തിരയുക

യേശുവിനെ പിടിച്ചു നിറുത്തുന്ന വിശ്വാസസാന്ദ്രമായ രോദനം!

ഫ്രാൻസീസ് പാപ്പായുടെ മദ്ധ്യാഹ്ന പ്രാർത്ഥനാ പ്രഭാഷണം: അന്ധ യാചകനായ ബർത്തിമേയുസിൻറെ നിർബന്ധബുദ്ധിയോടുകൂടിയ പ്രാർത്ഥനയാൽ വിളങ്ങുന്ന വിശ്വാസം; എല്ലാം ചെയ്യാൻ കഴിയുന്നവനോട് സകലവും ചോദിക്കുക, ഭയരഹിത വിശ്വാസത്തോടെ യാചിക്കുക.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ശരത്ക്കാലത്തിലെ ഒരു സുദിനമായിരുന്നു റോമിൽ ഈ ഞായറാഴ്ച (24/10/21). അന്ന് ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനയിൽ വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ പങ്കുകൊണ്ടു. പാപ്പാ  റോമിലെ സമയം ഉച്ചയ്ക്ക് 12 മണിയ്ക്ക് ത്രികാല പ്രാർത്ഥന നയിക്കുന്നതിനായി, ആ സമയത്തിന് അല്പം മുമ്പ്, അരമനയുടെ പതിവു ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ, വിശുദ്ധ പത്രോസിൻറെ നാമത്തിലുള്ള ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്ന ജനസഞ്ചയം കൈയ്യടിയോടും ആരവങ്ങളോടും കൂടെ തങ്ങളുടെ ആന്ദം വിളിച്ചറിയിച്ചു. പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ, സാധാരണ ചെയ്യാറുള്ളതുപോലെ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻ റീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായറാഴ്ച (24/10/21) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിൻറെ സുവിശേഷം പത്താം അദ്ധ്യായം 46 മുതൽ 52 വരെയുള്ള  വാക്യങ്ങൾ (മർക്കോസ് 10,46-52) അതായത്, ബർത്തിമേയൂസ് എന്ന അന്ധയാചകന് യേശു കാഴ്ച നല്കുന്ന സംഭവം അവതരിപ്പിച്ചിരിക്കുന്ന സുവിശേഷഭാഗം, ആയിരുന്നു.  പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നല്കിയ സന്ദേശം ഇപ്രകാരം വിവർത്തനം ചെയ്യാം:

കാഴ്ച തിരികെ ലഭിക്കുന്ന അന്ധയാചകൻ ബർത്തിമേയൂസിൻറെ വിശ്വാസം

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

വഴിയിൽ ഭിക്ഷ യാചിക്കുന്ന അന്ധനായ ബാർത്തിമേയൂസിന്, താൻ ജെറിക്കോ വിട്ടു പോകുന്ന വേളയിൽ, കാഴ്ച തിരിച്ചുനൽകുന്ന യേശുവിനെക്കുറിച്ച് ഇന്നത്തെ ആരാധാനാക്രമത്തിലെ സുവിശേഷം വിവിരിക്കുന്നു (Mk 10: 46-52). പെസഹായക്ക് കർത്താവ് ജറുസലേമിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള അവസാനത്തെ സുപ്രധാന കൂടിക്കാഴ്ചയാണിത്. ബാർത്തിമേയൂസിന് കാഴ്ച നഷ്ടപ്പെട്ടു, എന്നാൽ ശബ്ദം പോയില്ല! വാസ്‌തവത്തിൽ, യേശു കടന്നുപോകുന്നു എന്നു കേട്ടപ്പോൾ അവൻ നിലവിളിക്കാൻ തുടങ്ങുന്നു: "ദാവീദിൻറെ പുത്രാ, യേശുവേ, എന്നിൽ കനിയണമേ!" (മർക്കോസ് 10,48). രോദനമാണ്, ഉറക്കെ നിലവിളിക്കുകയാണ്. അവൻറെ കരച്ചിൽ  കേട്ട് അസ്വസ്ഥരായ ശിഷ്യന്മാരും ജനക്കൂട്ടവും അവൻ മിണ്ടാതിരിക്കുന്നതിന് അവനെ ശാസിക്കുന്നു. എന്നാൽ അവൻ കൂടുതൽ ഉച്ചത്തിൽ നിലവിളിക്കുന്നു: "ദാവീദിൻറെ പുത്രാ, എന്നിൽ കനിയണമേ!". യേശു അതു കേൾക്കുന്നു, ഉടനെ അവിടന്ന് നില്ക്കുന്നു. ദൈവം എപ്പോഴും ദരിദ്രരുടെ നിലവിളി കേൾക്കുന്നു, ബർത്തിമേയൂസിൻറെ സ്വരം അവിടത്തെ ഒട്ടും അസ്വസ്ഥനാക്കുന്നില്ല, നേരെമറിച്ച്, അത് വിശ്വാസത്താൽ നിറഞ്ഞതാണെന്ന് അവിടന്ന് മനസ്സിലാക്കുന്നു, തെറ്റിദ്ധാരണകളും ശകാരങ്ങളുമുണ്ടായിട്ടും നിർബന്ധിക്കാൻ, ദൈവത്തിൻറെ ഹൃദയത്തിൽ മുട്ടാൻ ഭയപ്പെടാത്ത ഒരു വിശ്വാസം. ഇവിടെയാണ് അത്ഭുതത്തിൻറെ വേര്. വാസ്തവത്തിൽ, യേശു അവനോട് പറയുന്നു: "നിൻറെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു" (മർക്കോസ് 10,52).

വിശ്വാസ ധീരതയാർന്ന പ്രാർത്ഥന 

ബർത്തിമേയൂസിൻറെ വിശ്വാസം അവൻറെ പ്രാർത്ഥനയാൽ വിളങ്ങുന്നു. ഇത് ഭീരുത്വമാർന്നതും പരമ്പരാഗതവുമായ പ്രാർത്ഥനയല്ല. സർവ്വോപരി, അവൻ കർത്താവിനെ "ദാവീദിൻറെ പുത്രൻ" എന്ന് വിളിക്കുന്നു: അതായത്, ലോകത്തിലേക്ക് വരുന്ന രാജാവായ മിശിഹായാണ് അവിടന്ന് എന്ന് അവൻ തിരിച്ചറിയുന്നു. എന്നിട്ട് അവൻ ആത്മവിശ്വാസത്തോടെ പേര് ചൊല്ലി അവിടത്തെ വിളിക്കുന്നു: അതായത് "യേശു". അവന് അവിടത്തെ പേടിയില്ല, അവൻ അകന്നു നില്ക്കുന്നില്ല. അതിനാൽ, സ്വന്തം ദുരന്തം മുഴുവനും ദൈവസുഹൃത്തിൻറെ മുന്നിൽ ഹൃദയംഗമമായ രോദനത്താൽ വയ്ക്കുന്നു: "എന്നിൽ കനിയേണമേ!". ആ പ്രാർത്ഥന മാത്രം: "എന്നോട് കരുണയുണ്ടാകേണമേ!". വഴിയാത്രക്കാരോട് ചെയ്യുന്നതുപോലെ അവൻ എന്തെങ്കിലും ചില്ലിക്കാശ് അവിടത്തോട് ആവശ്യപ്പെടുകയല്ല. ഇല്ല, എല്ലാം ചെയ്യാൻ കഴിയുന്നവനോട് അവൻ എല്ലാം ചോദിക്കുന്നു. അവൻ ആളുകളോട് ചില്ലിക്കാശ് ആവശ്യപ്പെടുന്നു, സകലവും ചെയ്യാൻ കഴിയുന്ന യേശുവിനോട്, എല്ലാം ചോദിക്കുന്നു: "എന്നോട് കരുണ കാണിക്കേണമേ, ഞാൻ ആയിരിക്കുന്ന സകലത്തിനും കരുണയുണ്ടാകേണമേ". അവൻ ഒരു കൃപ ചോദിക്കുകയല്ല, മറിച്ച് അവൻ തന്നെത്തന്നെ അവതരിപ്പിക്കുകയാണ്: അവൻ താനെന്ന വ്യക്തിക്കായി, സ്വന്തം ജീവിതത്തിനായി കാരുണ്യം ചോദിക്കുന്നു. ഇത് നിസ്സാരമായൊരു അഭ്യർത്ഥനയല്ല, മറിച്ച് അത് മനോഹരമാണ്, കാരണം അത് കരുണ്യം, അതായത്, അനുകമ്പ, ദൈവത്തിൻറെ കരുണ, അവിടത്തെ ആർദ്രത, അപേക്ഷിക്കുന്നു.

ദൈവസ്നേഹത്തിനു പൂർണ്ണമായി സമർപ്പിക്കുക

ബർത്തിമേയൂസ് അധികം വാക്കുകൾ ഉപയോഗിക്കുന്നില്ല. കാതലായതു മാത്രം പറയുന്നു, മനുഷ്യർക്ക് അസാദ്ധ്യമായത് ചെയ്തുകൊണ്ട് തൻറെ ജീവിതം വീണ്ടും പൂവണിയിക്കാൻ കഴിയുന്നവനായ ദൈവത്തിൻറെ സ്നേഹത്തിന് അവൻ സ്വയം സമർപ്പിക്കുന്നു. ഇക്കാരണത്താൽ, അവൻ ദൈവത്തോട് ഭിക്ഷ യാചിക്കുന്നില്ല, മറിച്ച് എല്ലാം വെളിപ്പെടുത്തുന്നു, അവൻറെ അന്ധത, അവന് കാണാൻ കഴിയില്ല എന്നതിനപ്പുറമുള്ള അവൻറെ കഷ്ടപ്പാടുകൾ അങ്ങനെ സകലവും. അവൻറെ അന്ധത മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമായിരുന്നു, പക്ഷേ അവൻറെ ഹൃദയത്തിൽ മുറിവുകളും അപമാനങ്ങളും തകർന്ന സ്വപ്നങ്ങളും തെറ്റുകളും പശ്ചാത്താപവും ഉണ്ടായിരുന്നു. അവൻ ഹൃദയംകൊണ്ട് പ്രാർത്ഥിച്ചു. നമ്മളോ?. നാം ദൈവത്തോട് ഒരു അനുഗ്രഹം ചോദിക്കുമ്പോൾ, നമ്മുടെ സ്വന്തം ചരിത്രം, മുറിവുകൾ, അപമാനങ്ങൾ, തകർന്ന സ്വപ്നങ്ങൾ, തെറ്റുകൾ, കുറ്റബോധം എന്നിവയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നുണ്ടോ?

നമ്മുടെ പ്രാർത്ഥനയുടെ അവസ്ഥ?

"ദാവീദിൻറെ പുത്രനായ യേശുവേ, എന്നിൽ കനിയേണമേ!". ഇന്നു നമുക്കീ പ്രാർത്ഥന ചൊല്ലാം. . നമുക്ക് അത് ആവർത്തിക്കാം. നമുക്ക് സ്വയം ചോദിക്കാം: "എൻറെ പ്രാർത്ഥന എങ്ങനെയാണ്?". ഓരോരുത്തരും സ്വയം ചോദിക്കുക: "എൻറെ പ്രാർത്ഥന എങ്ങനെ പോകുന്നു?". ധീരതയാർന്നതാണോ പ്രാർത്ഥന, ബർത്തിമേയൂസിൻറെ നിർബന്ധബുദ്ധിയുണ്ടോ, കടന്നുപോകുന്ന കർത്താവിനെ എങ്ങനെ "പിടിച്ചുനിറുത്തണമെന്ന്" അറിയാമോ, അതോ വല്ലപ്പോഴുമൊക്കെ, ഓർക്കുമ്പോൾ ഔപചാരികമായൊരു അഭിവാദ്യത്തിൽ തൃപ്തിയടയുകയാണോ? മന്ദോഷ്ണ പ്രാർത്ഥനകൾ കൊണ്ട് ഒരു ഉപകാരവും ഇല്ല. എന്നിട്ട്: എൻറെ പ്രാർത്ഥന "സത്താപരം" ആണോ, അത് കർത്താവിൻറെ മുമ്പാകെ എൻറെ ഹൃദയത്തെ പൂർണ്ണമായി തുറന്നുവയ്ക്കുന്നുണ്ടോ? എൻറെ ജീവിതത്തിൻറെ ചരിത്രവും മുഖങ്ങളും ഞാൻ അവിടത്തെ മുന്നിൽ വയ്ക്കുന്നുണ്ടോ? അതോ, ഊർജ്ജസ്വലതരഹിതവും, ഉപരിപ്ലവവും, വാത്സല്യരഹിതവും ഹൃദയവുമില്ലാത്ത ആചാരങ്ങളിൽ അധിഷ്ഠിതവുമാണോ എൻറെ പ്രാർത്ഥന? വിശ്വാസം ജീവസുറ്റതായിരിക്കുമ്പോൾ, പ്രാർത്ഥന ഹൃദയസ്പർശിയാണ്: അത് ചില്ലിക്കാശിനായി യാചിക്കുന്നില്ല, അത് താല്ക്കാലികാവശ്യങ്ങളിലേക്ക് ചുരുങ്ങുന്നില്ല. എല്ലാം ചെയ്യാൻ കഴിയുന്ന യേശുവിനോട് എല്ലാം ചോദിക്കണം. ഇത് മറക്കരുത്. എല്ലാം ചെയ്യാൻ കഴിയുന്ന യേശുവിനോട് നിർബന്ധബുദ്ധിയോടുകൂടി എല്ലാം ആവശ്യപ്പെടണം. സ്വന്തം കൃപയും സന്തോഷവും നമ്മുടെ ഹൃദയങ്ങളിലേക്ക് പകരാൻ കഴിയുന്ന നിമിഷത്തിനായി അവിടന്ന് കാത്തിരിക്കയാണ്. പക്ഷേ നിർഭാഗ്യവശാൽ അകലം പാലിക്കുന്നത് നമ്മളാണ്. ഒരുപക്ഷേ ഇത് ലജ്ജകൊണ്ടോ  അല്ലെങ്കിൽ അലസതയൊ അവിശ്വാസമൊ മൂലമൊ ആയിരിക്കാം.

പ്രാർത്ഥനയിൽ അനിവാര്യമായ വിശ്വാസം

നമ്മിൽ പലരും, പ്രാർത്ഥിക്കുമ്പോൾ, കർത്താവിന് അത്ഭുതം പ്രവർത്തിക്കാൻ കഴിയുമെന്ന് നാം വിശ്വസിക്കുന്നില്ല. തൻറെ ഒൻപതു വയസ്സുള്ള മകൾ ഒരു രാത്രി മുഴുവനാക്കില്ലെന്ന് ഭിഷഗ്വരന്മാർ പറഞ്ഞത് കേട്ട ഒരു പിതാവിൻറെ കഥ എൻറെ മനസ്സിലേക്കു വരികയാണ്. അദ്ദേഹം ആശുപത്രിയിൽ ആയിരുന്നു. അവൻ ഒരു ബസിൽ കയറി എഴുപത് കിലോമീറ്റർ അകലെയുള്ള പരിശുദ്ധ മാതാവിൻറെ ദേവാലയത്തിലേക്ക് പോയി. അത് അടച്ചിരുന്നു, അവൻ ഗേറ്റിൽ പിടിച്ചു പ്രാർത്ഥിച്ചുകൊണ്ട് രാത്രി മുഴുവൻ കഴിച്ചുകൂട്ടി: “കർത്താവേ, അവളെ രക്ഷിക്കൂ! കർത്താവേ, അവൾക്ക് ജീവനേകൂ! ”. കരഞ്ഞുകൊണ്ട്, ഹൃദയംപൊട്ടിക്കരഞ്ഞുകൊണ്ട്, അയാൾ രാത്രി മുഴുവൻ ദൈവത്തോട് പ്രാർത്ഥിച്ചു. തുടർന്ന് രാവിലെ ആശുപത്രിയിൽ തിരിച്ചെത്തിയപ്പോൾ അയാൾ കണ്ടത് കരയുന്ന ഭാര്യയെയാണ്. കുഞ്ഞു മരിച്ചുപോയെന്ന് അയാൾ കരുതി. അപ്പോൾ അയാളുടെ ഭാര്യ പറഞ്ഞു: "മനസ്സിലാകുന്നില്ല, മനസ്സിലാക്കാൻ പറ്റുന്നില്ല, ഇത് വിചിത്രമായ ഒരു കാര്യമാണ് ഭിഷഗ്വരന്മാർ പറയുന്നത്, അവൾ സുഖം പ്രാപിച്ചതായി തോന്നുന്നു." എല്ലാം ചോദിച്ച ആ മനുഷ്യൻറെ രോദനം ദൈവം കേട്ടു. ഇതൊരു കഥയല്ല: ഞാൻ മറ്റൊരു രൂപതയിൽ കണ്ടതാണിത്. പ്രാർത്ഥനയിൽ നമുക്ക് ഈ ധൈര്യമുണ്ടോ? എല്ലാം നൽകാൻ കഴിയുന്നവനോട്,  ബർത്തിമേയൂസിനെപ്പോലെ, നമുക്ക് എല്ലാം ചോദിക്കാം. ബർത്തിമേയൂസ് വലിയൊരു അദ്ധ്യാപകൻ, പ്രാർത്ഥനയുടെ മഹാ അദ്ധ്യാപകൻ ആണ്. ബർത്തിമേയൂസ്, അവൻറെ മൂർത്തവും നിർബന്ധിക്കുന്നതും ധീരവുമായ വിശ്വാസത്താൽ നമുക്ക് ഒരു മാതൃകയാകട്ടെ. എല്ലാ പ്രാർത്ഥനകളും ദൈവം ശ്രദ്ധാപൂർവം ശ്രവിക്കുന്നു എന്ന വിശ്വാസത്തോടെ, അവിടന്നിലേക്ക് പൂർണ്ണഹൃദയത്തോടെ തിരിയാൻ, പ്രാർത്ഥിക്കുന്ന കന്യകയായ പരിശുദ്ധ അമ്മ നമ്മെ പഠിപ്പിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

അഭിവാദ്യങ്ങൾ: കുടിയേറ്റക്കാരോടും അഭയാർത്ഥികളോടുമുള്ള പാപ്പായുടെ ഐക്യദാർഢ്യം 

തൻറെ വിചിന്തനാനന്തരം, കർത്താവിൻറെ മാലാഖ എന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്ത പാപ്പാ, തുടർന്ന്,  ലിബിയയിലെ കുടിയേറ്റക്കാരും അഭയാർത്ഥികളും സംരക്ഷണം ആവശ്യമുള്ള മറ്റുള്ളവരും അടങ്ങുന്ന ആയിരക്കണക്കിനാളുകളുടെ ചാരെ താനുണ്ടെന്ന് അറിയിച്ചു.

അവരുടെ രോദനം താൻ കേൾക്കുന്നുണ്ടെന്നും അവർക്കായി താൻ പ്രാർത്ഥിക്കുന്നുണ്ടെന്നും അവരെ ഒരിക്കലും താൻ മറക്കില്ലെന്നും പാപ്പാ വെളിപ്പെടുത്തി. മനുഷ്യത്വരഹിതമായ അക്രമത്തിനിരകളാണ് ഇവരിൽ അനേകരെന്ന വസ്തുത അനുസ്മരിച്ച പാപ്പാ ലിബിയയിലും മദ്ധ്യധര്യാണിപ്രദേശത്തുമുള്ള കുടിയേറ്റ പ്രവാഹത്തിന് പൊതുവും സമൂർത്തവും ശാശ്വതവുമായ പരിഹാരങ്ങൾ കണ്ടെത്തുമെന്ന അന്താരാഷ്ട്രസമൂഹത്തിൻറെ വാഗ്ദാനം പാലിക്കണമെന്ന തൻറെ അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. നിരസിക്കപ്പെട്ടവർ ഏറ കഷ്ടപ്പാടുകൾ അനുഭവിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ അവിടെ യഥാർത്ഥ കഠിനാദ്ധ്വാനപാളയങ്ങളാണുള്ളതെന്നു പറഞ്ഞു. കുടിയേറ്റക്കാർ സുരക്ഷിതമല്ലാത്ത രാജ്യങ്ങളിലേക്ക് തിരികെപ്പോകേണ്ടിവരുന്നത് തടയേണ്ടതിൻറെയും കടലിൽ മനുഷ്യജീവനുകൾ രക്ഷിക്കുന്നതിന് മുൻഗണന നല്കേണ്ടതിൻറെയും നിയമാനുസൃതമായ കുടിയേറ്റ മാർഗ്ഗങ്ങൾ ഉറപ്പാക്കേണതിൻറെയും ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടി.  വളരെ വർഷങ്ങളായി ഗുരുതരമായ സാഹചര്യത്തിന് ഇരകളായ നമ്മുടെ സഹോദരീസഹോദരന്മാരുടെ ഉത്തരവാദിത്തം നമുക്കെല്ലാവർക്കും ഉണ്ടെന്ന അവബോധം നമുക്ക് വേണമെന്നും പാപ്പാ പറഞ്ഞു.

നവവാഴ്ത്തപ്പെട്ടവർ

ശനിയാഴ്‌ച (23/10/21) ഇറ്റലിയിലെ ബ്രേഷ്യയിൽ ഉപവിയുടെ ദാസികൾ എന്ന സന്ന്യാസിനിസമൂഹത്തിലെ അമലോത്ഭവത്തിൻറെ  ലുച്ചീയയും ഞായറാഴ്‌ച (24/10/21) ഇറ്റലിയിലെ തന്നെ റിമിനിയിൽ സാന്ത്ര സബത്തീനി എന്ന ഇരുപത്തിരണ്ടാം വയസ്സിൽ മരണമടഞ്ഞ വൈദ്യശാസ്ത്ര വിദ്യാർത്ഥിനിയും  സഭയിലെ വാഴ്ത്തപ്പെട്ടവരുടെ പട്ടികയിൽ ഔദ്യോഗികമായി ചേർക്കപ്പെട്ടത് പാപ്പാ തുടർന്ന് അനുസ്മരിച്ചു. ഈ ഞായറാച ലോക പ്രേഷിതദിനമായിരുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ സ്വജീവിതം കൊണ്ട് സുവിശേഷം പ്രഘോഷിച്ച സാക്ഷികാളായി ഈ നവവാഴ്ത്തപ്പെവരെ കാണാൻ  എല്ലാവർക്കും പ്രചോദനം പകർന്നു.

സമാപനാശംസ

ത്രികാലപ്രാര്‍ത്ഥനാപരിപാടിയുടെ അവസാനം പാപ്പാ എല്ലാവർക്കും നല്ലൊരു ഞായർ ആശംസിച്ചു. തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിച്ച പാപ്പാ എല്ലാവ‍ര്‍ക്കും നല്ലൊരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകൾ വീശി ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 October 2021, 12:27

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >