തിരയുക

Vatican News

പാപ്പാ: വിശ്വാസം ദൈവവുമായുള്ള ക്രയവിക്രയോപാധിയല്ല, അത് ദാനമാണ്!

"പ്രഥമതഃ, വാണിജ്യപരവും യാന്ത്രികവുമായ ഒരു വിശ്വാസത്തിൽ നിന്ന് നാം മുക്തരാകണം . അത്തരത്തിലുള്ള ഒരു വിശ്വാസം, ദൈവം പിതാവല്ല, മറിച്ച്, കണക്കു പറയുകയും പരിശോധിക്കുകയും ചെയ്യുന്നവനാണ് എന്ന തെറ്റായ രൂപം അവതരിപ്പിക്കുന്നു." ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കാറ്റും കുളിരും ഉണ്ടായിരുന്നെങ്കിലും പൊതുവെ നല്ല തെളിഞ്ഞ കാലാവസ്ഥയായിരുന്നു റോമിൽ ഈ ഞായറാഴ്ച (10/10/21). അന്ന് ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനയിൽ വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ പങ്കുകൊണ്ടു. പാപ്പാ  റോമിലെ സമയം ഉച്ചയ്ക്ക് 12 മണിയ്ക്ക് ത്രികാല പ്രാർത്ഥന നയിക്കുന്നതിനായി, ആ സമയത്തിന് അല്പം മുമ്പ്, അരമനയുടെ പതിവു ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ, വിശുദ്ധ പത്രോസിൻറെ നാമത്തിലുള്ള ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്ന ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദരവങ്ങളും ഉയർന്നു.പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ സാധാരണ ചെയ്യാറുള്ളതുപോലെ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻ റീത്തിൻറെ ആരാധനാക്രിമനുസരിച്ച്, ഈ ഞായറാഴ്ച (10/10/21) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിൻറെ സുവിശേഷം പത്താം അദ്ധ്യായം 17 മുതൽ 30 വരെയുള്ള  വാക്യങ്ങൾ (മർക്കോസ് 10,17-30) അതായത്, നിത്യ ജീവൻ അവകാശമാക്കാൻ താൻ എന്തു ചെയ്യണമെന്നു ചോദിച്ചുകൊണ്ട് യേശുവിൻറെ മുന്നിലെത്തുന്ന ധനികനോട് എല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക എന്ന് അവിടന്ന് പറയുന്ന സുവിശേഷഭാഗം ആയിരുന്നു. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ  നടത്തിയ വിചിന്തനം ഇപ്രകാരം വിവർത്തനം ചെയ്യാം:

പേരും പ്രായവും പരാമർശിക്കപ്പെടാത്ത, ധനികൻ                        

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഇന്നത്തെ ആരാധനാക്രമം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്, യേശുവും "ധാരാളം സമ്പത്തുണ്ടായിരുന്നവനും” (മർക്കോസ് 10:22) ചരിത്രത്തിൽ "ധനികനായ ചെറുപ്പക്കാരൻ" (മത്തായി 19:20-22) ആയി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നവനുമായ ഒരു വ്യക്തിയും തമ്മിലുള്ള കൂടിക്കാഴ്ചയാണ്. അയാളുടെ പേര് നമുക്കറിയില്ല. പേരും പ്രായവും പരാമർശിക്കാതെ, “ഒരുവൻ” എന്ന് മർക്കോസിൻറെ സുവിശേഷം, പറയുമ്പോൾ, വാസ്തവത്തിൽ,  ആ മനുഷ്യനിൽ നമുക്കെല്ലാവർക്കും, ഒരു കണ്ണാടിയിലെന്നപോലെ, നമ്മെത്തന്നെ കാണാൻ കഴിയുമെന്ന് സൂചിപ്പിക്കുകയാണ്. യേശുവുമായുള്ള ആ മനുഷ്യൻറെ കണ്ടുമുട്ടൽ, വാസ്തവത്തിൽ, വിശ്വാസ പരിശോധനയ്ക്ക് നമ്മെ അനുവദിക്കുന്നു. ഇത് വായിച്ചുകൊണ്ട് ഞാൻ എൻറെ വിശ്വാസം പരശോധിക്കുകയാണ്.

വിശ്വാസം, ദൈവവുമായുള്ള "കച്ചവട ബന്ധമല്ല", ഒരു ദാനം

ആ മനുഷ്യൻ ഒരു ചോദ്യത്തോടെ തുടങ്ങുന്നു: "നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം?" (മർക്കോസ് 10,17). ചെയ്യേണ്ടതുണ്ട് – അവകാശമാക്കാൻ എന്നീ  അയാൾ ഉപയോഗിക്കുന്ന ക്രിയാപദങ്ങൾ ശ്രദ്ധേയങ്ങളാണ്. ഇതാ അവൻറെ മതബോധം: ഒരു കടമ, കൈവശമാക്കുന്നതിനുള്ള പ്രവർത്തി; "എനിക്ക് ആവശ്യമുള്ളത് ലഭിക്കാൻ ഞാൻ എന്തെങ്കിലും ചെയ്യുന്നു". എന്നാൽ ഇത് ദൈവവുമായുള്ള ഒരു വാണിജ്യ ബന്ധമാണ്, ദൊ ഉത്ത് ദെസ് (un do ut des)- ആണ്, പരസ്പരം കൊടുക്കൽ വാങ്ങൽ ആണ്. മറിച്ച്, വിശ്വാസം ഒരു തണുത്തതും യാന്ത്രികവുമായ ആചാരമല്ല, "ഞാൻ  ചെയ്യണം – ചെയ്യുന്നു - നേടുന്നു". അത് സ്വാതന്ത്ര്യത്തിൻറെയും സ്നേഹത്തിൻറെയും പ്രശ്നമാണ്. വിശ്വാസം സ്വാതന്ത്ര്യത്തിൻറെ പ്രശ്നമാണ്, അത് സ്നേഹത്തിൻറെ പ്രശ്നമാണ്. ഇതാ ഒരു ആദ്യ പരീക്ഷണം: എന്നെ സംബന്ധിച്ച് എന്താണ് വിശ്വാസം? ഇത് പ്രധാനമായും ഒരു കടമയോ, അതോ, ക്രയവിക്രയത്തിനുള്ള ഒരു നാണയമോ ആണെങ്കിൽ, നാം വഴിയ്ക്കു പുറത്താണ്, കാരണം രക്ഷ ഒരു ദാനമാണ്, അത് ഒരു കടമയല്ല, അത് സൗജന്യമാണ്, അത് വാങ്ങാൻ കഴിയില്ല. ആദ്യം ചെയ്യേണ്ടത് വാണിജ്യപരവും യാന്ത്രികവുമായ ഒരു വിശ്വാസത്തിൽ നിന്ന് മുക്തി നേടുക എന്നതാണ്, അത്തരത്തിലുള്ള ഒരു വിശ്വാസം, ദൈവം പിതാവല്ല, മറിച്ച്, കണക്കു പറയുകയും പരിശോധിക്കുകയും ചെയ്യുന്നവനാണ് എന്ന തെറ്റായ രൂപം അവതരിപ്പിക്കുന്നു. ജീവിതത്തിൽ പലതവണ നാം "വാണിജ്യ"പരമായ വിശ്വാസത്തിൻറെ ഈ ബന്ധം ജീവിക്കുന്നു: അതായത്, ദൈവം ഇത് എനിക്ക് നൽകുന്നതിനു വേണ്ടി ഞാൻ ഇത് ചെയ്യുന്നു.

യേശുവിൻറെ കടാക്ഷവും സ്നേഹവും വിശ്വാസത്തിൻറെ ഉറവിടം

രണ്ടാമത്തെ ഭാഗത്ത്, യേശു, ദൈവത്തിൻറെ യഥാർത്ഥ മുഖം അവതരിപ്പിച്ചുകൊണ്ട് ആ മനുഷ്യനെ സഹായിക്കുന്നു. വാസ്തവത്തിൽ - സുവിശേഷ ഭാഗം ഇപ്രകാരം പറയുന്നു - "അവിടന്ന് അവൻറെ മേൽ കടാക്ഷിച്ചു", "അവനെ സ്നേഹിച്ചു" (വാക്യം 21): ഇതാണ് ദൈവം! ഇതാ ഇവിടെ നിന്നാണ് വിശ്വാസം ജനിക്കുകയും പുനർജനിക്കുകയും ചെയ്യുന്നത്: ഒരു കടമയിൽ നിന്നല്ല, ചെയ്യേണ്ടതോ വിലനല്കേണ്ടതോ ആയ എന്തിലെങ്കിലും നിന്നല്ല, മറിച്ച് സ്വാഗതം ചെയ്യേണ്ട സ്നേഹപൂർവ്വമായ ഒരു നോട്ടത്തിൽ നിന്നാണ്. അങ്ങനെ, നമ്മുടെ കഴിവുകളിലും നമ്മുടെ പദ്ധതികളിലുമല്ല, പ്രത്യുത, ദൈവത്തിൻറെ കടാക്ഷത്തിലാണ് അടിസ്ഥാനമിടുന്നതെങ്കിൽ ക്രിസ്തീയ ജീവിതം സുന്ദരമാകും. നിൻറെ  വിശ്വാസം, എൻറെ വിശ്വാസം തളർന്നതാണോ? നിങ്ങൾക്കതിനെ ഉത്തേജിപ്പിക്കണോ? ദൈവത്തിൻറെ കടാക്ഷം തേടുക: നീ ആരാധനയിൽ മുഴുകുക, കുമ്പസാരത്തിലൂടെ പാപമോചിതനാകുക, ക്രൂശിതരൂപത്തിന് മുന്നിൽ നിൽക്കുക. ചുരുക്കത്തിൽ, അവിടന്നിനാൽ സ്നേഹിക്കപ്പെടാൻ നീ നിന്നെത്തന്നെ അനുവദിക്കുക. ഇതാണ് വിശ്വാസത്തിൻറെ ആരംഭം: പിതാവായ അവിടന്നിനാൽ സ്നേഹിക്കപ്പെടാൻ സ്വയം വിട്ടുകൊടുക്കുക.

നമ്മിൽ കുറവുള്ളത് എന്താണ്?

ചോദ്യത്തിനും നോട്ടത്തിനും ശേഷം - മൂന്നാമത്തേതും അവസാനത്തേതുമായ ഭാഗം – യേശുവിൻറെ ക്ഷണം ആണ്, അവിടന്ന് പറയുന്നു: "നിനക്ക് ഒരു കുറവുണ്ട്". ആ ധനികനിൽ എന്താണ് കുറവുള്ളത്? ദാനം, സൗജന്യം: "പോയി, നിനക്കുള്ളതെല്ലാം വിറ്റ്, ദരിദ്രർക്ക് കൊടുക്കുക" (വാക്യം. 21). ഒരു പക്ഷെ ഇതാണ് നമുക്കുമുള്ള കുറവ്. മിക്കപ്പോഴും നമ്മൾ ഏറ്റവും അനിവാര്യമായ ചുരുങ്ങിയ കാര്യങ്ങൾ ചെയ്യുന്നു, അതേസമയം യേശുവാകട്ടെ സാധ്യമായത്ര എറ്റവും കൂടുതൽ ചെയ്യാൻ നമ്മെ ക്ഷണിക്കുന്നു. നമുക്ക് ജീവൻ പ്രദാനം ചെയ്യുന്ന ദൈവം നമ്മോട് ജീവൻറെ കുതിപ്പ് ആവശ്യപ്പെടുമ്പോൾ നാമാകട്ടെ  എത്രയോ തവണ കർത്തവ്യങ്ങളും പ്രമാണങ്ങളും പാലിക്കുന്നതിലും ചില പ്രാർത്ഥനകളിലും നിരവധിയായ അത്തരം കാര്യങ്ങളിലും തൃപ്തിയടയുന്നു, കടമയിൽ നിന്ന് ദാനത്തിലേക്കുള്ള കടക്കൽ ഇന്നത്തെ സുവിശേഷത്തിൽ വ്യക്തമായി കാണാം; "കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത് ..." (വാക്യം. 19) എന്നിങ്ങനെയുള്ള കൽപ്പനകൾ ഓർമ്മിച്ചുകൊണ്ട് ആരംഭിക്കുന്ന യേശു, ഭാവാത്മകമായ നിർദ്ദേശത്തിൽ എത്തിച്ചേരുന്നു: "പോയി, വിൽക്കുക, കൊടുക്കുക, എന്നെ അനുഗമിക്കുക!" (വാക്യം. 21). വിശ്വാസം “അരുതിൽ” പരിമിതപ്പെടുത്താനാകില്ല, കാരണം ക്രിസ്തീയ ജീവിതം ഒരു “സമ്മതം”, സ്നേഹത്തിൻറെ “സമ്മതം” ആണ്.

യേശുവിൻറെ കടാക്ഷത്തിനും നോട്ടത്തിനും നമ്മെ വിട്ടുകൊടുക്കുക

പ്രിയ സഹോദരീ സഹോദരന്മാരേ, ദാനമില്ലാത്ത ഒരു വിശ്വാസം, സൗജന്യഭാവരഹിത വിശ്വാസം, അപൂർണ്ണ വിശ്വാസമാണ്, അത്  ദുർബ്ബല വിശ്വാസമാണ്, രോഗഗ്രസ്ത വിശ്വാസമാണ്. സമ്പന്നവും പോഷകഗുണമുള്ളതും എന്നാൽ രുചിയില്ലാത്തതുമായ ആഹാരത്തോടോ, ഒരുവിധം വാശിയേറിയതും എന്നാൽ ഗോൾ രഹിതവുമായ കളിയോടോ, നമുക്കതിനെ താരതമ്യം ചെയ്യാം: പക്ഷേ, അത് ശരിയാകില്ല, "ഉപ്പ്" ഇല്ല. ദാനവും, സൗജന്യഭാവും, ഉപവിപ്രവർത്തനങ്ങളുമില്ലാത്ത വിശ്വാസം അവസാനം നമ്മെ ദുഃഖിതരാക്കുന്നു: യേശു നേരിട്ട് സ്നേഹത്തോടെ നോക്കിയിട്ടും "ദുഃഖിതനായി" "മ്ലാനവദനനായി" (വാക്യം 22) വീട്ടിലേക്കു തിരിച്ചു പോയ ആ മനുഷ്യനെപ്പോലെ. ഇന്ന് നമുക്ക് നമ്മോടുതന്നെ ചോദിക്കാം: “എൻറെ വിശ്വാസം ഏതു തലത്തിൽ എത്തിയിരിക്കുന്നു? ദൈവത്തോടുള്ള കടമയുടേതൊ താൽപ്പര്യത്തിൻറേതോ ആയ ഒരു ബന്ധമെന്ന നിലയിൽ യാന്ത്രികമായിട്ടാണോ ഞാൻ അത് ജീവിക്കുന്നത്? എന്നെ നോക്കാനും സ്നേഹിക്കാനും യേശുവിനെ അനുവദിച്ചുകൊണ്ട് ഞാൻ അതിനെ പോഷിപ്പിക്കണമെന്ന് ഓർക്കാറുണ്ടോ? യേശു നമ്മെ നോക്കുന്നതിനും സ്നേഹിക്കുന്നതിനും നാം നമ്മെത്തന്നെ വിട്ടുകൊടുക്കുക; യേശു നമ്മെ നോക്കട്ടെ, സ്നേഹിക്കട്ടെ. "കൂടാതെ, അവനാൽ ആകർഷിക്കപ്പെട്ട്, ഞാൻ, സൗജന്യഭാവത്തോടും ഉദാരതയോടും പൂർണ്ണഹൃദയത്തോടും കൂടി പ്രത്യുത്തരിക്കുന്നുണ്ടോ?"

പരിശുദ്ധ അമ്മയുടെ സഹായം

ദൈവത്തോട് നിരുപാധികം, പൂർണ്ണസമ്മതമരുളിയ, കന്യകാമറിയം, അപ്രകാരം സമ്മതം പറയുക അത്ര എളുപ്പമല്ല, പക്ഷേ, കന്യക അങ്ങനെ ചെയ്തു, ജീവിതത്തെ ഒരു ദാനമാക്കിത്തീർക്കുന്നതിൻറെ മനോഹാരിത ആസ്വദിക്കാൻ നമ്മെ പ്രാപ്തരാക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

നവവാഴ്ത്തപ്പെട്ടവർ: മരിയ ലൊറേൻസ ലോംഗൊ

വിവാഹിതയും കുടുംബിനിയുമായിരുന്ന മരിയ ലൊറേൻസ ലോംഗൊ തെക്കെ ഇറ്റലിയിലെ നാപ്പോളിയിൽ (നേപ്പിൾസ്) ശനിയാഴ്‌ച (09/10/21) വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടത് പാപ്പാ ആശീർവ്വാദാനന്തരം സസന്തോഷം അനുസ്മരിച്ചു.

പതിനാറാം നൂറ്റാണിൽ ജീവിച്ചിരുന്ന വിധവയായ നവവാഴ്ത്തപ്പെട്ടവൾ നാപ്പൊളിയിൽ ഒരു ആതുരാലയവും വിശുദ്ധ ക്ലാരയുടെ നാമത്തിലുള്ള കപ്പൂച്ചിൻ സന്ന്യാസിനിസമൂഹവും സ്ഥാപിച്ചതിനെക്കുറിച്ചും പാപ്പാ പരാമർശിച്ചു. വലിയ വിശ്വാസത്തിൻറെയും തീക്ഷ്ണപ്രാർത്ഥനയുടെയും മഹിളയായിരുന്ന വാഴ്ത്തപ്പെട്ട മരിയ ലൊറേൻസ ലോംഗൊ പാവങ്ങളുടെയും കഷ്ടപ്പെടുന്നവരുടെയും ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്നതിൽ ഉത്സുകയായിരുന്നുവെന്ന് പാപ്പാ പറഞ്ഞു

ഫ്രാൻചെസ്കൊ മോത്തൊള

തെക്കെ ഇറ്റലിയിലെ തന്നെ കളാബ്രിയയിലെ ത്രൊപേയയിൽ വൈദികൻ ഫ്രാൻചെസ്കൊ മോത്തൊള ഞായറാഴ്‌ച (10/10/21) വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ഔദ്യോഗികമായി ചേർക്കപ്പെട്ടതും പാപ്പാ അനുസ്മരിച്ചു.

തിരുഹൃദയത്തിൻറെ സമർപ്പിതരുടെയും സമർപ്പിതകളുടെയും സമൂഹങ്ങളുടെ സ്ഥാപകനായ നവവാഴ്ത്തപ്പെട്ടവൻ തീക്ഷ്ണമതിയായ ഇടയനും അക്ഷീണ സുവിശേഷ പ്രഘോഷകനും ഉപവിപ്രവർത്തനത്തിലും ധ്യാനാത്മകതയിലും ജീവിച്ച ഒരു പൗരോഹിത്യത്തിൻറെ അനുകരണീയ സാക്ഷിയും ആയിരുന്നുവെന്ന് പാപ്പാ ശ്ലാഘിച്ചു.

ലോക മാനസികാരോഗ്യ ദിനം - ഒക്ടോബർ 10

ഈ ഞായറാഴ്‌ച (10/10/21) ലോക മാനസികാരോഗ്യ ദിനം ആചരിക്കപ്പെട്ടതും പാപ്പാ അനുസ്മരിച്ചു.

മാനസിക വൈകല്യങ്ങളാൽ ബുദ്ധിമുട്ടുന്ന സഹോദരീസഹോദരന്മാരെയും ആത്മഹത്യയ്ക്ക് ഇരകളായവരെയും കുറിച്ചും പാപ്പാ ഇത്തരുണത്തിൽ പരാമർശിച്ചു. ആത്മഹത്യചെയ്യുന്നത് പലപ്പോഴും യുവജനങ്ങളാണ് എന്ന വസ്തുതയും പാപ്പാ ചൂണ്ടിക്കാട്ടി. മാനസികവൈകല്യങ്ങളനുഭവിക്കുന്നവരും അവരുടെ കുടുംബങ്ങളും ഒറ്റപ്പെടുത്തപ്പെടുകയും വിവേചനത്തിനിരകളാക്കപ്പെടുകയും ചെയ്യാതിരിക്കുന്നതിനും അവരെ സ്വാഗതം ചെയ്യുകയും അവർക്ക് പിന്തുണയേകുകയും ചെയ്യുന്നതിനും വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

സമാപനഭിവാദ്യം

ത്രികാലപ്രാര്‍ത്ഥനാപരിപാടിയുടെ അവസാനം പാപ്പാ എല്ലാവർക്കും നല്ലൊരു ഞായർ ആശംസിച്ചു. തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിച്ച പാപ്പാ എല്ലാവ‍ര്‍ക്കും നല്ലൊരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകൾ വീശി ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

11 October 2021, 11:36

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >