ഇറ്റലിയിലെ കത്തോലിക്കരുടെ നാല്പത്തിയൊമ്പതാം സാമൂഹ്യവാരാചരണത്തിൻറെ ചിഹ്നം ഇറ്റലിയിലെ കത്തോലിക്കരുടെ നാല്പത്തിയൊമ്പതാം സാമൂഹ്യവാരാചരണത്തിൻറെ ചിഹ്നം 

പാപ്പാ:സകലവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നത് മറക്കരുത്!

ഇറ്റലിയിലെ കത്തോലിക്കരുടെ നാല്പത്തിയൊമ്പതാം സാമൂഹ്യവാരാചരണത്തിന് ഫ്രാൻസീസ് പാപ്പായുടെ ആശംസകൾ വീഡിയൊ സന്ദേശത്തിലൂടെ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പ്രത്യാശയിലേക്കു തുറക്കുന്ന ഒരു പരിവർത്തനം നമ്മുടെ ഗ്രഹത്തിൻറെ ആവശ്യകതയാണെന്ന് മാർപ്പാപ്പാ.

ഇറ്റലിയിലെ കത്തോലിക്കരുടെ നാല്പത്തിയൊമ്പതാം സാമൂഹ്യവാരാചരണത്തിന് അതിൻറെ പ്രാരംഭ ദിനമായിരുന്ന വ്യാഴാഴ്‌ച (21/10/21) നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

തെക്കുകിഴക്കെ ഇറ്റലിയിലെ താരന്തൊ പട്ടണത്തിൽ വ്യാഴാഴ്‌ച (21/10/21) ആരംഭിച്ച ഈ വാരാചരണത്തിൻറെ പ്രമേയം “നാം പ്രത്യാശിക്കുന്ന ഗ്രഹം” എന്നതാണെന്ന് ഈ സന്ദേശത്തിൽ അനുസ്മരിക്കുന്ന പാപ്പാ, അത്, നമ്മുടെയും ഭാവി തലമുറകളുടെയും ഭാവിയെ സംബന്ധിച്ച് സുപ്രധാനമാണെന്ന് പറയുന്നു.

നാം പ്രതീക്ഷിക്കുന്ന ഗ്രഹം വീണ്ടെടുപ്പിനുള്ള ധൈര്യവും അഭിവാഞ്ഛയും  ആവശ്യപ്പെടുന്നുവെന്നും നവീകൃതമായൊരു ജീവിതശൈലിക്കായി നമ്മുടെ ഗ്രഹം നിലവിളിക്കുന്നുവെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു. പരിസ്ഥിതിയും തൊഴിലും ഭാവിയും പരസ്പര വിരുദ്ധമായി നിലകൊള്ളുന്നതല്ല, പ്രത്യുത, ഏകതാനമായിരിക്കുന്ന ഒരു ജീവിതശൈലിയാണിതെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു. സകലവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നത് നാം ഒരിക്കലും മറക്കരുതെന്നും പാപ്പാ പറയുന്നു.

സാമൂഹ്യവാരാചരണത്തിൽ കൂടുതൽ പ്രാതിനിധ്യമുള്ള യുവതയെ പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്യുകയും സൃഷ്ടിയെ സംരക്ഷിക്കാൻ എല്ലാവരെയും പഠിപ്പിക്കുന്നതിന് അവരോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. യുവജനം ഈ ഗ്രഹത്തിൻറെ വർത്തമാനകാലമാണ്, “ഇന്നാണ്”,  എന്നു പറഞ്ഞ പാപ്പാ തങ്ങൾ പദ്ധതികളുടെയും പരിചിന്തനങ്ങളുടെയും അരികുകളിലാണെന്ന തോന്നൽ യുവതയ്ക്കുണ്ടാകരുതെന്ന് ഓർമ്മിപ്പിച്ചു. അവരുടെ സ്വപ്നങ്ങൾ എല്ലാവരുടെയുമാകണമെന്നും പരിസ്ഥിതിയെക്കുറിച്ച് ഏറെക്കാര്യങ്ങൾ പഠിപ്പിച്ചുതരാൻ അവർക്കുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 October 2021, 13:59