ഫ്രാൻസീസ് പാപ്പായും അമേരിക്കൻ പ്രസിഡൻറ് ജോസഫ് റൊബിനെറ്റ് ബൈഡനും (Joseph Robinette Biden) അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡനും (പിന്നിൽ മദ്ധ്യത്തിൽ) 29/10/2021 ഫ്രാൻസീസ് പാപ്പായും അമേരിക്കൻ പ്രസിഡൻറ് ജോസഫ് റൊബിനെറ്റ് ബൈഡനും (Joseph Robinette Biden) അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡനും (പിന്നിൽ മദ്ധ്യത്തിൽ) 29/10/2021 

അമേരിക്കയുടെ ദക്ഷിണകൊറിയുടെയും രാഷ്ട്രത്തലവന്മാർ വത്തിക്കാനിൽ!

അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറ് ജോസഫ് റൊബിനെറ്റ് ബൈഡനെയും ദക്ഷിണ കൊറിയയുടെ പ്രസിഡൻറ് ജെയ് ഇൻ മൂണിനെയും പാപ്പാ വെള്ളിയാഴ്ച വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറ് ജോസഫ് റൊബിനെറ്റ് ബൈഡനെ (Joseph Robinette Biden) അഥവാ, ജോ ബൈഡനെ വത്തിക്കാനിൽ സ്വീകരിച്ചു.

വെള്ളിയാഴ്‌ച (29/10/21) ആയിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.

ജോ ബൈഡനൊപ്പം അദ്ദേഹത്തിൻറെ പത്നി ജില്ലും (Jill Biden)അനുചരരും ഉണ്ടായിരുന്നു.

ജി20 (G20) ഈ 30-31 തീയതികളിൽ (30-31/10/21) റോമിൽ ചേർന്നിരിക്കുന്ന സമ്മേളനത്തിൽ സംബന്ധിക്കുന്നതിനെത്തിയാതാണ് അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറ്.

നമ്മുടെ ഗ്രഹത്തിൻറെ പരിപാലനത്തിനും സംരക്ഷണത്തിനുമുള്ള സംയുക്തമായ പ്രതിബദ്ധത, ആരോഗ്യ പരിപാലനാവസ്ഥ, കോവിദ്-19 മഹാമാരിക്കെതിരായ പോരാട്ടം, അഭയാർത്ഥിപ്രശ്നം, കുടിയേറ്റക്കാർക്കുള്ള സേവനം എന്നിവ ചർച്ചാവിഷയങ്ങളായി എന്ന്, 1 മണിക്കൂറും 15 മിനിറ്റും ദീർഘിച്ച, ഈ സൗഹാർദ്ദ കൂടിക്കാഴ്ച്ചയെ അധികരിച്ച് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണകാര്യാലയം, പ്രസ്സ് ഓഫീസ് അന്നുതന്നെ പുറപ്പെടുവിച്ച ഒരു പത്രക്കുറിപ്പ് വെളിപ്പെടുത്തി.

മതസ്വാതന്ത്ര്യവും മനസാക്ഷിസ്വാതന്ത്ര്യവും ഉൾപ്പെടെയുള്ള മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തെക്കുറിച്ചും പാപ്പായും പ്രസിഡൻറും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ പരാമർശിക്കപ്പെട്ടുവെന്നും പത്രക്കുറിപ്പിൽ കാണുന്നു.

നിലവിലുള്ള അന്താരാഷ്ട്ര പ്രശ്നങ്ങൾ, രാഷ്ട്രീയ ചർച്ചകളിലൂടെ വിശ്വശാന്തി സംജാതമാക്കൽ എന്നിവയെക്കുറിച്ചുള്ള വീക്ഷണങ്ങൾ, ജി 20 റോം ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഇരുവരും പങ്കുവയ്ക്കുകയും ചെയ്തു.

പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം അമേരിക്കൻ പ്രസിഡൻറ് ബൈഡൻ വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനും വത്തിക്കാൻറെ വിദേശകാര്യാലയത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെറുമായി സംഭാഷണത്തിലേർപ്പെട്ടു.

ജോ ബൈഡൻ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറ് ആയതിനു ശേഷം ഫ്രാൻസീസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തുന്നത് ഇത് നടാടെയാണ്. പ്രസിഡൻറ് ആകുന്നതിനു മുമ്പ് അദ്ദേഹം മൂന്നു തവണ ഈ പാപ്പായുമായി നേർക്കാഴ്ച നടത്തിയിട്ടുണ്ട്.

ദക്ഷിണ കൊറിയയുടെ പ്രസിഡൻറ് ജെയ് ഇൻ മൂൺ

ഫ്രാൻസീസ് പാപ്പാ ദക്ഷിണ കൊറിയയുടെ പ്രസിഡൻറ് ജെയ് ഇൻ മൂണുമായും വെള്ളിയാഴ്ച (29/10/21) വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി.

പരിശുദ്ധസിംഹാസനവും ദക്ഷിണ കൊറിയയും തമ്മിലുള്ള നല്ല ഉഭയകക്ഷിബന്ധങ്ങളിലും അതുപോലെ തന്നെ സഭ പ്രാദേശിക സമൂഹത്തിനേകുന്ന സംഭാവനകളിലും മതിപ്പു രേഖപ്പെടുത്തിയ ഈ കൂടിക്കാഴ്ച കൊറിയക്കാർക്കു മദ്ധ്യേ സംഭാഷണവും അനുരഞ്ജനവും ഊട്ടിവളർത്തുന്നതിന് ശുഷ്ക്കാന്തിയോടെ പ്രവർത്തിക്കേണ്ടതിൻറെ ആവശ്യകത ചൂണ്ടിക്കാട്ടി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 October 2021, 12:24