തിരയുക

ലോക യുവജന ദിനത്തിൽ ഫ്രാൻസിസ് പാപ്പാ...(ഫയൽ ചിത്രം) ലോക യുവജന ദിനത്തിൽ ഫ്രാൻസിസ് പാപ്പാ...(ഫയൽ ചിത്രം) 

"ക്രിസ്തു ജീവിക്കുന്നു”:നിനക്ക് മാത്രം ലോകത്തിന് നൽകാൻ കഴിയുന്ന സംഭാവനയുണ്ട്

"Christus Vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 109 ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

ശബ്ദരേഖ

മൂന്നാം അദ്ധ്യായം

നിങ്ങൾ ദൈവത്തിന്റെ "ഇപ്പോൾ" ആകുന്നു

മൂന്നാമത്തെ അദ്ധ്യായം ഇന്നത്തെ യുവജനങ്ങളുടെ അവസ്ഥ വിവരിക്കുന്നു: അനേകം യുവജനങ്ങൾ പ്രത്യയശാസ്ത്രങ്ങളാൽ പിടിക്കപ്പെടുന്നു. മറ്റുള്ളവരെ നശിപ്പിക്കാനോ ഭയപ്പെടുത്താനോ പരിഹസിക്കാനോ അവരെ ഉപയോഗിക്കുന്നു. അവരിൽ അനേകർ വ്യക്തി പ്രാധാന്യവാദികളായി തീരുന്നു. മറ്റുള്ളവരോടു ശത്രുതയോ അവിശ്വസ്ഥതയോ കാണിക്കുന്നു. അവർ അങ്ങനെ രാഷ്ടീയ ഗ്രൂപ്പുകളുടേയും സാമ്പത്തിക ശക്തികളുടേയും മൃഗീയവും നാശോന്മുഖവുമായ തന്ത്രങ്ങൾക്ക് എളുപ്പമുള്ള ലക്ഷ്യമായി തീരുന്നു. കുടിയേറ്റക്കാരുടെ നിസ്സഹായത, ദുരുപയോഗിക്കപ്പെട്ട ഇരകൾ എന്നിങ്ങനെയുള്ള കറുത്ത പാടുകൾക്ക് മദ്ധ്യേയും തന്റെ സഭയെ ഒരിക്കലും ഉപേക്ഷിക്കാത്ത കർത്താവായ യേശുവിലേക്ക് ഈ അദ്ധ്യായം വിരൽചൂണ്ടുന്നു.

ഇന്ന് നാം വിചിന്തിനം ചെയ്യുന്ന ഖണ്ഡികയിൽ പാപ്പാ ഇങ്ങനെ പറയുന്നു.

109. പ്രായത്തിൽ ചെറുപ്പമാണെങ്കിലും ദുർബ്ബലനോ, ക്ഷീണിതനോ, സ്വപ്‌നരഹിതനോ ആയി തോന്നുന്നുണ്ടെങ്കിൽ നിന്നെ നവീകരിക്കാൻ യേശുവിനോടു യാചിക്കുക. അവിടത്തോടു കൂടിയാണെങ്കിൽ പ്രത്യാശ ഒരിക്കലും ഇല്ലാതാവുകയില്ല. ദുർഗ്ഗുണങ്ങളാലോ ദുശ്ശീലങ്ങളാലോ സ്വാർത്ഥതയാലോ ഗുണകരമല്ലാത്ത നേരം പോക്കുകളാലോ കീഴടക്കപ്പെട്ടുവെന്ന് തോന്നുന്നുവെങ്കിൽ നിനക്ക് അങ്ങനെ തന്നെ ചെയ്യാം. നിന്റെ യൗവ്വനത്തെ വിലപ്പെട്ടതാക്കുന്നത്തിനു നിന്നെ സഹായിക്കാൻ ജീവൻ തുളുമ്പുന്ന യേശു ആഗ്രഹിക്കുന്നു. അങ്ങനെ നിന്റെ അനന്യതയിലും മൗലികതയിലും നിനക്ക് മാത്രം ലോകത്തിനായി നൽകാൻ കഴിയുന്ന സംഭാവന ലോകത്തിനു നഷ്ടപ്പെടുകയില്ല. (കടപ്പാട്. പി.ഒ.സി പ്രസീദ്ധീകരണം).

ശാശ്വതമായ പ്രത്യാശ നൽകാൻ കഴിയുന്ന ഒരാൾ ക്രിസ്തു മാത്രം

"പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും നിങ്ങൾക്കു ലഭിക്കുമെന്ന് വിശ്വസിക്കുവിൻ; നിങ്ങൾക്ക് അത് ലഭിക്കുക തന്നെ ചെയ്യും" (മർക്കോ.11:24) എന്ന് ക്രിസ്തു നമ്മോടു പറയുന്നു. ഈ തിരുവചനത്തെ അനുസ്മരിച്ചു കൊണ്ടാകണം ഫ്രാൻസിസ് പാപ്പായും നമ്മുടെ നിസ്സഹായാവസ്ഥയിൽ നമ്മെ സഹായിക്കാൻ യേശുവിനോടു അപേക്ഷിക്കാൻ ആഹ്വാനം ചെയ്യുന്നത്. ജീവിതത്തിന്റെ ചില യാഥാർത്ഥ്യങ്ങളെ നാം അംഗീകരിക്കണം. എപ്പോഴും നമുക്ക് സന്തോഷപൂർവ്വം ജീവിക്കാൻ സാധിക്കുകയില്ല. രാവും പകലും, ഋതുക്കളും പോലെ ജീവിതത്തിലും കാലങ്ങളുണ്ട്. അവ ചിലപ്പോൾ നമ്മുടെ ജീവിതത്തെ സാരമായി ബാധിച്ചേക്കാം.

അപ്പോഴാണ് നാം ഒരുപാട് തകരുകയും നമ്മുടെ ഇച്ഛാശക്തി ചോർന്നു പോകുകയും ശാരീരികമായി തളർന്നു പോകുകയും ചെയ്യുന്നത്. ഒരു കവി പറയുന്നത് ഇങ്ങനെയാണ് ഒരു പൂ വിരിയുന്നത് കണ്ടു വസന്തം ആരംഭിച്ചുവെന്നും ഒരു പൂ കൊഴിയുന്നത് കണ്ട് വസന്തം അവസാനിച്ചുവെന്നും ഓർക്കരുത്‌.

ഒന്നും ചെയ്യാനാവാതെ എന്തിനു ചിന്തകൾക്കു പോലും ജീവനില്ലാതെയാകുന്ന നിമിഷങ്ങൾ എല്ലാവരിലും സംഭവിക്കാം. യുവജനങ്ങളിൽ പ്രത്യേകിച്ചും.  അതുകൊണ്ടാണ് ഈ ഖണ്ഡികയുടെ ആരംഭത്തിൽ പാപ്പാ യുവത്വത്തിൽ തന്നെ ക്ഷീണിതരായി എന്ന് തോന്നുമ്പോൾ യേശുവിനെ സമീപിക്കാൻ ആവശ്യപ്പെടുന്നത്. കാരണം ജീവിതത്തിന്റെ ഏകാന്ത നിമിഷങ്ങളിൽ  ജീവിതങ്ങളെ ശക്തിപ്പെടുത്താൻ ശാശ്വതമായ പ്രത്യാശ നൽകാൻ ഒരാൾക്ക് മാത്രമേ കഴിയൂ. അത് ക്രിസ്തുവിനു മാത്രമാണ്‌.

വിശുദ്ധ പൗലോസ്: ക്രിസ്തു തൊട്ട യുവാവ്

ക്രിസ്തു തൊട്ട ഒരു യുവാവായിരുന്നു വിശുദ്ധ  പൗലോസ് അപ്പോസ്തലൻ. അദ്ദേഹം ജീവിതത്തിൽ ഒരു മുള്ളുണ്ടെന്നും അത് നീക്കി തരണമെന്നും ക്രിസ്തുവിനോടു പറഞ്ഞപ്പോൾ  ക്രിസ്തു അവന് തന്റെ കൃപ മാത്രം മതി എന്നാണ്  ഉത്തരം നൽകിയത്. ആ ഉത്തരത്തിൽ നിന്നും ക്രിസ്തുവിന്റെ ശക്തിപ്പെടുത്തുന്ന സാന്നിധ്യം അനുഭവിച്ച പൗലോസ് പിന്നീട് പറഞ്ഞത് “എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം ചെയ്യാൻ  സാധിക്കും” എന്നാണ്. മുള്ളുകൾ എടുത്തു മാറ്റാൻ കഴിവുള്ള ദൈവം മുള്ളനുഭവങ്ങളിലൂടെ കടന്നു പോകാൻ അനുവദിച്ചാലും അവിടുന്ന് നമ്മെ താങ്ങുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ ജീവിതത്തിലൂടെ നമുക്ക് വ്യക്തമായി കാണാൻ സാധിക്കും.

ഇന്ന് നാം പരിചിന്തനം ചെയ്യുന്ന ഈ ഖണ്ഡികയിൽ പാപ്പാ ഇങ്ങനെ പറയുന്നു. “ദുർഗ്ഗുണങ്ങളാലോ ദുശ്ശീലങ്ങളാലോ സ്വാർത്ഥതയാലോ ഗുണകരമല്ലാത്ത നേരം പോക്കുകളാലോ കീഴടക്കപ്പെട്ടുവെന്ന് തോന്നുന്നുവെങ്കിൽ നിന്റെ യൗവ്വനത്തെ വിലപ്പെട്ടതാക്കുന്നത്തിനു നിന്നെ സഹായിക്കാൻ ജീവൻ തുളുമ്പുന്ന യേശു ആഗ്രഹിക്കുന്നു.” ഇവിടെയും വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ ജീവിതം നമുക്ക് ഉത്തരം നൽകുന്നുണ്ട്. അദ്ദേഹം പറയുന്നു.  "ഞാൻ ഇച്ഛിക്കുന്ന നന്മയല്ല; ഇച്ഛിക്കാത്ത തിന്മയാണ് ചെയ്യുന്നത്. (റോ.7:19). അതിന്റെ കാരണം ശരീരത്തിന്റെ പ്രവണതകൾക്കനുസരിച്ചു നാം ചരിക്കുന്നത് കൊണ്ടാണെന്നും ഇങ്ങനെയൊകെയാണെങ്കിലും ദൈവത്തിന്റെ സ്നേഹത്തിൽ നിന്നും നമ്മെ ആർക്കും ഒന്നിനും വേർപെടുത്താൻ കഴിയുകയില്ല എന്നും വ്യക്തമാക്കിത്തരുന്നുണ്ട് പൗലോസ് അപ്പോസ്തലന്റെ ജീവിതം.

നിന്റെ ഉത്തരവാദിത്വം എവിടെ?

ദൈവത്തോടു ചേർന്ന് നിൽകുമ്പോൾ നമുക്ക് നമ്മുടെ ബലഹീനതകളെ കുറിച്ച് പരഭ്രമിക്കേണ്ട ആവശ്യമില്ല. കാരണം അവിടുന്ന് നമ്മുടെ ബലഹീനതകൾ തോളിൽ വഹിച്ചു. അതുകൊണ്ട് ജീവിക്കുന്ന ക്രിസ്തുവിൽ ജീവനുള്ളവരായി തീരാൻ നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു. ദൈവത്തോടു ചേർന്ന് നിൽക്കുകയാണെങ്കിൽ ദൈവം നമുക്ക് തരുന്ന കൃപയുടെ സമൃദ്ധി നമ്മെ നമ്മുടെ തനിമയിൽ തന്നെ നിലനിർത്തും എന്ന് പാപ്പായുടെ ഈ പ്രബോധനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.  

ഈ ഖണ്ഡികയുടെ അവസാന ഭാഗത്തു ഓരോരുത്തർക്കും ഈ ഭൂമിയിൽ നല്‍കാൻ കഴിയുന്ന സംഭാവനയെ കുറിച്ചും പാപ്പാ സൂചിപ്പിക്കുന്നുണ്ട്. ഈ ലോകത്തില്‍ നമുക്ക് മാത്രം പറയാനുള്ള കഥകളുണ്ട്. നമുക്ക് മാത്രം പാടാന്‍ കഴിയുന്ന സംഗീതമുണ്ട്. നമുക്ക് മാത്രം നല്‍കാന്‍ കഴിയുന്ന സന്ദേശമുണ്ട്. അത് മറ്റൊരാള്‍ക്കും നല്‍കാനാവില്ല. എന്നെ ഏൽപ്പിച്ച ജോലി ഞാൻ പൂർത്തിയാക്കി എന്ന് പറഞ്ഞു മിഴി പൂട്ടി തലചായിച്ച ക്രിസ്തു നമ്മുടെ ജീവിതത്തിനും വെല്ലുവിളിയാണ്. പൂർത്തിയാക്കപ്പെടേണ്ട കടമകളുടെ മുന്നിൽ ക്രിസ്തു നമ്മോടും പറയുന്നു നിന്റെ ഉത്തരവാദിവം എവിടെ? അത് പൂർത്തിയാക്കിയോ എന്ന്.

ബ്രിട്ടീഷ് മാധ്യമ പ്രവർത്തകനായ  വാട്ടർ ബേജ്ഹോട് പറയുന്നത്" നിങ്ങൾക്ക് ചെയ്യുവാൻ കഴിയില്ലെന്ന് മറ്റുള്ളവർ പറയുന്ന കാര്യം ചെയ്യുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം" എന്ന്. നന്മയ്ക്കു വേണ്ടിയുള്ള നമ്മുടെ ഏതു കർമ്മവും നമുക്ക് പൂർത്തിയാക്കാൻ കഴിയണം. നമ്മെ ശക്തിപ്പെടുത്താൻ കഴിവുള്ള നല്ല ദൈവത്തിന്റെ മുന്നിൽ നമ്മെ  ഭരമേല്‍പ്പിച്ച കാര്യം പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന് നമുക്ക് അപ്പോള്‍ പറയാൻ കഴിയും. അതിനു പാപ്പാ പറയുന്നത് പോലെ ഒരു നവീകരണം ആവശ്യമാണ്. നമ്മിൽ തന്നെയാണ് അത് ആദ്യം ആരംഭിക്കേണ്ടത്. അപ്പോൾ നാം ജീവിക്കുന്ന സമൂഹത്തിൽ കാണുന്ന മാലിന്യങ്ങളെ നമുക്ക് നീക്കാൻ കഴിയും. യേശു പറയുന്നത് പോലെ നമ്മുടെ കണ്ണിലെ തടികഷണങ്ങൾ മാറ്റിയാൽ മാത്രമേ മറ്റുള്ളവരുടെ ജീവിതത്തിൽ അവരുടെ കാഴ്ചകൾക്ക് ഇടർച്ച നൽകുന്ന കരടുകൾ നമുക്ക് നീക്കാൻ സാധ്യത തെളിയൂ എന്നത് നമുക്ക് മറക്കാതിരിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 October 2021, 12:28