പാപ്പാ: ഒരേ വഴിയിൽ ഒന്നിച്ചു സഞ്ചരിക്കുന്നതിന്റെ ആഘോഷമാണ് സിനഡ്

വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ മെത്രാൻമാരുടെ സിനൊഡാലിറ്റിയെ കുറിച്ചുള്ള സിനഡിന് ദിവ്യബലിയർപ്പിച്ച് കൊണ്ട് പാപ്പാ ആഘോഷമായ ഉദ്ഘാടനം നിർവ്വഹിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മൂന്ന് ഘട്ടങ്ങളിലായി രണ്ടു വർഷത്തോളം നീളുന്നതാണ് ഈ സിനഡ്. ലോകം മുഴുവനിൽ നിന്നും വിശ്വാസികൾ അൽമായരുൾപ്പെടെയുള്ള സ്ത്രീ പുരുഷന്മാർ, വൈദികർ, സെമിനാരി വിദ്യാർത്ഥികൾ, സന്യാസിനീ സന്യാസികൾ, മെത്രാൻമാർ, കർദ്ദിനാൾമാർ തുടങ്ങിയവർ ദിവ്യബലിയിൽ പങ്കുചേർന്നു.

ധനവാനായ യുവാവും യേശുവുമായുള്ള കണ്ടുമുട്ടലിനെ സിനൊഡാലിറ്റിയെ കുറിച്ചുള്ള പരിചിന്തനത്തിന്റെ തുടക്കമാക്കി കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ സുവിശേഷ പ്രഘോഷണം  ആരംഭിച്ചത്. യേശുവിന്റെ മാതൃക മുൻനിറുത്തി പരിശുദ്ധ പിതാവ് സിനഡിന്റെ മൂന്ന് സവിശേഷതളായി കൂടിക്കാഴ്ച, ശ്രവണം, വിവേചിച്ചറിയൽ എന്നിവയെ വിശദീകരിച്ചു.

കൂടിക്കാഴ്ച

സുവിശേഷങ്ങളിൽ യാത്ര ചെയ്യുന്ന യേശുവിനെയാണ് നമ്മൾകാണുക - തന്റെ യാത്രയിൽ കണ്ടുമുട്ടുന്നവരുമായി ഒപ്പമായിരിക്കാനും അവരുടെ ചോദ്യങ്ങളെക്കുറിച്ച് പരിഗണനയുള്ളവനായും നാം കാണുന്നു. യേശുവിനെപോലെ നമ്മളും കൂടികാഴ്ചയുടെ കലയിൽ വിദഗ്ദ്ധരാവാനുള്ള വിളിയുള്ളവരാണ് എന്ന് പാപ്പാ പറഞ്ഞു. ഇതിൽ ദൈവത്തോടു തുറവും, പ്രാർത്ഥനയ്ക്കും ആരാധനയ്ക്കും സമയമെടുക്കലും, പരിശുദ്ധാത്മാവ് നമ്മോടു സംസാരിക്കുന്നത് കേൾക്കാനും നമുക്ക് കഴിയണം. കൂടാതെ മറ്റുള്ളവരോടു തുറവും അതോടൊപ്പം മറ്റുള്ളവരുടെ സാമിപ്യവും, കഥകളും കൊണ്ട് നമ്മെ തന്നെ വെല്ലുവിളിക്കാൻ സന്നദ്ധമാക്കാനുള്ള ധൈര്യവും വേണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ശ്രവിക്കുക

മറ്റുള്ളവരെ ശ്രവിക്കുന്നതിലൂടെ മാത്രമേ യഥാർത്ഥമായ കണ്ടുമുട്ടൽ സാധ്യമാകൂ എന്ന് ഫ്രാൻസിസ് പാപ്പാ ഊന്നിപ്പറഞ്ഞു. യേശു ശ്രവിച്ചത് കാതുകൾ കൊണ്ട് മാത്രമല്ല ഹൃദയം കൊണ്ടായിരുന്നു. ഹൃദയം കൊണ്ട് ശ്രവിക്കുന്ന യേശുവിനെ നാം അനുഗമിക്കുമ്പോൾ ജനങ്ങൾക്ക് അവർ വിധിക്കപ്പെടാതെ ശ്രവിക്കപ്പെടുന്നതായും, അവരുടെ അനുഭവങ്ങളും ആത്മീയയാത്രയും വിവരിക്കാനും തോന്നും.  നമ്മൾ നല്ലവണ്ണം മറ്റുള്ളവരെ ശ്രവിക്കുന്നവരാണോ, എന്ന് പരിശോധിക്കാൻ ക്ഷണിച്ച പാപ്പാ എല്ലാ സഭകളുടേയും ചോദ്യങ്ങളും, ആകാംക്ഷകളും, പ്രത്യാശയും കേൾക്കാനും നമുക്കു ചുറ്റുമുള്ള ലോകം കൊണ്ടുവരുന്ന വെല്ലുവിളികളെയും മാറ്റങ്ങളെയും ശ്രവിക്കാനും പരിശുദ്ധാത്മാവ് നമ്മോടു ആവശ്യപ്പെടുന്നുവെന്നും അറിയിച്ചു. ഹൃദയങ്ങൾ കൊട്ടിയടയ്ക്കരുതെന്നും നമ്മുടെ തന്നെ തീർച്ചകളിൽ പ്രതിരോധം തീർക്കരുതെന്നും മറിച്ച് പരസ്പരം ശ്രവിക്കാനും പാപ്പാ അഭ്യർത്ഥിച്ചു.

വിവേചിച്ചറിയുക

കണ്ടുമുട്ടലും ശ്രവിക്കലും അതിൽ തന്നെ അവസാനിപ്പിക്കാതെ വിവേചിച്ച് തിരിച്ചറിവിലേക്ക് അത് നയിക്കണം എന്ന് പാപ്പാ ഊന്നി പറഞ്ഞു. ഓരോ പ്രാവശ്യവും നാം സംവാദത്തിലേർപ്പെടുമ്പോൾ നമ്മൾ നമ്മുടെ യാത്രയിൽ മുന്നേറാൻ വെല്ലുവിളിക്കപ്പെടണം. ധനവാനായ യുവാവിനെ എന്ന പോലെ യേശു നമ്മെയും വിവേചിച്ചറിയാൻ സഹായിക്കുന്നു. ഉള്ളിലേക്ക് നോക്കാനും ദൈവം നമുക്ക് വെളിപ്പെടുത്തുന്നത് കണ്ടെത്താനും ആ വെളിച്ചത്തിൽ എന്താണ് നമ്മുടെ ഹൃദയത്തിന്റെ യഥാർത്ഥ നിധിയെന്ന് തിരിച്ചറിയാനും യേശു സഹായിക്കുന്നു. ഇത് ഒരു നമുക്ക് ഒരു അമൂല്യ പാഠമാണ് എന്ന് പറഞ്ഞു കൊണ്ട് സിനഡ്,  ആരാധനയിലും പ്രാർത്ഥനയിലും ദൈവവചനവുമായുള്ള സംവാദത്തിലും നടക്കുന്ന ഒരു ആത്മീയമായ വിവേചിച്ചറിവിന്റെ യാത്രയാണെന്നും പാപ്പാ അറിയിച്ചു.

ദൈവം നയിക്കുന്നിടത്തേക്ക്

ധനവാനെ വിളിച്ചതു പോലെ സിനഡിന്റെ ഈ കാലത്ത്  യേശു നമ്മെയും വിളിക്കുന്നു, നമ്മെ തന്നെ ശൂന്യരാക്കാൻ; നമ്മുടെ ഉൾവലിയലിലും തേഞ്ഞു തീർന്ന അജപാലക മാതൃകകളുൾപ്പെടെ ലൗകീകമായ എല്ലാറ്റിൽ നിന്നും സ്വതന്ത്രരാകാൻ; എന്താണ് ദൈവം നമ്മിൽ നിന്ന് ഈ സമയത്ത് ആവശ്യപ്പെടുന്നതെന്ന് കേൾക്കാനും നമ്മളെ നയിക്കാൻ അവനാഗ്രഹിക്കുന്ന ദിശയേതെന്ന് ചോദിക്കാനും യേശു വിളിക്കുന്നു. സവിശേഷവുമായി പ്രണയത്തിലായി പരിശുദ്ധാത്മാവ് തരുന്ന വിസ്മയങ്ങൾക്ക് തുറവുള്ളവരുമായ നല്ല തീർത്ഥാടകരായി നമുക്ക് ഒരുമിച്ച് ഒരു നല്ല യാത്ര ചെയ്യാം എന്ന് പാപ്പാ  ആഹ്വാനം ചെയ്തു. കൂടികാഴ്ച്ചയുടെയും, ശ്രവണത്തിന്റെയും, വിവേചിച്ചറിയലിന്റെയും കൃപ നിറഞ്ഞ അവസരങ്ങൾ പാഴാക്കരുതെന്ന് അപേക്ഷിച്ചു കൊണ്ടാണ് പാപ്പാ തന്റെ വചനപ്രഘോഷണം സംഗ്രഹിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 October 2021, 15:10