പാപ്പാ: മതങ്ങൾ സമഗ്രവിദ്യാഭ്യാസ പ്രേരിഷതത്വത്തെ സ്ഥിരീകരിക്കുക
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
വിദ്യാഭ്യാസത്തിനായുള്ള ഒരു ആഗോള ഉടമ്പടി പ്രോൽസാഹിപ്പിക്കാൻ ഒരുമിച്ചുകൂടിയ വിവിധ മത പ്രതിനിധികളെ സന്തോഷത്തോടെ സ്വാഗതം ചെയ്തുകൊണ്ട് യുണെസ്കോ സ്ഥാപിച്ച ഈ ആഗോള അദ്ധ്യാപക ദിനത്തിൽ എല്ലാ അദ്ധ്യാപികാ അദ്ധ്യാപകർക്കും നന്ദിയും സാമിപ്യവും അറിയിച്ച പാപ്പാ വിദ്യാഭ്യാസരംഗത്തെക്കുറിച്ചുള്ള തന്‍റെ ആശങ്കയും മറച്ചുവച്ചില്ല.
സാർവ്വത്രീക ഐക്യദാർഢ്യം പകരുന്ന വിദ്യാഭ്യാസം
എല്ലാ മാറ്റങ്ങൾക്കും ഒരു സാർവ്വത്രീക ഐക്യദാർഢ്യം സ്വാഗതം ചെയ്യുന്ന സമൂഹം വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ഒരു വിദ്യാഭ്യാസ പ്രക്രിയ ആവശ്യമായതിനാൽ രണ്ടു കൊല്ലം മുമ്പ് വിദ്യാഭ്യാസ മേഖലയിൽ ജോലി ചെയ്യുന്നവരോടു നമ്മുടെ ഗ്രഹത്തിന്‍റെ ഭാവി എങ്ങനെയാണ് രൂപപ്പെടുതുന്നതെന്ന് ചർച്ച ചെയ്യാനും എല്ലാവരുടേയും കഴിവുകളെ ഉപയോഗിക്കാനും ആവശ്യപ്പെട്ടിരുന്നു എന്ന് പാപ്പാ ഓർമ്മിച്ചു. (വിദ്യാഭ്യാസ ഉടമ്പടിയുടെ ഉദ്ഘാടന സന്ദേശം).
യുവജനങ്ങളോടൊപ്പം അവർക്കായി കൂടുതൽ തുറവുള്ളതും ക്ഷമയോടെയുള്ള ശ്രവിക്കലും, ക്രിയാത്മകമായ ചർച്ചകളും ശരിയായ പരസ്പര ധാരണയും ഉൾക്കൊള്ളുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിനായുള്ള സമർപ്പണം വളർത്തണം. അതിനായി ഒരു ആഗോള ഉടമ്പടി വിദ്യാഭ്യാസ രംഗത്ത് ഉണ്ടാക്കുവാനും താൻ ആഹ്വാനം ചെയ്തിരുന്നു. വിഭജനങ്ങളെയും ശത്രുതകളെയും മറികടക്കാൻ കഴിവുള്ള പക്വതയുള്ള വ്യക്തികളുടെ രൂപീകരണത്തിന് വിശാലമായ വിദ്യാഭ്യാസ സഖ്യവും ബന്ധങ്ങളുടെ ഇഴകൾ കൂട്ടിച്ചേർത്ത് കൂടുതൽ സാഹോദര്യ മാനവീകത പുനസ്ഥാപിക്കാനും ആവശ്യപ്പെട്ടിരുന്നതായും പാപ്പാ അവരെ ഓർമ്മിപ്പിച്ചു.
കൂടുതൽ സാഹോദര്യമാർന്ന ഒരു ലോകത്തിന് എവിടെ ജനിച്ചുവെന്നോ,ജീവിക്കുന്നുവെന്നോ, ശാരീരിക സാമിപ്യമോ പരിഗണിക്കാതെ, ഓരോരുത്തരെയും അംഗീകരിക്കാനും, വിലമതിക്കാനും സ്നേഹിക്കാനും യുവജനങ്ങളെ പഠിപ്പിക്കേണ്ട ആവശ്യമുണ്ട്. വിദ്യാഭ്യാസത്തെ നയിച്ച അടിസ്ഥാനതത്വമാണ് "നിന്നെത്തന്നെ അറിയുക" എന്നത് എന്നാലും മറ്റുള്ളവരെ സ്വീകരിക്കാന്‍വേണ്ടി "നിന്‍റെ സഹോദരരെ അറിയുക", നമ്മുടെ പൊതു ഭവനമായ ഭൂമിയെ സംരക്ഷിക്കാൻ "സൃഷ്ടിയെ അറിയുക "ജീവന്‍റെ രഹസ്യത്തെ അറിയാൻ "ഇന്ദ്രീയങ്ങൾക്കപ്പുറമുള്ളവയെ അറിയുക" എന്ന അടിസ്ഥാന തത്വങ്ങളെ തഴയാൻ കഴിയുകയില്ല എന്ന് പാപ്പാ അടിവരയിട്ടു. അതിനാൽ ഇവയെല്ലാം ഉൾക്കൊളുന്ന ഒരു സമഗ്ര രൂപീകരണ പ്രക്രിയയെക്കുറിച്ചാണ് നമ്മൾ ചിന്തിക്കുന്നതെന്നും ജീവിതത്തിന് അർത്ഥം പകരുന്ന സത്യങ്ങളെക്കുറിച്ച് യുവാക്കളോടു പറയാതിരിക്കാനാവില്ല എന്നും ഫ്രാൻസിസ് പാപ്പാ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസവുമായി മതങ്ങൾക്കുള്ള അടുത്ത ബന്ധം ഓർമ്മിപ്പിച്ച പരിശുദ്ധ പിതാവ് കഴിഞ്ഞ കാലത്തെതുപോലെ നമ്മുടെ കാലഘട്ടത്തിലും മതപാരമ്പര്യങ്ങളുടെ വിജ്ഞാനവും മനുഷ്യത്വവും വഴി സാർവ്വത്രിക സാഹോദര്യത്തെ പ്രോൽസാഹിപ്പിക്കുന്ന ഒരു നവവിദ്യാഭ്യാസ പ്രവർത്തനത്തില്‍ ഉത്തേജനമാകാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.
ഇന്നലെകളും ഇന്നുകളും...
കഴിഞ്ഞ കാലങ്ങളിൽ നമ്മിലെ വ്യത്യസ്തതകൾ നമ്മെ വൈരുദ്ധ്യങ്ങളിലെത്തിച്ചെങ്കിൽ ഇന്ന് അവയിൽ നാം ദൈവത്തിലേക്ക് വരാനുള്ള വിവിധ വഴികളുടെ ധന്യതയും യുവജനങ്ങളെ പരസ്പര ബഹുമാനത്തോടെയുള്ള സമാധാനപൂർവ്വമായ സഹവർത്തിത്വം പഠിപ്പിക്കാനുള്ള വ്യത്യസ്ഥമാർഗ്ഗങ്ങളും കണ്ടെത്തുന്നു എന്ന് പാപ്പാ പറഞ്ഞു. അതിനാൽ ദൈവത്തിന്‍റെ നാമം ഉപയോഗിച്ച് അക്രമങ്ങളെയും മറ്റു മതപാരമ്പര്യങ്ങളോടുള്ള വിദ്വേഷത്തേയും ന്യായീകരിക്കാതിരിക്കാനും, മതഭ്രാന്തിനേയും മൗലികവാദത്തെയും അപലപിക്കാനും ഒരോ വ്യക്തിയുടെയും മനസ്സാക്ഷിക്കനുസൃതമായി തിരഞ്ഞെടുത്ത് പ്രവർത്തിക്കാനുമുള്ള അവകാശം സംരക്ഷിക്കാനും വിദ്യാഭ്യാസം നമ്മെ പ്രതിജ്ഞാബദ്ധരാക്കുന്നു എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
കഴിഞ്ഞ കാലങ്ങളിൽ മതത്തിന്‍റെ പേരിൽ വംശീയ, സാംസ്കാരീക, രാഷ്ട്രീയ ന്യൂനപക്ഷ വിവേചനങ്ങൾ നടന്നെങ്കിൽ ഇന്ന് ഓരോ വ്യക്തിയുടേയും വ്യക്തിത്വവും അന്തസ്സും സംരക്ഷിക്കാനും വിവേചനമില്ലാതെ സകലരേയും സ്വീകരിക്കാനും യുവജനങ്ങളെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു എന്ന് പാപ്പാ അറിയിച്ചു. ഇക്കാരണത്താൽ ആരേയും വിധിക്കാതെയും കുറ്റപ്പെടുത്താതെയും അപരനെ അവനായിരിക്കുന്ന വിധം അംഗീകരിക്കാൻ വിദ്യാഭ്യാസം നമ്മെ പ്രതിജ്ഞാബദ്ധരാക്കുന്നു.
കഴിഞ്ഞ കാലങ്ങളിൽ സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ബലഹീനരുടെയും അവകാശങ്ങൾ മാനിച്ചിരുന്നില്ല എന്നാൽ ഇന്ന് നമ്മൾ ആ അവകാശങ്ങൾക്കായി നിലകൊള്ളുകയും ശബ്ദമില്ലാത്തവരുടെ ശബ്ദമാകാൻ യുവാക്കളെ പഠിപ്പിക്കുകയും ചെയ്യാൻ പ്രതിജ്ഞാബദ്ധരാണ്. ഇക്കാരണത്താൽ ഓരോ വ്യക്തിയുടേയും ശാരീരികവും ധാർമ്മീകവുമായ സമഗ്രതയുടെ ലംഘനം തള്ളിക്കളയാനും അപലപിക്കാനും വിദ്യാഭ്യാസം നമ്മെ പ്രേരിപ്പിക്കുന്നു.
കഴിഞ്ഞ കാലങ്ങളിൽ നമ്മുടെ പൊതുഭവനത്തിന്‍റെ ചൂഷണവും കൊള്ളയും നാം സഹിച്ചു. ഇന്ന് ദൈവം നമ്മെ ഭരമേൽപ്പിച്ച സൃഷ്ടിയുടെ സൂക്ഷിപ്പുകാരെന്ന നിലയെക്കുറിച്ചു കൂടുതൽ അവബോധത്തോടെ പ്രകൃതിയുടെ അതിജീവനത്തിനായുള്ള അപേക്ഷയ്ക്ക് ശബ്ദം നൽകണം. നമ്മെയും ഭാവിതലമുറയെയും കൂടുതൽ ശാന്തവും പാരിസ്ഥിതികവുമായ സുസ്ഥിര ജീവിത ശൈലി പരിശീലിപ്പിക്കണമെന്ന് നാം ആഗ്രഹിക്കുന്നു. ഇക്കാരണത്താൽ ഭൂമി മാതാവിനെ സ്നേഹിക്കാനും ഭക്ഷണവും വിഭവങ്ങളും പാഴാക്കാതിരിക്കാനും, എല്ലാവർക്കുമായി ദൈവം നമുക്ക് നൽകിയ വിഭവങ്ങൾ ഉദാരമായി പങ്കിടാനും വിദ്യാഭ്യാസം നമ്മെ പ്രതിജ്ഞാബദ്ധരാക്കുന്നു.
സാക്ഷരത നൽകുന്നത് മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള മേഖലകളിൽ നേതൃസ്ഥാനം വഹിച്ചിട്ടുള്ള നമ്മുടെ മതപാരമ്പര്യങ്ങൾ ഓരോ മനുഷ്യനിലും സമഗ്രമായ വിദ്യാഭ്യാസം നൽകി അവന്‍റെ ബുദ്ധിയും, കരങ്ങളും ഹൃദയവും ആത്മാവും എല്ലാ മനോഹാരിതയിലും എത്തിക്കാൻ ഇന്ന് നമുക്ക് പരിശ്രമിക്കാം എന്ന് പാപ്പാ ആഹ്വാനം ചെയ്തു.
സമ്മേളനത്തിനെത്തിയവർക്കും കോവിഡ് മഹാമാരി കാരണം വരാൻ കഴിയാത്തവർക്കും പാപ്പാ നന്ദി പറഞ്ഞു. തങ്ങളുടെ ചർച്ചകൾ ഫലപ്രദമാക്കാൻ വേണ്ടിയും ധൈര്യപൂർവ്വം വിദ്യാഭ്യാസത്തിന്‍റെ ചക്രവാളങ്ങളിലേക്ക് ചരിക്കാൻ സഹായിക്കാനുമായി ഒരു നിമിഷം നിശബ്ദമായി ദൈവത്തോടു പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുമാണ് പരിശുദ്ധ പിതാവ് തന്‍റെ സന്ദേശം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: