തിരയുക

Vatican News

പാപ്പാ: യേശു പ്രകോപിതനാകുന്നു, എന്തുകൊണ്ട്?

ചെറിയവരെയാണ്, അതായത് മറ്റുള്ളവരെ ആശ്രയിക്കുന്നവരും, ആവശ്യത്തിലിരിക്കുന്നവരും തിരിച്ചു നല്കാൻ കഴിയാത്തവരുമായ അവരെയാണ്, ആദ്യം പരിചരിക്കേണ്ടതെന്ന് അവിടന്ന് പഠിപ്പിക്കുന്നു. ദൈവത്തെ അന്വേഷിക്കുന്നവർ അവിടെ, ചെറിയവരിൽ, ദരിദ്രരിൽ അവിടത്തെ കണ്ടെത്തുന്നു, ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പതിവുപോലെ മൂന്നാം തീയതി ഞായറാഴ്ചയും (03/10/21) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ ഇതിൽ പങ്കുകൊണ്ടു. പാപ്പാ  റോമിലെ സമയം ഉച്ചയ്ക്ക് 12 മണിയ്ക്ക് ത്രികാല പ്രാർത്ഥന നയിക്കുന്നതിനായി, ആ സമയത്തിന് അല്പം മുമ്പ്, അരമനയുടെ പതിവു ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ, വിശുദ്ധ പത്രോസിൻറെ നാമത്തിലുള്ള ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്ന ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദരവങ്ങളും ഉയർന്നു.  പ്രാർത്ഥനയ്ക്കു മുമ്പ് പാപ്പാ നടത്തിയ വിചിന്തനം, ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച്, ഞായറാഴ്ച (03/10/21) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിൻറെ സുവിശേഷം അദ്ധ്യായം 10,2-16  വരെയുള്ള വാക്യങ്ങൾ, അതായത്, ഫരിസേയർ യേശുവിനെ പരീക്ഷിക്കുന്നതിനു വേണ്ടി വിവാഹമോചനത്തിൻറെ നിയമാസാധുതയെക്കുറിച്ച് ഉന്നയിക്കുന്ന ചോദ്യവും അവിടന്ന് അതിനോടു പ്രത്യുത്തരിക്കുന്നതും ശിശുക്കളെ തൻറെ അടുത്തേക്കു കൊണ്ടുവരുന്നതിനു വിലക്കു കല്പിക്കുന്ന ശഷ്യന്മാരോടു കോപിക്കുകയും ശിശുക്കളെ അനുഗ്രഹിക്കുകയും ചെയ്യുന്ന സുവിശേഷഭാഗം അവലംബമാക്കിയുള്ളതായിരുന്നു. ഇറ്റാലിയൻ ഭാഷയിലായിരുന്ന തൻറെ വിചിന്തനം പാപ്പാ ആരംഭിച്ചത് ഇപ്രകാരമാണ്:

യേശുവിൻറെ അനിതരസാധാരണ പ്രതികരണം- ധാർമ്മിക രോഷം

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഇന്നത്തെ ആരാധനാക്രമത്തിലെ സുവിശേഷത്തിൽ യേശുവിൻറെ അസാധാരണമായ ഒരു പ്രതികരണം കാണാം: അവിടന്ന് പ്രകോപിതനാകുന്നു. ഏറ്റവും ആശ്ചര്യകരമായ കാര്യം, വിവാഹമോചനത്തിൻറെ നിയമസാധുതയെക്കുറിച്ചുള്ള ചോദ്യങ്ങളാൽ അവിടത്തെ പരീക്ഷിച്ച പരീശന്മാരല്ല, മറിച്ച്, യേശുവിൻറെ അടുക്കലേക്കു കൊണ്ടുവന്ന കുട്ടികളെ ശകാരിച്ചുകൊണ്ട് അവിടത്തെ ജനക്കൂട്ടത്തിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിച്ച തൻറെ ശിഷ്യന്മാരാണ് അവിടത്തെ ഈ ധാർമ്മികരോഷത്തിന് കാരണം എന്നതാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, തന്നോട് തർക്കിക്കുന്നവരോട് കർത്താവ് കോപിക്കുന്നില്ല, മറിച്ച് തൻറെ ക്ഷീണമകറ്റാൻ, തന്നിൽ നിന്ന് കുട്ടികളെ അകറ്റുന്നവരോടാണ്. ഇത് എന്തുകൊണ്ടാണ്? നല്ലൊരു ചോദ്യമാണിത്: എന്തുകൊണ്ടാണ് കർത്താവ് ഇങ്ങനെചെയ്യുന്നത്?

ശിശുക്കളോട്  സ്വയം താദാത്മ്യപ്പെടുത്തുന്ന യേശു 

രണ്ട് ഞായറാഴ്ചകൾക്ക് മുമ്പുള്ള സുവിശേഷ ഭാഗം നമ്മുടെ ഓർമ്മയിൽ വരുന്നു, ശേയു  ഒരു കുട്ടിയെ ആലിംഗനം ചെയ്തുകൊണ്ട് അവിടന്ന് കുഞ്ഞുങ്ങളുമായി സ്വയം താദാത്മ്യപ്പെടുന്നു: ചെറിയവരെയാണ്, അതായത് മറ്റുള്ളവരെ ആശ്രയിക്കുന്നവരും, ആവശ്യത്തിലിരിക്കുന്നവരും തിരിച്ചു നല്കാൻ കഴിയാത്തവരുമായ അവരെയാണ്, ആദ്യം പരിചരിക്കേണ്ടതെന്ന്  അവിടന്ന് പഠിപ്പിച്ചു, (മർക്കോസ് 9:35-37). ദൈവത്തെ അന്വേഷിക്കുന്നവർ അവിടെ, കൊച്ചുകുട്ടികളിൽ, ദരിദ്രരിൽ അവിടത്തെ കണ്ടെത്തുന്നു: വസ്തുക്കൾ മാത്രമല്ല അവരുടെ ആവശ്യം, രോഗികൾ, നിന്ദിതർ, ബന്ധനസ്ഥർ, കുടിയേറ്റക്കാർ, കാരാഗൃഹവാസികൾ തുടങ്ങിയവർക്ക് പരിചരണവും സാന്ത്വനവും ആവശ്യമാണ്. അവിടന്ന് അവിടെയുണ്ട്: ചെറിയവരിൽ. അതുകൊണ്ടാണ് യേശു പ്രകോപിതനാകുന്നത്: ഒരോ ചെറിയവനോടും ഓരോ നിസ്വനോടും ഓരോ ശിശുവിനോടും ഓരോ അശരണനോടും കാട്ടുന്ന ഏതൊരു നിന്ദയും അവിടത്തെ നിന്ദിക്കലാണ്.

നാം ചെറിയവരാണെന്ന് തിരിച്ചറിയണം 

ഇന്ന് കർത്താവ് ഈ പ്രബോധനം ആവർത്തിക്കുകയും അത് പൂർത്തിയാക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ അവിടന്ന് കൂട്ടിച്ചേർക്കുന്നു: "ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതിൽ പ്രവേശിക്കുകയില്ല" (മർക്കോസ് 10:15). ഇതാണ് പുതുമ: ശിഷ്യൻ കൊച്ചുകുട്ടികളെ സേവിക്കുക മാത്രമല്ല, സ്വയം ചെറിയവനായി അംഗീകരിക്കുകയും വേണം. നമ്മൾ ഓരോരുത്തരും ദൈവമുമ്പിൽ സ്വയം ചെറുതായി അംഗീകരിക്കുന്നുണ്ടോ? നമുക്ക് അതിനെക്കുറിച്ച് ചിന്തിക്കാം, അത് നമ്മെ സഹായിക്കും. നമ്മൾ ചെറിയവരാണെന്ന് അറിയുന്നത്, നമുക്ക് രക്ഷ ആവശ്യമാണെന്ന് അറിയുന്നത്, കർത്താവിനെ സ്വീകരിക്കുന്നതിന് അനിവാര്യമാണ്. അവിടന്നിലേക്ക് നമ്മെത്തന്നെ തുറക്കാനുള്ള ആദ്യപടിയാണിത്. പക്ഷേ, പലപ്പോഴും അത് നാം മറന്നുപോകുന്നു. അഭിവൃദ്ധിയുണ്ടാകുമ്പോൾ, ക്ഷേമത്തിലായിരിക്കുമ്പോൾ, നമുക്ക് നാം സ്വയം പര്യാപ്തരാണെന്ന, നമുക്ക് നാം മാത്രം മതിയെന്ന, ദൈവത്തെ ആവശ്യമില്ലെന്ന മിഥ്യാബോധം ഉണ്ടാകുന്നു. പ്രിയ സഹോദരന്മാരേ, സഹോദരിമാരേ, ഇതൊരു ചതിയാണ്, കാരണം, നാം ഓരോരുത്തരും ആവശ്യത്തിലിരിക്കുന്നവരാണ്, ചെറിയതാണ്. നമ്മുടെ ചെറുമ നാം തേടുകയും തിരിച്ചറിയുകയും വേണം. അവിടെ നാം യേശുവിനെ കാണും.

വലുതാകലിൻറെ തുടക്കം

ജീവിതത്തിൽ, നാം സ്വയം ചെറുതാണെന്ന് തിരിച്ചറിയുന്നത് വലുതാകലിൻറെ ഒരു ആരംഭബിന്ദുവാണ്. നമ്മൾ അതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, കൂടുതലും, വിജയങ്ങളുടെയും നമ്മുടെ കൈവശമുള്ളവയുടെയും അടിസ്ഥാനത്തിലല്ല, മറിച്ച്, പോരാട്ടത്തിൻറെയും ദുർബ്ബലതയുടെയും നിമിഷങ്ങളിലാണ് സർവ്വോപരി നമ്മൾ വളരുന്നത്. അവിടെ, ആവശ്യത്തിൽ, നാം പക്വത പ്രാപിക്കുന്നു; അവിടെ നാം ദൈവത്തിനും മറ്റുള്ളവർക്കും ജീവിതത്തിൻറെ പൊരുളിനും നമ്മുടെ ഹൃദയങ്ങൾ തുറന്നിടുന്നു. നമുക്ക് മറ്റുള്ളവരുടെ നേർക്ക് നയനങ്ങൾ തുറക്കാം. നമ്മൾ ചെറുതായിരിക്കുമ്പോൾ, ജീവിതത്തിൻറെ യഥാർത്ഥ അർത്ഥത്തിലേക്ക് നാം കണ്ണുകൾ തുറക്കുന്നു. ഒരു പ്രശ്നത്തിന് മുന്നിൽ നാം ചെറുതായി തോന്നുമ്പോൾ, കുരിശിന് മുന്നിൽ, രോഗത്തിനു മുന്നിൽ ചെറുതായി തോന്നുമ്പോൾ, നമുക്ക് ക്ഷീണവും ഏകാന്തതയും അനുഭവപ്പെടുമ്പോൾ നാം നിരാശരാകരുത്. ഉപരിപ്ലവതയുടെ മുഖംമൂടി കൊഴിഞ്ഞുപോകുന്നു, നമ്മുടെ മൗലികമായ ദുർബ്ബലത വീണ്ടും ഉയർന്നുവരുന്നു: ഇത് നമ്മുടെ പൊതുവായ അടിസ്ഥാനമാണ്, നമ്മുടെ നിധിയാണ്, കാരണം ദൈവത്തോടൊപ്പമെങ്കിൽ ബലഹീനതകൾ പ്രതിബന്ധങ്ങളല്ല, അവസരങ്ങളാണ്. മനോഹരമായ ഒരു പ്രാർത്ഥന ഇതായിരിക്കും: "കർത്താവേ, അങ്ങ് എൻറെ ബലഹീനതകൾ നോക്കൂ ..." അവിടത്തെ മുമ്പിൽ അവയുടെ പട്ടിക നിരത്തുക. ഇത് ദൈവമുമ്പാകെ ഒരു നല്ല മനോഭാവമാണ്.

ദുർബ്ബലതയുടെ കരുത്തും മഹത്വവും

വാസ്തവത്തിൽ, ദൈവം നമ്മെ എത്രമാത്രം പരിപാലിക്കുന്നുവെന്ന് കൃത്യമായി കണ്ടെത്തുന്നത് ദുർബ്ബലതയിലാണ്. ഇന്ന് സുവിശേഷം പറയുന്നത് യേശു കുഞ്ഞുങ്ങളോട് ഏറ്റം ആർദ്രതയുള്ളവനാണ് എന്നാണ്: "അവരെ തൻറെ കൈകളിൽ എടുത്ത്, അവിടന്ന് അവരുടെ മേൽ കൈകൾവച്ച് അനുഗ്രഹിച്ചു" (വാക്യം 16). തിരിച്ചടികൾ, നമ്മുടെ ദുർബ്ബലത വെളിപ്പെടുത്തുന്ന സാഹചര്യങ്ങൾ എല്ലാം അവിടത്തെ സ്നേഹം അനുഭവിക്കാനുള്ള സവിശേഷ അവസരങ്ങളാണ്. സ്ഥൈര്യത്തോടെ പ്രാർത്ഥിക്കുന്നവർക്ക് ഇത് നന്നായി അറിയാം: ദൈവത്തിന് നമ്മോടുള്ള ആർദ്രത ഇരുട്ടിൻറെയോ ഏകാന്തതയുടെയോ നിമിഷങ്ങളിൽ കൂടുതൽ കൂടുതൽ തെളിഞ്ഞു നില്ക്കുമെന്ന് പറയാം. നമ്മൾ ചെറുതായിരിക്കുമ്പോൾ, നമുക്ക് ദൈവത്തിൻറെ ആർദ്രത കൂടുതൽ അനുഭവപ്പെടും. ഈ ആർദ്രത നമുക്ക് സമാധാനം പ്രദാനം ചെയ്യുന്നു, ഈ ആർദ്രത നമ്മെ വളർത്തുന്നു, കാരണം ദൈവം തൻറേതായ രീതിയിൽ നമ്മോടു അടുക്കുന്നു, അത് അടുപ്പവും അനുകമ്പയും ആർദ്രതയും ആണ്. നാം നിസ്സാരരായി കാണപ്പെടുമ്പോൾ, അതായത്, എന്തു കാരണത്താലായാലും ശരി, ചെറുതായിരിക്കുമ്പോൾ കർത്താവ് കൂടുതൽ അടുത്തുവരുന്നു, അവിടന്ന് കൂടുതൽ സമീപത്താണെന്ന് അനുഭവപ്പെടുന്നു. അത് നമുക്ക് ശാന്തിയേകുകയും നമ്മെ വളർത്തുകയും ചെയ്യുന്നു. ഒരു പിതാവ് കുഞ്ഞിനെയെന്നപോലെ കർത്താവ് പ്രാർത്ഥനയിൽ  നമ്മെ ആശ്ലേഷിക്കുന്നു. അങ്ങനെ നമ്മൾ വലിയവരാകുന്നു: നമ്മുടെ സ്വയം പര്യാപ്തതയുടെ മിഥ്യാബോധത്തിൽ അല്ല - ഇത് ആരെയും വലിയവനാക്കുന്നില്ല - മറിച്ച് എല്ലാ പ്രതീക്ഷയും പിതാവിൽ അർപ്പിക്കാനുള്ള കരുത്തിലാണ്. അത് വാസ്തവത്തിൽ കൊച്ചുകുട്ടികൾ ചെയ്യുന്നതുപോലെയാണ്, അവർ അങ്ങനെ ചെയ്യുന്നു.

പരിശുദ്ധ അമ്മയുടെ അനുഗ്രഹം 

ഇന്ന് നമുക്ക് കന്യകാമറിയത്തോട്, ചെറുമയെന്ന മഹാ കൃപ യാചിക്കാം: പിതാവ് നമ്മെ പരിപാലിക്കും എന്ന ഉറപ്പുള്ളവരായ, അവിടന്നിൽ വിശ്വാസമുള്ള കുഞ്ഞുങ്ങളായിരിക്കാൻ.

എക്വദോറിലെ ഗ്വയാകീൽ ജയിൽ ദുരന്തം

ഈ വാക്കുകളെ തുടർന്ന് പാപ്പാ കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. ആശീർവ്വാദാനന്തരം പാപ്പാ, ഇക്കഴിഞ്ഞ ദിനങ്ങളിൽ, എക്വദോറിലെ ഗ്വയാകീലിലുള്ള കാരാഗൃഹത്തിൽ ശത്രുസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പാപ്പാ തൻറെ ദുഃഖം അറിയിച്ചു. ജയിലിൽ ഉണ്ടായ ആക്രമണത്തിൽ നൂറിലേറെപ്പേരുടെ ജീവൻ പൊലിഞ്ഞതും അനേകർക്ക് പരിക്കേറ്റതും പാപ്പാ വേദനയോടെ അനുസ്മരിക്കുകയും അവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ഏറ്റവും ദരിദ്രരെ അടിമകളാക്കുന്ന കുറ്റകൃത്യങ്ങളുടെ മുറിവുകൾ ഉണക്കാൻ ദൈവം നമ്മെയും അതുപോലെതന്ന, തടവറകളിലെ ജീവിതം കൂടുതൽ മനുഷ്യോചിതമാക്കിത്തീർക്കുന്നതിന് അനുദിനം യത്നിക്കുന്ന ജയിൽജീവനക്കാരെയും സഹായിക്കട്ടെയെന്ന് പാപ്പാ പ്രാർത്ഥിച്ചു.

മ്യാന്മാറിനു വേണ്ടി ഒരിക്കൽക്കൂടി പാപ്പായുടെ പ്രാർത്ഥന

തുടർന്നു പാപ്പാ മ്യാൻമാറിനെക്കുറിച്ചും പരാമർശിച്ചു. പ്രിയപ്പെട്ട അന്നാടിന് ദൈവം സമാധാനമെന്ന ദാനം നല്കുന്നതിനായി പാപ്പാ ഒരിക്കൽക്കൂടി പ്രാർത്ഥിച്ചു. അവിടെ വസിക്കുന്നവരുടെ കൈകൾക്ക് ഇനി വേദനയുടെയും മരണത്തിൻറെയും കണ്ണുനീർ തുടയ്ക്കേണ്ടിവരാതിരിക്കുന്നതിനും ബുദ്ധിമുട്ടുകൾ മറികടക്കാനും സമാധാനത്തിനായി സംഘാതമായി പരിശ്രമിക്കാനും അവർക്ക് കഴിയുന്നതിനും വേണ്ടി പാപ്പാ ദൈവത്തോട് അപേക്ഷിച്ചു.

നവവാഴ്ത്തപ്പെട്ട മരിയന്തോണിയ സമാ, ഗയെത്താന തൊളൊമേയൊ

ഈ ഞായറാഴ്ച (03/10/21) ഇറ്റലിയിലെ കത്തൻത്സാറൊയിൽ മരിയന്തോണിയ സമാ, ഗയെത്താന തൊളൊമേയൊ എന്നീ പുണ്യാത്മാക്കളെ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ഔദ്യോഗികമായി ചേർത്തത് പാപ്പാ അനുസ്മരിച്ചു.

തങ്ങളുടെ ജീവിതകാലം മുഴുവൻ ശാരീരികമായ ചലനശേഷിയില്ലാതെ കഴിച്ചുകൂട്ടേണ്ടിവന്ന രണ്ടു മഹിളകാളാണ് നവവാഴ്ത്തപ്പെട്ടവരെന്ന് പാപ്പാ പറഞ്ഞു. ദൈവകൃപയുടെ ശക്തിയാൽ ഇരുവരും തങ്ങളുടെ രോഗമാകുന്ന കുരിശിനെ ആശ്ലേഷിക്കുകയും വേദനയെ കർത്താവിനുള്ള ഒരു സ്തുതിപ്പാക്കി മാറ്റുകയും ചെയ്തുവെന്ന് പാപ്പാ അനുസ്മരിച്ചു. അവരുടെ ശയ്യ അനേകർക്ക് ആദ്ധ്യാത്മിക സംശോധക ബിന്ദുവും പ്രാർത്ഥനയുടെയും ക്രിസ്തീയ വളർച്ചയുടെയും വേദിയും ആയി ഭവിച്ചുവെന്നും അവിടെ അവർ സാന്ത്വനവും പ്രത്യാശയും കണ്ടെത്തിയിരുന്നുവെന്നും പാപ്പാ പറഞ്ഞു.

ഒക്ടോബർ മാസം ജപമാല പ്രാർത്ഥന

ഒക്ടോബർ മാസത്തിലെ ആദ്യ ഞായറാഴ്ച ഇറ്റലിയിലെ പൊംപെയിലെ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ കന്യകാനാഥയോടുള്ള പ്രാർത്ഥനയ്ക്കായി സമ്മേളിച്ചിരുന്നവരെയും പാപ്പാ അനുസ്മരിച്ചു. ഈ മാസത്തിൽ കൊന്തനമസ്കാരം ചൊല്ലാനുള്ള നമ്മുടെ പ്രതിബദ്ധത നവീകരിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

ശാരീരികബുദ്ധിമുട്ടുകൾ ഉള്ളവർക്ക് ഏതെങ്കിലും ഇടം ഉപയോഗിക്കുന്നതിനുള്ള പ്രതിബന്ധങ്ങൾ നീക്കുന്നതിനുവേണ്ടിയുള്ള ദിനമായി ഇറ്റലിയിൽ ഈ ഞായറാഴ്ച (03/10/21) ആചരിക്കപ്പെട്ടത്, പാപ്പാ, ഇറ്റലിയിലെ മോദെനയിൽ നിന്ന് തൊഴിലാളിയായ യേശുവിൻറെ കൊച്ചുസഹാദരികൾ എന്ന സന്ന്യാസിനീസമൂഹവും സന്നദ്ധപ്രവർത്തകരും ചേർന്നു കൊണ്ടുവന്നിരുന്ന അംഗവൈകല്യമുള്ളവരെ അഭിവാദ്യം ചെയ്യവെ അനുസ്മരിക്കുകയും പുറന്തള്ളപ്പെട്ടവർ എന്ന തോന്നൽ ആർക്കും ഉണ്ടാകാതിരിക്കുന്നതിനായി സമൂഹത്തിന് ഒരു കൈത്താങ്ങേകാൻ നമുക്കോരോരുത്തർക്കും  സാധിക്കുമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.  

സമാപനാഭിവാദ്യം 

തുടർന്ന് പാപ്പാ എല്ലാവർക്കും നല്ലൊരു ഞായറാഴ്ച ആശംസിക്കുകയും തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുത് എന്ന പതിവഭ്യർത്ഥന നവീകരിക്കുകയും എല്ലാവർക്കും നല്ലൊരു ഉച്ചഭക്ഷണം നേരുകയും ചെയ്തതിനു ശേഷം വീണ്ടും കാണാമെന്നു പറഞ്ഞുകൊണ്ട് ജാലകത്തിങ്കൽ നിന്ന് പിൻവാങ്ങി.

04 October 2021, 12:40

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >