തിരയുക

നമ്മുടെ ജീവിതത്തിൻറെ അടിത്തറ നശ്വരമായവയിലോ അനശ്വരമായവയിലോ?

"നമുക്ക് നമ്മോടുതന്നെ ചോദിക്കാം: നാം നമ്മുടെ ജീവിതം എന്തിലാണ് നിക്ഷേപിക്കുന്നത്? പണം, വിജയം, ബാഹ്യമായവ, ഭൗതിക സുസ്ഥിതി എന്നിങ്ങനെയുള്ള കടന്നുപോകുന്ന കാര്യങ്ങളിലാണോ? ഇവയിൽ നിന്ന് നമുക്ക് ഒന്നും ലഭിക്കില്ല", ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശത്തിൽ നിന്ന്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നവമ്പർ 14-ന് ഞായറാഴ്ച (14/11/21) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ പതിവുപോലെ, മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. റോമിൽ മോശമായിരുന്ന കാലാവസ്ഥ പ്രതികൂലാവസ്ഥ സൃഷ്ടിച്ചുവെങ്കിലും വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ ഈ പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിനെത്തിയിരുന്നു. പാപ്പാ  റോമിലെ സമയം ഉച്ചയ്ക്ക് 12 മണിയ്ക്ക്, ഇന്ത്യയിലെ സമയം വൈകുന്നേരം 4,30-ന് ത്രികാല പ്രാർത്ഥന നയിക്കുന്നതിനായി, ആ സമയത്തിന് അല്പം മുമ്പ്, അരമനയുടെ പതിവു ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ, വിശുദ്ധ പത്രോസിൻറെ നാമത്തിലുള്ള ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്ന ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദരവങ്ങളും ഉയർന്നു.  പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ, സാധാരണ ചെയ്യാറുള്ളതുപോലെ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻ റീത്തിൻറെ ആരാധനാക്രമനുസരിച്ച്,  ഞായറാഴ്ച (14/11/21) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിൻറെ സുവിശേഷം പതിമൂന്നാം അദ്ധ്യായം 24 മുതൽ 32 വരെയുള്ള  വാക്യങ്ങൾ (മർക്കോസ് 13,24-32), അതായത്, മനുഷ്യപുത്രൻറെ ആകസ്മിക ആഗമനത്തെയും സദാ ജാഗരൂഗരായിരിക്കേണ്ടതിൻറെ ആവശ്യകതയെയും കുറിച്ച് യേശു മുന്നറിയിപ്പു നല്കുന്നതും, തൻറെ വചനമൊഴികെ സകലവും കടന്നുപോകുമെന്ന് അവിടന്ന് ഉദ്ബോധിപ്പിക്കുന്നതുമായ സുവിശേഷഭാഗം ആയിരുന്നു. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ വിചിന്തനത്തിൻറെ പരിഭാഷ:

ലോകവസ്തുക്കളുടെ നശ്വരത                      

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഇന്നത്തെ ആരാധനാക്രമത്തിലെ സുവിശേഷഭാഗം ആരംഭിക്കുന്നത് നമ്മെ ഭയചകിതരാക്കുന്ന യേശുവചസ്സുകളോടെയാണ്: "സൂര്യൻ ഇരുണ്ടുപോകും, ​​ചന്ദ്രൻ പ്രകാശം നൽകില്ല, നക്ഷത്രങ്ങൾ ആകാശത്ത് നിന്ന് നിപതിക്കും" (മർക്കോസ് 13:24-25). എന്നാൽ എങ്ങനെയാണ്, കർത്താവ് പോലും ദുരന്തം വിതയ്ക്കാൻ തുടങ്ങുന്നത്? ഇല്ല, തീർച്ചയായും, ഇതല്ല അവിടത്തെ ഉദ്ദേശ്യം. ഈ ലോകത്തിലെ സകലവും, ഇപ്പോഴല്ലെങ്കിൽ പിന്നീട് കടന്നുപോകുമെന്ന് നമുക്ക് മനസ്സിലാക്കിത്തരാൻ അവിടന്ന് ആഗ്രഹിക്കുന്നു. സ്ഥൈര്യത്തെ, ദൃഢതയെ സൂചിപ്പിക്കുന്ന പദമായ “നഭോമണ്ഡലത്തിനു” രൂപമേകുന്ന സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പോലും കടന്നുപോകും.

നാശമില്ലാത്തെന്ത്?

എന്നിരുന്നാലും, അവസാനം, യേശു തകരാത്തത് എന്താണെന്നു പറയുന്നു: "ആകാശവും ഭൂമിയും കടന്നുപോകും – അവിടന്നു പറയുന്നു - എന്നാൽ എൻറെ വാക്കുകൾ കടന്നുപോകുകയില്ല" (മർക്കോസ് 13:31). കർത്താവിൻറെ വാക്കുകൾ കടന്നുപോകില്ല. കടന്നുപോകുന്ന ഉപാന്ത്യ കാര്യങ്ങളും ശേഷിക്കുന്ന അവസാനത്തെ കാര്യങ്ങളും തമ്മിലുള്ള വ്യത്യാസം അവിടന്ന് സമർത്ഥിക്കുന്നു. നമ്മുടെ സുപ്രധാന ജീവിത തിരഞ്ഞെടുപ്പുകളിൽ നമ്മെ നയിക്കാൻ, ജീവിതത്തെ  എന്തിൽ നിക്ഷേപിക്കുന്നതാണ് നല്ലത് എന്ന് കാണിച്ചുതരാൻ ഇത് നമുക്കുള്ള ഒരു സന്ദേശമാണ്. ക്ഷണികമായതിനെക്കുറിച്ചോ അതോ എന്നേക്കും നിലനിൽക്കുന്ന കർത്താവിൻറെ വചനങ്ങളെക്കുറിച്ചോ? തീർച്ചായും ഇവയെക്കുറിച്ചാണ്. എന്നാൽ അത് അത്ര എളുപ്പമല്ല. വാസ്‌തവത്തിൽ, നമ്മുടെ ഇന്ദ്രിയങ്ങൾക്ക്‌ കീഴിലാവുകയും ഉടനടി സംതൃപ്തി നൽകുകയും ചെയ്യുന്ന കാര്യങ്ങൾ നമ്മെ ആകർഷിക്കുന്നു, അതേസമയം കർത്താവിൻറെ വാക്കുകൾ മനോഹരമാണെങ്കിലും, അവ, തൽക്ഷണമായതിനെ ഉല്ലംഘിക്കുകയും ക്ഷമ ആവശ്യപ്പെടുകയും ചെയ്യുന്നു.

മാനുഷികമായ പ്രലോഭനം

നമ്മൾ കാണുകയും സ്പർശിക്കുകയും ചെയ്യുന്നതിനെ മുറുകെ പിടിക്കാൻ നമ്മൾ പ്രലോഭിതരാകുന്നു, അത് നമുക്ക് സുരക്ഷിതമാണെന്ന് തോന്നുന്നു. അത് മാനുഷികമാണ്, അതാണ് പ്രലോഭനം. എന്നാൽ ഇത് ഒരു ചതിയാണ്, കാരണം "ആകാശവും ഭൂമിയും കടന്നുപോകും, ​​പക്ഷേ എൻറെ വാക്കുകൾ കടന്നുപോകുകയില്ല". അതിനാൽ ക്ഷണം ഇതാ: മണലിൽ ജീവിതം കെട്ടിപ്പടുക്കരുത്. ഒരു വീട് പണിയുമ്പോൾ, ആഴത്തിൽ കുഴിച്ച് ഒരു ഉറച്ച അടിത്തറയിടുക. കാണാൻ കഴിയാത്തതായ ഒന്നിനുവേണ്ടി  പണം പാഴാക്കലാണെന്ന് ഒരു വിഡ്ഢി മാത്രമേ പറയൂ. യേശുവിനെ സംബന്ധിച്ചിടത്തോളം, വിശ്വസ്തനായ ശിഷ്യൻ, കടന്നുപോകാത്തതായ തൻറെ വചനമാകുന്ന പാറമേൽ, അവിടത്തെ സുദൃഢ വചനത്തിന്മേൽ, ജീവിതം കെട്ടിപ്പടുക്കുന്നവനാണ് (മത്തായി 7:24-27), ഇതാണ് നമ്മിൽ നിന്ന് യേശു ആഗ്രഹിക്കുന്ന ജീവിതത്തിൻറെ അടിത്തറ, അത് കടന്നുപോകില്ല.

ദൈവചനത്തിൻറെ തുടിക്കുന്ന ഹൃദയം ഏതാണ്? 

ഇപ്പോൾ ഉയരുന്ന ചോദ്യം - ദൈവവചനം വായിക്കുമ്പോഴെല്ലാം നമ്മിൽ ചോദ്യങ്ങൾ ഉയരുമല്ലോ, നമുക്ക് സ്വയം ചോദിക്കാം: ദൈവവചനത്തിൻറെ കേന്ദ്രം, അതിൻറെ തുടിക്കുന്ന ഹൃദയം ഏതാണ്? ചുരുക്കത്തിൽ, ജീവിതത്തിന് ദൃഢത നൽകുന്നതും ഒരിക്കലും അന്ത്യമില്ലാത്തതും എന്താണ്? വിശുദ്ധ പൗലോസ് അത് നമ്മോടോതുന്നു. യഥാർത്ഥ കേന്ദ്രം, ദൃഢത നൽകുന്ന സ്പന്ദിക്കുന്ന ഹൃദയം, ഉപവിയാണ്: "ഉപവി ഒരിക്കലും അവസാനിക്കില്ല" (1 കോറിന്തോസ് 13: 8), അതായത്, സ്നേഹം എന്ന് വിശുദ്ധ പൗലോസ് പറയുന്നു. നന്മ ചെയ്യുന്നവൻ നിത്യതയ്ക്കായി മുതൽമുടക്കുന്നു. ഉദാരമതിയും സേവനസന്നദ്ധനും, സൗമ്യനും, ക്ഷമയുള്ളവനും, അസൂയപ്പെടാത്തവനും, വ്യർത്ഥഭാഷണത്തിലേർപ്പെടാത്തവനും, ആത്മപ്രശംസ ചെയ്യാത്തവനും, അഹങ്കാരമില്ലാത്തവനും, അനാദരവ് കാണിക്കാത്തവനുമായ (1 Cor 13,4-7) ഒരു വ്യക്തിയെ നാം കാണുകയാണെങ്കിൽ, അദ്ദേഹമാണ് ഭൂമിയിൽ സ്വർഗ്ഗം പണിയുന്ന വ്യക്തി. ഒരുപക്ഷേ അയാൾക്ക് ദൃശ്യപരത ഇല്ലായിരിക്കാം, അവൻ ജീവിതത്തിൽ സ്ഥാനമാനങ്ങൾ പിടിച്ചടക്കില്ലായിരിക്കാം, അവൻ വാർത്തകളിൽ ഇടം നേടില്ലായിരിക്കാം, എന്നിരുന്നാസും അവൻ ചെയ്യുന്നത് വൃഥാവിലാകില്ല. കാരണം നന്മ ഒരിക്കലും കളഞ്ഞുപോകില്ല, നന്മ എന്നേക്കും നിലനിൽക്കും.

നാം നമ്മുടെ ജീവിതം എന്തിൽ നിക്ഷേപിക്കും?

സഹോദരീസഹോദരന്മാരേ, നമുക്ക് നമ്മോടുതന്നെ ചോദിക്കാം: നാം നമ്മുടെ ജീവിതം എന്തിലാണ് നിക്ഷേപിക്കുന്നത്? പണം, വിജയം, ബാഹ്യരൂപം, ഭൗതിക സുസ്ഥിതി എന്നിങ്ങനെയുള്ള കടന്നുപോകുന്ന കാര്യങ്ങളിലാണോ? ഇവയിൽ നിന്ന് നമുക്ക് ഒന്നും ലഭിക്കില്ല. എന്നെന്നേക്കുമായി ഇവിടെയാണ് ജീവിക്കേണ്ടത് എന്ന തോന്നലോടുകൂടി നാം ഭൗമിക വസ്തുക്കളിൽ ആസക്തരാണോ? നാം ചെറുപ്പമായി, ആരോഗ്യത്തോടെയിരിക്കുമ്പോൾ, എല്ലാം ശരിതന്നെ, പക്ഷേ വിടപറയേണ്ട സമയമാകുമ്പോൾ നാം സകലവും ഉപേക്ഷിക്കേണ്ടിവരും. ദൈവവചനം ഇന്ന് നമുക്ക് മുന്നറിയിപ്പ് നൽകുന്നു: ഈ ലോക രംഗം കടന്നുപോകും. സ്നേഹം മാത്രം നിലനിൽക്കും. അതിനാൽ, ജീവിതത്തെ ദൈവവചനത്തിൽ ഉറപ്പിക്കുക എന്നത് ചരിത്രത്തിൽ നിന്ന് തന്ത്രപൂർവ്വം ഒഴിഞ്ഞുമാറലല്ല, മറിച്ച്, ഭൗമിക യാഥാർത്ഥ്യങ്ങളിൽ ദൈവത്തിൻറെ അടയാളം, നിത്യതയുടെ അടയാളം പതിച്ചുകൊണ്ട് അവയെ സുദൃഢമാക്കുകയും, സ്നേഹത്താൽ രൂപാന്തരപ്പെടുത്തുകയുമാണ്. ആകയാൽ ഇതാ, സുപ്രധാന തിരഞ്ഞെടുപ്പുകൾ നടത്തുന്നതിനുള്ള ഒരു ഉപദേശം. എന്തുചെയ്യണമെന്ന്, കൃത്യമായ ഒരു തീരുമാനം എങ്ങനെ എടുക്കണമെന്ന് സുപ്രധാനമായ ഒരു തിരഞ്ഞെടുപ്പ്, യേശുവിൻറെ സ്നേഹം അന്തർലീനമായിരിക്കുന്ന ഒരു തിരഞ്ഞെടുപ്പ് എങ്ങനെ നടത്തണമെന്ന് എനിക്കറിയാത്തപ്പോൾ ഞാൻ എന്തുചെയ്യണം? തീരുമാനം എടുക്കുന്നതിന് മുമ്പ്, ജീവിതാവസാനത്തിലെന്നപോലെ, യേശുവിൻറെ മുമ്പിൽ, സ്നേഹമാകുന്ന അവിടത്തെ മുമ്പാകെ,  നിൽക്കുന്നതായി നമുക്ക് സങ്കൽപ്പിക്കാം. അങ്ങനെ ചിന്തിച്ച്, അവിടത്തെ സന്നിധിയിൽ, നിത്യതയുടെ ഉമ്മറപ്പടിയിൽ, നിന്നുകൊണ്ട് നമുക്ക് ഇന്നത്തേക്കുള്ള തീരുമാനമെടുക്കാം. അങ്ങനെയാണ് നമ്മൾ തീരുമാനം എടുക്കേണ്ടത്: നിത്യതയിലേക്ക് സദാ നോക്കിക്കൊണ്ട്, യേശുവിനെ നോക്കിക്കൊണ്ട്. അത്, ഒരുപക്ഷേ, ഏറ്റവും എളുപ്പമുള്ള ഒന്നായിരിക്കില്ല, അത്, ഒരുവേള, ക്ഷിപ്രതമ സാദ്ധ്യവുമായിരിക്കില്ല, പക്ഷേ അത് നല്ലതായിരിക്കും, അത് ഉറപ്പാണ് (cf. S. IGNATIUS OF LOYOLA, ആത്മീയാഭ്യാസങ്ങൾ 187).

പരിശുദ്ധ കന്യകാമറിയത്തിൻറെ മാദ്ധ്യസ്ഥ്യം

പരിശുദ്ധ അമ്മ, അവൾ ചെയ്തതുപോലെ, ജീവിതത്തിലെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പുകൾ സ്നേഹാനുസൃതം, ദൈവഹിതാനുസരാം നടത്താൻ നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

ദരിദ്രർക്കായുള്ള അഞ്ചാം ലോകദിനം 

ആശീർവാദാനന്തരം പാപ്പാ, അനുവർഷം നവമ്പർ മാസത്തിലെ രണ്ടാമത്തെതായ ഞായറാഴ്ച തിരുസഭ പാവപ്പെട്ടവർക്കായുള്ള ലോകദിനം ആചരിക്കുന്നത് അനുസ്മരിച്ചു.കരുണയുടെ ജൂബിലിയുടെ ഫലമായി ജന്മംകൊണ്ടതാണ് ഈ ഞായറാഴ്ച (14/11/21) ആചരിച്ച ദരിദ്രർക്കായുള്ള അഞ്ചാം ആഗോളദിനാചരണം എന്ന് പാപ്പാ പറഞ്ഞു.

മർക്കോസിൻറെ സുവിശേഷം, പതിനാലാം അദ്ധ്യായം, ഏഴാം വാക്യത്തിൽ നിന്നടർത്തിയെടുത്ത (മർക്കോസ് 14,7) "ദരിദ്രർ എപ്പോഴും നിങ്ങളുടെ കൂടെയുണ്ട്" എന്ന യേശുവചനമാണ് ഈ വർഷത്തെ ഈ ദിനത്തിൻറെ പ്രമേയം എന്നതും പാപ്പാ അനുസ്മരിച്ചു. 

“നരകുലം മുന്നേറുന്നു, പുരോഗമിക്കുന്നു എന്നത് ശരിതന്നെയാണ്, പക്ഷേ ദരിദ്രർ എപ്പോഴും നമ്മോടൊപ്പമുണ്ട്, അവരെപ്പോഴും ഉണ്ട്, ക്രിസ്തു അവരിൽ സന്നിഹിതനാണ്, ദരിദ്രനിൽ ക്രിസ്തു ഉണ്ട്” എന്ന് പാപ്പാ പറഞ്ഞു.

പന്തണ്ടാം തീയതി വെള്ളിയാഴ്‌ച (12/11/21) താൻ അസ്സീസിയിൽ പാവപ്പെട്ടവരുമൊത്തു നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള പരോക്ഷ സൂചനയേകിക്കൊണ്ട് പാപ്പാ, അന്ന് അവിടെ അരങ്ങേറിയത് സാക്ഷ്യത്തിൻറെയും പ്രാർത്ഥനയുടെയും അതിശക്തമായ നിമിഷമായിരുന്നുവെന്ന് പറഞ്ഞു.

ലോകമെമ്പാടുമുള്ള രൂപതകളിലും ഇടവകകളിലും സംഘടിപ്പിച്ചിട്ടുള്ള പാവപ്പെട്ടവർക്കായുള്ള നിരവധി ഐക്യദാർഢ്യ സംരംഭങ്ങൾക്ക് പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

കോപ് 26

സ്ക്കോട്ട്ലണ്ടിലെ ഗ്ലാസ്ഗോയിൽ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ കാലാവസ്ഥ വ്യതിയാനത്തെ അധികരിച്ചു സംഘടിപ്പിച്ച കോപ് 26 (COP26) ഉച്ചകോടിയെക്കറിച്ചും പാപ്പാ അനുസ്മരിച്ചു.

ഇക്കഴിഞ്ഞ ദിനങ്ങളിൽ ഗ്ലാസ്ഗോയിൽ, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ COP26 ഉച്ചകോടിയിൽ, ദരിദ്രരുടെ രോദനം, ഭൂമിയുടെ നിലവിളിയുമായി ചേർന്ന്  മുഴങ്ങി എന്ന് പാപ്പാ പറഞ്ഞു. ധൈര്യത്തോടെയും ദീർഘവീക്ഷണത്തോടെയും സത്വരം പ്രവർത്തിക്കാൻ പാപ്പാ രാഷ്ട്രീയവും സാമ്പത്തികവുമായ ഉത്തരവാദിത്വം പേറുന്നവർക്ക് പ്രചോദനം പകരുകയും ചെയ്തു.

"ലൗദാത്തൊ സീ"

അതോടൊപ്പം തന്നെ, പൊതുഭവന സംരക്ഷണത്തിനായി സജീവമായ പൗരബോധം വിനിയോഗിക്കാൻ സന്മനസ്സുള്ള സകലരെയും പാപ്പാ ക്ഷണിച്ചു. ഇതിനായി, സമഗ്ര പരിസ്ഥിതിയെ പരിപോഷിപ്പിക്കുന്ന “ലൗദാത്തൊ സീ” (Laudato si) “വേദി”യിൽ ദരിദ്രരുടെ ലോക ദിനമായ നവമ്പർ 14-ന്,  പേരു ചേർക്കുന്നതിന് തുടക്കം കുറിച്ചിരിക്കുന്നതിനെപ്പറ്റിയും പാപ്പാ സൂചിപ്പിച്ചു.

പ്രമേഹ ദിനം

നവമ്പർ 14-ന് ലോക പ്രമേഹ ദിനം ആചരിക്കുന്നതും പാപ്പാ അനുസ്മരിച്ചു. യുവാക്കളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകളെ ബാധിക്കുന്ന വിട്ടുമാറാത്ത ഒരു രോഗമാണ് പ്രമേഹമെന്നു പറഞ്ഞ പാപ്പാ പ്രമേഹരോഗികൾക്കു വേണ്ടിയും എല്ലാ ദിവസവും അവരുടെ കഷ്ടപ്പാടുകളിൽ പങ്കുചേരുന്നവർക്കും ഈ രോഗികളെ സഹായിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധപ്രവർത്തകർക്കും വേണ്ടിയും താൻ പ്രാർത്ഥിക്കുന്നുവെന്ന് വെളിപ്പെടുത്തുകയും ചെയ്തു.

സമാപനാഭിവാദ്യം

ത്രികാലപ്രാർത്ഥനയിൽ സംബന്ധിച്ച റോമാക്കാരും, വിവിധ രാജ്യാക്കാരുമായിരുന്ന തീർത്ഥാടകരെ പാപ്പാ, അവസാനം അഭിവാദ്യം ചെയ്യുകയും എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും ചെയ്തു. തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിച്ച പാപ്പാ എല്ലാവ‍ര്‍ക്കും നല്ലൊരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകൾ വീശി ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 November 2021, 11:17

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >