തിരയുക

Vatican News

സ്വയാരോഹണമല്ല, അവരോഹണമാണ് അനിവാര്യം, മാർപ്പാപ്പാ!

"ദൈവത്തിൻറെ മഹത്വം, സേവനമായി മാറുന്ന സ്നേഹമാണ്, ആധിപത്യത്തിനായി കൊതിക്കുന്ന അധികാരമല്ല"- ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നല്ല തെളിഞ്ഞ കാലാവസ്ഥയായിരുന്നു റോമിൽ ഈ ഞായറാഴ്ച (17/10/21). അന്ന് ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനയിൽ വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ പങ്കുകൊണ്ടു. പാപ്പാ  റോമിലെ സമയം ഉച്ചയ്ക്ക് 12 മണിയ്ക്ക് ത്രികാല പ്രാർത്ഥന നയിക്കുന്നതിനായി, ആ സമയത്തിന് അല്പം മുമ്പ്, അരമനയുടെ പതിവു ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ, വിശുദ്ധ പത്രോസിൻറെ നാമത്തിലുള്ള ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്ന ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദരവങ്ങളും ഉയർന്നു. പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ, സാധാരണ ചെയ്യാറുള്ളതുപോലെ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻ റീത്തിൻറെ ആരാധനാക്രിമനുസരിച്ച്, ഈ ഞായറാഴ്ച (17/10/21) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിൻറെ സുവിശേഷം പത്താം അദ്ധ്യായം 35 മുതൽ 45 വരെയുള്ള  വാക്യങ്ങൾ (മർക്കോസ് 10,35-45) അതായത്, തങ്ങളെ യേശുവിൻറെ ഇടത്തും വലത്തും ഉപവിഷ്ടരാക്കണമെന്ന് സെബദീപുത്രന്മാർൻ അവിടത്തോട് അപേക്ഷിക്കുന്ന സുവിശേഷഭാഗം ആയിരുന്നു. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ വിചിന്തനം ഇപ്രകാരം വിവർത്തനം ചെയ്യാം:

സെബദീപുത്രന്മാരുടെ ഉൽക്കർഷേച്ഛ

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

കർത്താവിൻറെ മഹത്വത്തിൻറെ ദിനത്തിൽ അവിടത്തെ അരികിൽ തങ്ങളെ,  ഏതാണ്ട് “മുഖ്യ ശുശ്രൂഷകർ” എന്നപോലെ എന്നു പറയാം, ഇരുത്തണമെന്ന് രണ്ടു ശിഷ്യന്മാർ, യാക്കോബും യോഹന്നാനും അവിടത്തോട് അഭ്യർത്ഥിക്കുന്നതാണ് ഇന്നത്തെ ആരാധനാക്രമത്തിലെ സുവിശേഷഭാഗം (മർക്കോസ് 10:35-45) അവതരിപ്പിക്കുന്നത്. അതു കേട്ട മറ്റ് ശിഷ്യന്മാർ അമർഷംകൊള്ളുന്നു. ഈ ഘട്ടത്തിൽ, യേശു, ക്ഷമയോടെ, അവർക്ക് മഹത്തായ ഒരു പ്രബോധനം നൽകുന്നു: യഥാർത്ഥ മഹത്വം മറ്റുള്ളവരെക്കാൾ ഉയരുന്നതിലൂടെയല്ല, മറിച്ച്, അല്പസമയത്തിനുള്ളിൽ, അവിടെ ജറുസലേമിൽ, താൻ സ്വീകരിക്കാൻ പോകുന്ന അതേ സ്നാനം, അതായത് കുരിശ്, ജീവിക്കുന്നതിലൂടെയാണ് നേടുക. ഇതിൻറെ പൊരുളെന്താണ്?

സ്നാനത്തിൻറെ സാരം

"സ്നാനം" എന്ന വാക്കിൻറെ അർത്ഥം "നിമജ്ജനം" എന്നാണ്: യേശു, തൻറെ പീഢാസഹനങ്ങളിലൂടെ മരണത്തിൽ ആണ്ടുപോയി, നമ്മെ രക്ഷിക്കുന്നതിന്  സ്വജീവൻ സമർപ്പിച്ചു. ആകയാൽ, അവിടത്തെ മഹത്വം, ദൈവത്തിൻറെ മഹത്വം, സേവനമായി മാറുന്ന സ്നേഹമാണ്, ആധിപത്യത്തിനായി കൊതിക്കുന്ന അധികാരമല്ല. അത്, ആധിപത്യം തീവ്രമായഭിലഷിക്കുന്ന അധികാരമല്ല, അതല്ല! സേവനമായിത്തീരുന്ന സ്നേഹമാണ്. അതിനാൽ, യേശു സ്വശിഷ്യരോടും നമ്മോടും ഇങ്ങനെ പറഞ്ഞുകൊണ്ട് ഉപസംഹരിക്കുന്നു: "നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം" (മർക്കോസ് 10:43). വലിയവരാകാൻ, സേവനത്തിൻറെ സരണിയിൽ ചരിക്കേണ്ടതുണ്ട്, പരസേവനം ചെയ്യണം.

നിമ്നോന്നതികളുടെ യുക്തികൾ- സ്വാർത്ഥത അണിയിക്കുന്ന പൊയ്മുഖം 

നമ്മൾ രണ്ട് വ്യത്യസ്ത യുക്തികൾക്കു മുന്നിലാണ്: ശിഷ്യന്മാർ ഉയർന്നുവരാൻ ആഗ്രഹിക്കുന്നു, യേശുവാകട്ടെ സ്വയം താഴാൻ ആഗ്രഹിക്കുന്നു. ഈ രണ്ട് ക്രിയകളെക്കുറിച്ച് നമുക്ക് ചിന്തിക്കാം. ആദ്യത്തേത് ഉയർന്നുവരലാണ്. നമ്മൾ എപ്പോഴും പ്രലോഭിപ്പിക്കപ്പെടുന്ന ആ ലൗകിക മനോഭാവത്തെ അത് ആവിഷ്ക്കരിക്കുന്നു: നമ്മുടെ ഉല്ക്കർഷേച്ഛയുടെ പരിപോഷണത്തിനായിട്ടാണ് എല്ലാ കാര്യങ്ങളും, ബന്ധങ്ങൾ പോലും, ജീവിക്കുക, അവയെ നാം നേട്ടങ്ങളിലേക്കുള്ള, ഉന്നതസ്ഥാനലബ്ധിക്കുള്ള, ചവിട്ടുപടികളാക്കുന്നു. വ്യക്തിപരമായ ഔന്നത്യാന്വേഷണം, ആത്മാവിൻറെ ഒരു രോഗമായി പരിണമിക്കും, സദുദ്ദേശങ്ങളുടെ പൊയ്മുഖമണിയുകപോലും ചെയ്യും; ഉദാഹരണത്തിന്, നമ്മൾ ചെയ്യുന്നതും പ്രസംഗിക്കുന്നതുമായ നന്മയ്ക്ക് പിന്നിൽ, വാസ്തവത്തിൽ നമ്മൾ നമ്മെത്തന്നെയും നമ്മുടെ അംഗീകാരവും മാത്രമാണ് നോക്കുക, അതായത്, നാം മുന്നോട്ട് പോകുന്നു, പിടിച്ചുകയറുന്നു..... ഇത്  സഭയിലും നാം കാണുന്നുണ്ട്.

സേവനമാണോ പേരു പെരുമയുമാണോ ലക്ഷ്യം

സേവകരായിരിക്കേണ്ട ക്രിസ്ത്യാനികളായ നമ്മൾ എത്ര തവണ പിടിച്ചുകയറാനും മുന്നേറാനും ശ്രമിക്കുന്നു. അതുകൊണ്ടു തന്നെ നമ്മുടെ ഹൃദയങ്ങളുടെ യഥാർത്ഥ  ഉദ്ദേശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്, നാം ഇങ്ങനെ സ്വയം ചോദിക്കണം: "ഞാൻ എന്തിനാണ് ഈ ജോലി, ഈ ഉത്തരവാദിത്വം മുന്നോട്ടുകൊണ്ടുപോകുന്നത്? സേവനമാണോ, അതോ  ശ്രദ്ധിക്കപ്പെടുകയും പ്രശംസ പിടിച്ചുപറ്റുകയുമാണോ ലക്ഷ്യം?”. ഈ ലൗകിക യുക്തിയെ യേശു എതിർക്കുന്നു: മറ്റുള്ളവരെക്കാൾ ഉയരുന്നതിനുപകരം, അവരെ സേവിക്കാൻ അവൻ പീഠത്തിൽ നിന്ന് താഴേയ്ക്കിറങ്ങുന്നു; മറ്റുള്ളവരെക്കാൾ ഉയർന്നു നില്ക്കുന്നതിനു പകരം, മറ്റുള്ളവരുടെ ജീവിതത്തിൽ മുഴുകുക. "അവിടത്തെ രൂപത്തിലേക്ക്" (“A sua immagine”) എന്ന പരിപാടിയിൽ, ഞാൻ, ആരും പട്ടിണിയിലാകാതിരിക്കുന്നതിനായി കാരിത്താസ് ചെയ്യുന്ന സേവനം കാണുകയായിരുന്നു: മറ്റുള്ളവരുടെ വിശപ്പിനെക്കുറിച്ച് ഉത്ക്കണ്ഠ പുലർത്തുന്നു, മറ്റുള്ളവരുടെ ആവശ്യങ്ങളെക്കുറിച്ച് ഔത്സുക്യം പുലർത്തുന്നു. ആവശ്യത്തിലിരിക്കുന്നവർ നിരവധിയാണ്. പകർച്ചവ്യാധിക്കുശേഷം ഇത് വർദ്ധമാനമായിരിക്കുന്നു. ശ്രദ്ധിക്കുകയും സേവനത്തിനായി താഴേയ്ക്കിറങ്ങുകയും ചെയ്യുക, സ്വന്തം മഹത്വത്തിനായി പിടിച്ചു കയറാൻ ശ്രമിക്കരുത്.

നിമജ്ജനം അനുകമ്പയിൽ

രണ്ടാമത്തെ ക്രിയ ഇതാണ്: ആമഗ്നനാകുക. മുങ്ങാനാണ് യേശു നമ്മോട് ആവശ്യപ്പെടുന്നത്. ഈ മുങ്ങൽ എങ്ങനെയാണ്? ജീവിതത്തിൽ നാം കട്ടുമുട്ടുന്നവരോടുള്ള അനുകമ്പയാൽ മുങ്ങുക. അവിടെ, അതായത്, കാരിത്താസിൻറെ ആ സേവനത്തിൽ നമ്മൾ പട്ടിണി കണ്ടു: നിരവധിയായ ജനങ്ങളുടെ പട്ടിണിയെക്കുറിച്ച് അനുകമ്പയോടെ നമ്മൾ ചിന്തിക്കുന്നുണ്ടോ? ദൈവകൃപയായ ഭക്ഷണത്തിന് മുന്നിൽ നാം നിൽക്കുമ്പോൾ, നമുക്ക് അത് ഭക്ഷിക്കാൻ സാധിക്കുമ്പോൾ ജോലി ചെയ്യുന്നവരും എന്നാൽ മാസം മുഴുവനും ആവശ്യമായ ആഹാരം ഇല്ലാത്തവരുമായ ധാരാളം ആളുകൾ ഉണ്ട് എന്നതിനെക്കുറിച്ച് നമ്മൾ ചിന്തിക്കുന്നുണ്ടോ? അനുകമ്പയിൽ മുങ്ങുക, അനുകമ്പയുള്ളവരായിരിക്കുക. ഇത് ഒരു വിജ്ഞാനകോശ വസ്തുതയല്ല: വിശപ്പനുഭവിക്കുന്നവർ നിരവധിയാണ് ... ഇല്ല! അവർ വ്യക്തികളാണ്. എനിക്ക് ആ ആളുകളോട് അനുകമ്പയുണ്ടോ? നാം കണ്ടുമുട്ടുന്നവരുടെ ജീവിതത്തോട് അനുകമ്പയുള്ളവരാകുക, യേശു എന്നോടും നിങ്ങളോടും നാമെല്ലാവരോടും ചെയ്തതുപോലെ, അവിടന്ന് അനുകമ്പയോടെ സമീപിച്ചു.

താഴേക്കിറങ്ങുന്ന ദൈവിക പ്രവർത്തന ശൈലി 

നമ്മുടെ മുറിവേറ്റ ചരിത്രത്തിൽ ആഴത്തിൽ ഇറങ്ങിയ ക്രൂശിതനായ കർത്താവിനെ നോക്കുമ്പോൾ നമ്മൾ  ദൈവത്തിൻറെ പ്രവർത്തനരീതി കാണുന്നു. അവിടന്ന് നമ്മെ മുകളിൽ നിന്ന് താഴേക്ക് നോക്കിക്കൊണ്ട് സ്വർഗ്ഗത്തിൽ നിൽക്കാതെ, നമ്മുടെ കാലുകൾ കഴുകാൻ സ്വയം താഴ്ത്തി. ദൈവം സ്നേഹമാണ്, സ്നേഹം എളിമയുള്ളതാണ്, അത് സ്വയം ഉയർത്തുന്നില്ല, മറിച്ച്, ഭൂമിയിൽ പെയ്യുകയും ജീവൻ നൽകുകയും ചെയ്യുന്ന മഴ പോലെ താഴേക്ക് ഇറങ്ങുന്നു. എന്നാൽ എങ്ങനെയാണ് യേശുവിൻറെ അതേ ദിശയിലേക്ക് പോകാൻ, ആവിർഭാവത്തിൽ നിന്ന് നിമജ്ജനത്തിലേക്ക് കടക്കാൻ, ആഭിജാത്യത്തിൻറെതായ ലൗകികമനോഭാവത്തിൽ നിന്ന് ക്രൈസ്തവികമായ സേവനത്തിൻറെ ഭാവത്തിലേക്ക് കടക്കാൻ സാധിക്കുക? അതിന് പ്രതിബദ്ധത ആവശ്യമാണ്, പക്ഷേ അത് പോരാ. അസാദ്ധ്യമെന്ന് പറയുന്നില്ല എങ്കിലും ഒറ്റയ്ക്ക് അത് ബുദ്ധിമുട്ടാണ്, നമ്മെ സഹായിക്കുന്ന ഒരു ശക്തി നമുക്കുള്ളിലുണ്ട്. അത് മാമ്മോദീസായുടെതാണ്, കൃപയാൽ നമുക്കെല്ലാവർക്കും ലഭിച്ച യേശുവിലുള്ള നിമജ്ജനത്തിൻറെതാണ്, അത് നമ്മെ നയിക്കുകയും അവിടത്തെ അനുഗമിക്കാനും സ്വാർത്ഥതാല്പര്യങ്ങൾ നോക്കാതെ സേവനം ചെയ്യാനും നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത് ഒരു കൃപയാണ്, ആത്മാവ് നമ്മിൽ ജ്വലിപ്പിച്ച ഒരു തീയാണ്, അത് നാം പരിപോഷിപ്പിക്കണം. യേശുവിൻറെ ശൈലി അവലംബിക്കാൻ, കൂടുതൽ സേവകരായിത്തീരാൻ, അവിടന്ന് നമ്മോടെപ്രകാരമായിരുന്നോ അതു പോലെ സേവകരായിത്തീരാൻ നമുക്കു സാധിക്കുന്നതിനായി മാമ്മോദീസായുടെ, യേശുവിലുള്ള നിമജ്ജനത്തിൻറെ കൃപ നമ്മിൽ നവീകരിക്കാൻ,  പരിശുദ്ധാത്മാവിനോട് ഇന്നു നമക്കു അപേക്ഷിക്കാം.

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടാം

നമുക്ക് മാതാവിനോട് പ്രാർത്ഥിക്കാം: അവൾ ഏറ്റവും വലിയവളാണെങ്കിലും, അവൾ ഉയരാൻ ശ്രമിച്ചില്ല, മറിച്ച്, അവൾ കർത്താവിൻറെ എളിയ ദാസിയായിരുന്നു, യേശുവുമായി നാം കണ്ടുമുട്ടുന്നതിന് നമ്മെ സഹായിക്കാൻ അവൾ നമ്മുടെ സേവനത്തിൽ പൂർണ്ണമായും മുഴുകി.

ഈ വാക്കുകളെ തുടർന്ന് പാപ്പാ കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. 

കുഞ്ഞുങ്ങളുടെ കൊന്തനമസ്കാരം

ആശീർവാദാനന്തരം പാപ്പാ, ഐക്യത്തിനും സമാധനത്തിനും വേണ്ടി "എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്" (ക്ലേശിക്കുന്ന സഭയ്ക്കുള്ള സഹായം) എന്ന ഫൗണ്ടേഷൻ ഇടവകകളിലും വിദ്യാലയങ്ങളിലും കുടുംബങ്ങൾളിലും ദശലക്ഷം കുട്ടികളുടെ കൊന്തനമസ്കാരം ഈ ഒക്ടോബർ 17-ന് ഞായറാഴ്ച സംഘടപ്പിച്ചത് അനുസ്മരിച്ചു. ഈ വർഷം ഇത് വിശുദ്ധ യൗസേപ്പിതാവിൻറെ മാദ്ധ്യസ്ഥ്യത്തിന് സവിശേഷമാംവിധം സമർപ്പിതമാണെന്നും പാപ്പാ പറഞ്ഞു. ഇതിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

127 നിണസാക്ഷികൾ നവവാഴ്ത്തപ്പെട്ടവർ

സ്പെയിനിലെ കോർദൊബയിൽ ശനിയാഴ്ച (16/10/21) വൈദികൻ ജുവാൻ എലിയാസ് മെദീനയെയും 126 സഹരക്തസാക്ഷികളെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത് പാപ്പാ അനുസ്മരിച്ചു. സ്പെയിനിൽ 1930-കളിൽ നടന്ന നിഷ്ഠൂര മതപീഡനവേളയിൽ, വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ട പുരോഹിതരും സന്ന്യാസിനികളും വൈദികാർത്ഥികളും അൽമായരും ആയിരുന്നു ഇവർ എന്ന് പാപ്പാ പറഞ്ഞു. അവരുടെ വിശ്വസ്തത നമുക്കെല്ലാവർക്കും, പ്രത്യേകിച്ച് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്ക് സുവിശേഷത്തിന് സധൈര്യം സാക്ഷ്യം വഹിക്കാനുള്ള ശക്തി പ്രദാനം ചെയ്യട്ടെയെന്ന് പാപ്പാ ആശംസിച്ചു.

അക്രമം സകലരുടെയും തോൽവി

കഴിഞ്ഞയാഴ്ച നോർവേ, അഫ് ഗാനിസ്ഥാൻ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിരവധിപ്പേരുടെ മരണത്തിനിടയാക്കുകയും അനേകരെ മുറിവേല്പിക്കുകയും ചെയ്ത ആക്രമണങ്ങൾ അരങ്ങേറിയത് പാപ്പാ വേദനയോടെ അനുസ്മരിച്ചു. ഈ ആക്രമണങ്ങൾ ജീവനപഹരിച്ചവരുടെ കുടുംബങ്ങളോടുള്ള തൻറെ സാമീപ്യം പാപ്പാ അറിയിച്ചു. എല്ലാവരുടെയും തോൽവിയായ, എപ്പോഴും തോൽക്കുന്ന അക്രമത്തിൻറെ പാത വെടിയാൻ പാപ്പാ അഭ്യർത്ഥിച്ചു. അക്രമം അക്രമത്തിന് ജന്മമേകുന്നുവെന്ന വസ്തുത ഓർമ്മയിൽ സൂക്ഷിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

പാരിസ്ഥിതിക നീതിക്കായുള്ള തീർത്ഥാടനം 

സ്കോട്ട്ലണ്ടിലെ ഗ്ലാസ്ഗോയിൽ കാലാവസ്ഥയെ അധികരിച്ചു നടക്കാൻ പോകുന്ന കോപ് 26 (COP26) ഉച്ചകോടിയോടനുബന്ധിച്ച്, ആ വേദി ലക്ഷ്യമാക്കി പോളണ്ടിൽ നിന്ന് “പാരിസ്ഥിതിക നീതിക്കായുള്ള എക്യുമെനിക്കൽ തീർത്ഥാടനം” നടത്തുന്നവരെയും പാപ്പാ അഭിവാദ്യം ചെയ്യുകയും അവർക്ക് ആശംസകളേകുയും ചെയ്തു.

സമാപനാഭിവാദ്യം

ത്രികാലപ്രാര്‍ത്ഥനാപരിപാടിയുടെ അവസാനം പാപ്പാ എല്ലാവർക്കും നല്ലൊരു ഞായർ ആശംസിച്ചു. തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിച്ച പാപ്പാ എല്ലാവ‍ര്‍ക്കും നല്ലൊരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകൾ വീശി ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

18 October 2021, 12:11

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >