"ഇതാ, നിന്നെ ഞാന്‍ എന്റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.(ഏശയ്യാ 49:16) "ഇതാ, നിന്നെ ഞാന്‍ എന്റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.(ഏശയ്യാ 49:16)  

നമ്മുടെ രൂപത്തെ സ്വന്തം കൈകളിൽ "ടാറ്റു" ചെയ്ത ദൈവം.

"Christus Vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 114 ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

നാലാം അദ്ധ്യായം

എല്ലാ യുവജനങ്ങൾക്കുംമഹത്തായ ഒരു സന്ദേശം 

നാലാമത്തെ അദ്ധ്യായം ആരംഭിക്കുന്നതുതന്നെ സ്നേഹമാകുന്ന ദൈവം നിങ്ങളെ സ്നേഹിക്കുന്നു എന്ന് യുവജനങ്ങൾക്ക് ഉറപ്പു നൽകിക്കൊണ്ടാണ്.  ഉത്ഥിതനായ ക്രിസ്തുവിന്റെ ഹൃദയം നിറയ്ക്കുന്ന പരിശുദ്ധാത്മാവ്, നിങ്ങളുടെ (യുവജനങ്ങളുടെ) ജീവിതത്തിലേക്ക് ഒഴുകുകയാണെന്ന്  പാപ്പാ പറയുന്നു.

114. ദൈവത്തിന്റെ വചനത്തിൽ അവിടുത്തെ സ്നേഹത്തിന്റെ അനേകം പ്രകടനങ്ങൾ നാം കാണുന്നു. നിന്റെ ഹൃദയത്തെ ഏതെങ്കിലുമൊരു മാർഗ്ഗത്തിലൂടെ സ്പർശിക്കുന്നതിനുവേണ്ടി ആ സ്നേഹത്തെ വിവിധ മാർഗ്ഗങ്ങളിലൂടെ കാണിക്കാൻ അവിടുന്ന് പരിശ്രമിക്കുന്നതായി  തോന്നുന്നു. ഉദാഹരണമായി തന്റെ മക്കളോടുകൂടി കളിക്കുന്ന വാത്സല്യമുള്ള ഒരു പിതാവിനെ പോലെ തന്നെ പറ്റി തന്നെ ദൈവം സംസാരിക്കുന്ന സന്ദർഭങ്ങളുണ്ട്."കരുണയുടെ കയർ പിടിച്ച് ഞാനവരെ നയിച്ചു. സ്നേഹത്തിന്റെ കയർ തന്നെ. ഞാൻ അവർക്ക് താടിയെല്ലിൽ നിന്ന് നുകം അയച്ചു കൊടുക്കുന്നവനായി."(ഹോസി.11:14).

മറ്റു സന്ദർഭങ്ങളിൽ അമ്മയുടെ സ്നേഹം കൊണ്ട് നിറഞ്ഞ ഒരാളായി തന്നെപ്പറ്റി തന്നെ അവിടുന്ന് സംസാരിക്കുന്നു. മക്കളോടുള്ള അവഗാഢമായ സ്നേഹം അവരെ അവഗണിക്കാനോ ഉപേക്ഷിക്കാനോ സാധിക്കാതെയാക്കുന്നു. "മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് മറക്കാനാകുമോ? അവനോടു പെറ്റമ്മ കരുണ  കാണിക്കാതിരിക്കുമോ? അവൾ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല" (ഏശയ്യാ.49:15) അവിടുന്ന് തന്നെ തന്നെ ഒരു കാമുകനോടുപോലും താരതമ്യപ്പെടുത്തുന്നു. തന്റെ കാമുകിയുടെ മുഖം എപ്പോഴും കൈയിൽ കാണുന്നതിനുവേണ്ടി കൈപ്പത്തിയിൽ വരച്ചു വയ്ക്കുന്ന കാമുകനോടു തന്നെ. "ഇതാ നിന്നെ ഞാൻ എന്റെ ഉള്ളം കൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു." (ഏശയ്യാ.49:16). മറ്റു ചില സന്ദർഭങ്ങളിൽ അജയ്യമായ തന്റെ സ്നേഹത്തിന്റെ ശക്തിയും ദൃഢതയും അവിടുന്ന് ഊന്നിപ്പറയുന്നു. “മലകൾ അകന്നു പോയേക്കാം, കുന്നുകൾ മാറ്റപ്പെട്ടേക്കാം. എന്നാൽ തന്റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല. എന്റെ സമാധാന ഉടമ്പടിക്ക് മാറ്റും വരുകയുമില്ല.”(ഏശയ്യാ.54:10)

അഥവാ, നമ്മെ അവിടുന്ന് നിത്യത മുതൽ കാത്തിരിക്കുന്നുവെന്നും ആകസ്മികമായിട്ടല്ല നാം ലോകത്തിലേക്ക് വന്നതെന്നും അവിടുന്ന് നമ്മോടു പറയുന്നു. “എനിക്ക് നിന്നോടുള്ള സ്നേഹം അനന്തമാണ്. നിന്നോടുള്ള വിശ്വസ്തത അചഞ്ചലവും” (ജെറ. 31: 3) അല്ലെങ്കിൽ മറ്റാർക്കും കാണാൻ കഴിയാത്ത സൗന്ദര്യം അവിടുന്ന് നമ്മിൽ കാണുന്നുണ്ടെന്ന് അവിടുന്ന് നമ്മെ അറിയിക്കുന്നു. “നീ എനിക്ക് വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനുമാണ്. (ഏശയ്യാ.43:4) അല്ലെങ്കിൽ അവിടുത്തെ സ്നേഹം ആഹ്ലാദരഹിതമല്ലെന്നും അത് ശുദ്ധമായ ആനന്ദമാണെന്നും അവിടുന്ന് നമ്മെ സ്നേഹിക്കാൻ നാം അനുവദിക്കുമ്പോഴൊല്ലാം അത് ഉറവയായി ഒഴുകുന്നു എന്നും അവിടുന്ന് നമുക്ക് മനസ്സിലാക്കി തരുന്നു. “നിന്റെ ദൈവമായ കർത്താവ് വിജയം നൽകുന്ന യോദ്ധാവ് നിന്റെ മധ്യേ ഉണ്ട്. നിന്നെക്കുറിച്ച് അവിടുന്ന് അതിയായി ആഹ്ലാദിക്കും. ഉത്സവദിനത്തിലെന്നപോലെ അവിടുന്ന് നിന്നെക്കുറിച്ച് ആനന്ദ ഗീതമുതിർക്കും.”(സെഫാ.3:17-18). (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

ദൈവം മനുഷ്യർക്കെഴുതിയ സ്നേഹത്തിന്റെ കത്താണ് ബൈബിൾ എന്ന് നാം കേട്ടിട്ടുണ്ടാകാം. അതിനെ ഉറപ്പിക്കുന്ന വിധത്തിൽ ബൈബിളിൽ പഴയ നിയമത്തിലും പുതിയ നിയമത്തിലും ദൈവത്തിന്റെ സ്നേഹം വെളിപ്പെടുന്ന വചനങ്ങളും, സംഭവങ്ങളും നിരവധി നമുക്ക് കാണാൻ കഴിയും. ദൈവം സ്നേഹിച്ച് കൊണ്ടാണ് ഓരോ ജീവിതങ്ങളെയും തൊടുന്നത്. ആ തൊടൽ പിന്നീട് അത്ഭുതമായി വിരിഞ്ഞ് ആകാശത്തിനു കീഴിൽ പ്രകാശിക്കപ്പെടുന്നു. വെള്ളം വീഞ്ഞാകുന്നതു പോലെ വീഞ്ഞ് ദിവ്യബലിയിൽ രക്തമാകുന്നത് പോലെ അത്ഭുതങ്ങൾ സംഭവിക്കുന്നു. ദൈവത്തിന്റെ സ്നേഹം നമുക്ക് നേടിയെടുക്കാനാവില്ല. അത് ദൈവത്തിന്റെ ദാനമാണ്. യേശു ജീവൻ നൽകിയത് സ്നേഹിതനു വേണ്ടി ജീവൻ നൽകുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ല എന്ന് പഠിപ്പിച്ചതിന് ശേഷമാണ്. അവിടുന്ന് സ്വയം ജീവൻ നൽകി. അതുകൊണ്ടുതന്നെ ക്രിസ്തുവിന്റെ ജീവനെ ആരും എടുത്തതല്ല. അവിടുന്ന് കൊടുത്തതാണ്. സമ്പൂർണ്ണമായി നൽകി. അവന്റെ സ്നേഹിതർ അവനെ അനുഗമിച്ചവർ മാത്രമായിരുന്നില്ല. അവനെ അകറ്റി നിറുത്തിയവരും അവനിൽ നിന്നകന്നവരും അവന്റെ സ്നേഹത്തിന്റെ ആവൃതിക്കുള്ളിൽ തന്നെയായിരുന്നു. ഇങ്ങനെയൊക്കെ സ്നേഹിക്കാൻ ക്രിസ്തുവിന് കഴിഞ്ഞത് മനുഷ്യരെ സ്നേഹിക്കാൻ അവർക്ക് ജീവൻ നൽകാൻ സ്വപുത്രനെ പോലും ഭൂവിലേക്ക് അയച്ച സ്വർഗ്ഗ പിതാവിന്റെ സ്നേഹത്തിന്റെ അനുഭവത്തിൽ നിന്നാണ്. ആ പിതൃ സ്നേഹത്തെ കുറിച്ചാണ് പാപ്പാ ഇന്ന് നമ്മെ പ്രബോധിപ്പിക്കുന്നത്.

പഴയ നിയമത്തിൽ ദൈവത്തിന്റെ സ്നേഹം ജനങ്ങളോടു പ്രവാചക അധരങ്ങളിലൂടെ വിളിച്ച് പറയുന്ന സന്ദർഭങ്ങളെ പാപ്പാ ഇവിടെ അനസ്മരിക്കുന്നു. മനുഷ്യ ജീവിതത്തിൽ പിതാവായി, അമ്മയായി, കാവൽക്കാരനായി, പ്രണയിതാവായി, ഗുരുവായി, നല്ല ചങ്ങാതിയായി ഒക്കെ പ്രത്യക്ഷപ്പെട്ടതും ഒരിക്കലും കുറ്റപ്പെടുത്താതെ കുറവുകളെ എണ്ണി നിരത്താതെ ക്ഷമിക്കുന്ന സാന്ത്വനിപ്പിക്കുന്ന ഒരു ദൈവത്തെയാണ് പാപ്പാ യുവജനങ്ങളുടെ മുന്നിൽ  ചൂണ്ടി കാണിക്കുന്നത്. പകരത്തിന് പകരം വയ്ക്കുന്ന സ്നേഹമല്ല ദൈവത്തിന്റെത്. മറിച്ച് പകരം വയ്ക്കാനാവാത്ത വിധം അതിരുകളും അളവുകളും ഇല്ലാതെ സ്നേഹിക്കുന്ന സ്നേഹമാണത്.

വാത്സല്യമുള്ള പിതാവ്

"കരുണയുടെ കയര്‍ പിടിച്ച്‌ ഞാന്‍ അവരെ നയിച്ചു- സ്നേഹത്തിന്റെ കയര്‍തന്നെ. ഞാന്‍ അവര്‍ക്കു താടിയെല്ലില്‍നിന്നു നുകം അയച്ചുകൊടുക്കുന്നവനായി. ഞാന്‍ കുനിഞ്ഞ്‌ അവര്‍ക്കു ഭക്‌ഷണം നല്‍കി. (ഹോസിയാ 11: 4) ദൈവത്തിന്റെ പിതൃ സ്നേഹത്തെ ഹോസിയാ പ്രവചാകനിലൂടെ വെളിപ്പെടുത്തുന്ന വരികളാണിവ. നമ്മെ കാണുകയും കേൾക്കുകയും അറിയുകയും ചെയ്യുന്ന ഒരു പിതാവ്. സാധാരണയായി അമ്മ എന്ന പുഴയെ ധ്യാനിച്ച് ധ്യാനിച്ച് അപ്പൻ എന്ന കടലിൽ എത്തിച്ചേരാൻ നാം ചിലപ്പോഴൊക്കെ മറന്നു പോകാറുണ്ട്. എന്നാൽ  പുഴയേയും തന്നിലേക്ക് ചേർക്കുന്ന കടലിന്റെ വിസ്മയങ്ങളെ ത്യാഗങ്ങളെ, വിശാലതയെ നാമെന്നും ഓർത്തിരിക്കേണ്ടത് ആവശ്യമാണ്. നമ്മുടെ ജീവിതത്തിന്റെ എല്ലാത്തിനും മീതേ പിതാവായ ദൈവത്തിന്റെ സ്നേഹത്തിന്റെ വെള്ളപൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ട്. നാമൊക്കെ സഞ്ചരിക്കേണ്ടത് ഈ പൂക്കൾ വിരിഞ്ഞു കിടക്കുന്ന വഴിയിലൂടെയാകണം. ദൈവത്തിന്റെ വിശ്വസ്തതകളിൽ നമുക്ക് സ്നേഹമല്ലാതെ മറ്റൊന്നും കാണാനാവില്ല. നമ്മുടെ ജീവിതം ഉലഞ്ഞേക്കുമെന്ന് കരുതുന്ന  നിമിഷങ്ങളിൽ തന്റെ കരുത്തുള്ള കരം നീട്ടുന്ന പിതാവിനെയാണ് നമുക്ക് പ്രവാചകൻ കാണിച്ചു തരുന്നത്. "ഫലങ്ങളുടെ അഭാവത്തിലും വൃക്ഷം ശക്തമാണ്". നമ്മുടെ ബലഹീനതകളെ വഹിക്കാനും നമ്മുടെ ഭാരങ്ങളെ ചുമക്കാനും ദൈവത്തിന്റെ തോളുകൾ ശക്തമാണ്. നമ്മെ വേദനിപ്പിക്കാതെ നമ്മുടെ വേദനകളെ ഏറ്റെടുക്കുന്ന ദൈവം. പിതാവിന്റെ സ്നേഹത്തിന്റെ ഒഴുക്കിലൂടെ നമ്മുടെ ജീവിത തോണി തുഴയാനുള്ള ഒരു വിളിയെ കുറിച്ചാണ് പാപ്പാ പങ്കുവയ്ക്കുന്നത്.

അമ്മദൈവം

സകലർക്കും മനസ്സിലാകുന്ന ഒരു ഭാഷയാണ് അമ്മ. സകലരും അനുഭവിക്കുന്ന വികാരമാണ് അമ്മ. സകലരും ഭോജിക്കുന്ന ഭോജനമാണ് അമ്മ. സകലരും അഭയം തേടുന്ന അഭയകേന്ദ്രമാണ് അമ്മ. സകലത്തിലും തന്നെ തന്നെ സമർപ്പിക്കുന്നവളും അമ്മയാണ്. ഈ അമ്മയോടാണ് ദൈവം തന്നെ ഉപമിക്കുന്നത്. മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്‌ക്കു മറക്കാനാവുമോ? "പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല." (ഏശയ്യാ 49 :15)

ദൈവത്തിൽ നിന്ന് ചിതറിപ്പോയവരും, കുതറി പോയവരും ഒക്കെ അമ്മ ദൈവത്തിന്റെ ഈ മൊഴികളെ ശ്രവിച്ചാൽ പിന്നെ അവർക്കൊരിക്കലും അകന്നു പോകാനാവില്ല. കാരണം പോകാൻ അനുവദിക്കാത്ത സ്നേഹത്തിന്റെ ബന്ധമാണ് ഈ അമ്മദൈവം നമ്മുടെ മുന്നിൽ വച്ചു നീട്ടുന്നത്. ഹൃദയപൂർവ്വം കലഹിക്കുന്നത് അമ്മയോടാണല്ലേ. നാം കലഹിച്ചാലും നമ്മെ കൈവിടാത്ത സ്നേഹമാണ് ദൈവം നമുക്ക് നൽകുന്നത്. നമ്മുടെ യാത്രകളെ തീർത്ഥയാത്രകളാക്കി മാറ്റി നമ്മുടെ ജീവിതത്തെ പവിത്രമാക്കുന്ന ദൈവം.

പ്രണയിതാവായ ദൈവം

"ഇതാ, നിന്നെ ഞാന്‍ എന്റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. നിന്റെ മതിലുകള്‍ എപ്പോഴും എന്റെ മുന്‍പിലുണ്ട്‌." (ഏശയ്യാ 49:16) ഈ വചനത്തെ അനുസ്മരിച്ച് കൊണ്ട് ഫ്രാൻസിസ് പാപ്പാ പങ്കു വയ്ക്കുന്ന ചിന്ത നമ്മെ വല്ലാതെ ദൈവത്തെ പ്രണയിക്കാൻ പ്രേരിപ്പിക്കുന്നു. തന്റെ കാമുകിയുടെ മുഖം എപ്പോഴും കൈയിൽ കാണുന്നതിന് വേണ്ടി കൈപ്പത്തിൽ വരച്ചു വയ്ക്കുന്ന കാമുകനെ പോലെ ദൈവം നമ്മെ തന്റെ ഉള്ളം കൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു എന്ന് പാപ്പാ പ്രബോധിപ്പിക്കുന്നു. സ്നേഹിച്ച് കൊതിതീരാത്ത ഒരു ആയുസ്സ് പോലെ ദൈവസ്നേഹത്തിന്റെ മറ്റൊരു ചിത്രം നാം ഇവിടെ കാണുന്നു.

കരങ്ങളിലും, ശരീരത്തിലും, ഇഷ്ടപ്പെട്ടവരുടെയും, ഇഷ്ടപ്പെട്ടവയുടെയും പേരുകളും രൂപങ്ങളും ടാറ്റു ചെയ്യുന്നവരുണ്ട്. എപ്പോഴും അവരെ ഓർക്കാനുള്ള ഒരു അടയാളം പോലെ കരുതുന്നവരുണ്ട്. മനുഷ്യർ വഹിക്കുന്ന ടാറ്റുവിനെക്കാൾ  എത്രയോ ആഴമുള്ള ഓർമ്മയാണ് ദൈവം തന്റെ ഉള്ളം കൈയിൽ നമ്മുടെ പേരും രൂപവും രേഖപ്പെടുത്തിയിരിക്കുന്നു എന്നത്. സ്നേഹത്തിന്റെ ടാറ്റു സ്വന്തം കൈകളിൽ കൊത്തിവെച്ച ദൈവം.

അജയനായ ദൈവം

ഇവിടെ പാപ്പാ നിരവധി വിശുദ്ധ ഗ്രന്ഥവചനങ്ങളെ കൂട്ട് പിടിച്ച് അജയനായി, യോദ്ധാവായി, അചഞ്ചല സ്നേഹിതനായി, മറ്റാരും കാണാത്ത നന്മയും സൗന്ദര്യവും നമ്മിൽ കാണുന്നവനായി, നമ്മെ കുറിച്ച് ആനന്ദിക്കുന്നവനായി നമ്മുടെ കൂടെ ജീവിക്കുന്ന ദൈവത്തെ ചൂണ്ടി കാണിക്കുന്നു.

ദൈവ സ്നേഹത്തിന്റെ അനവധി മുഖങ്ങളെ എന്തുകൊണ്ടാണ് പാപ്പാ വരച്ചുകാണിക്കുന്നത്?  പ്രത്യേകിച്ച് യുവജനങ്ങളോടു പാപ്പാ ഈ സ്നേഹത്തെ കുറിച്ച് ആവർത്തിച്ച് പങ്കുവയ്ക്കന്നത് എന്തിനാണ്? എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കാനല്ല. ജീവിതത്തിൽ നാം അനുഭവിച്ചു പഠിക്കേണ്ട സത്യമാണ് ദൈവസ്നേഹം എന്നോർമ്മിപ്പിക്കാനാണ്. ആ സ്നേഹം അനുഭവിച്ചാൽ മാത്രമേ സഭയുടെ ഹൃദയത്തിൽ മക്കളായിരിക്കുന്ന യുവജനങ്ങളിലൂടെ ദൈവത്തെ അവന്റെ സ്നേഹത്തെ പങ്കു വയ്ക്കാൻ കഴിയുകയുള്ളൂ. പ്രായത്തിലും ജ്ഞാനത്തിലും മനുഷ്യ പ്രീതിയിലും വളർന്ന ബാലനാണ് എല്ലാ ചെറുപ്പക്കാരുടെയും മാതൃകയായി കുരിശിൽ കിടന്ന് മറ്റുള്ളവരുടെ ജീവിതത്തിന്റെ മീതേ പ്രകാശം പരത്താൻ സ്വജീവൻ അർപ്പിച്ചത്.  ആ സ്നേഹാനുഭവത്തിന്റെ സമ്പന്നതയിൽ നിന്ന് നമുക്ക് എല്ലാം നൽകാൻ ഒരു ദൈവം കാത്തിരിക്കുന്നു. ലോകത്തിന്റെ സന്തോഷങ്ങളിൽ സ്വയം നഷ്ടപ്പെടാതെ ദൈവത്തിന്റെ നിത്യമായ സ്നേഹം അനുഭവിക്കാൻ നമുക്ക് മടങ്ങി പോകാം.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 November 2021, 10:48