം 4.30-ന് ത്രികാല പ്രാർത്ഥന നയിക്കുന്ന പതിവനുസരിച്ച് പാപ്പാ, ആ സമയത്തിന് അല്പം മുമ്പ് അരമനയുടെ മുകളിലത്തെ നിലയിലുള്ള പതിവു ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ വിശുദ്ധ പത്രോസിൻറെ നാമത്തിലുള്ള ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്ന ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദരവങ്ങളും ഉയർന്നു. പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ, സാധാരണ ചെയ്യാറുള്ളതുപോലെ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻ റീത്തിൻറെ ആരാധനാക്രമനുസരിച്ച്, തിരുപ്പിറവിത്തിരുന്നാളിനുള്ള ആത്മീയ ഒരുക്കത്തിൻറെതായ ആഗമനകാലത്തിന് തുടക്കം കുറിച്ച് ഈ ഞായറാഴ്ച (28/11/21) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, ലൂക്കായുടെ സുവിശേഷം ഇരുപത്തിയൊന്നാം അദ്ധ്യായം 25 മുതൽ 28 വരെയും 34 മുതൽ 36 വരെയുമുള്ള  വാക്യങ്ങൾ (ലൂക്കാ 21,25-28.34-36), അതായത്, മനുഷ്യപുത്രൻറെ ആഗമനത്തെക്കുറിച്ചും സുഖലോലുപത, മദ്യാസക്തി, ജീവിതവ്യാഗ്രത തുടങ്ങിയവയിൽ നിന്ന് വിമോചിതരായി പ്രാർത്ഥനയോടെ ജാഗരൂഗരായിരിക്കേണ്ടതിനെക്കുറിച്ചും ഓർമ്മിപ്പിക്കുന്ന സുവിശേഷഭാഗം ആയിരുന്നു. ഇറ്റാലിയൻ ഭാഷയിലായിരുന്ന തൻറെ വിചിന്തനം പാപ്പാ ആരംഭിച്ചത് ഇപ്രകാരമാണ്:

യേശുവിൻറെ ആഗമനം           

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ആഗമനകാലത്തിലെ, ആദ്യ ഞായറാഴ്‌ചയായ, ഇന്നത്തെ, അതായത്, തിരുപ്പിറവിക്കുള്ള ഒരുക്കത്തിൻറെ ആദ്യ ഞായറാഴ്ചത്തെ, ആരാധനാക്രമത്തിലെ സുവിശേഷം, യുഗാന്ത്യത്തിൽ കർത്താവ് വരുന്നതിനെക്കുറിച്ചാണ് നമ്മോട് പറയുന്നത്. ദുരിതപൂർണ്ണമായ സംഭവങ്ങളും പീഡകളും ഉണ്ടാകുമെന്ന് യേശു പ്രഖ്യാപിക്കുന്നു, എന്നാൽ ഈ ഘട്ടത്തിൽ ഭയരഹിതരായിരിക്കാൻ അവിടന്നു നമ്മെ ക്ഷണിക്കുന്നു. എന്താണതിനു കാരണം? എല്ലാം ശരിയായ രീതിയിലാണോ പോകുന്നത് ? അല്ല, ഏന്നാൽ അവിടന്നു വരും. യേശു മടങ്ങിവരും, യേശു വരും, അത് അവിടന്ന് വാഗ്ദാനം ചെയ്തിരിക്കുന്നു. അവിടന്ന് ഇങ്ങനെ പറയുന്നു: "നിങ്ങൾ ശിരസ്സുയർത്തി നില്ക്കുവിൻ, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു" (ലൂക്കാ 21:28). പ്രോത്സാഹജനകമായ ഈ വചനം കേൾക്കുക മനോഹരമാണ്: നിങ്ങൾ എഴുന്നേറ്റ് ശിരസ്സുയർത്തുക, കാരണം എല്ലാം അവസാനിച്ചുവെന്ന് തോന്നുന്ന നിമിഷങ്ങളിൽ, കർത്താവ് നമ്മെ രക്ഷിക്കാൻ വരുന്നു; കഷ്ടതകളുടെ നടുവിലും ജീവിത പ്രതിസന്ധികളിലും ചരിത്രത്തിൻറെ ദുരന്തങ്ങളിലും പോലും അവിടത്തെ സന്തോഷത്തോടെ പാർത്തിരിക്കുക. കർത്താവിനെ കാത്തിരിക്കുക. എന്നാൽ ബുദ്ധിമുട്ടുകൾ, കഷ്ടപ്പാടുകൾ, പരാജയങ്ങൾ എന്നിവയിൽ മുങ്ങിപ്പോകാതെ തല ഉയർത്താൻ നമുക്ക് എങ്ങനെ സാധിക്കും? ശക്തമായ ഒരു ഓർമ്മപ്പെടുത്തലോടെ യേശു നമുക്ക് വഴി കാണിച്ചുതരുന്നു: “നിങ്ങളുടെ ഹൃദയങ്ങൾ ഭാരമുള്ളതാകാതിരിക്കാൻ നിങ്ങൾ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊള്ളുവിൻ […]. പ്രാർത്ഥിച്ചുകൊണ്ട് എപ്പോഴും ജാഗരൂഗരായിരിക്കുവിൻ "(വാ. 34.36).

ജാഗരൂകരായിരിക്കുക, ആലസ്യത്തിലാഴാതിരിക്കുക

"ഉണർന്നിരിക്കുക", ജാഗ്രത. ക്രിസ്തീയ ജീവിതത്തിൻറെ ഈ സുപ്രധാന മാനത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാം. ജാഗ്രത എന്നത് ദത്താവധാനതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി യേശുവിൻറെ വാക്കുകളിൽ നിന്ന് നമുക്ക് മനസ്സിലാക്കാം: നിങ്ങൾ സൂക്ഷിക്കുക, ജാഗ്രത പാലിക്കുക, അശ്രദ്ധയുള്ളവരായിരിക്കരുത്, അതായത്, ഉണർന്നിരിക്കുക! ജാഗരൂകരായിരിക്കുക എന്നതിൻറെ അർത്ഥം ഇതാണ്: ഹൃദയം അലസതയിൽ നിപതിക്കാനും ആത്മീയ ജീവിതം മന്ദോഷ്ണതയിൽ അലിഞ്ഞുചേരാനും അനുവദിക്കരുത്. ശ്രദ്ധിക്കുക, കാരണം നിങ്ങൾ "മയക്കമുള്ള ക്രിസ്ത്യാനികൾ” ആയിത്തീരാനുള്ള സാധ്യതയുണ്ട്, സൂക്ഷിക്കുക- നമുക്കറിയാം: മയക്കത്തിലാണ്ട ധാരാളം ക്രിസ്ത്യാനികൾ ഉണ്ട്, ആത്മീയ ലൗകികതയാൽ മയക്കപ്പെട്ട ക്രിസ്ത്യാനികൾ - ആത്മീയ ഉണർവ്വില്ലാത്ത ക്രിസ്ത്യാനികൾ, പ്രാർത്ഥനയിൽ തീക്ഷ്ണതയില്ലാതെ - പ്രേഷിത ദൗത്യത്തിൽ ഉത്സാഹമില്ലാതെ, സുവിശേഷത്തോട് അഭിനിവേശം ഇല്ലാതെ, അവർ തത്തകളെപ്പോലെ പ്രാർത്ഥിക്കുന്നു. ചക്രവാളത്തിലേക്ക് നോക്കാൻ കഴിയാതെ എപ്പോഴും ഉള്ളിലേക്ക് നോക്കുന്ന ക്രിസ്ത്യാനികൾ. ഇത് "മയക്കത്തിലേക്ക്" നയിക്കുന്നു: ആലസ്യത്താൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നു, നിർവ്വികാരതയിൽ നിപതിക്കുന്നു, തങ്ങൾക്ക് സൗകര്യപ്രദമായത് ഒഴികെയുള്ള എല്ലാ കാര്യങ്ങളിലും നിസ്സംഗതയുള്ളവർ. ഇത് സങ്കടകരമായ ഒരു ജീവിതമാണ്, ഇങ്ങനെ മുന്നോട്ടുപോകുമ്പോൾ... അവിടെ സന്തോഷമില്ല.

ജീവിത വ്യഗ്രതകൾ, പ്രതിസന്ധികൾ ഹൃദയത്തെ ഭാരപ്പെടുത്തുന്നുണ്ടോ?

ദിവസങ്ങളെ സ്ഥിരാചാരങ്ങളിലേക്ക് വലിച്ചിഴയ്ക്കാതിരിക്കാൻ, ജീവിതവ്യഗ്രതകളാൽ ഭാരപ്പെടാതിരിക്കാൻ നാം ജാഗരൂകരായിരിക്കണം എന്ന്  യേശു പറയുന്നു (വാക്യം 34). ജീവിതത്തിലെ പ്രതിസന്ധികൾ നമ്മെ തളർത്തുന്നു. അതിനാൽ, ഇന്ന് നമ്മോടുതന്നെ ചോദിക്കാനുള്ള നല്ല അവസരമാണ്: എൻറെ ഹൃദയത്തെ ഭാരപ്പെടുത്തുന്നത് എന്താണ്? എന്താണ് എൻറെ ആത്മാവിനെ ഭാരപ്പെടുത്തുന്നത്? എന്താണ് എന്നെ അലസതയുടെ ചാരുകസേരയിൽ ആസനസ്ഥനാക്കുന്നത്? ക്രിസ്ത്യാനികളെ "ചാരുകസേരയിൽ" കാണുന്നത് സങ്കടകരമാണ്! എന്നെ തളർത്തുന്ന മന്ദോഷ്ണതകൾ, ദുശ്ശീലങ്ങൾ, എന്നെ നിലംപരിശാക്കുന്ന, തലയുയർത്താൻ അനുവദിക്കാത്ത ദുഷ്പ്രവണതകൾ  എന്തൊക്കെയാണ്? സഹോദരങ്ങളുടെ ചുമലിലെ ഭാരങ്ങളുടെ കാര്യത്തിൽ, ഞാൻ ശ്രദ്ധാലുവാണോ അതോ നിസ്സംഗനാണോ? ഈ ചോദ്യങ്ങൾ നമുക്ക് ഗുണകരമാണ്, കാരണം അവ ഹൃദയത്തെ അലസതയിൽ നിന്ന് കാത്തുരക്ഷിക്കാൻ സഹായിക്കുന്നു. പക്ഷേ, പിതാവേ, ഞങ്ങളോട് പറയൂ: എന്താണ് ഉദാസീനത? അത് ആത്മീയ ജീവിതത്തിൻറെയും, ക്രിസ്തീയ ജീവിതത്തിൻറെയും വലിയ ശത്രുവാണ്. ഉദാസീനത എന്നത് ജീവിതത്തിൻറെ ആസ്വാദനത്തെയും പ്രവർത്തിക്കാനുള്ള ആഗ്രഹത്തെയും ഇല്ലാതാക്കുന്ന, സങ്കടത്തിലേക്ക് തള്ളിയിടുന്ന അലസതയാണ്. ഇത് ഒരു നിഷേധാത്മക അരൂപിയാണ്, അത് ആത്മാവിനെ വേദനയിൽ തറച്ച് അതിൻറെ ആനന്ദം കവർന്നെടുക്കുന്ന ഒരു ദുരാത്മാവാണ്. ആ സങ്കടത്തിൽ നിന്ന് ആരംഭിക്കുന്നു, വഴുതിവീഴുന്നു, സന്തോഷരഹിതം. സുഭാഷിതങ്ങളുടെ പുസ്തകം പറയുന്നു: "നിൻറെ ഹൃദയത്തെ കാത്തുസൂക്ഷിക്കുക, ജീവൻറെ ഉറവകൾ അതിൽ നിന്നാണ് ഒഴുകുന്നത്" (സുഭാഷിതങ്ങൾ 4,23). ഹൃദയത്തെ കാത്തുസൂക്ഷിക്കുക: ഇതിനർത്ഥം ജാഗ്രത പാലിക്കുക, എന്നാണ്! ഉണർന്നിരിക്കുക, നിൻറെ ഹൃദയത്തെ കാത്തുസൂക്ഷിക്കുക.

ഉണർവ്വിന്  പ്രാർത്ഥന

നമുക്ക് കാതലായ ഒരു ഘടകം കൂട്ടിചേർക്കാം: ജാഗരൂകരായിരിക്കുന്നതിനുള്ള  രഹസ്യം പ്രാർത്ഥനയാണ്. വാസ്തവത്തിൽ, യേശു പറയുന്നു: "പ്രാർത്ഥിച്ചുകൊണ്ട് എല്ലാ സമയത്തും ജാഗരൂഗരായിരിക്കുക" (ലൂക്കാ 21:36). ഹൃദയവിളക്ക് ദീപ്തമാക്കി നിറുത്തുന്നത് പ്രാർത്ഥനയാണ്. പ്രത്യേകിച്ചും ഉത്സാഹം തണുത്തുപോകുന്നു എന്ന് നമുക്ക് തോന്നുമ്പോൾ, പ്രാർത്ഥന അതിനെ പുനരുജ്ജീവിപ്പിക്കുന്നു, കാരണം അത് നമ്മെ ദൈവത്തിലേക്ക്, സകലത്തിൻറെയും കേന്ദ്രത്തിലേക്ക് തിരികെ കൊണ്ടുവരുന്നു. പ്രാർത്ഥന ആത്മാവിനെ ഉറക്കത്തിൽ നിന്ന് ഉണർത്തുകയും സുപ്രധാനാമായതിൽ, അസ്തിത്വത്തിൻറെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അതിനെ പ്രാപ്തമാക്കുകയും ചെയ്യുന്നു. തിരക്കുള്ള ദിവസങ്ങളിൽ പോലും നാം പ്രാർത്ഥന അവഗണിക്കരുത്. "അവിടത്തെ പ്രതിച്ഛായയിൽ", അഥവാ, “അ സുവ ഇമ്മാജിനെ” (a sua immagine) എന്ന പരിപാടിയിൽ ഇപ്പോൾ ഞാൻ കാണുകയായിരുന്നു  പ്രാർത്ഥനയെക്കുറിച്ചുള്ള മനോഹരമായ ഒരു പരിചിന്തനം: അത് കാണുന്നത് നമുക്ക് സഹായകരമാണ്, അത് നമുക്ക് ഗുണം ചെയ്യും. ഹൃദയത്തിൻറെ പ്രാർത്ഥന, പ്രാർത്ഥനാശകലങ്ങൾ കൂടെക്കൂടെ ആവർത്തിക്കുന്നത് നമ്മെ സഹായിക്കും. ഉദാഹരണമായി, "കർത്താവായ യേശുവേ, വരൂ" എന്ന് പറയാൻ ആഗമനകാലത്ത് ശീലിക്കുക. ഇതു മാത്രം, എന്നാൽ ഇത് പറയണം: "കർത്താവായ യേശുവേ, വരൂ". തിരുപ്പിറവിക്കായുള്ള ഒരുക്കങ്ങളുടെ ഈ സമയം മനോഹരമാണ്: നാം പുൽക്കുടിനെക്കുറിച്ച് ചിന്തിക്കുന്നു, തിരുപ്പിറവിയെക്കുറിച്ചു ചിന്തിക്കുന്നു, നമുക്ക് ഹൃദയംഗമമായിപറയാം: "കർത്താവായ യേശുവേ, വരൂ". നമുക്ക് ദിവസം മുഴുവൻ ഈ പ്രാർത്ഥന ആവർത്തിക്കാം, ആത്മാവ് ജാഗരൂകമായിരിക്കും! “കർത്താവായ യേശുവേ, വരേണമേ”: മൂന്ന് പ്രാവശ്യം ചൊല്ലാവുന്ന ഒരു പ്രാർത്ഥനയാണിത്, നമുക്കെല്ലാം ഒരുമിച്ച് ചൊല്ലാം "കർത്താവായ യേശുവേ വന്നാലും", "കർത്താവായ യേശുവേ വരൂ", "കർത്താവായ യേശുവേ വരൂ".

പരിശുദ്ധ കന്യകാമറിയത്തോട്

ഇനി നമുക്ക് നമ്മുടെ അമ്മയോട് പ്രാർത്ഥിക്കാം: ജാഗ്രതയുള്ള ഹൃദയത്തോടെ കർത്താവിനെ പാർത്തിരുന്ന അവൾ ആഗമനകാലയാത്രയിൽ നമ്മെ തുണയ്ക്കട്ടെ.

ആശീർവ്വാദവും സമാപനാഭിവാദ്യങ്ങളും

ത്രികാലപ്രാർത്ഥനാ പ്രഭാഷണത്തിൻറെ അവസാനം പാപ്പാ, കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. 

കുടിയേറ്റക്കാർക്കായുള്ള അഭ്യർത്ഥന 

ആശീർവാദാനന്തരം പാപ്പാ, താൻ നവമ്പർ 27-ന് (27/11/21) ശനിയാഴ്‌ച കുടിയേറ്റക്കാരുടെ പ്രയാണത്തിൽ സാഹോദര്യാരൂപിയോടെ പങ്കുചേരുന്ന കുടിയേറ്റക്കാരുടെ സമിതികളും സംഘങ്ങളും വ്യക്തികളുമായി കൂടിക്കാഴ്ച നടത്തിയത് അനുസ്മരിച്ചു.   വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ ത്രികാലപ്രാർത്ഥനാ വേളയിൽ അവരുടെ സാന്നിധ്യമുള്ളത് പാപ്പാ അവർ ഉയർത്തിപ്പിടിച്ചിരുന്ന വലിയ പതാക താൻ കാണുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് എടുത്തുകാട്ടി.

കുടിയേറ്റക്കാർ വിപര്യയങ്ങളുടെ പെരുമഴയിൽ

ഈ ദിനങ്ങളിലും ഏറെ കുടിയേറ്റക്കാർ വളരെ ഗുരുതരമായ വിപത്തുകൾക്ക് മുന്നിലാണെന്നതും അതിർത്തികളിൽ വച്ച് അനേകർക്ക് ജീവൻ നഷ്ടപ്പെടുന്നതും പാപ്പാ വേദനയോടെ അനുസ്മരിച്ചു. അവരുടെ അവസ്ഥയെക്കുറിച്ചുള്ള, അതായത്, ഇംഗ്ലീഷ് കനാലിൽ മരിച്ചവരെയും ബെലാറസിൻറെ അതിർത്തിയിലുള്ളവരെയും അവരുടെ കൂടെയുള്ള കുഞ്ഞുങ്ങളെയും മദ്ധ്യധരണ്യാഴിയിൽ മുങ്ങിമരിക്കുന്നവരെയും കുറിച്ചുള്ള വാർത്തകൾ തനിക്ക് വേദനാജനകമാണെന്നും പാപ്പാ വെളിപ്പെടുത്തി. അവരെക്കുറിച്ച് ചിന്തിക്കുമ്പോൾ ഏറെ വേദനയുണ്ടെന്ന് പാപ്പാ പറഞ്ഞു. വടക്കേ ആഫ്രിക്കയിലേക്ക് തിരിച്ചയക്കപ്പെട്ടവർ  മനുഷ്യക്കടത്തുകാരുടെ പിടിയിലാകുകയും അവർ അവരെ അടിമകളാക്കി മാറ്റുകയും ചെയ്യുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ ഈ മനുഷ്യക്കടത്തുകാർ സ്ത്രികളെ വില്ക്കുകയും പുരുഷന്മാരെ പീഡിപ്പിക്കുകയും ചെയ്യുകയാണെന്ന് പറഞ്ഞു.

മദ്ധ്യധരണ്യാഴി, ഒരു ശവപ്പറമ്പ്

ക്ഷേമ നാടുതേടി മദ്ധ്യധരണ്യാഴി കടക്കാൻ ഈ വാരത്തിലും ശ്രമിച്ചവർ നേരെ മറിച്ച് കണ്ടെത്തിയതാകട്ടെ ശവകുടീരമാണെന്ന് അനുസ്മരിച്ച പാപ്പാ ഇത്തരം പ്രതിസന്ധകിളിലായിരിക്കുന്ന കുടിയേറ്റക്കാർക്ക് തൻറെ  പ്രാർത്ഥനയും ഹൃദയവും ഉറപ്പുനൽകി. താൻ എപ്പോഴും അവരുടെ ചാരെയുണ്ടെന്ന് പാപ്പാ പറഞ്ഞു. അവരുടെ കഷ്ടപ്പാടുകൾ ശമിപ്പിക്കാൻ ശ്രമിക്കുന്ന കത്തോലിക്കാ സഭാ- സഭേതര സ്ഥാപനങ്ങൾക്കും, പ്രത്യേകിച്ച് ദേശീയ കാരിത്താസ് സംഘടനകൾക്കും പ്രതിജ്ഞാബദ്ധരായ എല്ലാവർക്കും പാപ്പാ നന്ദി പറയുകയും ചെയ്തു.

അഭ്യർത്ഥനയും പ്രാർത്ഥനയും

ധാരണയും സംവാദവും, ഒടുവിൽ,  ഏത് തരത്തിലുള്ള ചൂഷണത്തിനും മേൽ പ്രബലപ്പെടുകയും കുടിയേറ്റക്കാരുടെ മാനവികതയെ മാനിക്കുന്ന പരിഹാരങ്ങൾ കണ്ടെത്തുന്നതിലേക്ക് ഇച്ഛാശക്തിയെയും പരിശ്രമത്തെയും നയിക്കുകയും ചെയ്യുന്നതിനായി പാപ്പാ, കുടിയേറ്റ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംഭാവന നൽകാൻ കഴിയുന്നവരോട്, പ്രത്യേകിച്ച് പൗര-സൈനിക അധികാരികളോടുള്ള തൻറെ ഹൃദയംഗമമായ അഭ്യർത്ഥന നവീകരിച്ചു. കുടിയേറ്റക്കാരെയും അവരുടെ കഷ്ടപ്പാടുകളെയും കുറിച്ച് ചിന്തിക്കാനും നിശബ്ദമായി പ്രാർത്ഥിക്കാനും പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

സമാപനം

ത്രികാലപ്രാർത്ഥനയിൽ സംബന്ധിച്ച ഇറ്റലിക്കാരും ഇതര രാജ്യാക്കാരുമായിരുന്ന തീർത്ഥാടകരെ പാപ്പാ അഭിവാദ്യം ചെയ്യുകയും എല്ലാവർക്കും നല്ലൊരു ഞായറും, ആഗമനകാല പ്രയാണവും തിരുപ്പിറവിയിലേക്കുള്ള, കർത്താവിങ്കലേക്കുള്ള, നല്ല യാത്രയും ആശംസിക്കുകയും ചെയ്തു. തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിച്ച പാപ്പാ എല്ലാവ‍ര്‍ക്കും നല്ല ഒരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകൾ വീശി ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 November 2021, 11:07

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >