തിരയുക

കൈയ്യടിയോ സേവനമോ പ്രധാനം ക്രിസ്തീയ ജീവിതത്തിൽ?

"യേശു വരുന്നത് ആധിപത്യം സ്ഥാപിക്കാനല്ല, സേവിക്കാനാണ്. അധികാരത്തിൻറെ അടയാളങ്ങളോടെയല്ല, മറിച്ച്, അടയാളങ്ങളുടെ ശക്തിയോടെയാണ് അവിടന്ന് ആഗതനാകുന്നത്. അവിടന്ന് വിലയേറിയ അധികാരചിഹ്നങ്ങൾ പേറുന്നില്ല, മറിച്ച് കുരിശിൽ സ്വയം ശൂന്യവല്ക്കരിച്ചു", ഫ്രാൻസീസ് പാപ്പാ ക്രിസ്തുരാജൻറെ തിരുന്നാൾ ദിനത്തിൽ, മദ്ധ്യാഹ്നത്തിൽ, ത്രികാലജപ വേളയിൽ നല്കിയ സന്ദേശത്തിൽ നിന്ന്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ക്രിസ്തുരാജൻറെ തിരുന്നാൾദിനമായിരുന്ന നവമ്പർ 21-ന് ഞായറാഴ്ച (21/11/21) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ പതിവുപോലെ, മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. അതിൽ പങ്കുകൊള്ളുന്നതിന് വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ  സന്നിഹിതരായിരുന്നു. ഞായറാഴ്ചകളിൽ, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിയ്ക്ക്, ഇന്ത്യയിലെ സമയം വൈകുന്നേരം 4,30-ന് ത്രികാല പ്രാർത്ഥന നയിക്കുന്നതിനായി പാപ്പാ എത്താറുള്ള ജാലകത്തിങ്കൽ ആദ്യം  രണ്ടു യുവജനപ്രതിനിധികൾ പ്രത്യക്ഷപ്പെട്ടു. അതിനു ശേഷമാണ് പാപ്പാ അവിടെ എത്തിയത്. അപ്പോൾ, വിശുദ്ധ പത്രോസിൻറെ നാമത്തിലുള്ള ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്ന ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദരവങ്ങളും ഉയർന്നു.  പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ, സാധാരണ ചെയ്യാറുള്ളതുപോലെ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻ റീത്തിൻറെ ആരാധനാക്രമനുസരിച്ച്, നവമ്പർ 21- ന് ഞായറാഴ്ച (21/11/21) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, യോഹന്നാൻറെ സുവിശേഷം പതിമൂന്നാം അദ്ധ്യായം 33 മുതൽ 37 വരെയുള്ള  വാക്യങ്ങൾ (യോഹന്നാൻ 18,33-37), അതായത്, യേശുവിൻറെ രാജത്വത്തെക്കുറിച്ച് പീലാത്തോസ് അവിടത്തോടു ചോദിക്കുന്നതും അതിന് അവിടുന്നേകുന്ന മറുപടിയും അടങ്ങുന്ന സുവിശേഷഭാഗം, ആയിരുന്നു. ഇറ്റാലിയൻ ഭാഷയിലായിരുന്ന തൻറെ വിചിന്തനം പാപ്പാ ആരംഭിച്ചത് ഇപ്രകാരമാണ്:

യേശുവിൻറെ രാജത്വം

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ആരാധനാക്രമ വർഷത്തിലെ അവസാന ഞായറാഴ്ചയായ ഇന്നത്തെ ദിവ്യബലിയിലെ സുവിശേഷം, "ഞാൻ രാജാവാണ്" (യോഹന്നാൻ 18:37) എന്ന് പറയുന്ന യേശുവിൻറെ സ്ഥിരീകരണത്തിൽ പരകോടിയിലെത്തുന്നു. പീലാത്തോസിൻറെ മുമ്പാകെ അവിടന്ന് ഈ വാക്കുകൾ ഉച്ചരിക്കുമ്പോൾ, ജനക്കൂട്ടമാകട്ടെ അവിടത്തേക്കു വധശിക്ഷ വിധിക്കണമെന്ന് ആക്രോശിക്കുന്നു.  അവിടന്നു പറയുന്നു: "ഞാൻ രാജാവാണ്" എന്ന്, എന്നാൽ ജനക്കൂട്ടം അവിടത്തെ മരണത്തിന് വിധിക്കണമെന്ന് മുറവിളികൂട്ടുന്നു: എന്തൊരു വൈരുദ്ധ്യം! നിർണ്ണായക സമയം സമാഗതമായി. മുമ്പ്, ആളുകൾ തന്നെ രാജാവായി വാഴ്ത്തിപ്പാടണമെന്ന് യേശു ആഗ്രഹിച്ചിരുന്നില്ലെന്ന് തോന്നുന്നു: അപ്പവും മത്സ്യവും വർദ്ധിപ്പിച്ചതിനു ശേഷം, അവിടന്ന് പ്രാർത്ഥിക്കാൻ ഒറ്റയ്ക്ക് പിൻവാങ്ങിയത് നമുക്ക് ഓർക്കാം (യോഹന്നാൻ 6:14-15).

അലൗകിക രാജത്വവും ലോകമഹത്വങ്ങളിൽ നിന്ന് അകന്നു നില്കുന്ന യേശുവും  

ലൗകികമായതിൽ നിന്ന് വളരെ വ്യത്യസ്തമാണ് യേശുവിൻറെ രാജത്വം എന്നതാണ് വസ്തുത. അവിടന്ന് പീലാത്തോസിനോട് പറയുന്നു "എൻറെ രാജ്യം ഐഹികമല്ല" (യോഹന്നാൻ 18:36). അവിടന്നു വരുന്നത് ആധിപത്യം സ്ഥാപിക്കാനല്ല, സേവിക്കാനാണ്. അധികാരത്തിൻറെ അടയാളങ്ങളോടെയല്ല, മറിച്ച്, അടയാളങ്ങളുടെ ശക്തിയോടെയാണ് അവിടന്ന് ആഗതനാകുന്നത്. അവൻ വിലയേറിയ അധികാരചിഹ്നങ്ങൾ പേറുന്നില്ല, മറിച്ച് കുരിശിൽ ശൂന്യവല്ക്കരിച്ചിരിക്കുന്നു. വാസ്തവത്തിൽ കുരിശിലെ ലിഖിതത്തിലാണ് യേശുവിനെ "രാജാവ്" എന്ന് നിർവ്വചിച്ചിരിക്കുന്നത് (യോഹന്നാൻ 19:19). അവിടത്തെ രാജത്വം, യഥാർത്ഥത്തിൽ, മാനുഷിക മാനദണ്ഡങ്ങൾക്കതീതാമാണ്! അവിടന്ന് മറ്റുള്ള രാജാക്കന്മാരെപ്പോലല്ല, പ്രത്യുത, മറ്റുള്ളവർക്ക് വേണ്ടിയുള്ള രാജാവാണെന്ന് നമുക്ക് പറയാൻ സാധിക്കും. നമുക്ക് ഇതിലേക്ക് ഒന്നു തിരിഞ്ഞുനോക്കാം: ജനക്കൂട്ടം തനിക്കെതിരായി തിരിഞ്ഞിരിക്കുമ്പോഴാണ് പീലാത്തോസിൻറെ മുന്നിൽ വച്ച് ക്രിസ്തു  താൻ രാജാവാണെന്ന് പറയുന്നത്. എന്നാൽ അവർ അവിടത്തെ അനുഗമിക്കുകയും പ്രകീർത്തിക്കുകയും ചെയ്ത സമയത്താകട്ടെ അവിടന്ന് ഈ സ്തുതിഘോഷത്തിൽ നിന്ന് അകന്നുപോയി. അതായത്, പ്രശസ്തിക്കും ഭൗമിക മഹത്വത്തിനുമായുള്ള അഭിലാഷത്തിൽ നിന്ന് താൻ പരമമായി വിമുക്തനാണെന്ന് യേശു സ്വയം വെളിപ്പെടുത്തുന്നു. നമുക്ക് സ്വയം ചോദിക്കാം: ഇക്കാര്യത്തിൽ അവിടത്തെ അനുകരിക്കാൻ  നമുക്കറിയാമോ? തുടർച്ചയായി അന്വേഷിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യാനുള്ള നമ്മുടെ പ്രവണതയെ എങ്ങനെ നിയന്ത്രിക്കണമെന്ന് നമുക്കറിയാമോ, അതോ മറ്റുള്ളവരുടെ ആദരവ് പിടിച്ചുപറ്റുന്നതിനു വേണ്ടിയാണോ നാം എല്ലാം ചെയ്യുന്നത്? നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ, പ്രത്യേകിച്ച് നമ്മുടെ ക്രിസ്തീയ പ്രതിബദ്ധതയിൽ, ഞാൻ എന്നോട് തന്നെ ചോദിക്കുകയാണ്: എന്താണ് പ്രധാനം? കയ്യടിയാണോ അതോ സേവനമാണോ?

യേശു രാജ്യം വിമോചന ദായകം

ഭൗമിക മഹത്വത്തിനായുള്ള ഏതൊരു അന്വേഷണവും യേശു ഒഴിവാക്കുക മാത്രമല്ല, തന്നെ അനുഗമിക്കുന്നവരുടെ ഹൃദയങ്ങളെ സ്വതന്ത്രവും ഉത്കൃഷ്ടതരവുമാക്കുകയും ചെയ്യുന്നു. പ്രിയ സഹോദരീ സഹോദരന്മാരേ, അവിടന്നു നമ്മെ തിന്മയുടെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുന്നു. അവിടത്തെ രാജ്യം വിമോചനാദായകമാണ്, അതിൽ അടിച്ചമർത്തുന്ന ഒന്നുമില്ല. അവൻ ഓരോ ശിഷ്യനെയും, പ്രജയായിട്ടല്ല, സ്നേഹിതനായി കണക്കാക്കുന്നു. ക്രിസ്തു എല്ലാ പരമാധികാരികൾക്കും മുകളിലാണെങ്കിലും, അവിടന്ന് തനിക്കും മറ്റുള്ളവർക്കുമിടയിൽ വേർതിരിവിൻറെ വരയിടുന്നില്ല; മറിച്ച്, തൻറെ സന്തോഷം പങ്കിടാൻ സഹോദരങ്ങൾ ഉണ്ടായിരിക്കണമെന്ന് അവിടന്ന് ആഗ്രഹിക്കുന്നു (യോഹന്നാൻ15:11). അവിടത്തെ അനുഗമിക്കുന്നതു വഴി ഒരുവന്   ഒന്നും നഷ്ടപ്പെടുന്നില്ല, മറിച്ച് അവൻ ഔന്നത്യം കൈവരിക്കുന്നു. കാരണം, ക്രിസ്തുവിനു തനിക്കു ചുറ്റും വേണ്ടത് അടിമത്വമല്ല, സ്വതന്ത്ര ജനത്തെയാണ്. ഇപ്പോൾ നമുക്ക് സ്വയം ചോദിക്കാം, യേശുവിൻറെ സ്വാതന്ത്ര്യം ജന്മംകൊള്ളുന്നത് എവിടെ നിന്നാണ്? പീലാത്തോസിൻറെ മുമ്പാകെ അവിടന്നു നടത്തുന്ന സ്ഥിരീകരണത്തിലേക്ക് മടങ്ങിക്കൊണ്ട് നമുക്കത് കണ്ടെത്താൻ കഴിയും: "ഞാൻ രാജാവാണ്. ഇതിനുവേണ്ടിയാണ് ഞാൻ ജനിച്ചത്, ഇതിനായിട്ടാണ് ഞാൻ ലോകത്തിലേക്ക് വന്നതും: സത്യത്തിന് സാക്ഷ്യം വഹിക്കാൻ "(യോഹന്നാൻ 18:37).

നാം അന്വേഷിക്കേണ്ട യേശു സത്യം സ്വതന്ത്രദായകം

യേശുവിൻറെ സ്വാതന്ത്ര്യം സത്യത്തിൽ നിന്നാണ് വരുന്നത്. അവിടത്തെ സത്യമാണ് നമ്മെ സ്വതന്ത്രരാക്കുന്നത് (യോഹന്നാൻ 8:32). എന്നാൽ യേശുവിൻറെ സത്യം ഒരു ആശയമല്ല, അമൂർത്തമായ ഒന്നല്ല: മറിച്ച്, യേശുവിൻറെ സത്യം ഒരു യാഥാർത്ഥ്യമാണ്, അവിടന്നു തന്നെയാണ് നമ്മുടെ ഉള്ളിൽ സത്യത്തെ സൃഷ്ടിക്കുന്നതും, മിഥ്യകളിൽ നിന്നും, നമ്മുടെ ഉള്ളിലുള്ള കാപട്യങ്ങളിൽ നിന്നും, ഇരട്ട ശൈലിയിൽ നിന്നും നമ്മെ മോചിപ്പിക്കുന്നതും. യേശുവിനോടൊപ്പം ആയിരിക്കുന്നതിലൂടെ നാം സത്യമുള്ളവരായിത്തീരുന്നു. ഒരു ക്രിസ്ത്യാനിയുടെ ജീവിതം അവന് ഏറ്റവും അനുയോജ്യമായ മുഖംമൂടി ധരിക്കാനാകുന്ന ഒരു നാടകമല്ല. കാരണം, യേശു ഹൃദയത്തിൽ വാഴുമ്പോൾ, അവൻ അതിനെ കാപട്യത്തിൽ നിന്ന് മോചിപ്പിക്കുന്നു, തന്ത്രങ്ങളിലും ഇരട്ടത്താപ്പിലും നിന്ന് അതിനെ സ്വതന്ത്രമാക്കുന്നു. ക്രിസ്തുവാണ് നമ്മുടെ രാജാവ് എന്നതിൻറെ ഏറ്റവും നല്ല തെളിവ്, ജീവിതത്തെ അവ്യക്തവും സുതാര്യരഹിതവും സങ്കടകരവുമാക്കിക്കൊണ്ട് അതിനെ മലിനമാക്കുന്ന കാര്യങ്ങളിൽ നിന്നുള്ള അകൽച്ചയാണ്. ജീവിതം അവ്യക്തമാകുമ്പോൾ, കുറച്ച് ഇവിടെയും, കുറച്ച് അവിടെയുമൊക്കെ, ആകുമ്പോൾ അത് സങ്കടകരമാണ്, അത് അതീവ ദുഃഖകരമാണ്. തീർച്ചയായും, നാം എപ്പോഴും പരിമിതികളെയും വൈകല്യങ്ങളെയും നേരിടേണ്ടിയിരിക്കുന്നു: നാമെല്ലാവരും പാപികളാണ്. പക്ഷേ, യേശുവിൻറെ കർതൃത്വത്തിൻ കീഴിൽ ജീവിക്കുമ്പോൾ, ഒരുവൻ ദുഷിച്ചുപോകുന്നില്ല, ഒരാൾ സത്യം മൂടിവയ്ക്കുന്ന പ്രവണതയുള്ള കാപട്യക്കാരനാകുന്നില്ല. രണ്ടുതരം ജീവിതം നയിക്കില്ല. നിങ്ങൾക്കിത് നല്ല ഓർമ്മ വേണം: നാം പാപികൾ ആണ് അതെ, എന്നാൽ ഒരിക്കലും ദുർവൃത്തരല്ല! പാപികൾ, അതെ, ഒരിക്കലും ദൂഷിതർ അല്ല. ഭൗമിക അടിമത്തത്തിൽ നിന്ന് നമ്മെ മോചിപ്പിക്കുകയും നമ്മുടെ ദുശ്ശീലങ്ങളെ നിയന്ത്രിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്ന പ്രപഞ്ചരാജാവായ യേശുവിൻറെ സത്യം അനുദിനം അന്വേഷിക്കാൻ പരിശുദ്ധ മാതാവ് നമ്മെ സഹായിക്കട്ടെ.  

ആശീർവ്വാദവും സമാപനാഭിവാദ്യങ്ങളും                    

തൻറെ പ്രഭാഷണത്തെ തുടർന്ന് പാപ്പാ കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. ആശീർവാദാനന്തരം പാപ്പാ, ക്രിസ്തു രാജൻറെ തിരുന്നാൾ ദിനമായിരുന്ന നവമ്പർ 21-ന്, ഞായറാഴ്‌ച, പ്രാദേശിക കത്തോലിക്കാസഭാതലത്തിൽ യുവജനം ദിനം ആചരിച്ചത് അനുസ്മരിച്ചു.

രൂപതാതല യുവജനദിനാചരണം

കിസ്തുരാജൻറെ തിരുന്നാൾ ദിനത്തിൽ യുവജനദിനം  ആചരിക്കുന്നത് ഇത് നടാടെയാണെന്ന് പാപ്പാ പറഞ്ഞു. അതുകൊണ്ടാണ്, റോമിലെ മൊത്തം യുവതയെ പ്രതിനിധാനം ചെയ്യുന്ന  രണ്ട് ചെറുപ്പക്കാർ തൻറെ അരികിൽ നില്ക്കുന്നതെന്ന് പാപ്പാ വിശദീകരിച്ചു. റോം രൂപതയിലെ യുവതീയുവാക്കളെ പാപ്പാ ഹൃദയംഗമായി അഭിവാദ്യം ചെയ്യുകയും തങ്ങൾ സഭയുടെ സജീവഭാഗവും അവളുടെ ദൗത്യത്തിൽ നായകരുമാണെന്ന അവബോധം  ലോകത്തിലെ എല്ലാ യുവജനങ്ങൾക്കും ഉണ്ടാകട്ടെയെന്ന് ആശംസിക്കുകയും അവരോട് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഭരണം നടത്തുക എന്നതിൻറെ പൊരുൾ സേവിക്കുക എന്നാണെന്ന് ക്രിസ്തുരാജൻ പഠിപ്പിക്കുന്നു എന്നും അത് മറന്നു പോകരുതെന്നും പാപ്പാ ഓർമ്മിപ്പിക്കുകയും എല്ലാവർക്കും യുവജനദിനാശംസകൾ നേരുകയും ചെയ്തു. തുടർന്ന് ജാലകത്തിങ്കൽ പാപ്പായുടെ സമീപത്തു നിന്നിരുന്ന യുവതിയും എല്ലാവർക്കും ലോകയുജനദിനാശംസകൾ അർപ്പിച്ചു. അതിനു ശേഷം, പാപ്പായുടെ ചാരെയുണ്ടായിരുന്ന യുവാവ്, യേശുവിൽ വിശ്വസിക്കുന്നത് മനോഹരമാണ് എന്നതിന് തങ്ങൾ സാക്ഷ്യമേകുകയാണെന്ന് പറഞ്ഞു. ഇതു മനോഹരം തന്നെ എന്നു പറഞ്ഞുകൊണ്ട് പാപ്പാ ഇരുവരെയും അഭിനന്ദിച്ചു.

ലോക മത്സ്യബന്ധന ദിനം - നവമ്പർ 21

നവമ്പർ 21-ന് ഞായറാഴ്‌ച ലോക മത്സ്യബന്ധന ദിനം ആചരിക്കുന്നത് പാപ്പാ അനുസ്മരിച്ചു. എല്ലാ മത്സ്യത്തൊഴിലാളികളെയും അഭിവാദ്യം ചെയ്ത പാപ്പാ, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ ജീവിക്കേണ്ടിവരികയോ, നിർഭാഗ്യവശാൽ, പലപ്പോഴും നിർബന്ധിത തൊഴിൽ ചെയ്യേണ്ടിവരികയോ ചെയ്യുന്നവർക്കായി പ്രാർത്ഥിക്കുകയും ചെയ്തു.  മത്സ്യത്തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയുള്ള അജപാലന സേവനം തുടരാൻ വൈദികർക്കും സമുദ്ര താര സന്നദ്ധസേവകർക്കും പാപ്പാ പ്രചോദനം പകർന്നു.

വഴിയപകടങ്ങൾ തടയുന്നതിനു വേണ്ട പ്രതിജ്ഞാബദ്ധത

റോഡപകടങ്ങൾക്കിരകളായവരെ നവമ്പർ 21-ന് ഞായറാഴ്ച പ്രത്യേകം അനുസ്മരിക്കുന്നതിനെക്കുറിച്ചും പാപ്പാ ത്രികാലപ്രാർത്ഥനാ വേളയിൽ സൂചിപ്പിച്ചു.  അവർക്കായി പ്രാർത്ഥിക്കാനും വഴിയപകടങ്ങൾ തടയുന്നതിന് പ്രതിജ്ഞാബദ്ധരാകാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

ആയുധ വ്യാപരത്തിന് കടിഞ്ഞാണിടുക

ആയുധക്കച്ചവടത്തെക്കുറിച്ചും ത്രികാലപ്രാർത്ഥനാവേളയിൽ പരാമർശിച്ച പാപ്പാ ഇതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയിൽ നടക്കുന്ന നടപടികൾക്ക് പ്രചോദനം പകരുകയും   ഈ സംരംഭങ്ങൾ ആയുധവ്യാപാരത്തിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

നവ വാഴ്ത്തപ്പെട്ട യാൻ ഫ്രാൻചീഷെക് മാഹ

പോളണ്ടിലെ കത്തോവിത്സെ (Katowice) അതിരൂപതയിൽ വച്ച് വൈദികൻ യാൻ ഫ്രാൻചീഷെക് മാഹ (Jan Franciszek Macha) ശനിയാഴ്‌ച (20/11/21) വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് പാപ്പാ അനുസ്മരിച്ചു.

1942-ൽ നാസികളുടെ മതപീഢന വേളയിൽ വിശ്വാസത്തെ പ്രതി വധിക്കപ്പെടുകയായിരുന്ന നവവാഴ്ത്തപ്പെട്ടവൻ തറവടയുടെ ഇരുളിൽ ആ കാൽവരിയെ നേരിടുന്നതിനള്ള ശക്തിയും സൗമ്യതയും ദൈവത്തിൽ കണ്ടെത്തിയെന്ന് പാപ്പാ പറഞ്ഞു. അദ്ദേഹത്തിൻറെ രക്തസാക്ഷിത്വം പ്രത്യാശയുടെയും ശാന്തിയുടെയും ഫലപുഷ്ടിയാർന്ന വിത്താണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

സമാപനാശംസ

ത്രികാലപ്രാർത്ഥനയിൽ സംബന്ധിച്ച റോമാക്കാരും, വിവിധ രാജ്യാക്കാരുമായിരുന്ന തീർത്ഥാടകരെ പാപ്പാ അവസാനം അഭിവാദ്യം ചെയ്യുകയും എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും ചെയ്തു. തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിച്ച പാപ്പാ എല്ലാവ‍ര്‍ക്കും നല്ല ഒരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകൾ വീശി ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 November 2021, 10:54

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >