ദുർബ്ബലരെ താങ്ങുന്ന സ്നേഹം.... ദുർബ്ബലരെ താങ്ങുന്ന സ്നേഹം....  

"ക്രിസ്തു ജീവിക്കുന്നു” : ആക്രമിക്കാത്ത, ആധിപത്യം പുലർത്താത്ത, ആദരവുള്ള, സ്വതന്ത്രമാക്കുന്ന സ്നേഹം: ദൈവം

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 116 ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനമാണ്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ശബ്ദരേഖ

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

നാലാം അദ്ധ്യായം

മഹത്തായ ഒരു സന്ദേശം എല്ലാ യുവജനങ്ങൾക്കും.

നാലാമത്തെ അദ്ധ്യായം ആരംഭിക്കുന്നതുതന്നെ സ്നേഹമാകുന്ന ദൈവം നിങ്ങളെ സ്നേഹിക്കുന്നു എന്ന് യുവജനങ്ങൾക്ക് ഉറപ്പു നൽകിക്കൊണ്ടാണ്.  ഉത്ഥിതനായ ക്രിസ്തുവിന്റെ ഹൃദയം നിറയ്ക്കുന്ന പരിശുദ്ധാത്മാവ്, നിങ്ങളുടെ (യുവജനങ്ങളുടെ) ജീവിതത്തിലേക്ക് ഒഴുകുകയാണെന്ന്  പാപ്പാ പറയുന്നു.

116. അവിടുന്ന് “ആക്രമണപരമല്ലാത്തതും, ഞെരുക്കാത്തതും, തള്ളിക്കളയാത്തതും, നിശബ്ദതയാക്കി മാറ്റാത്തതും, എളിമപ്പെടുത്താതും, ആധിപത്യം പുലർത്താത്തതുമായ സ്നേഹമാണ്. ഇത് കർത്താവിന്റെ സ്നേഹമാണ്. അനുദിനമുള്ള വ്യതിരിക്തമായ, ആദരവുള്ള സ്നേഹം. സ്വതന്ത്രവും,സ്വാതന്ത്ര്യം തരുന്നതുമായ സ്നേഹം. സുഖപ്പെടുത്തുകയും ഉയർത്തുകയും ചെയ്യുന്ന സ്നേഹം. കർത്താവിന്റെ സ്നേഹം തട്ടി വീഴുന്നതിനേക്കാൾ പിടിച്ചുയർത്തുന്നതാണ്. നിരോധിക്കുന്നതിനെക്കാൾ അനുരഞ്ജനപ്പെടുന്നതാണ്. ശപിക്കുന്നതിനേക്കാൾ പുതിയ മാറ്റങ്ങൾ നൽകുന്നതാണ്. കഴിഞ്ഞകാലത്തെക്കാൾ കൂടുതൽ ഭാവിയെ സംബന്ധിക്കുന്നതാണ്. (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

ഇന്ന് നാം പരിചിന്തനം ചെയ്യുന്ന ഖണ്ഡികയിൽ ഈ ലോകം നൽകുന്ന സ്നേഹത്തെ വെല്ലുവിളിക്കുന്ന ദൈവ സ്നേഹത്തെ കുറിച്ച് പാപ്പാ മനോഹരമായി പ്രബോധിപ്പിക്കുന്നു. ദൈവസ്നേഹത്തിന്റെ ഒരു മഹാകാവ്യമാണ് പാപ്പാ ഇവിടെ എഴുതി വയ്ക്കുന്നത്.

ആക്രമണപരമല്ലാത്തതും ഞെരുക്കാത്തതും തള്ളിക്കളയാത്തതുമായ സ്നേഹം

കായേന്റെ കഥയിലൂടെ  ഒരു ഓട്ടപ്രദക്ഷിണം ഇത്തരം ഒരു സ്നേഹത്തിന്റെ തെളിവായി നമുക്ക് കണ്ടെത്താം.“ഒരിക്കല്‍ കായേന്‍ തന്റെ വിളവില്‍ ഒരു ഭാഗം കര്‍ത്താവിനു കാഴ്‌ച സമര്‍പ്പിച്ചു.ആബേല്‍ തന്റെ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂല്‍ക്കുഞ്ഞുങ്ങളെയെടുത്ത്‌ അവയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍ അവിടുത്തേക്കു കാഴ്‌ചവച്ചു. ആബേലിലും അവന്റെ കാഴ്‌ച വസ്‌തുക്കളിലും അവിടുന്നു പ്രസാദിച്ചു. എന്നാല്‍ കായേനിലും അവന്റെ കാഴ്‌ച വസ്‌തുക്കളിലും അവിടുന്നു പ്രസാദിച്ചില്ല. ഇതു കായേനെ അത്യധികം കോപിപ്പിച്ചു. (ഉല്‍പ്പ 4:3-5).ഒരു ദിവസം കായേന്‍ തന്റെ സഹോദരന്‍ ആബേലിനോടു പറഞ്ഞു: നമുക്കു വയലിലേക്കു പോകാം. അവര്‍ വയലിലായിരിക്കേ കായേന്‍ ആബേലിനോടു കയര്‍ത്ത്‌ അവനെകൊന്നു. (ഉല്‍പ്പ 4:8).കര്‍ത്താവു കായേനോടു പറഞ്ഞു: നീയെന്താണു ചെയ്‌തത്‌? 

നിന്റെ കൈയില്‍നിന്നു നിന്റെ സഹോദരന്റെ രക്‌തം കുടിക്കാന്‍ വായ്‌ പിളര്‍ന്ന ഭൂമിയില്‍ നീ ശപിക്കപ്പെട്ടവനായിരിക്കും. കൃഷിചെയ്യുമ്പോള്‍ മണ്ണു നിനക്കു ഫലംതരുകയില്ല. നീ ഭൂമിയില്‍ അലഞ്ഞുതിരിയുന്നവനായിരിക്കും. കായേന്‍ കര്‍ത്താവിനോടു പറഞ്ഞു: എനിക്കു വഹിക്കാവുന്നതിലും വലുതാണ്‌ ഈ ശിക്‌ഷ. ഇന്ന്‌ അവിടുന്ന്‌ എന്നെ ഈ സ്‌ഥലത്തുനിന്ന്‌ ആട്ടിപ്പായിച്ചിരിക്കുന്നു. അവിടുത്തെ സന്നിധിയില്‍നിന്നു ഞാന്‍ ഒളിച്ചു നടക്കണം. ഞാന്‍ ഭൂമിയില്‍ ഉഴലുന്നവനായിരിക്കും. കാണുന്നവരെല്ലാം എന്നെ കൊല്ലാന്‍ നോക്കും. കര്‍ത്താവു പറഞ്ഞു: ഒരിക്കലുമില്ല. കായേനെ കൊല്ലുന്നവന്റെ മേല്‍ ഏഴിരട്ടിയായി ഞാന്‍ പ്രതികാരംചെയ്യും. ആരും കായേനെ കൊല്ലാതിരിക്കാന്‍ കര്‍ത്താവ്‌ അവന്റെ മേല്‍ ഒരടയാളം പതിച്ചു.” (ഉല്‍പ്പ 4:10-15).

ശിക്ഷയർഹിക്കുന്ന ഒരു മഹാപാതകം ചെയ്തവനോടു അവന്റെ സങ്കടം കേട്ട് ആശ്വാസം പകരുന്ന ഒരു ദൈവത്തിന്റെ മുഖമാണീ കഥയിൽ. കായേൻ തന്റെ സഹോദരനോടു ചെയ്ത ക്രൂരതയ്ക്ക് ദൈവം ശിക്ഷ നൽകിയപ്പോൾ തനിക്ക് വഹിക്കാവുന്നതിനും വലിയ വേദനയാണ് ദൈവത്തിന്റെ ശിക്ഷ എന്ന് കായേൻ കരയുന്നു.  എന്നാൽ ദൈവം അവന്റെ മേൽ ഒരടയാളം പതിച്ച് കായേനെ കൊല്ലുന്നവന്റെ മേൽ ഏഴിരട്ടിയായി പ്രതികാരം ചെയ്യുമെന്ന് പറഞ്ഞ് അവനെ സംരക്ഷിക്കുന്നു. കൊലപാതകിക്കും ജീവന്റെ വില എന്തെന്ന് മനസ്സിലാക്കിക്കൊടുക്കുന്ന ദൈവം. ഇവിടെ ശിക്ഷ യഥാർത്ഥത്തിൽ രക്ഷയുടെ വഴിയാക്കി മാറ്റുകയാണ് ദൈവസ്നേഹം. താൻ സൃഷ്ടിച്ച ജീവൻ അത്ര വിലപ്പെട്ടതാണ്. അത് എല്ലാവർക്കും അവകാശമുള്ള ദാനമാണ്. അതിനാൽ കായേന് ജീവന്റെ വിലയെന്തെന്ന് അവന്റെ ജീവൻ പകരമെടുത്തല്ല, അവനെ തള്ളിക്കളഞ്ഞുമല്ല മറിച്ച്  അത് സംരക്ഷിച്ചു കൊണ്ടാണ് ദൈവം തന്റെ സ്നേഹം പ്രകടമാക്കിയത്.

അനീതിയും, അക്രമവും, രാഷ്ട്രീയ കൊലപാതകങ്ങളും, സ്ത്രീ പീഡനങ്ങളും, അതിർത്തി തർക്കങ്ങളും നിറഞ്ഞാടി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിന്റെ സാക്ഷികളായി നാമിന്ന് ജീവിക്കുമ്പോൾ സ്നേഹത്തിന്റെ അനേകം പൊയ്മുഖങ്ങളെ നമുക്ക് കാണുവാൻ കഴിയും. പക വീട്ടുന്ന മനുഷ്യൻ. സ്നേഹത്തിന്റെ മറവിൽ വഞ്ചന നടത്തുന്നവൻ, സ്നേഹത്തിന്റെ കണക്കു പട്ടിക നിരത്തുന്നവ൯. നിബന്ധനകൾ വച്ച് നീട്ടി സ്നേഹത്തിന് വിലയിടുന്ന മാതാപിതാക്കൾ, അവരെ പാഠം പഠിപ്പിക്കുന്ന മക്കൾ. ദൈവനാമം പോലും പകയ്ക്ക് കാരണമാക്കി ഇതര മതസ്ഥരെ വാക്കുകൊണ്ടും, ആയുധം കൊണ്ടും  ആക്രമിക്കുന്ന "വിശ്വാസികൾ ", അമിതമായ ജോലിക്ക് അർഹിക്കുന്ന വേദനം നിഷേധിക്കുന്ന മുതലാളികൾ, മതിവരുവോളം ഉപയോഗിച്ച് സ്വന്തം മാതാപിതാക്കളെയും, കൂടപിറപ്പുകളെയും ചവറ്റ് കൊട്ടയിൽ വലിച്ചെറിയുന്നവർ, അവഗണിക്കുന്നവർ. ഇവർക്കൊപ്പം ജീവിക്കുമ്പോൾ ദൈവസ്നേഹത്തിന്റെ വ്യത്യസ്ത നിറം ധ്യാനിക്കേണ്ടതും അതിനോടു  പ്രതികരിക്കേണ്ടതും നമ്മുടെ ജീവിതത്തെ വ്യത്യസ്തമായ ആ കണ്ണാടിയിലൂടെ കാണേണ്ടതും എത്ര പ്രധാനമെന്ന് ഓർമ്മിപ്പിക്കുകയാണ് പാപ്പാ.

നിശബ്ദതയാക്കി മാറ്റാത്തതും എളിമപ്പെടുത്താതുമായ  സ്നേഹം

ഇത്തരം ഒരു അനുഭവമാണ് സൂസന്നയുടെ ജീവിതത്തിലൂടെ വിശുദ്ധ ഗ്രന്ഥം നമുക്ക് കാണിച്ചുതരുന്നത്. “സൂസന്ന അത്യുച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: നിത്യനായ ദൈവമേ, രഹസ്യങ്ങളെ വിവേചിക്കുന്നവനേ, വസ്‌തുക്കള്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ അവയെ അറിയുന്നവനേ, ഇവര്‍ എനിക്കെതിരേ കള്ളസാക്ഷ്യം പറഞ്ഞെന്ന്‌ അങ്ങ്‌ അറിയുന്നുവല്ലോ. ഞാനിതാ മരിക്കാന്‍ പോകുന്നു. എങ്കിലും എനിക്കെതിരേ ദുഷ്‌ടതയോടെ ആരോപിച്ചിരുന്ന കാര്യങ്ങളിലൊന്നും ഞാന്‍ ചെയ്‌തിട്ടില്ല. (ദാനി13 :42-43) കര്‍ത്താവ്‌ അവളുടെ നിലവിളി കേട്ടു. അവള്‍ കൊലക്കളത്തിലേക്കു നയിക്കപ്പെട്ടപ്പോള്‍ ദാനിയേലെന്നു പേരുള്ള ഒരു ബാലന്റെ പരിശുദ്ധമായ ആത്‌മാവിനെ കര്‍ത്താവ്‌ ഉണര്‍ത്തി. (ദാനി13:44-45) അവര്‍ കള്ളസാക്‌ഷ്യം പറയുന്നെന്ന്‌ അവരുടെ വാക്കുകൊണ്ടുതന്നെ ദാനിയേല്‍ തെളിയിച്ചു.” (ദാനി13:61)

തങ്ങൾക്കെതിരെ നിൽക്കുന്നവരെ തകർക്കാൻ, തങ്ങളുടെ സ്വാർത്ഥതയ്ക്കു വഴങ്ങാത്തവരെ നശിപ്പിക്കാൻ മനുഷ്യൻ ആവിഷ്കരിക്കുന്ന തന്ത്രങ്ങൾ നിരവധിയാണ്.  അവരെ ദുർബ്ബലരാക്കി നിശബ്ദരാക്കാക്കുകയാണ് ലക്ഷ്യം. എന്നാൽ മനുഷ്യനിൽ നിക്ഷിപ്തമായിരിക്കുന്ന ധന, അധികാര മേലാളിത്തങ്ങൾ ദുർബ്ബലർക്ക് കൈ കൊടുത്ത് അവരെ ഉയർത്താനുള്ളതാണ് എന്ന സത്യം മനപ്പൂർവ്വം മറന്ന് അവയെ അടിച്ചമർത്തലിന്റെ ഉപകരണങ്ങളാക്കുമ്പോൾ ദൈവം ദുർബ്ബലന്റെ സ്വരത്തിന് ചെവികൊടുക്കും. അവന്റെ സഹായത്തിനെത്തും. സൂസന്നയുടെ അനുഭവം നമ്മുടേതുമല്ലേ? അതിലെ ഓരോ കഥാപാത്രങ്ങളിലും നമ്മുടെയൊക്കെ മുഖങ്ങളില്ലേ?

ഇവിടെ ദുർബ്ബലരുടെ നിലവിളി ശ്രവിച്ച് അവരുടെ ജീവിക്കാനുള്ള അവകാശത്തെ നിശബ്ദമാക്കാത്ത മറ്റുള്ളവരുടെ മുന്നിൽ അവരുടെ അന്തസ്സുരിഞ്ഞു മാറ്റി അവരെ എളിമപ്പെടുത്താത്ത ദൈവസ്നേഹത്തിന്റെ വ്യക്തമായ ഇടപെടൽ ദാനിയേൽ എന്ന ബാലനിലൂടെ വെളിവാക്കപ്പെടുന്നു.

കഴിഞ്ഞ ഡിസംബർ മാസത്തിൽ പാപ്പാ ആഫ്രിക്കൻ - അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ ന്യായാധിപൻമാരെ അഭിസംബോധന ചെയ്ത വീഡിയോ സന്ദേശത്തിൽ അവകാശങ്ങൾ നിഷേധിക്കുന്നവർക്കെതിരേയും, മറ്റുള്ളവരെ അടിമകളാക്കി ഉപയോഗിച്ച് അവരുടെ അന്തസ്സ് കവർന്നെടുക്കുന്ന സംസ്കാരത്തിനെതിരെയും പോരാടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചു. പാവപ്പെട്ടവന് ആവശ്യമായത് നൽകുമ്പോൾ, നമ്മൾ നമുക്കോ, മറ്റുള്ളവർക്കോ അവകാശപ്പെട്ടത് നിഷേധിക്കുകയല്ല മറിച്ച് ദരിദ്രന് അവന്റെതായവ അവനെ തിരിച്ചേല്പിക്കുകയാണ് എന്ന് മനസ്സിലാക്കി നിയമം നടപ്പാക്കുന്നവനാണ് നീതിമാൻ എന്ന് ഫ്രാൻസിസ് പാപ്പാ ഊന്നിപറഞ്ഞു. ദൈവസ്നേഹത്തിന്റെ മനോഭാവം എടുത്തണിയാനുള്ള ഒരാഹ്വാനമാണ് ഫ്രാൻസിസ് പാപ്പാ നമ്മോടും ആവശ്യപ്പെടുന്നത്.  ആ ദൈവസ്നേഹാനുഭവം നമ്മെ ചൂഷകരാക്കുകയില്ല മറിച്ച് ലോകത്തിൽ തഴയപ്പെടുന്ന എളിയവരുടെ ശബ്ദമായി ജീവിക്കാനും നിസ്സഹായരെ ഒരിക്കലും നിസ്സാരരാക്കാത്ത ദൈവസ്നേഹത്തെ പങ്കു വയ്ക്കാനും  നമ്മെ പ്രേരിപ്പിക്കും.

ആധിപത്യം പുലർത്താത്തതും ആദരവുള്ളതുമായ സ്നേഹം

സുവിശേഷത്തിലെ വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയുടെ അനുഭവം എന്തായിരുന്നു? അത്തരം ഒരു സത്രീക്ക് ലോകത്തിൽ എവിടെയാണ് ആദരവ് ലഭിച്ചിട്ടുള്ളത്? “വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്‌ത്രീയെ നിയമജ്ഞരും ഫരിസേയരുംകൂടെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്ന്‌ നടുവില്‍ നിര്‍ത്തി. അവര്‍ അവനോടു പറഞ്ഞു: ഗുരോ, ഈ സ്‌ത്രീ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവളാണ്‌. ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ്‌ മോശ നിയമത്തില്‍ കല്‍പിച്ചിരിക്കുന്നത്‌. നീ എന്തു പറയുന്നു? (യോഹ.8:3-5) അവര്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നതിനാല്‍ അവന്‍ നിവര്‍ന്ന്‌ അവരോടു പറഞ്ഞു: നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ. (യോഹ.8:3-7).എന്നാല്‍, ഇതുകേട്ടപ്പോള്‍ മുതിര്‍ന്നവര്‍ തുടങ്ങി ഓരോരുത്തരായി സ്‌ഥലം വിട്ടു. ഒടുവില്‍ യേശുവും നടുവില്‍ നിന്നിരുന്ന ആ സ്‌ത്രീയും മാത്രം ശേഷിച്ചു. യേശു നിവര്‍ന്ന്‌ അവളോടു ചോദിച്ചു: സ്‌ത്രീയേ, അവര്‍ എവിടെ? ആരും നിന്നെ വിധിച്ചില്ലേ? അവള്‍ പറഞ്ഞു: ഇല്ല, കര്‍ത്താവേ! യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്‌”.(യോഹ 8:9-11)

യേശുവിന്റെയും, സമൂഹത്തിന്റെയും മുന്നിൽ ഉരിയാടാനാവാതെ കുനിഞ്ഞ ശിരസ്സുമായി ആ സ്ത്രീ നിൽക്കുമ്പോൾ അവൾ അവിടെ കണ്ട ചില നിഴൽ രൂപങ്ങളുണ്ടായിരുന്നു. അവളോടൊപ്പം പാപം ചെയ്തിട്ടും, കല്ലോങ്ങി നിന്ന ചില രൂപങ്ങൾ. ആ  നിഴലുകളിൽ ഒളിഞ്ഞിരുന്ന കാപട്യത്തെ ക്രിസ്തു തിരിച്ചറിയുകയും ചെയ്യുന്നു. ശക്തനായവനെ വീഴ്ത്താ൯ ദുർബ്ബലനെ ഉപകരണമാക്കുന്ന മനുഷ്യ കുതന്ത്രം. ഇവിടെ ദൈവത്തെ കുറ്റപ്പെടുത്താനുള്ള മനുഷ്യന്റെ വക്രതയ്ക്കു വേണ്ടി ആ സ്ത്രീയെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. യഥാർത്ഥത്തിൽ അവൾ ഇവിടെയും വ്യഭിച്ചിരിക്കപ്പെടുകയാണ്. ദുർബ്ബലന്റെ മരണം പോലും വ്യഭിചരിക്കുന്ന മനുഷ്യന്റെ ക്രൂരത.

ദൈവ സ്നേഹത്തിന്റെ പര്യായമാണ് കരുണ. കരുണ എഴുതിയ നിലത്തെഴുത്തിലൂടെയാണ് അവൾക്ക് ക്രിസ്തു ജീവിക്കുവാനുള്ള ശക്തി നൽകിയത്. ആ ശക്തിയില്‍ അവള്‍ പിടഞ്ഞെഴുന്നേറ്റു. പ്രത്യാശയുടെ ശിഷ്യയായി മാറി. ക്രിസ്തുവിന്റെ  മുറിവുകളെ സ്വന്തം കണ്ണുകൊണ്ട് കണ്ടും കുരിശിൻ ചുവട്ടിൽ തന്റെ  സ്നേഹത്തെ പ്രകടിപ്പിച്ചും ഉത്ഥിതനെ കണികാണാൻ അനുഗ്രഹം ലഭിച്ചവളാണ് മഗ്ദലേനാ മറിയമെന്ന ആ സ്ത്രീയെന്ന് നാം വിശ്വസിക്കുന്നു. ഗുരുവിന്റെ നിര്യാണത്തിൽ മനം നൊന്ത് പ്രത്യാശ ഇല്ലാത്തവരായി ശിഷ്യന്മാർ ഉപേക്ഷിച്ച വലകൾ തിരഞ്ഞപ്പോൾ പോലും പ്രത്യാശയുടെ സുഗന്ധ കൂട്ടുമായി മഗ്ദലേനാമറിയം ഗുരുവിനെ തിരഞ്ഞു നടന്നു. അപരിചിതനായ തോട്ടക്കാരനോടു പോലും തന്റെ ഗുരുവിനെപ്പറ്റിയാണ് അവൾ അന്വേഷിച്ചത്. അവളുടെ കാത്തിരിപ്പിനും കരച്ചിലിനും ക്രിസ്തു ഉത്തരം നൽകി. ആർദ്രതയോടെ അവളെ ‘മറിയം’ എന്ന് വിളിച്ച് ക്രിസ്തു അവളുടെ സ്നേഹത്തിന് പ്രതിസമ്മാനം നൽകുന്നു. വിശ്വാസികളായ നമ്മോടു ദൈവം ആവശ്യപ്പെടുന്നത് ദൈവത്തിന്റെ ജനമായിരിക്കാനാണ്, അല്ലാതെ ദൈവത്തിന് പ്രമാണം പറഞ്ഞു കൊടുക്കാനല്ല. ആധിപത്യമല്ല സ്നേഹം ആദരവാണെന്ന് യേശു കാണിച്ചുതരുന്നു. ഏതവസ്ഥയിലും ദൈവത്തിന്റെ മുന്നിൽ നമ്മൾ തഴയപ്പെടില്ല. ആദരവും ആർദ്രതയുമാർന്ന ആ സ്നേഹകരവലയത്തിന്റെ ആശ്ലേഷം ഒരിക്കലും നഷ്ടപ്പെടാത്ത നിധിയാണെന്ന് തിരിച്ചറിയാനുള്ള ക്ഷണമാണ് പാപ്പാ നടത്തുന്നത്. സത്യത്തിൽ സ്നേഹം അടിമപ്പെടുത്തുകയല്ല സ്വതന്ത്രമാക്കുകയാണ് ചെയ്യുക എന്ന് അവളെയും സമൂഹത്തേയും ബോധ്യപ്പെടുത്തുകയായിരുന്നു യേശു. ദൈവസ്നേഹത്തിന്റെ മറ്റൊരു തലമാണിത്.

നിരോധിക്കാത്ത, അനുരഞ്ജനപ്പെടുത്തുന്ന, ശപിക്കാത്ത സ്നേഹം

നമുക്ക് കാണിച്ചുതരുന്ന ദൈവസ്നേഹം അനുരജ്ഞനത്തിന്റെ ആഴങ്ങളിൽ തഴയാത്ത, ശപിക്കാത്ത സ്നേഹമാണ്. തന്റെ വാക്കു പോലും സ്നേഹത്തിനു വേണ്ടി മാറ്റുന്ന, സ്വയം ഖേദിച്ച് തിരുത്താൻ മടിക്കാത്ത ദൈവം. “യോനാ, നഗരത്തില്‍ കടന്ന്‌ ഒരു ദിവസത്തെ വഴി നടന്നു. അനന്തരം, അവന്‍ വിളിച്ചു പറഞ്ഞു: നാല്‍പതു ദിവസം കഴിയുമ്പോള്‍ നിനെവേ നശിപ്പിക്കപ്പെടും. നിനെവേയിലെ ജനങ്ങള്‍ ദൈവത്തില്‍ വിശ്വസിച്ചു. അവര്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവരും ചെറിയവരും ഒന്നുപോലെ ചാക്കുടുത്തു.(യോനാ 3:4-5). തങ്ങളുടെ ദുഷ്‌ടതയില്‍നിന്ന്‌ അവര്‍ പിന്‍തിരിഞ്ഞു എന്നു കണ്ട്‌ ദൈവം മനസ്സുമാറ്റി; അവരുടെമേല്‍ അയയ്‌ക്കുമെന്നു പറഞ്ഞ തിന്‍മ അയച്ചില്ല.” (യോനാ3:10).

പകരത്തിനു പകരം വീട്ടുന്ന ദൈവമല്ല നമ്മുടെ ദൈവം. തെറ്റ് ചെയ്യുമ്പോൾ അനുതപിക്കാൻ അവസരങ്ങൾ നൽകുകയും പശ്ചാത്തപിച്ചു മടങ്ങി വരുമ്പോൾ  തെറ്റ് ചെയ്തവനായല്ല എല്ലാം മറന്ന് വാരിപ്പുണർന്ന് സ്വീകരിക്കുന്ന ദൈവമാണ് നമ്മുടേത്. അനുതപിക്കുന്ന ഹൃദയത്തിന്റെ വേദനയ്ക്ക് കരുണയുടെ മരുന്ന് നൽകുന്നവനാണ് ദൈവം. ഈ സ്നേഹാനുഭവം നമ്മെ നിർബന്ധിക്കുന്ന ഒരു സത്യമുണ്ട്. നാം അനുഭവിച്ചത് പങ്കുവയ്ക്കാൻ. നമ്മോടു ദൈവം ഇത്രമാത്രം കരുണ കാണിക്കുമ്പോൾ അതേ ദൈവത്തിന്റെ തന്നെ മക്കളായ സഹോദരങ്ങളോടു നാം എത്ര മാത്രം കരുണയുള്ളവരായിരിക്കണം എന്ന് പാപ്പായുടെ ഈ പ്രബോധനം നമ്മെ പഠിപ്പിക്കുന്നു.

സ്വാർത്ഥതയും ഭിന്നതയും നിറഞ്ഞ ഒരു ലോകത്തിൽ, കലര്‍പ്പില്ലാതെ സ്വയം നൽകുന്ന സ്നേഹത്തിന്റെ  ശ്രേഷ്ഠമായ സുഗന്ധം ആവശ്യമാണ്.  നമ്മുടെ മനസ്സിനെയും ഹൃദയത്തെയും നമ്മുടെ അസ്തിത്വത്തിന്റെ  ശ്രേഷ്ഠമായ അര്‍ത്ഥതലങ്ങളിലേക്ക് തുറക്കാന്‍  നമുക്ക് സാധിക്കണമെന്നും പാപ്പാ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അനിശ്ചിതത്വങ്ങളും, സംശയങ്ങളും, ക്ലേശങ്ങളും, മഹാമാരിയും നിറഞ്ഞ ഈ കാലഘട്ടം എല്ലാവരെയും പ്രത്യേകിച്ച് യുവജനങ്ങളെയും അവരുടെ ദൗത്യങ്ങളെയും സാരമായി ബാധിച്ചുവെന്നും നാം മനസ്സിലാക്കണം. ഈ കാരണത്താൽ പ്രത്യാശയുടെ സന്ദേശമാണ് ദൈവസ്നേഹത്തിന്റെ വിവിധ വശങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പാ നൽകുന്നത്.

ദൈവത്തിന്റെ സ്നേഹം നമുക്ക് ധ്യാനിക്കാം. നമ്മുടെ ജീവിതത്തിലെ ദൈവസ്നേഹാനുഭവങ്ങളിലൂടെ ഒന്ന് കടന്നു പോകാം. വിശുദ്ധ ഗ്രന്ഥത്തിന്റെയും സുവിശേഷങ്ങളുടേയും തെളിച്ചത്തിൽ അവയിലേക്ക് ഒരു പുനർ പര്യടനം നടത്താം. അപ്പോൾ നമുക്ക് തിരിച്ചറിയാൻ കഴിയും ഭൂതകാലത്തിൽ ദൈവം  നമ്മെ കരുതിയ വഴികൾ ഭാവി  വെല്ലുവിളികൾക്കായുള്ള ഒരു പാഠശാലയായിരുന്നു എന്ന്. ഇവ നമ്മെ ക്രൈസ്തവ ജീവിതത്തിലേക്ക് പൂർവ്വാധികം പ്രതിബദ്ധതയുള്ളവരാക്കും. സുവിശേഷ സന്തോഷത്തിന്റെ പ്രഘോഷകരും പ്രവാചകരുമാക്കും.  

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 November 2021, 13:59