മൃദുലമായ സഹാനുഭൂതി കൊണ്ട് നിറഞ്ഞ യേശുവിന്റെ തിരുഹൃദയത്തിന്റെ ചിത്രം. മൃദുലമായ സഹാനുഭൂതി കൊണ്ട് നിറഞ്ഞ യേശുവിന്റെ തിരുഹൃദയത്തിന്റെ ചിത്രം. 

പാപ്പാ: ഹാർഡ് ഡിസ്ക്കല്ല...ദൈവത്തിന്റെ ഓർമ്മശക്തി. മൃദുലമായ ഹൃദയമാണ്

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 115 ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ശബ്ദരേഖ

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

നാലാം അദ്ധ്യായം

മഹത്തായ ഒരു സന്ദേശം എല്ലാ യുവജനങ്ങൾക്കും

നാലാമത്തെ അദ്ധ്യായം ആരംഭിക്കുന്നതുതന്നെ സ്നേഹമാകുന്ന ദൈവം നിങ്ങളെ സ്നേഹിക്കുന്നു എന്ന് യുവജനങ്ങൾക്ക് ഉറപ്പു നൽകിക്കൊണ്ടാണ്.  ഉത്ഥിതനായ ക്രിസ്തുവിന്റെ ഹൃദയം നിറയ്ക്കുന്ന പരിശുദ്ധാത്മാവ്, നിങ്ങളുടെ (യുവജനങ്ങളുടെ) ജീവിതത്തിലേക്ക് ഒഴുകുകയാണെന്ന്  പാപ്പാ പറയുന്നു.

115. അവിടത്തെ സംബന്ധിച്ചിടത്തോളം നിങ്ങൾക്ക് മൂല്യമുണ്ട്. നിങ്ങൾ നിസ്സാരക്കാരരല്ല. നിങ്ങൾ അവിടുത്തേക്ക് പ്രധാനപ്പെട്ടവരാണ്. എന്തെന്നാൽ നിങ്ങൾ അവിടുത്തെ കരവേലകളാണ്. അതുകൊണ്ടാണ് അവിടുന്ന് നിങ്ങളിൽ തത്പരനായിരിക്കുന്നത്, വാത്സല്യത്തോടെ നിങ്ങളെ നോക്കുന്നതും.” ദൈവത്തിന്റെ ഓർമ്മശക്തിയെ വിശ്വസിക്കുക നമ്മുടെ വിവരങ്ങളെല്ലാം ശേഖരിച്ചു സൂക്ഷിക്കുന്ന ഹാർഡ് ഡിസ്ക്കല്ല അവിടുത്തെ ഓർമ്മശക്തി. അവിടുത്തെ ഓർമ്മശക്തി മൃദുലമായ സഹാനുഭൂതി കൊണ്ട് നിറഞ്ഞ ഒരു ഹൃദയമാണ്. പിന്നീട് സകല അടയാളങ്ങളും മായ്ച്ചു കളയുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഹൃദയം തന്നെ.” അവിടുന്ന് നിങ്ങളുടെ പരാജയങ്ങളുടെ ലിസ്റ്റ് എടുത്തു വയ്ക്കുന്നില്ല. നിങ്ങളുടെ തെറ്റുകളിൽ നിന്ന് പോലും എന്തെങ്കിലും പഠിക്കാൻ അവിടുന്ന് എപ്പോഴും നിങ്ങളെ സഹായിച്ചു കൊണ്ടിരിക്കുന്നു. എന്തെന്നാൽ അവിടുന്ന് നിങ്ങളെ സ്നേഹിക്കുന്നു. ഒരു നിമിഷം നിശബ്ദനായിരുന്നു അവിടുത്തെ സ്നേഹം അനുഭവിക്കാൻ സ്വയം അനുവദിക്കുക. ഉള്ളിലെ ശബ്ദം എല്ലാം നിശബ്ദതയാക്കുക. അവിടുത്തെ സ്നേഹപൂർണ്ണമായ ആശ്ലേഷത്തിൽ ഒരു നിമിഷം വിശ്രമിക്കുക. (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

സ്നേഹത്തിന്റെ വിവിധ ഭാവങ്ങൾ

സ്നേഹമെന്താണെന്ന് ആരും ആരെയും പഠിപ്പിക്കേണ്ടതില്ല. ഈ ഭൂമിയിൽ ജനിച്ച ഓരോ മനുഷ്യരും സ്നേഹത്തിന്റെ വിവിധ ഭാവങ്ങൾ അനുഭവിച്ചവരാണ്. ഓരോന്നിനും അതിന്റെതായ പ്രത്യേകതകൾ ഉണ്ട്. അമ്മയുടെ സ്നേഹം ഭാര്യയുടെ സ്നേഹത്തിൽ നിന്ന് വ്യത്യസ്തമാണ്. പിതാവിന്റെ സ്നേഹം ഭർത്താവിന്റെതിൽ നിന്നും സഹോദരന്റെതിൽ നിന്നും വ്യത്യസ്തമാണ്. ഒരു ഗുരുവിൽ നിന്നും ലഭിക്കുന്ന സ്നേഹം, ഒരു സുഹൃത്തിന്റെ സ്നേഹത്തിൽ നിന്ന് വ്യത്യസ്തമാണ്. ഭക്ഷണത്തോടുള്ള സ്നേഹം ശക്തമായ മറ്റ് ആകർഷണങ്ങളോടും വൈകാരിക അവസ്ഥകളോടുമുള്ള സ്നേഹത്തിൽ നിന്ന് വ്യത്യസ്തമാണ്. ഇങ്ങനെ വ്യത്യസ്തമായി നിൽക്കുന്ന സ്നേഹ പ്രകടനങ്ങൾക്ക് മനുഷ്യൻ ഓരോ പേര് നൽകി നിർവ്വചിക്കുന്നു. പ്രണയം, വാത്സല്യം, കരുണ എന്നൊക്കെ വിളിക്കുമ്പോഴും ഇതിന്റെ എല്ലാറ്റിന്റെയും ഉള്ളിൽ സ്നേഹത്തിന്റെ വിവിധ ഭാവങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു.

സ്നേഹത്തിന്റെ രൂപങ്ങൾ

പുരാതന ഗ്രീക്ക് തത്വചിന്തകർ സ്നേഹത്തിന്റെ ആറു രൂപങ്ങളെ കുറിച്ച് പറയുന്നു. അടിസ്ഥാനപരമായി കുടുംബസ്നേഹം. ഗ്രീക്കിൽ (സ്റ്റോർജ്). രണ്ടാമതായി സൗഹൃദ സ്നേഹം അല്ലെങ്കിൽ പ്ലേറ്റോണിക് സ്നേഹം (ഫീലിയ). മൂന്നാമത്തെ സ്നേഹം റൊമാന്റിക് സ്നേഹം (ഈറോസ്) നാലാമത് സ്വയം സ്നേഹം (ഫിലൗത്തിയ) അഞ്ച് അതിഥി സ്നേഹം (സേനിയാ) ആറ് ദിവ്യസ്നേഹം (അഗാപ്പേ).  എന്നാൽ ആധുനിക രചയിതാക്കൾ സ്നേഹത്തിന്റെ വൈവിധ്യങ്ങളെ കൂടുതൽ വേർതിരിച്ചു കാണിക്കുന്നു. ഫലം നൽകാത്ത  സ്നേഹം (Unrequited love), ശൂന്യമായ സ്നേഹം(empty love) സൗഹൃദ സ്നേഹം(companionate love) സമ്പൂർണ്ണ സ്നേഹം (consummate love) ആസക്തമായ സ്നേഹം(infatuated love) സ്വയം സ്നേഹം (self-love) സഭ്യമായ സ്നേഹം(courtly love) ഇങ്ങനെ പോകുന്നു അവയെല്ലാം.

സ്നേഹമാണ്‌ സര്‍വ്വോത്‌കൃഷ്‌ടം

എന്നാൽ ബൈബിളിൽ പ്രത്യേകിച്ച് പുതിയ നിയമത്തിൽ സ്നേഹത്തെ കുറിച്ച് വ്യക്തമായി വിശുദ്ധ പൗലോസ് അപ്പോസ്തലൻ എഴുതുന്നുണ്ട്.  കൊറിന്തോസ്സുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിന്റെ പതിമൂന്നാം അദ്ധ്യായത്തിൽ സ്നേഹം എത്ര അമൂല്യമാണെന്ന് വിശദീകരിക്കുന്നു.

“ഞാന്‍ മനുഷ്യരുടെയും ദൈവദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്‌. എനിക്കു പ്രവചനവരമുണ്ടായിരിക്കുകയും സകല രഹസ്യങ്ങളും ഞാന്‍ ഗ്രഹിക്കുകയും ചെയ്‌താലും സകല വിജ്ഞാനവും മലകളെ മാറ്റാന്‍  തക്കവിശ്വാസവും എനിക്കുണ്ടായാലും സ്നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല. ഞാന്‍ എന്റെ സര്‍വ്വസമ്പത്തും ദാനം ചെയ്‌താലും എന്റെ ശരീരം ദഹിപ്പിക്കാന്‍ വിട്ടുകൊടുത്താലും സ്‌നേഹമില്ലെങ്കില്‍ എനിക്ക്‌ ഒരു പ്രയോജനവുമില്ല. സ്നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്‌. സ്നേഹം അസൂയപ്പെടുന്നില്ല. ആത്‌മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല. സ്നേഹം അനുചിതമായിപെരുമാറുന്നില്ല, സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല. അത്‌ അനീതിയില്‍ സന്തോഷിക്കുന്നില്ല, സത്യത്തില്‍ ആഹ്‌ളാദം കൊള്ളുന്നു.സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു. സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല. (1കൊറി13:1-7) വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനില്‍ക്കുന്നു. എന്നാല്‍, സ്നേഹമാണ്‌ സര്‍വ്വോത്‌കൃഷ്‌ടം.”(1കൊറി13:12-13)

സ്നേഹത്തിനു വേണ്ടി ജീവൻ പോലും കൊടുക്കുന്ന ഒരു ദൈവത്തിന്റെ ചരിത്രമാണ് ക്രൈസ്തവന്റെ മൂലധനം. പ്രതിഫലം ആഗ്രഹിക്കാതെ സ്വജീവൻ പോലും നൽകുന്ന ആ സ്നേഹത്തിന്റെ അപാരത ദൈവത്തിലല്ലാതെ മറ്റാരിലും നമുക്ക് കാണാനാവില്ല. ഈ സ്നേഹത്തിന്റെ  ചിത്രമാണ് ഫ്രാൻസിസ് പാപ്പാ യുവജനങ്ങളോടു വിവരിക്കുന്നത്.

അറിയാത്ത നൊമ്പരങ്ങൾ

യുവജനങ്ങളുടെ ആത്മഹത്യകൾ നമ്മെ വല്ലാത തകർക്കുന്നവയാണ്. കാരണമില്ലാതെ ജീവനൊടുക്കിയവർ എന്ന് നാം പറയുമ്പോഴും നമുക്കറിയാം അവരുടെ ഉള്ളിലും ഒരു കാരണമുണ്ടായിരിക്കാമെന്ന സത്യം . ഇതിന്റെ പിന്നിൽ ഒന്ന് മാത്രം നാം തിരിച്ചറിയണം ഇത്രയും വലിയ ലോകത്തിൽ അവരെ കേൾക്കാൻ മുഴുവനായി മനസ്സിലാക്കാൻ പൂർണ്ണമായി അംഗീകരിക്കാൻ ആരുമില്ലായിരുന്നു. നാം ചിലരുടെ ആരൊക്കെയോയാണ് എന്ന് പറയുമ്പോഴും നാം ആരുമല്ലായിരുന്നുവെന്നും എല്ലാം തുറന്നു പറയുന്നത് നമ്മോടാണെന്നു നാം കരുതുമ്പോഴും നമ്മോടു പോലും പറയാത്ത പലതും ഉണ്ടായിരുന്നുവെന്ന് നമ്മുടെ പ്രിയപ്പെട്ടവരുടെ ആത്മഹത്യകൾ നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മൾ അറിയാത്ത നൊമ്പരങ്ങൾ ഒരോർത്തരുടെയും ഉള്ളിൽ ആരവമുയർത്തി കൊണ്ടിരിക്കുന്നു. അതിന്റെ ഭീകര ശബ്ദതരംഗങ്ങൾ ഒരു യുവാവിന്റെയോ ഒരു യുവതിയുടെയോ മനസ്സറകളെ ഇരുണ്ടതാകുന്നു. ആത്മാവ് നഷ്ടപ്പെട്ട അക്ഷരങ്ങളെ പോലുള്ള ഇവരുടെ ജീവിതം ഇങ്ങനെ കരിന്തിരി പോലെയായിത്തീരേണ്ടതില്ല.നമ്മുടെ സങ്കടങ്ങൾ എന്തൊക്കെയായാലും അവയെല്ലാം മടുക്കാതിരുന്നു കേൾക്കാൻ കഴിയുന്ന ഒരാൾ ദൈവം മാത്രമാണ്. അത്കൊണ്ടാണ് പാപ്പാ യുവജനങ്ങളെ നോക്കി ഏതവസ്ഥയിലായാലും ദൈവത്തിന് യുവജനങ്ങൾ അമൂല്യരാണെന്നും അവിടുത്തെ മുന്നിൽ ഒന്നു നിശബ്ദരായി ചെന്നിരിക്കാനും ആവശ്യപ്പെടുന്നത്.

സഹാനുഭൂതി നിറഞ്ഞ ദൈവത്തിന്റെ ഹൃദയം

“ദൈവത്തിന്റെ ഓർമ്മശക്തിയെ വിശ്വസിക്കുക. നമ്മുടെ വിവരങ്ങളെല്ലാം ശേഖരിച്ചു സൂക്ഷിക്കുന്ന ഹാർഡ് ഡിസ്ക്കല്ല അവിടുത്തെ ഓർമ്മശക്തി. അവിടുത്തെ ഓർമ്മശക്തി മൃദുലമായ സഹാനുഭൂതി കൊണ്ട് നിറഞ്ഞ ഒരു ഹൃദയമാണ്. പിന്നീട് സകല അടയാളങ്ങളും മായിച്ചു കളയുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഹൃദയം തന്നെ.” പ്രത്യാശയുടെ വാഗ്ദാനമാണ് പാപ്പാ നമ്മോടു പ്രത്യേകിച്ച് യുവജനങ്ങളോടു പങ്കു വയ്ക്കുന്നത്.  നമുക്ക് വേണ്ടി ക്ഷേമത്തിന്റെ പദ്ധതിയൊരുക്കുന്ന ദൈവത്തിന്റെ മനസ്സ് വെറുമൊരു ഹാർഡ് ഡിസ്ക്കല്ലെന്നും കരുണയുടെ മാംസമുളള ഹൃദയമാണെന്നും പറയുന്നു. നമ്മുടെ ജീവിതം ദൈവകരുണയാൽ മാത്രം നിലനിൽക്കുന്നതാണ്. ആ കരുണാദ്ര സ്നേഹത്തിൽ ആർക്കാണിടമില്ലാത്തത്. പാപിനിയായ സ്ത്രീയുടെ ജീവിതവും, പാപ്പാ തന്നെ മുൻഖണ്ഡികകളിൽ വിവരിച്ച വിശുദ്ധ പൗലോസിന്റെ ജീവിതവും അതിന് ഉദാഹരണമായി നമുക്ക് മനസ്സിൽ കാത്തു സൂക്ഷിക്കാം.

പാപം ചെയ്ത ഓരോ വ്യക്തിയും താൻ പാപം ചെയ്തു എന്ന് അനുതപിക്കുമ്പോൾ അവർ കടന്നു പോകുന്ന സംഘർഷങ്ങൾ ദൈവത്തിനല്ലാതെ മറ്റാർക്കും മനസ്സിലാക്കാൻ കഴിയുകയില്ല. ആ സംഘർഷങ്ങളുടെ വേളകളിൽ ദൈവം കാത്തിരിക്കുകയും കൂട്ടിരിക്കുകയും ചെയ്യുന്നു.  തെറ്റ് ചെയ്താൽ പോലും ശിക്ഷിക്കാതെ, അകറ്റിനിറുത്താതെ നമ്മെ തിരഞ്ഞു പിടിച്ചു തന്റെ മാറിലേക്ക് ചേർക്കുന്ന ദൈവത്തിന്റെ സ്നേഹ മഴയിലേക്ക് നനയാൻ പാപ്പാ വിളിക്കുന്നു. ഒരു കൂട്ട്കാരനോടെന്ന പോലെ യുവജനങ്ങൾക്ക് ദൈവത്തോടു തുറന്ന് പറയാൻ കഴിയണം. ദൈവവുമായി സൗഹൃദ സ്നേഹം വേണം. ദൈവമറിയാത്ത, ദൈവത്തോടു അറിയിക്കാത്ത ഒരു സംഭവവും നമ്മുടെ ജീവിതത്തിലുണ്ടാകരുത്. അതിസുന്ദരമായ ആ ദിവ്യസ്നേഹത്തിന്റെ ആർദ്രതയിൽ ആവോളം ദൈവത്തെ ആസ്വദിക്കാൻ കഴിയണം. അസ്സീസിയുടെ തെരുവീഥിയിൽ വച്ച് സ്വർഗ്ഗ പിതാവിന്റെ സ്നേഹത്താൽ ആവാഹിക്കപ്പെട്ട് ഉടുതുണി പോലും വേണ്ടെന്ന് വച്ച്  സ്വർഗ്ഗത്തെ പദം വച്ച് നീങ്ങിയ ഫ്രാൻസിസ് അസ്സീസിയുടെ ജീവിതവും എല്ലാ യുവജനങ്ങൾക്കും ദൈവസ്നേഹത്തിന്റെ സ്വാതന്ത്ര്യം അനുഭവിക്കാനുള്ള ഒരു പ്രചോദനമായി തീരാം. അതിനാൽ നമുക്ക് ഓരോരുത്തർക്കും പാപ്പായുടെ ഈ ആഹ്വാനം ഹൃദയപൂർവ്വം ശ്രവിക്കാം. ഇത് യുവാക്കൾക്ക് മാത്രമുള്ളതല്ല. ഹൃദയത്തിൽ ക്രൈസ്തവ വിശ്വാസത്തിന്റെ യുവത്വം നിലനിർത്താൻ ആഗ്രഹിക്കുന്ന സകലർക്കും ഉള്ളതാണ്

 "ഒരു നിമിഷം നിശബ്ദനായിരുന്നു അവിടുത്തെ സ്നേഹം അനുഭവിക്കാൻ സ്വയം അനുവദിക്കുക. ഉള്ളിലെ ശബ്ദം എല്ലാം നിശബ്ദതയാക്കുക. അവിടുത്തെ സ്നേഹപൂർണ്ണമായ ആശ്ലേഷത്തിൽ ഒരു നിമിഷം വിശ്രമിക്കുക."

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 November 2021, 09:52