തിരയുക

ദൈവവചനം അന്തരാത്മാവിൽ പ്രതിധ്വനിക്കണം, അത് ആവർത്തിക്കപ്പെടണം!

ഫ്രാൻസീസ് പാപ്പായുടെ ത്രികാല പ്രാർത്ഥനാ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ ഞായറാഴ്ചയും (31/10/21) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, പതിവുപോലെ, മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ അതിൽ പങ്കുകൊണ്ടു. പാപ്പാ  റോമിലെ സമയം ഉച്ചയ്ക്ക് 12 മണിയ്ക്ക് ത്രികാല പ്രാർത്ഥന നയിക്കുന്നതിനായി, ആ സമയത്തിന് അല്പം മുമ്പ്, അരമനയുടെ പതിവു ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ, വിശുദ്ധ പത്രോസിൻറെ നാമത്തിലുള്ള ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്ന ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദരവങ്ങളും ഉയർന്നു. പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ, സാധാരണ ചെയ്യാറുള്ളതുപോലെ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻ റീത്തിൻറെ ആരാധനാക്രിമനുസരിച്ച്, ഈ ഞായറാഴ്ച (31/10/21) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിൻറെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം 28 മുതൽ 34 വരെയുള്ള  വാക്യങ്ങൾ (മർക്കോസ് 12,28-34), അതായത്, ഒരു നിയമജ്ഞൻ യേശുവിനോട് സുപ്രധാന കല്പനയെക്കുറിച്ചു ചോദിക്കുന്നതും  നമ്മുടെ ദൈവമായ ഏക  കർത്താവിനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും കൂടെ സ്നേഹിക്കുക, നിന്നെപ്പോലെ തന്നെ നിൻറെ അയൽക്കാരനെ സ്നേഹിക്കുക എന്ന് അവിടന്ന് പ്രത്യുത്തരിക്കുന്നതുമായ  സംഭവവിവരണസുവിശേഷഭാഗം ആയിരുന്നു.

പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ വിചിന്തനം :

യേശുവചനം ആവർത്തിക്കുന്ന നിയമജ്ഞൻ  

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

“എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?” (മർക്കോസ് 12:28)  എന്ന് ഒരു നിയമജ്ഞൻ യേശുവിനെ സമീപിച്ച് അവിടത്തോട് ചോദിക്കുന്നത് ഇന്നത്തെ ആരാധനാക്രമത്തിൽ സുവിശേഷം വിവരിക്കുന്നു. തിരുവെഴുത്തുകൾ ഉദ്ധരിച്ചുകൊണ്ട് യേശു പ്രതികരിക്കുകയും ദൈവത്തെ സ്നേഹിക്കുക എന്നതാണ് പ്രഥമ കൽപ്പനയെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു; ഇതിൽ നിന്ന്, സ്വാഭാവിക പരിണിതഫലമായി, രണ്ടാമത്തെ കല്പന വരുന്നു: നിൻറെ അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക (മർക്കോസ് 12:29-31). ഈ ഉത്തരം കേട്ട്, നിയമജ്ഞൻ അത് ശരിയാണെന്ന് അംഗീകരിക്കുക  മാത്രമല്ല, അങ്ങനെ ചെയ്യുമ്പോൾ, അത് ശരിയാണെന്ന് അംഗീകരിക്കുമ്പോൾ, യേശു പറഞ്ഞ ഏതാണ്ട് അതേ വാക്കുകൾ ആവർത്തിക്കുന്നു: "ഗുരോ, അങ്ങു പറഞ്ഞത് ശരിതന്നെ. അവിടന്ന് ഏകനാണെന്നും അവിടന്നല്ലാതെ മറ്റൊരു ദൈവവിമല്ലെന്നും അവിടത്തെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നത് എല്ലാ ദഹനബലികളെയുംക്കാൾ മഹനീയമാണെന്നും അങ്ങു പറഞ്ഞത് സത്യമാണ്” (മർക്കോസ് 12:32-33).

കർത്താവിൻറെ വചനം "അയവിറക്കപ്പെടണം"

നമുക്ക് സ്വയം ചോദിക്കാം: തൻറെ യോജിപ്പ് പ്രകടിപ്പിക്കുമ്പോൾ ആ നിയമജ്ഞന് യേശുവിൻറെ അതേ വാക്കുകൾ ആവർത്തിക്കേണ്ടതിൻറെ ആവശ്യകത അനുഭവപ്പെുന്നത് എന്തുകൊണ്ട്? വളരെ സംക്ഷിപ്ത ശൈലിയിലുള്ള മർക്കോസിൻറെ സുവിശേഷത്തിലാണ് നാം എന്ന് ചിന്തിക്കുമ്പോൾ ഈ ആവർത്തനം കൂടുതൽ ആശ്ചര്യകരമായി തോന്നുന്നു. അപ്പോൾ ഈ ആവർത്തനത്തിൻറെ പൊരുളെന്താണ്? ശ്രോതാക്കാളായ നമുക്കെല്ലാവർക്കും ഈ ആവർത്തനം ഒരു പാഠമാണ്. കാരണം കർത്താവിൻറെ വചനം ഏതെങ്കിലുമൊരു വാർത്ത പോലെ സ്വീകരിക്കാൻ കഴിയില്ല. കർത്താവിൻറെ വചനം ആവർത്തിക്കണം, സ്വന്തമാക്കണം, സംരക്ഷിക്കണം. താപസ പാരമ്പര്യം, സന്യാസിമാരുടെ പാരമ്പര്യം, ധീരവും എന്നാൽ വളരെ മൂർത്തവുമായ ഒരു പദമാണ് ഉപയോഗിക്കുന്നത്. അത് ഇപ്രകാരം പറയുന്നു: ദൈവവചനം "മനനം"ചെയ്യണം. ദൈവവചനം  "അയവിറക്കണം". അത് ജീവിതത്തിൻറെ എല്ലാ തലങ്ങളിലും എത്താൻ കഴിയുന്ന പോഷണമാണെന്ന് നമുക്ക് പറയാൻ കഴിയും: ഇന്ന് യേശു പറയുന്നതുപോലെ, പൂർണ്ണ ഹൃദയവും, പൂർണ്ണ ആത്മാവും, പൂർണ്ണ മനസ്സും, സർവ്വ ശക്തിയും ഉൾപ്പെടുത്തുക. (വാക്യം 30). ദൈവവചനം നമ്മുടെ ഉള്ളിൽ പ്രതിധ്വനിക്കണം മുഴങ്ങണം, വീണ്ടും അലയടിക്കണം. ഈ ആന്തരിക പ്രതിധ്വനി ആവർത്തിക്കപ്പെടുമ്പോൾ, അതിനർത്ഥം കർത്താവ് ഹൃദയത്തിൽ വസിക്കുന്നു എന്നാണ്. സുവിശേഷത്തിലെ ആ മിടുക്കനായ നിയമജ്ഞനോടെന്ന പോലെ അവിടന്ന് നമ്മോടും  പറയുന്നു: "നീ ദൈവരാജ്യത്തിൽ നിന്ന് അകലെയല്ല" (വാക്യം 34).

കല്പന മനസ്സിലാക്കിയാൽ മാത്രം പോരാ അതു നമ്മുടെ മനസ്സാക്ഷിയുടെ സ്വരമാകണം

പ്രിയ സഹോദരീസഹോദരന്മാരേ, കർത്താവ് അധികവും അന്വേഷിക്കുന്നത്  തിരുവെഴുത്തുകളുടെ വിദഗ്ദ്ധ വ്യാഖ്യാതാക്കളെ അല്ല, മറിച്ച് തൻറെ വചനത്തെ ഉൾക്കൊണ്ടുകൊണ്ട് സ്വയം ആന്തരികമാറ്റത്തിന് അനുവദിക്കുന്ന വിധേയത്വമുള്ള ഹൃദയങ്ങളെയാണ്. അതുകൊണ്ടാണ് സുവിശേഷവുമായി അടുത്തിടപഴകേണ്ടത്, അത് എല്ലായ്പ്പോഴും കൈയിൽ ഉണ്ടായിരിക്കണ്ടത് – വീണ്ടും വീണ്ടും വായിക്കുന്നതിന്, അതിനോട് അഭിനിവേശമുള്ളവരായിരിക്കുന്നതിന്, നിങ്ങളുടെ കീശയിൽ, നിങ്ങളുടെ കൈസഞ്ചിയിൽ ഒരു ചെറിയ സുവിശേഷം കൊണ്ടു നടക്കേണ്ടത് വളരെ സുപ്രധാനമായിരിക്കുന്നത്.  ഇങ്ങനെ ചെയ്യുമ്പോൾ, പിതാവിൻറെ വചനമായ യേശു നമ്മുടെ ഹൃദയത്തിൽ പ്രവേശിച്ച് നമ്മോട് അടുപ്പം പുലർത്തുകയും അവിടന്നിൽ നാം ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇന്നത്തെ സുവിശേഷം ഉദാഹരണമായി എടുക്കാം: അത് വായിക്കുകയും ദൈവത്തെയും അയൽക്കാരനെയും സ്നേഹിക്കണം എന്ന് മനസ്സിലാക്കുകയും മാത്രം പോരാ. ഈ "മഹത്തായ കൽപ്പന" നമ്മിൽ മുഴങ്ങുകയും നാം അതു സ്വാംശീകരിക്കുകയും നമ്മുടെ മനസ്സാക്ഷിയുടെ ശബ്ദമായി അതു മാറുകയും ചെയ്യേണ്ടത് ആവശ്യമാണ്. അപ്പോൾ ഹൃദയച്ചെപ്പിൽ അത് ഒരു മൃതാക്ഷരമായി അവശേഷിക്കില്ല, കാരണം പരിശുദ്ധാത്മാവ് ആ വചനത്തിൻറെ വിത്ത് നമ്മിൽ മുളപ്പിക്കുന്നു. ദൈവവചനം പ്രവർത്തനനിരതമാണ്, അത് എല്ലായ്പ്പോഴും ചലിക്കുന്നു, അത് സജീവവും ഊർജ്ജസ്വലവുമാണ് (ഹെബ്രായർ 4:12). അങ്ങനെ നമുക്ക് ഓരോരുത്തർക്കും ജീവനുള്ളതും വ്യത്യസ്തവും യഥാർത്ഥവുമായ "വിവർത്തനം" ആകാൻ കഴിയും. ഒരു ആവർത്തനമല്ല, പ്രത്യുത, ദൈവം നമുക്ക് നൽകുന്ന സ്നേഹത്തിൻറെ വചനത്തിൻറെ ജീവനുള്ളതും വ്യത്യസ്തവും യഥാർത്ഥവുമായ "വിവർത്തനം". ഉദാഹരണത്തിന്, വിശുദ്ധരുടെ ജീവിതത്തിൽ നാം ഇത് കാണുന്നു: ആരും മറ്റൊരുവനോട് സമാനനല്ല, എല്ലാവരും വ്യത്യസ്തരാണ്, എന്നാൽ എല്ലാവരിലും ഒരേ ദൈവവചനം ഉണ്ട്.

നന്മയും സ്നേഹവും പകരാം

അതുകൊണ്ട്, ഇന്ന് നമുക്ക് ഈ നിയമജ്ഞനെ മാതൃകയായി എടുക്കാം. യേശുവിൻറെ വാക്കുകൾ നമുക്ക് ആവർത്തിക്കാം, അവ നമ്മിൽ പ്രതിധ്വനിക്കുമാറാക്കാം: "ദൈവത്തെ പൂർണ്ണഹൃദയത്തോടും, പൂർണ്ണാത്മാവോടും, പൂർണ്ണമനസ്സോടും, പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കുക, നിന്നെപ്പോലെ നിൻറെ അയൽക്കാരനെ സ്നേഹിക്കുക". നമുക്ക് സ്വയം ചോദിക്കാം: ഈ കൽപ്പന യഥാർത്ഥത്തിൽ എൻറെ ജീവിതത്തെ നയിക്കുന്നുണ്ടോ? ഈ കല്പന എൻറെ ദിനങ്ങളിൽ പ്രതിഫലിക്കുന്നുണ്ടോ? ഇന്ന് രാത്രി, നിദ്രയിലാഴുന്നതിനുമുമ്പ്, ഈ വചനത്തെക്കുറിച്ചൊരു ആത്മശോധന, ഇന്ന് നാം കർത്താവിനെ സ്നേഹിക്കുകയും കണ്ടുമുട്ടിയവർക്ക് എന്തെങ്കിലും നന്മ നൽകുകയും ചെയ്തിട്ടുണ്ടോ എന്ന് നോക്കുന്നത് നമുക്ക് ഗുണകരമാണ്. ഓരോ കണ്ടുമുട്ടലും ഈ വചനത്തിൽ നിന്ന് വരുന്ന അൽപ്പം നന്മയും, കുറച്ച് സ്നേഹവും പ്രദാനംചെയ്യലാകട്ടെ. ദൈവവചനം ആരിലാണോ മാംസം ധരിച്ചത് ആ കന്യകാമറിയം, സുവിശേഷത്തിൻറെ ജീവസുറ്റ വചനങ്ങളെ നമ്മുടെ ഹൃദയങ്ങളിൽ സ്വീകരിക്കാൻ നമ്മെ പഠിപ്പിക്കട്ടെ.

ആശീർവ്വാദവും അഭിവാദ്യങ്ങളും

തൻറെ പ്രഭാഷണാന്തരം പാപ്പാ കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

ജലപ്രളയബാധിത വിയറ്റ്നാമിന് പാപ്പായുടെ പ്രാർത്ഥന

ആശീർവ്വാദത്തിനു ശേഷം പാപ്പാ, വിയറ്റ്നാമിൽ ഇക്കഴിഞ്ഞ ആഴ്ചകളിൽ നീണ്ടുനിന്ന കനത്തമഴമൂലം അന്നാടിൻറെ പലഭാഗങ്ങളിലും വ്യാപകമായ വെള്ളപ്പൊക്കം ഉണ്ടായതും ആയിരക്കണക്കിന് ആളുകളെ മാറ്റാപ്പാർപ്പിക്കേണ്ടി വന്നതും അനുസ്മരിക്കുകയും അവർക്കായി പ്രാർത്ഥന ഉറപ്പുനല്കുകയും ചെയ്തു.  പ്രളയദുരിതമനുഭവിക്കുന്ന നിരവധിയായ കുടുംബങ്ങളെ പാപ്പാ അനുസ്മരിച്ചു. അടിയന്തര ദുരിതാശ്വസപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും രാജ്യത്തിൻറെ അധികാരികൾക്കും പ്രാദേശിക സഭയ്ക്കും പാപ്പാ പ്രചോദനം പകരുകയും ചെയ്തു.

പ്രകൃതിദുരന്തത്തിനിരയായ ഇറ്റലിയിലെ സിസിലിയും പാപ്പായുടെ സ്മരണയിൽ

മോശമായ കാലാവസ്ഥയുടെ പ്രഹരമേറ്റ ഇറ്റലിയിലെ സിസിലി പ്രദേശത്തെ ജനങ്ങളുടെ ചാരെയും താനുണ്ടെന്ന് പാപ്പാ അറിയിച്ചു.

ഹെയ്റ്റിയെ തനിച്ചാക്കരുത്

വളരെ പരിതാപകരമായ അവസ്ഥയിൽ ജീവിക്കുന്ന ഹെയ്റ്റിയിലെ ജനങ്ങളെക്കുറിച്ചും പരാമർശിച്ച പാപ്പാ അന്നാടിന് താങ്ങാകാനും അവരെ ഒറ്റയ്ക്കാക്കാതിരിക്കാനും ലോകരാഷ്ട്രങ്ങളുടെ നേതാക്കളോട് അഭ്യർത്ഥിച്ചു. അന്നാടിനു വേണ്ടി പ്രാർത്ഥനകളും പാപ്പാ ക്ഷണിച്ചു. ഹെയ്റ്റിയിലെ ജനങ്ങളുടെ കഷ്ടപ്പാടുകളും വേദനകളും എത്രമാത്രമാണെന്ന് കമീല്ല്യൻ പ്രേഷിത സമൂഹാംഗമായ വൈദികൻ മാസ്സിമൊ മിറാല്യൊ “അവിടത്തെ രൂപത്തിൽ” അഥവാ, “അ സുവ ഇമ്മാജിനെ” (“A Sua Immagine”) എന്ന ഇറ്റാലിയൻ ടെലെവിഷൻ പരിപാടിയിൽ നല്കിയ സാക്ഷ്യം പാപ്പാ അനുസ്മരിക്കുകയും ആ ജനതയെ ഉപേക്ഷിക്കരുതെന്ന അഭ്യർത്ഥന ആവർത്തിക്കുകയും ചെയ്തു.

സ്പെയിനിലെ നവവാഴ്ത്തപ്പെട്ടവർ, നാല് നിണസാക്ഷികൾ

ശനിയാഴ്‌ച (30/10/21) സ്‌പെയിനിലെ തൊർത്തോസയിൽ, യേശുവിൻറെ ഹൃദയത്തിൻറെ രൂപതാവേലക്കാരായ വൈദികരുടെ ഭ്രാതൃസമൂഹത്തിലെ ഫ്രാൻചെസ്കൊ കാസ്തൊർ സോഹൊ ലോപെസ് (Francesco Cástor Sojo López), മിയ്യാൻ ഗാർദെ സെറാനൊ (Millán Garde Serrano), മനുവേൽ ഗൽസെറാ ബിദെയെത് (Manuel Galcerá Videllet), അക്വിലീനൊ പസ്തോർ കാമ്പെരൊ (Aquilino Pastor Cambero) എന്നീ വൈദികരക്തസാക്ഷികൾ സാർവ്വത്രികസഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ഔദ്യോഗികമായി ചേർക്കപ്പെട്ടത് പാപ്പാ അനുസ്മരിച്ചു.

വിശ്വാസത്തെ പ്രതി വധിക്കപ്പെട്ടവരാണ് അവരെല്ലാവരും എന്നു പറഞ്ഞ പാപ്പാ, തീക്ഷ്ണമതികളും ഉദാരമതികളുമായ ആ ഇടയന്മാർ 1930-കളിലെ മതപീഢന വേളയിൽ ജീവൻ പണയപ്പെടുത്തിപ്പോലും തങ്ങളുടെ ശുശ്രൂഷയോടു വിശ്വസ്തത പുലർത്തിയെന്ന് ശ്ലാഘിച്ചു. അവരുടെ സാക്ഷ്യം, വൈദികർക്ക് പ്രത്യേകിച്ച്, മാതൃകയാണെന്ന് പാപ്പാ പറഞ്ഞു.

ഗ്ലാസ്ഗൊ - കോപ് 26 ഉച്ചകോടി

കാലാവസ്ഥ മാറ്റത്തെ അധികരിച്ച് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ഒരു ഉച്ചകോടി, കോപ് 26 (COP26) സ്കോട്ട്ലണ്ടിലെ ഗ്ലാസ്ഗോയിൽ ഞായറാഴ്‌ച (31/10/21) ആരംഭിച്ചതും  പാപ്പാ തുടർന്ന് അനുസ്മരിച്ചു. ഭൂമിയുടെ രോദനവും പാവപ്പെട്ടവരുടെ നിലവിളിയും ശ്രവിക്കപ്പടുന്നതിനായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. ഭാവി തലമുറകൾക്ക് മൂർത്തമായ പ്രത്യാശ നൽകിക്കൊണ്ട് ഫലപ്രദമായ ഉത്തരം നൽകാൻ ഈ യോഗത്തിന് കഴിയട്ടെയെന്ന് പാപ്പാ ആശംസിച്ചു.

"ലൗദാത്തൊ സീ" ഛായചിത്രപ്രദർശനം വത്തിക്കാനിൽ 

കോപ് 26 (COP26)-ൻറെ പശ്ചാത്തലത്തിൽ, “ലൗദാത്തൊ സീ” (Laudato si) എന്ന  പേരിൽ ഒരു ഛായാചിത്ര പ്രദർശനം ഈ ഞായറാഴ്ച തന്നെ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ ആരംഭിക്കുന്നുവെന്നും, അത്   ബംഗ്ലാദേശിൽ നിന്നുള്ള ഒരു യുവ ഛായാചിത്രഗ്രാഹകൻറെ സൃഷ്ടിയാണെന്നും അനുസ്മരിച്ച പാപ്പാ അതു കാണാൻ എല്ലാവർക്കും പ്രചോദനം പകർന്നു.

സമാപനാഭിവാദ്യം

ത്രികാലപ്രാർത്ഥനയിൽ പങ്കുകൊണ്ട റോമാക്കാരും, വിവിധ രാജ്യാക്കാരുമായി   രുന്ന തീർത്ഥാടകരെ തുടർന്ന് അഭിവാദ്യം ചെയ്ത പാപ്പാ എല്ലാവർക്കും നല്ലൊരു ഞായർ ആശംസിച്ചു. തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിച്ച പാപ്പാ എല്ലാവ‍ര്‍ക്കും നല്ലൊരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകൾ വീശി ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 November 2021, 11:39

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >