തിരയുക

2019 ല്‍ പനാമയില്‍ സംഘടിപ്പിച്ച  ലോക യുവജന സംഗമ സമയത്ത് പകര്‍ത്തപ്പെട്ട പാപ്പായുടെ ചിത്രം. 2019 ല്‍ പനാമയില്‍ സംഘടിപ്പിച്ച ലോക യുവജന സംഗമ സമയത്ത് പകര്‍ത്തപ്പെട്ട പാപ്പായുടെ ചിത്രം. 

പാപ്പാ: സ്വന്തം അസ്തിത്വത്തെ അഭിമാനത്തോടെ കാണാം

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ 107 ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍ന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

ശബ്ദരേഖ

മൂന്നാം അദ്ധ്യായം

നിങ്ങൾ ദൈവത്തിന്‍റെ "ഇപ്പോൾ" ആകുന്നു

മൂന്നാമത്തെ അദ്ധ്യായം ഇന്നത്തെ യുവജനങ്ങളുടെ അവസ്ഥ വിവരിക്കുന്നു: അനേകം യുവജനങ്ങൾ പ്രത്യയശാസ്ത്രങ്ങളാൽ പിടിക്കപ്പെടുന്നു. മറ്റുള്ളവരെ നശിപ്പിക്കാനോ ഭയപ്പെടുത്താനോ പരിഹസിക്കാനോ അവരെ ഉപയോഗിക്കുന്നു. അവരിൽ അനേകർ വ്യക്തി പ്രാധാന്യവാദികളായി തീരുന്നു. മറ്റുള്ളവരോടു ശത്രുതയോ അവിശ്വസ്ഥതയോ കാണിക്കുന്നു. അവർ അങ്ങനെ രാഷ്ടീയ ഗ്രൂപ്പുകളുടേയും സാമ്പത്തിക ശക്തികളുടേയും മൃഗീയവും നാശോന്മുഖവുമായ തന്ത്രങ്ങൾക്ക് എളുപ്പമുള്ള ലക്ഷ്യമായി തീരുന്നു. കുടിയേറ്റക്കാരുടെ നിസ്സഹായത, ദുരുപയോഗിക്കപ്പെട്ട ഇരകൾ എന്നിങ്ങനെയുള്ള കറുത്ത പാടുകൾക്ക് മദ്ധ്യേയും തന്‍റെ സഭയെ ഒരിക്കലും ഉപേക്ഷിക്കാത്ത കർത്താവായ യേശുവിലേക്ക് ഈ അദ്ധ്യായം വിരൽചൂണ്ടുന്നു.

ഇന്ന് നാം വിചിന്തിനം ചെയ്യുന്ന ഖണ്ഡികയിൽ പാപ്പാ ഇങ്ങനെ പറയുന്നു.

107. ദൈവം അറിയുന്നത് പോലെ ആയിത്തീരാം

“അവർ നിങ്ങളുടെ പ്രത്യാശയും സന്തോഷവും പിടിച്ചുപറിക്കാതിരിക്കട്ടെ; തങ്ങളുടെ താൽപര്യങ്ങൾക്കുള്ള ഒരു അടിമയാക്കാതിരിക്കട്ടെ. കൂടുതലായിരിക്കാൻ ധൈര്യപ്പെടുക. എന്തെന്നാൽ നീ ആരാണ് എന്നത് നീ സ്വന്തമാക്കിയിട്ടുള്ള ഏതു വസ്തുവിനെയുംക്കാൾ പ്രധാനപ്പെട്ട വസ്തുതയാണ്.സമ്പാത്യമോ, ആകൃതിയോ കൊണ്ട് എന്തുഗുണം? നിന്‍റെ സ്രഷ്ട്ടാവായ ദൈവം നിന്നെ അറിയുന്നത് പോലെ ആയിത്തീരാൻ നിനക്ക് കഴിയും. കൂടുതൽ വലിയ കാര്യങ്ങൾക്കു വേണ്ടി നീ ക്ഷണിക്കപ്പെട്ടിരിക്കുന്നുവെന്ന് നീ മനസ്സിലാക്കിയാൽ മാത്രം മതി. പരിശുദ്ധാത്മാവിന്‍റെ സഹായം അപേക്ഷിക്കുക, വിശുദ്ധിയുടെ മഹത്തായ നേട്ടത്തെ ആത്മധൈര്യത്തോടെ ലക്ഷ്യം വയ്ക്കുക. ഇങ്ങനെ ഒരു ഫോട്ടോകോപ്പി ആകാതിരിക്കാൻ നിനക്ക് കഴിയും. നീ തികച്ചും നീ തന്നെയായിരിക്കും.”(കടപ്പാട്,പി.ഒ.സി പ്രസിദ്ധീകരണം).

നമ്മുടെ ജീവിതം മറ്റുള്ളവരുടെ തീരുമാനങ്ങളല്ല

നാമൊക്കെ ചില പ്രത്യയശാസ്ത്രങ്ങളുടെ ലോകത്താണ് ജീവിക്കുന്നത്. ഈ ലോകത്തിന്‍റെ ആകർഷണ വലയത്തിനുള്ളിൽ കൂടുതൽ ചെന്ന് വീഴുന്നത് യുവജനങ്ങളാണ്. അവരെ മോഹിപ്പിച്ചു വശീകരിക്കുന്ന അനേകം ഉപായങ്ങളും അവർക്കു ചുറ്റും നിറഞ്ഞു നിൽക്കുന്ന കാര്യം നമുക്ക് വിസ്മരിക്കാനാവില്ല. ഈ കെണികൾ യുവജനങ്ങളുടെ ജന്മസിദ്ധമായ കഴിവുകളെ ഇല്ലാതാക്കുന്നു എന്ന് മാത്രമല്ല അവരുടെ പ്രത്യാശയെയും ആത്മവിശ്വാസത്തെയും അതിജീവനത്തിനായുള്ള അഭിനിവേശത്തെയും വരെ അവരിൽ നിന്ന് പിഴുതെറിയുകയും ചെയ്യുന്നു. പലപ്പോഴും നാം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നത് മറ്റാരൊക്കെയോയാണ് എന്നൊരു സംശയം നമ്മിൽ ജനിപ്പിക്കുന്നില്ലേ? മറ്റുള്ളവരുടെ കൈകളിൽ നമ്മുടെ ജീവിതത്തെ നിർവ്വചിക്കാൻ ഇടയാക്കരുത്. ഈ യാഥാർത്യത്തെ വ്യക്തമായി മനസ്സിലാക്കുന്ന പാപ്പാ ഈ അപകടകുഴിയിൽ ചെന്ന് വീഴാതിരിക്കാനുള്ള മാർഗ്ഗങ്ങളെ കുറിച്ച് നമ്മെ പ്രബോധിപ്പിക്കുകയും ചെയ്യുന്നു.

സ്വന്തം അസ്തിത്വത്തെ അഭിമാനത്തോടെ കാണാം

മറ്റുള്ളവരുടെ താത്പര്യങ്ങൾക്ക് വേണ്ടി നമ്മെ ഉപയോഗിക്കുവാൻ അനുവദിക്കരുതെന്നും ഏതൊരു വസ്തുവിന്‍റെയോ, വ്യക്തിയുടെയോ, ആദര്‍ശത്തിന്‍റെയോ, നിയമത്തിന്‍റെയോ, സംവിധാനത്തിന്‍റെയോ അടിമയാകാതിരിക്കാനും ശ്രദ്ധിക്കണമെന്നും പറയുന്ന പാപ്പാ നീ എന്ന വ്യക്തി, നിന്‍റെ വ്യക്തിത്വം, നിന്‍റെ അന്തസ്സ് ഒക്കെ മറ്റെല്ലാറ്റിനേയുംക്കാൾ വിലപ്പെട്ടതാണെന്ന് പറഞ്ഞ് സ്വന്തം അസ്തിത്വത്തെ അഭിമാനത്തോടും കുലീനതയോടും ബഹുമാനത്തോടും കൂടെ സമീപിക്കാൻ പ്രേരിപ്പിക്കുന്നു. കാരണം ദൈവം സ്വപ്നം കണ്ട നമ്മുടെ ഒരു തനിമയുണ്ട്. അത് പരിപൂർണ്ണതയിൽ എത്തിക്കാനുള്ള ഒരു നിയോഗം  നമുക്ക് ഓരോരുത്തർക്കുമുണ്ട്. അതു കൊണ്ടാണ് ഈ ലോകത്തിൽ നാം നേടുന്ന സമ്പത്തു കൊണ്ടും, സൗന്ദര്യം കൊണ്ടും എന്ത് ഗുണമെന്ന് ചോദ്യമുയർത്തികൊണ്ടു ഫ്രാൻസിസ് പാപ്പാ ദൈവം നമ്മെ അറിയുന്നത് പോലെ ആയിത്തീരാൻ നമ്മോടു പ്രത്യേകിച്ച് യുവജനത്തോടു ആഹ്വാനം ചെയ്യുന്നത്.

ദൈവദൃഷ്ടിയിൽ  ഞാനെങ്ങനെയായിരിക്കണം?

ചില സമയങ്ങളിൽ മറ്റുള്ളവരുടെ നന്മയെ പ്രതി ചിലതെല്ലാം വിട്ടുകൊടുക്കേണ്ടി വന്നേക്കാം. എന്നാൽ നമ്മുടെ ജീവിതത്തെ നമുക്ക് ഒരു പരാജയമായി തീർക്കാൻ പാടില്ല. കാരണം ദൈവം നമുക്ക് നൽകിയ ജീവിതം അവന്‍റെ മനസ്സറിഞ്ഞു ഹിതം നിറവേറ്റാനുള്ള വിളിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു, മറ്റുള്ളവരുടെ മുന്നിൽ ഞാൻ ആരാണ്, സമൂഹം എന്നെ എങ്ങനെ കാണുന്നു എന്ന് ചിന്തിച്ചു സമൂഹത്തിന്‍റെ കണ്ണുകളിലൂടെ നമ്മെ നോക്കാൻ നാം പരിശ്രമിക്കുമ്പോൾ  നമുക്ക് നഷ്ടമാകുന്നത് നമ്മുടെ ജന്മത്തിന്‍റെ തന്നെ ലക്ഷ്യമാണ്. നാം തകർക്കുന്നത് നമ്മെക്കുറിച്ചുള്ള ദൈവത്തിന്‍റെ സ്വപ്നങ്ങളാണ്. നാം ഉറങ്ങുന്നതും, ഉണരുന്നതും നാം ചിന്തിക്കുന്നതും, ചരിക്കുന്നതും എന്തിനു നമ്മുടെ  വികാരങ്ങളും,  വിചാരങ്ങളും, നാം ഒരു വാക്ക് ഉരുവിടുന്നതിന് മുമ്പേ അതുപോലും അറിയുന്ന ദൈവത്തിന്‍റെ കണ്ണുകളിൽ നാം എങ്ങനെയായിരിക്കണം, ദൈവം എന്നെ കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നതായിരിക്കണം നമ്മെ നയിക്കേണ്ട യഥാർത്ഥ  പ്രേരകശക്തി.

നമ്മുടെ ജീവിതത്തിന്‍റെ തൂലിക ആരുടെയൊക്കെയോ കൈകളിൽ…

എത്ര നാൾ നാം ഈ സമൂഹത്തിന്‍റെ പ്രശംസ കിട്ടാൻ നാമല്ലാത്ത നമ്മെ ഒരുക്കി അണിയിച്ച് മുഖംമൂടിയണിയണിഞ്ഞു ജീവിക്കും? ഇത് ഒരുതരം അടിമത്തമല്ലേ. സ്വന്തം ജീവിതത്തിന്‍റെ ചിത്രം സ്വയം വരയ്ക്കാൻ കഴിയാതെ വരുന്നതിന്‍റെ അര്‍ത്ഥം നമ്മുടെ ജീവിതത്തിന്‍റെ തൂലിക ആരുടെയൊക്കെയോ കൈകളിൽ നാം വച്ചുകൊടുത്തിരിക്കുന്നു  എന്നാണ്. അങ്ങനെ വരുമ്പോൾ സംഭവിക്കുന്നത് നമ്മുടെ അഭിരുചിക്കനുസരിച്ചു നമ്മുടെ സ്വപ്നങ്ങള്‍ക്കും, പ്രതീക്ഷകള്‍ക്കും നിറവും, വർണ്ണവും നല്‍കാൻ നമുക്ക് കഴിയാതെ വരുന്നു. അവസാനം നമ്മെ കുറിച്ച് മറ്റുള്ളവർ വരച്ച ചിത്രം  അതായത് നമ്മുടെ തന്നെ ജീവിതം സമൂഹത്തിന്‍റെ മുന്നിൽ ഒരു പ്രദർശന വസ്തു പോലെയായിത്തീരുന്നു. അവിടെയാണ് നമ്മുടെ വ്യക്തിത്വം നഷ്ടമായത് നാം തിരിച്ചറിയുന്നത്. നിരാശയാവും പരിണത ഫലം.

ഇന്ന് പരസ്യങ്ങളുടെയും, ഫാഷന്‍റെയും ലോകം നമ്മിൽ തീർക്കുന്നത് ഇത്തരം ഒരു മുഖം മൂടി പ്രദർശനമാണ്. വമ്പൻ കമ്പനികളും അതിൽ ഉൾപ്പെടുന്നു. ഇവരുടെ ആദർശങ്ങൾ നമ്മെ വല്ലാതെ ആകർഷിക്കുകയും പ്രത്യേകിച്ച് ചെറുപ്പക്കാർ അവയുടെ അടിമകളായി തീരുകയും ചെയ്യുന്നു. ഇതിന്‍റെ എല്ലാറ്റിന്‍റെയും പുറകിൽ കച്ചവട സംസ്കാരത്തിന്‍റെയും ധനസമ്പാദ്യത്തിന്‍റെയും വലിയ നിയോഗമുണ്ടെന്ന് നാം അറിയാതെ അതിൽ വീഴുകയും ചെയ്യുന്നു. ഒരുതരത്തിൽ നാമെല്ലാം അങ്ങനെ എന്തിന്‍റെയൊക്കെയോ ഫോട്ടോ കോപ്പികളാവുകയല്ലേ? ഇവിടെ നമ്മുടെ ജീവിതത്തിന്‍റെ ആത്യന്തീക ലക്ഷ്യം വിവേചിച്ചറിയാന്‍ ദൈവാത്മാവിന്‍റെ വെളിച്ചവും തെളിച്ചവും നമുക്ക് ആലശ്യമാണ്.

ഇവിടെയാണ് "സമ്പാദ്യമോ, ആകൃതിയോ കൊണ്ട് എന്തുഗുണം? നിന്‍റെ സ്രഷ്ട്ടാവായ ദൈവം നിന്നെ അറിയുന്നത് പോലെ ആയിത്തീരാൻ നിനക്ക് കഴിയും. കൂടുതൽ വലിയ കാര്യങ്ങൾക്കു വേണ്ടി നീ ക്ഷണിക്കപ്പെട്ടിരിക്കുന്നുവെന്ന് നീ മനസ്സിലാക്കിയാൽ മാത്രം മതി. പരിശുദ്ധാത്മാവിന്‍റെ സഹായം അപേക്ഷിക്കുക, വിശുദ്ധിയുടെ മഹത്തായ നേട്ടത്തെ ആത്മധൈര്യത്തോടെ ലക്ഷ്യം വയ്ക്കുക. ഇങ്ങനെ ഒരു ഫോട്ടോകോപ്പി ആകാതിരിക്കാൻ നിനക്ക് കഴിയും. നീ തികച്ചും നീ തന്നെയായിരിക്കും" എന്ന പാപ്പയുടെ പ്രബോധനം  നമുക്ക് വഴിവിളക്കാകുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 October 2021, 12:55