അപ്പൊസ്തോലിക പര്യടനം: പാപ്പാ സ്ലൊവാക്യയിൽ!

പാപ്പായുടെ മുപ്പത്തിനാലാം വിദേശ അപ്പൊസ്തോലിക പര്യടനം. പാപ്പാ ആദ്യ വേദിയായ ഹംഗറിയിൽ നിന്ന് ഞായറാഴ്ച (12/09/21) ഉച്ചതിരിഞ്ഞ് സ്ലൊവാക്യയിൽ എത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ തൻറെ മുപ്പത്തിനാലാം വിദേശ അപ്പൊസ്തോലിക പര്യടനം തുടരുന്നു. പന്ത്രണ്ടാം തീയതി, ഞായറാഴ്‌ച (12/09/21) രാവിലെ ഹങ്കറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റിൽ വിമാനമിറങ്ങിയ പാപ്പായുടെ അന്നത്തെ മുഖ്യപരിപാടി അമ്പത്തിരണ്ടാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സിൻറെ സമാപന ദിവ്യപൂജാർപ്പണമായിരുന്നു. അതിനു മുമ്പ് പാപ്പാ ഹങ്കറിയുടെ പ്രസിൻറും പ്രധാനമന്ത്രിയുമായും തുടർന്ന്, അന്നാട്ടിലെ കത്തോലിക്കാമെത്രാന്മാരുമായും അതിനുശേഷം അന്നാട്ടിലെ ക്രൈസ്തവ സഭകളുടെ എക്യുമെനിക്കൽസമിതിയുടെയും യഹൂദസമൂഹങ്ങളുടെയും പ്രധിനിധികളുമായും കൂടിക്കാഴ്ച നടത്തി. ഞായറാഴ്‌ച ഈ കൂടിക്കാഴ്ചകൾക്കു ശേഷം ദിവ്യകാരുണ്യ കോൺഗ്രസ്സിൻറെ സമാപന ദിവ്യബലി മുഖ്യകാർമ്മികനായി അർപ്പിച്ച പാപ്പാ തദ്ദനന്തരം തൻറെ ഈ ഇടയസന്ദർശനത്തിൻറെ രണ്ടാമത്തെ വേദിയായ സ്ലൊവാക്യയിലേക്കു യാത്രയായി. പാപ്പായുടെ ഈ ചതുർദിന സന്ദർശനം പതിനഞ്ചാ തീയതി ബുധനാഴ്ച (15/09/21) സമാപിക്കും.

സ്ലൊവാക്യയിൽ എത്തിയിരിക്കുന്ന പാപ്പായുടെ  ഞാറാഴ്ച ഉച്ചതിരിഞ്ഞും തിങ്കളാഴ്ച രാവിലെയും നടന്ന ഇടയസന്ദർശനപരിപാടികളിലേക്കൊന്നു തിരിഞ്ഞു നോക്കാം.

ഹങ്കറിയുടെ തലസ്ഥാനമായ ബുദാപ്പെസ്റ്റിൽ 52-ാം അന്താരാഷ്ട്ര ദിവ്യകാരുണ്യകോൺഗ്രസ്സിൻറെ സമാപന ദിവ്യപൂജാർപ്പണാനന്തരം അവിടത്തെ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 209 കിലോമീറ്റർ വ്യോമദൂരമുള്ള സ്ലൊവാക്യയുടെ തലസ്ഥാനനഗരിയായ ബ്രാത്തിസ്ലാവയിലേക്ക് പുറപ്പെട്ട പാപ്പാ ഞായറാഴ്ച (12/09/21) പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് എതാണ്ട് 3.30-ന്, ഇന്ത്യയിലെ സമയം അന്നു വൈകുന്നേരം 7 മണിക്ക്, എത്തി. ഈ വിമാന യാത്രാവേളയിൽ പാപ്പാ വിമാനത്തിൽ നിന്ന് ആശംസകൾ നേർന്നുകൊണ്ട് ഹങ്കറിയുടെ പ്രസിഡൻറ് യാനോസ് ആദേറിന്   ഒരു കമ്പിസന്ദേശം അയച്ചു. തനിക്കേകിയ സ്നേഹോഷ്മള ആതിഥ്യത്തിന് പാപ്പാ ഈ സന്ദേശത്തിൽ പ്രസിഡൻറിനും അന്നാട്ടിലെ ജനങ്ങൾക്കും നന്ദി പ്രകാശിപ്പിക്കുകയും അന്നാടിനെയും ജനങ്ങളെയും ദൈവം അനുഗ്രഹിക്കുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. 

ബ്രാത്തിസ്ലാവ

സ്ലൊവാക്യയിലെ ഏറ്റവും വലിയ പട്ടണമാണ് ബ്രാത്തിസ്ലാവ. തെക്കുപടിഞ്ഞാറൻ സ്ലോവാക്യയിൽ ഡാന്യൂബ് നദിയുടെ ഇരുകരകളിലും മൊരാവാ നദിയുടെ ഇടതുകരയിലുമായിട്ടാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. “ഡാന്യൂബിലെ സുന്ദരി” എന്നും ഈ പട്ടണം അറിയപ്പെടുന്നു. 450000-ത്തിനടുത്ത് ജനങ്ങൾ വസിക്കുന്ന ഈ നഗരം ഓസ്ട്രിയ, ഹംഗറി എന്നീ രാജ്യങ്ങളുമായി അതിര് പങ്കിടുന്നു.  രണ്ട് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ലോകത്തിലെ ഏക ദേശീയ തലസ്ഥാന നഗരമാണ് ബ്രാത്തിസ്‌ലാവ. സ്ലൊവാക്യയുടേ രാഷ്ട്രീയ, സാംസകാരിക,സാമ്പത്തിക തലസ്ഥാനവുമാണ് ഈ പട്ടണം. തദ്ദേശീയർക്ക് പുറമേ ഓസ്ട്രിയ, ഹംഗറി, ചെക്ക് റിപ്പബ്ലിക്ക്, സെർബിയ മുതലായ രാജ്യങ്ങളിൽ നിന്നുള്ളവരും ഇവിടെ പാർക്കുന്നു. ചെക്കസ്ലൊവാക്യ ചെക്ക്, സ്ലൊവാക്യ എന്നീ സ്വതന്ത്ര റിപ്പബ്ലിക്കുകളായി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷമാണ് 1993 ജനുവരി 1 മുതൽ ബ്രാത്തിസ്ലാവ സ്ലൊവാക്യയുടെ തലസ്ഥാനമായത്.

 ബ്രാത്തിസ്ലാവ അതിരൂപത   

2018 ഫെബ്രുവരി 14-നാണ് ബ്രാത്തിസ്ലാവ അതിരുപത സ്ഥാപിതമായത്. 3759 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ അതിരൂപതയുടെ അതിർത്തിക്കുള്ളിലെ 7 ലക്ഷത്തി 77000-ത്തോളം നിവാസികളിൽ കത്തോലിക്കർ 4 ലക്ഷത്തി 44000-ത്തിലേറെ വരും. 123 ഇടവകകളിലായി തിരിക്കപ്പെട്ടിരിക്കുന്ന ഇവരുടെ അജപാലനശുശ്രൂഷ നിർവ്വഹിക്കുന്നതിന് 170-ൽപ്പരം രൂപതാവൈദികരും 160-ലേറെ സന്ന്യസ്തവൈദികരും ഈ അതിരൂപതയിൽ പ്രവർത്തിക്കുന്നു. ഇരുനൂറിലേറെ സന്യസ്തരും നാനൂറിലേറെ സന്ന്യാസിനികളും ബ്രാത്തിസ്ലാവ അതിരൂപതയിലുണ്ട്. 30 വിദ്യാഭ്യാസ സ്ഥാപനങ്ങളും 18 ഉപവിപ്രവർത്തന കേന്ദ്രങ്ങളും ഇവിടെ പ്രവർത്തന നിരതമാണ്. ഈ അതിരൂപതയുടെ ആർച്ച് ബിഷപ്പ് സ്തനിസ്ലാവ് ത്സ്വൊളെൻസ്കീ (Stanislav Zvolenský) ആണ്. പൗരസ്ത്യകത്തോലിക്കാബൈസൻറെയിൻ റീത്തുകാർക്കായി ഒരു സഭാരണപ്രവിശ്യ അഥവാ, എപ്പാർക്കിയുമുണ്ട്. ഇതിൻറെ കീഴിൽ വരുന്ന കത്തോലിക്കരുടെ സംഖ്യ 17500-ലേറെയാണ്. ഇതിൻറെ ഭരണച്ചുമതലയുള്ള എപ്പാർക്ക്, ബിഷപ്പ് പീറ്റർ റുസ്നാക്ക് (Peter Rusnák) ആണ്.

പാപ്പാ സ്ലൊവാക്യയിൽ

പാപ്പായെയും അനുചരരെയും വഹിച്ച് സ്ലൊവാക്യയുടെ മണ്ണിൽ പറന്നിറങ്ങിയ ആകാശനൗക ബ്രാത്തിസ്ലാവ വിമാനത്താവളത്തിൽ റൺവേയിലൂടെ, പേപ്പൽ പതാകയും ബ്രാത്തിസ്ലാവയുടെ പതാകയുമേന്തി സാവാധാനം നീങ്ങിയപ്പോൾ അവിടെ സന്നിഹിതരായിരുന്നവർ വെള്ളയും മഞ്ഞയും വർണ്ണങ്ങൾ ചേർന്ന പേപ്പൽ പതാകകൾ വീശി തങ്ങളുടെ ആനന്ദം പ്രകടിപ്പിക്കുന്നത് കാണാമായിരുന്നു, വിമാനം നിശ്ചലമായപ്പോൾ, ആദ്യം, വിമാനത്തിൽ പാപ്പായോടൊപ്പം യാത്രചെയ്തവർ പിൻവാതിലിലൂടെ ഇറങ്ങി. അതിനിടെ അന്നാട്ടിലെ അപ്പൊസ്തോലിക് നൺഷിയൊയും സ്ലൊവാക്യയിലെ ഇടയസന്ദർശനപരിപാടികളുടെ തലവനും വ്യോമയാനത്തിലേക്കു കയറുകയും പാപ്പായെ സ്വാഗതം ചെയ്ത് പുറത്തേക്കാനയിക്കുകയും ചെയ്തു. ആർച്ചുബിഷപ്പ് ജാക്കൊമൊ ഗ്വീദൊ ഒത്തൊണേല്ലൊ ആണ് സ്ലൊവാക്യയിലെ അപ്പൊസ്തോലിക് നൺഷിയൊ. വാതിൽക്കൽ പാപ്പാ പ്രത്യക്ഷനായപ്പോൾ ജനങ്ങളുടെ ഹർഷരാവം അന്തരീക്ഷത്തിലുയർന്നു.

വിമാനപ്പടവുകൾ ഇറങ്ങിവന്ന പാപ്പായെ സ്ലൊവാക്യയുടെ പ്രസിഡൻറ് ശ്രീമതി സുസാന്ന ചപുത്തൊവാ (Zuzana Čaputová) ഹസ്തദാനം നല്കി സ്വീകരിച്ചു. തുടർന്ന് പാരമ്പര്യവേഷധാരികളായ രണ്ടു കുട്ടികൾ സ്നേഹോഷ്മള സ്വീകരണത്തിൻറെ അടയാളമായി അപ്പവും ഉപ്പും പുഷ്പമഞ്ജരിയും പാപ്പായ്ക്ക് സമർപ്പിച്ചു. തുടർന്ന് അവിടെ സന്നിഹിതരായിരുന്ന അന്നാടിൻറെ പ്രതിനിധികളെ പാപ്പായ്ക്കും വത്തിക്കാൻറെ പ്രതിനിധികളെ പ്രസിഡൻറിനും പരിചയപ്പെടുത്തുന്ന ചടങ്ങായിരുന്നു. തദ്ദനന്തരം പ്രസിഡൻറും പാപ്പായും, വിമാനത്താവളത്തിൽ, വിശിഷ്ടാതിഥികൾക്കുള്ള ശാലയിലേക്കു പോകുകയും സൗഹൃദ സംഭാഷണത്തിലേർപ്പെടുകയും ചെയ്തു. ഈ കൂടിക്കാഴ്ചാനന്തരം പാപ്പാ വിമാനത്താവളത്തിൽ നിന്ന് 11 കിലോമീറ്റർ അകലെയുള്ള അപ്പൊസ്തോലിക് നൺഷിയേച്ചറിലേക്ക് ഒരു കാറിൽ യാത്രയായി. 1993 ജനുവരി 1-നാണ് സ്ലൊവാക്യയിൽ അപ്പൊസ്തോലിക് നൺഷിയേച്ചർ തുറന്നത്. പ്രഥമ അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ച്ബിഷപ്പ് ലുയീജി ദൊസ്സേന ആയിരുന്നു.

അപ്പൊസ്തോലിക് നൺഷിയേച്ചറിൽ എത്തിയ പാപ്പായെ അവിടെ സേവനമനുഷ്ഠിക്കുന്നവർ ചേർന്ന് സ്വീകരിച്ചു. പാപ്പായുടെ അന്നാട്ടിലെ ഇടയസന്ദർശന അജന്തയിലെ പ്രഥമ ഔപചാരിക പരിപാടി എക്യുമെനിക്കൽ കൂടിക്കാഴ്ച ആയിരുന്നു. വേദി അപ്പൊസ്തോലിക് നൺഷിയേച്ചർ തന്നെ ആയിരുന്നു.

സ്ലൊവാക്യയിലെ ക്രൈസ്തവസഭകളുടെ എക്യുമെനിക്കൽ സമിതിയിൽ (ECCSR) കത്തോലിക്കാ സഭ അംഗമല്ല. എന്നാൽ പ്രാദേശിക കത്തോലിക്കാമെത്രാൻ സംഘത്തിന് ഇതിൽ നിരീക്ഷക പദവി ഉണ്ട്. സ്ലൊവാക്യയിലെ ഇവഞ്ചേലിക്കൽ സഭയുടെ മെത്രാനായ ഇവാൻ എൽക്കൊ ആണ് എക്യുമെനിക്കൽ സമിതിയുടെ പ്രസിഡൻറ്.

സ്ലൊവാക്യയിലെ ക്രൈസ്തവസഭകളുടെ എക്യുമെനിക്കൽ സമിതിയുമായുള്ള കൂടിക്കാഴ്ചയുടെ തുടക്കത്തിൽ ഈ സമിതിയുടെ പ്രസിഡൻറ് ബിഷപ്പ് ഇവാൻ എൽക്കൊ പാപ്പായെ സ്വാഗതം ചെയ്തു.

സ്ലൊവാക്യയിലെ സഭകളുടെ എക്യുമെനിക്കൽ സമിതിയിലെ ഏഴ് അംഗ സഭകളുടെയും ഈ സമിതിയിൽ നിരീക്ഷകസ്ഥാനമുള്ള 5 സഭകളുടെയും സന്ന്യസ്തസമൂഹങ്ങളുടെയും നാമത്തിൽ പാപ്പായെ സ്വാഗതം ചെയ്യാൻ ലഭിച്ച അവസരം വലിയ ബഹുമതിയായി താൻ കരുതുന്നു എന്ന ആമുഖ വാക്കുകളോടെയാണ് ബിഷപ്പ് ഇവാൻ എൽക്കൊ സ്വാഗതപ്രഭാഷണം ആരംഭിച്ചത്.

ഒരു സഭയ്ക്കുള്ള ആത്മീയാനുഗ്രഹത്തിൻറെ ഗുണം ഇതരസഭകൾക്കും ലഭിക്കുമെന്ന ബോധ്യം തങ്ങൾക്കുണ്ടെന്നു പറഞ്ഞ അദ്ദേഹം ഒരുവൻറെ നന്മയിൽ മറ്റുളളവരുടെ നന്മ മറഞ്ഞിരിപ്പുണ്ട് എന്നത് ആവർത്തിച്ചു. പാപ്പായ്ക്ക് ശാരീരികാരോഗ്യവും ശക്തിയും ക്രിസ്തുവിൻറെ സ്നേഹത്തിൽ നവീകരിക്കപ്പെടുന്ന ഹൃദയവും ഉണ്ടായിരിക്കട്ടെയെന്നും പാപ്പായുടെ വചനങ്ങളെയും തീരുമാനങ്ങളെയും മനോഭാവങ്ങളെയും നയിക്കുന്നത് എന്നും പരിശുദ്ധാരൂപി ആയിരിക്കട്ടെയെന്നും ബിഷപ്പ് ഇവാൻ എൽക്കൊ ആശംസിച്ചു.

പാപ്പായുടെ മറുപടിപ്രസംഗം             

സ്ലൊവാക്യയിലെ തൻറെ പ്രഥമ കൂടിക്കാഴ്ച എക്യുമെനിക്കൽ സമിതിയുമായിട്ടാണ് എന്നതിലുള്ള തൻറെ സന്തോഷം വെളിപ്പെടുത്തിക്കൊണ്ടാണ് പാപ്പാ തൻറെ പ്രഭാഷണം ആരംഭിച്ചത്. അന്നാട്ടിൽ ഐക്യത്തിൻറെ വിത്തും സാഹോദര്യത്തിൻറെ പുളിമാവും ആയിരിക്കാൻ ക്രിസ്തീയവിശ്വാസം ആഗ്രഹിക്കുന്നതിൻറെ അടയാളമാണ് ഈ കൂടിക്കാഴ്ചയെന്നും പാപ്പാ പറഞ്ഞു.

അന്നാട്ടിലെ സുവിശേഷവത്കരണ പ്രക്രിയ സാഹോദര്യ ശൈലിയാർന്നതും തെസ്സലോണിക്കയിലെ വിശുദ്ധ സഹോദരങ്ങളായ മെത്തോഡിയൂസിൻറെയും സിറിലിൻറെയും മുദ്ര പതിഞ്ഞതുമാണെന്ന് പാപ്പാ അനുസ്മരിച്ചു.

മതസ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടുകയൊ കടുത്ത പരീക്ഷണത്തിന് വിധേയമാക്കുകയൊ ചെയ്ത നാസ്തിക്യഭരണാധിപത്യകാലാനന്തരം യാത്ര പുനരാരംഭിച്ച  സ്ലൊവാക്യയിലെ ക്രൈസ്തവ സഭകൾക്ക് പൊതുവായ ഒരു പാതയുണ്ടെന്നും  അതിൽ വിശ്വാസം സ്വതന്ത്രമായി ജീവിക്കുക എത്ര മനോഹരമാണെന്നും ഒപ്പംതന്നെ ബുദ്ധിമുട്ടാണെന്നും അവ അനുഭവിച്ചറിയുന്നുവെന്നും ഇവിടെ അടിമത്വത്തിലേക്ക്, ഒരു ഭരണകൂടത്തിൻറെയല്ല, പ്രത്യുത, അതിലും മോശമായ ആന്തരിക അടിമത്വത്തിലേക്കു മടങ്ങാനുള്ള പ്രലോഭനം ഉണ്ടെന്നും പാപ്പാ പറഞ്ഞു.

സ്വാതന്ത്ര്യത്തിൻറെയും ഐക്യത്തിൻറെയും സുവിശേഷം പ്രസരിപ്പിക്കുന്നതിന് പാപ്പാ രണ്ടു നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു, അതായത്, ധ്യാനവും പ്രവർത്തിയും.

ധ്യാനാത്മകത സ്ലാവ് ജനതയുടെ സവിശേഷതയാണെന്നു പറഞ്ഞ പാപ്പാ അതു കാത്തു സൂക്ഷിക്കുക പ്രാദേശിക സഭകളുടെ കടമയാണെന്ന് ഓർമ്മിപ്പിച്ചു.

രണ്ടാമത്തെ ഘടകമായ ഐക്യത്തെക്കുറിച്ച് വിശദീകരിച്ച പാപ്പാ അത് നല്ല തീരുമാനങ്ങളാലോ ചില പൊതുമൂല്യങ്ങളിലുള്ള യോജിപ്പിനാലോ കൈവരിക്കാനാവുന്നതല്ലെന്നും, പ്രത്യുത, കർത്താവിനോടു കൂടുതൽ അടുത്തുനില്ക്കുന്നവർക്കായി എന്തെങ്കിലും  ഒത്തൊരുമിച്ചു ചെയ്തുകൊണ്ടാണെന്നും ഉദ്ബോധിപ്പിച്ചു.

ദരിദ്രരാണ് കർത്താവിനോടു കൂടുതൽ അടുത്തു നില്ക്കുന്നവരെന്നും കാരണം അവരിൽ അവിടന്ന സന്നിഹിതനാണെന്നും പാപ്പ വിശദീകരിക്കുകയും ചെയ്തു.

നിർദ്ധനരെ സേവിച്ചുകൊണ്ട് നമുക്ക് ഒത്തൊരുമിച്ച് യേശുവിന് ആതിഥ്യമരുളാനാകുമെന്ന് പാപ്പാ പറഞ്ഞു.

ദുർബ്ബലരുടെ ചാരെ ആയിരുന്നുകൊണ്ടു മാത്രമെ നമുക്കെല്ലാവർക്കു ഒരുമിച്ച്, വിശിഷ്യ, ക്ലേശകരമായ ഈ കാലഘട്ടത്തിൽ, മഹാമാരിയിൽ നിന്ന് പുറത്തുകടക്കാനാകൂ എന്ന് മനസ്സിലാക്കാൻ പൗരസമൂഹത്തെ സഹായിക്കാൻ കഴിയുന്ന നിരവധിയായ വാക്കുകളെക്കാൾ പ്രചോദനാത്മകമായ ഒരു അടയാളമായിരിക്കും അതെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

എല്ലാവർക്കും തൻറെ പ്രാർത്ഥാനാസഹായം ഉറപ്പുനല്കിക്കൊണ്ടും തനിക്കായി പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥനയോടും കൂടിയാണ് പാപ്പാ തൻറെ പ്രസംഗം ഉപസംഹരിച്ചത്.

പാപ്പായുടെ ഈ പ്രഭാഷണാനന്തരം നുറ്റിമൂന്നാം സങ്കീർത്തന പ്രാർത്ഥനയായിരുന്നു. തദ്ദനന്തരം എല്ലാവരുമൊരുമിച്ചുള്ള ഛായഗ്രഹണനാന്തരം പാപ്പാ അവിടെ സന്നിഹിതരായിരുന്നവരെ വ്യക്തിപരമായി അഭിവാദ്യംചെയ്തു. ഈ കൂടിക്കാഴ്ചയ്ക്കു ശേഷം പാപ്പാ അപ്പൊസ്തോലിക് നൺഷിയേച്ചറിൽ വച്ചുതന്നെ ഈശോസഭയിലെ അംഗങ്ങളുമായി സംഭാഷണത്തിലേർപ്പെട്ടു. തുടർന്ന് പാപ്പാ അത്താഴം കഴിച്ച് രാത്രി വിശ്രമിച്ചു.

പാപ്പാ രാഷ്ട്രപതിയുടെ മന്ദിരത്തിൽ

തൻറെ ഇടയസന്ദർശനത്തിൻറെ രണ്ടാം ദിനത്തിൽ, അതായത്, 13-ാം തീയതി തിങ്കളാഴ്ച പാപ്പായുടെ പരിപാടികൾ രാഷ്ട്രപതിമന്ദിരത്തിൽ വച്ച് സ്ലൊവാക്യയുടെ പ്രസിഡൻറുമായുള്ള സൗഹൃദകൂടിക്കാഴ്ച, അവിടത്തെ ഉദ്യാനത്തിൽ വച്ച് രാഷ്ട്രാധികാരികളും പൗരാധികാരികളും നയതന്ത്രപ്രതിനിധികളുമായുള്ള സമാഗമം, വിശുദ്ധ മാർട്ടിൻറെ നാമത്തിലുള്ള കത്തീദ്രലിൽ വച്ച് മെത്രാന്മാരും വൈദികരും സന്ന്യാസീസന്ന്യസിനികളും, വൈദികാർത്ഥികളും മതബോധകരുമായുള്ള നേർക്കാഴ്ച, വിശുദ്ധ മദർ തെരേസയുടെ സന്ന്യാസിനി സമൂഹം പാർപ്പിടരഹിതർക്കും പാവപ്പെട്ടവർക്കും രോഗികൾക്കും ശുശ്രൂഷയേകുന്ന “ബത്ലഹേം കേന്ദ്ര” സന്ദർശനം, യഹൂദസമൂഹവുമായുള്ള കുടിക്കാഴ്ച, പാർലിമെൻറ് സ്പീക്കർ ബോറിസ് കൊള്ളാറിനെ സന്ദർശിക്കൽ, പ്രധാനമന്ത്രി എഡ്വേർഡ് ഹെഗെറുമായുള്ള കൂടിക്കാഴ്ച എന്നിവയായിരുന്നു.

തിങ്കളാഴ്‌ച (13/09/21) രാവിലെ അപ്പൊസ്തോലിക് നൺഷിയേച്ചറിലെ കപ്പേളയിൽ ദിവ്യബലി അർപ്പിച്ച പാപ്പാ  പ്രാതലിനു ശേഷം അവിടെ നിന്ന് 3 കിലോമീറ്ററിലേറെ അകലെ സ്ഥിതിചെയ്യുന്ന രാഷ്ട്രപതിഭവനിലേക്കു പോയി. ഗ്രഷാൽക്കൊവിച്ച് മന്ദിരം എന്നാണ് 1996 മുതൽ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ ഈ സൗധം അറിയപ്പെടുന്നത്. ഹങ്കറിക്കാരനായ പ്രഭുവിനുവേണ്ടി 1760-ൽ പണികഴിപ്പിക്കപ്പെട്ട ഈ മന്ദിരം രൂപകല്പന ചെയ്ത വാസ്തു ശില്പി അന്ത്രാസ് മേയെർഹോഫെർ ആണ്. ഈ സുന്ദര സൗധത്തിനു മുന്നിൽ “ഭൂമി സമാധന ഗ്രഹം” എന്ന പേരിൽ മനോഹരമായ ജലധാരയും (ഫൗണ്ടൻ) ഒരുക്കിയിരിക്കുന്നു. സമാധനത്തിൻറെ പ്രതീകമായ പ്രാവുകളെ കൊത്തുപണി ചെയ്ത് അലങ്കരിച്ചിരിക്കുന്ന ഒരു ഭൂഗോളം ഈ ജലധാരയുടെ മദ്ധ്യത്തിലുണ്ട്. ഈ ജലധാര വാസ്തുശില്പി ടിബോർ ബർത്ത്ഫെയുടെ സൃഷ്ടിയാണ്. രാഷ്ട്രപതി മന്ദിരത്തിനടുത്താണ് സ്ലൊവാക്യയുടെ സർക്കാർ ഭരണകാര്യാലയം.

രാഷ്ട്രപതിഭവനിലെത്തിയ പാപ്പായെ ചുവന്ന പരവതാനി വരിച്ച മുറ്റത്തുവച്ച് പ്രസിഡൻറ് ശ്രീമതി സുസാന്ന ചപുത്തൊവാ (Zuzana Čaputová) സ്വീകരിച്ചു. പാരമ്പര്യ വേഷമണിഞ്ഞ രണ്ടു കുട്ടികൾ പാപ്പായ്ക്ക്, സ്വാഗതം ചെയ്യലിൻറെ പാരമ്പര്യ പ്രതീകങ്ങളായ, ഉപ്പും അപ്പവും സമ്മാനിച്ചു. തുടർന്ന് പാപ്പായും പ്രസിഡൻറും ഔദ്യോഗിക ഫോട്ടൊയെടുക്കുന്നതിന് നിന്നു. തദ്ദനന്തരം ആദ്യം വത്തിക്കാൻറെയും തുടർന്ന് സ്ലൊവാക്യയുടെയും ദേശീയ ഗാനങ്ങൾ മുഴങ്ങി. പാപ്പാ സ്ലൊവാക്യയുടെ ദേശീയ പതാകയ്ക്ക് ആദരവർപ്പിച്ചു. അതിനുശേഷം അവിടെ സന്നിഹിതരായിരുന്ന പ്രതിനിധിസംഘങ്ങളെ പരസ്പരം പരിചയപ്പെടുത്തുന്ന ചടങ്ങായിരുന്നു. തുടർന്ന് പ്രസിൻറും പാപ്പായും ആ മന്ദിരത്തിലെ സുവർണ്ണശാലയിലേക്കു പോകുകയും വിശിഷ്ടാതിഥികൾ തങ്ങളുടെ സന്ദർശനക്കുറിപ്പ് രേഖപ്പെടുത്തുന്ന സുവർണ്ണഗ്രന്ഥത്തിൽ പാപ്പാ തൻറെ സന്ദേശം കുറിക്കുകയും ചെയ്തു. അതിനുശേഷം. പാപ്പായും പ്രസിഡൻറും സൗഹൃദ സംഭാഷണം നടത്തുകയും തുടർന്ന് തൊട്ടടുത്തുള്ള ഹരിത ശാലയിൽ വച്ച് സമ്മാനങ്ങൾ കൈമാറുകയും പ്രസിഡൻറിൻറെ കുടുംബത്തെ പരിചയപ്പെടുകയും ചെയ്തു.

രാഷ്ട്രപതിഭവനിലെ ഉദ്യാനത്തിൽ വച്ച് രാഷ്ട്രാധികാരികളും പൗരാധികാരികളും നയതന്ത്രപ്രതിനിധികളും സാംസ്കാരികലോകത്തിൻറെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച 

പ്രസിഡൻറിൻറെ സ്വാഗത വാക്കുകളോടെ സമാഗമത്തിന് തുടക്കമായി.

ഏതാനും മാസങ്ങൾക്കു മുമ്പ് താൻ ഫ്രാൻസീസ് പാപ്പായെ സന്ദർശിച്ച വേളയിൽ പാപ്പാ, സ്ലൊവാക്യയെ താൻ തൻറെ ഹൃദയത്തിൽ പേറുന്നുവെന്ന് പറഞ്ഞത് അനുസ്മരിച്ചുകൊണ്ടാണ് പ്രസിഡൻറ് ശ്രീമതി സുസാന്ന ചപുത്തൊവാ തൻറെ സ്വാഗതവാക്കുകൾ ആരംഭിച്ചത്.

പാപ്പായുടെ ആദ്ധ്യാത്മിക വിളിക്കും ചിന്തകൾക്കും തങ്ങളുടെ ഹൃദയത്തിൽ ഒരു ഇടം ഉണ്ടെന്ന് കാണിച്ചുകൊടുക്കാനുള്ള അവസരം ഈ ദിനങ്ങളിൽ സ്ലൊവാക്യയിലെ ജനങ്ങൾക്കുണ്ടെന്ന് പറഞ്ഞ പ്രസിഡൻറ്, നാം മാറ്റത്തിൻറെ ഒരു യുഗമല്ല, പ്രത്യുത, യുഗ മാറ്റമാണ് ജീവിക്കുന്നതെന്ന പാപ്പായുടെ വാക്കുകൾ അനുസ്മരിച്ചു.

സ്ലൊവാക്യയുടെ സാസ്കാരിക തനിമയുടെ അവിഭാജ്യ ഭാഗമാണ്, നൂറ്റാണ്ടുകളായി, ക്രിസ്തുമതവും കത്തോലിക്കാസഭയും എന്ന് പ്രസിഡൻറ് ശ്രീമതി സുസാന്ന പറഞ്ഞു.

ഇന്ന് നമ്മുടെ ലോകം ബഹുവിധ രീതികളിൽ ഐക്യം പുലർത്തുന്നുണ്ടെങ്കിലും ദാരുണമായി വിഭജിതമാണെന്ന വസ്തുതയെക്കുറിച്ചും പ്രസിഡൻറ് ഖേദപൂർവ്വം സൂചിപ്പിച്ചു.

സൗഹാർദ്ദതയും ഉദാരതയും സ്വന്തം പരാമ്പര്യങ്ങളോടും സ്വന്തം നാടിനോടും ആദരവും പുലർത്തുന്ന ഒരു ജനതയുടെ ഇടയിലാണ് പാപ്പാ എത്തിയിരിക്കുന്നതെന്നും അവിടെ മാതാപിതാക്കളുടെയും മുത്തശ്ശീമുത്തശ്ശന്മാരുടെയും എല്ലാ തലമുറകളും സ്വഭവനങ്ങളിൽ “വീട്ടിലെ അതിഥി വീട്ടിലെ ദൈവം” എന്ന ബോധ്യം പുലർത്തുന്നുവെന്നും അനുസ്മരിച്ചുകൊണ്ട് പ്രസിഡൻറ് ശ്രീമതി സുസാന്ന പാപ്പായ്ക്ക് സ്വാഗതമരുളി.

തീർത്ഥാടകനായ പാപ്പാ

പ്രസിഡൻറ് ശ്രീമതി സുസാന്ന ചപുത്തൊവായുടെ സ്വാഗതവാക്കുകൾക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ടാണ് പാപ്പാ ഇറ്റാലിയൻ ഭാഷയിലായിരുന്ന തൻറെ മറുപടി പ്രസംഗം പാപ്പാ ആരംഭിച്ചത്.

പുരാതനചരിത്രം പേറുന്നതും എന്നാൽ യുവത്വമാർന്നതും യൂറോപ്പിൻറെ ഹൃദയഭാഗത്ത് ആഴത്തിൽ വേരൂന്നിയിട്ടുള്ളതുമായ ഒരു നാട്ടിൽ തീർത്ഥാടകനായിട്ടാണ് താൻ എത്തിയിരിക്കുന്നതെന്ന് പാപ്പാ പറഞ്ഞു. സ്ലൊവാക്യയുടെ ചരിത്രം അന്നാടിനെ യൂറോപ്പിൻറെ ഹൃദയത്തിൽ സമാധാന സന്ദേശമായിരിക്കാൻ വിളിക്കുന്നുവെന്നും സ്ലാവ് ജനതയുമായുള്ള സാഹോദര്യത്തിൻറെ പ്രതീകമായി സ്ലൊവാക്യയുടെ പതാകയിൽ കാണുന്ന വലിയ നീല വര ദ്യോതിപ്പിക്കുന്നത് ഇതാണെന്നും പാപ്പാ പറഞ്ഞു. എന്നും ഉപരി ആവശ്യമായിരിക്കുന്ന ഉദ്ഗ്രഥനത്തെ ഊട്ടിവളർത്തുന്നതിന് ഈ സാഹോദര്യം അനിവാര്യമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

കോവിദ് 19 പകർച്ചവ്യാധി അലട്ടിയ കഠിനമായ മാസങ്ങൾക്കു ശേഷം, നിരവധിയായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽത്തന്നെയും, അത്യധികം ആഗഹിക്കുന്ന സാമ്പത്തിക മുന്നേറ്റത്തിന് യൂറോപ്യൻ സമീതിയുടെ പുനരുജ്ജീവനപദ്ധതികളുടെ ഫലമായി  തുടക്കമായിരിക്കുന്ന ഈ സമയത്ത് അത് അടിയന്തിരമാണെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. എന്നിരുന്നാലും, തിടുക്കത്തിലും ലാഭത്തിൻറെ വശീകരണത്തിലും വീണുപോകുന്ന അപകടസാധ്യതയുണ്ടെന്നും അത് ഒന്നിപ്പിക്കുന്നതിനു പകരം പിളർപ്പിലേക്കു നയിക്കുന്ന ക്ഷണികോന്മേഷം സൃഷ്ടിക്കുമെന്നും പാപ്പാ മുന്നറിയിപ്പു നല്കി.

നാമെല്ലാവരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതും, ഒരു മദ്ധ്യനിരയിൽ വസിക്കുന്നതുമായ  ഒരു ലോകത്തിൽ സാമ്പത്തിക വീണ്ടെടുക്കൽ മാത്രം പോരായെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ആധിപത്യത്തിനായുള്ള പോരാട്ടങ്ങൾ വിവിധ മുന്നണികളിൽ തുടരുമ്പോൾ, സ്ലൊവാക്യ ഏകീകരണത്തിണൻറെയും ശാന്തിയുടെയും സന്ദേശം വീണ്ടും പ്രഖ്യാപിക്കുകയും, യൂറോപ്പ്, അതിരുകളെ ഉല്ലംഘിക്കുന്ന ഐക്യദാർഢ്യത്താൽ വേറിട്ടു നിന്നുകൊണ്ട് ചരിത്രത്തിൻറെ കേന്ദ്രത്തിലേക്ക് അന്നാടിനെ തിരികെ കൊണ്ടുവരട്ടെന്നും  പാപ്പാ ആശംസിച്ചു.

സ്ലൊവാക്യയുടെ ചരിത്രം വിശ്വാസത്താൽ മായാത്തവിശ്വാസത്താൽ മുദ്രിതമാണെന്നും വിശ്വാസസാന്ദ്രത അവരെ സ്വാഭാവികമായ തുറവിലേക്ക നയിക്കുന്നുവെന്നും പറഞ്ഞ പാപ്പാ ഈ കാലഘട്ടത്തിലും ഐക്യത്തിൻറെ അടയാളമായിരിക്കുന്നതിന് അവർ സമാഹരിക്കേണ്ട പൈതൃകമാണ് അതെന്നും ഓർമ്മിപ്പിച്ചു.

സ്ലൊവാക്യയുടെ തനതായ ആതിഥ്യ രീതിയെക്കുറിച്ചും പരാമർശിച്ച പാപ്പാ അന്നാട്ടിലെത്തുന്നവരെ അവർ അപ്പവും ഉപ്പും നല്കി സ്വീകരിക്കുന്നത് അനുസ്മരിച്ചു. സുവിശേഷത്തിൽ നിറഞ്ഞു നില്ക്കുന്ന സാധാരണങ്ങളും അമൂല്യങ്ങളുമായ രണ്ടു പദാർത്ഥങ്ങളാണ് ഇവയെന്ന് പാപ്പാ പറഞ്ഞു. നമ്മുടെ ഇടയിൽ സന്നിഹിതനാകുന്നതിന് ദൈവം തിരഞ്ഞെടുത്ത അപ്പം സത്താപരമാണെന്നും, പ്രഥമതഃ ഭക്ഷണത്തിന് സ്വാദേകുന്ന ഉപ്പാകട്ടെ യേശു അവിടത്തെ ശിഷ്യരെ പഠിപ്പിക്കുന്ന വേളയിൽ ഉപയോഗപ്പെടുത്തിയ പ്രഥമ പ്രതീകമാണെന്നും വിശദീകരിച്ചു. മാനവസഹജീവനം മെച്ചപ്പെടുത്തുന്നതിന് ആസൂത്രിതവും കാര്യക്ഷമവുമായ സംവിധാനങ്ങൾ മാത്രം പോരായെന്നും ഐക്യദാർഢ്യമാകുന്ന രുചി ആവശ്യമാണെന്നും പാപ്പാ പ്രസ്താവിക്കുകയും പരസ്പര കരുതലിൻറെ ആവശ്യകത ചൂണ്ടിക്കാട്ടുകയും ചെയ്തു.

കോവിദ് 19 സാക്രമികരോഗത്തെക്കുറിച്ചും പരമാർശിച്ച പാപ്പാ ഈ മഹാമാരി നമ്മുടെ ഈ കാലഘട്ടത്തിൻറെ പരീക്ഷണമാണെന്നും ഒരേ സാഹചര്യത്തിൽ പോലും, ഭിന്നിച്ചു നലിക്കുകയും അവനവനെക്കുറിച്ചു മാത്രം ചിന്തിക്കുകയും ചെയ്യുന്നത് എത്ര എളുപ്പത്തിൽ സാധിക്കുന്ന എന്ന് ഇത് നമ്മെ പഠിപ്പിച്ചുവെന്ന് പറഞ്ഞു. എന്നാൽ പകരം, നാമെല്ലാവരും ദുർബ്ബലരും മറ്റുള്ളവരെ ആവശ്യമുള്ളവരുമാണെന്ന തിരിച്ചറിവിൽ നിന്നാണ് നമ്മൾ വീണ്ടും തുടങ്ങേണ്ടതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

ദൈവം സ്ലൊവാക്യയെ അനുഗ്രഹിക്കട്ടെ എന്ന് നാട്ടുഭാഷയിൽ ആശംസിച്ചുകൊണ്ടാണ് പാപ്പാ തൻറെ പ്രഭാഷണം അവസാനിപ്പിച്ചത്.

ഈ സംഗമാനന്തരം പാപ്പായും പ്രസിഡൻറും രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയുടെ മുഖ്യ പ്രവേശന കവാടത്തിങ്കലേക്കു നീങ്ങുകയും പാപ്പാ യാത്രചൊല്ലി അവിടെ നിന്ന് 2 കിലോമീറ്റർ അകലെ, വിശുദ്ധ മാർട്ടിൻറെ നാമത്തിലുള്ള കത്തീദ്രലിലേക്കു കാറിൽ പോകുകയും ചെയ്തു.

കത്തീദ്രൽ

ഈ കത്തീദ്രൽ ബ്രാത്തിസ്ലാവ രൂപതയുടെ ഭദ്രാസനദേവലയമാണ്. ബ്രാത്തിസ്ലാവ നഗരകേന്ദ്രത്തിൻറെ അതിരിലായിട്ടാണ് ഈ കത്തീദ്രൽ സ്ഥിതിചെയ്യുന്നത്. ഗോട്ടിക് വാസ്തുകലാരൂപത്തിലുള്ള ഈ ദേവാലയത്തിൻറെ പണി ആരംഭിച്ചത് അവിടെ ഉണ്ടായിരുന്ന ഒരു ദേവാലയത്തിൻറെ സ്ഥാനത്ത് പതിനാലാം നൂറ്റാണ്ടിലാണ്. പണി പൂർത്തിയായിരുന്നില്ലെങ്കിലും 1452 മാർച്ച് 10-ന് ഈ ദേവാലയത്തിൻറെ ആശീർവ്വാദകർമ്മം നടന്നു. പിന്നീട് പല നൂറ്റാണ്ടുകളിലായിട്ടാണ് പണി പൂർത്തിയായത്. ഈ കത്തീദ്രലിൻറെ, പലതവണ കേടുവരുകയും പുനർനിർമ്മിക്കുകയും ചെയ്ത, മണിമാളികയുടെ ഉയരം 85 മീറ്ററാണ്. വിശുദ്ധ സ്തെഫാനോസിൻറെ കിരീടത്തിൻറെ സ്വർണ്ണത്തിൽ തീർത്ത ഒരു പതിപ്പ് ഈ മണിമാളികയുടെ ശൃംഗത്തിലുണ്ട്. സ്ലൊവാക്യയിലെ കത്തോലിക്കാസഭാസമൂഹങ്ങളുടെ പുനഃക്രമീകരണത്തിൻറെ ഭാഗമായി ഈ ദേവാലയം 1995- മാർച്ച് 31-ന്, ബ്രാത്തിസ്ലാവ-തൃണാവ അതിരുപതയുടെ സഹഭദ്രാസന ദേവാലയമായി. പിന്നീട് 2008 ഫെബ്രുവരി 14-നാണ് ഇത് ബ്രാത്തിസ്ലാവ അതിരൂപതയുടെ കത്തീദ്രലായി ഉയർത്തപ്പെട്ടത്.

കത്തീദ്രലിൻറെ മുറ്റത്ത് കാറിൽ നിന്നിറങ്ങി ദേവലയത്തിലേക്കു നീങ്ങിയ പാപ്പായെ വാതിൽക്കൽവച്ച് ബ്രാത്തിസ്ലാവ ആർച്ച്ബിഷപ്പ് സ്തനിസ്ലാവ് ത്സ്വൊളെൻസ്കീയും (Stanislav Zvolenský) കത്തീദ്രൽ വികാരിയും ചേർന്ന് സ്വീകരിക്കുകയും ചുംബിക്കാൻ  കുരിശുരൂപവും തളിക്കാൻ വിശുദ്ധജലവും നല്കുകയും ചെയ്തു. അപ്പോൾ ദേവാലയത്തിൽ സ്തുതിഗീതം മുഴങ്ങുന്നുണ്ടായിരുന്നു. മദ്ധ്യ ഇടനാഴിയിലൂടെ അൾത്താരയിലേക്കു നീങ്ങിയ പാപ്പായ്ക്ക് ഒരു വൈദികാർത്ഥിയും ഒരു മതബോധകനും ചേർന്നു നല്കിയ പുഷ്പമഞ്ജരി പാപ്പാ പരിശുദ്ധതമ ദിവ്യകാരുണ്യത്തിനു മുന്നിൽ സമർപ്പിച്ചു മൗനപ്രാർത്ഥന നടത്തി. തുടർന്ന് സക്രാരിക്കു മുന്നിൽ നിന്ന് അൾത്താരയുടെ മുന്നിലായി ഒരുക്കിയ ഇരിപ്പിടത്തിൽ ആസനസ്ഥനായ പാപ്പായെ അന്നാട്ടിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ കൂടിയായ ബ്രാത്തിസ്ലാവ ആർച്ച്ബിഷപ്പ് സ്തനിസ്ലാവ് ത്സ്വൊളെൻസ്കീ സ്വാഗതം ചെയ്തു.

പാപ്പായ്ക്ക് സ്വാഗതമോതിയ ആർച്ച്ബിഷപ്പ് സ്തനിസ്ലാവ്, പാപ്പായുടെ സാന്നിദ്ധ്യം തങ്ങൾക്ക് ഒരു ബഹുമതിയും അത്യാഹ്ലാദകരവും പ്രചോദനവുമാണെന്നും തങ്ങളെ വിശ്വാസത്തിൽ ശക്തിപ്പെടുത്തുമെന്നും പറഞ്ഞു. ഈ ദേവാലയത്തിൽ, വർഷങ്ങൾക്കു മുമ്പ്, വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ പാദമൂന്നിയതും അദ്ദേഹം വികാരഭരിതനായി അനുസ്മരിച്ചു.

ആർച്ച്ബിഷപ്പ് സ്തനിസ്ലാവിൻറെ സ്വാഗതവാക്കുകളെ തുടർന്ന് പാപ്പായുടെ പ്രഭാഷണമായിരുന്നു.

പാപ്പായുടെ ഭാതൃഭാവം                         

ഒരു സഹോദരനായിട്ടാണ് താൻ അവരുടെ ചാരെ എത്തിയിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ അവരിലൊരാളായി തനിക്കനുഭവപ്പെടുന്നുവെന്നും പാപ്പാ നന്ദിപ്രകാശിപ്പിച്ചുകൊണ്ട് ആരംഭിച്ച പ്രസംഗത്തിൽ പറഞ്ഞു.

തീക്ഷ്ണമതികളും പരസ്പര ധാരണയുള്ളവരും ഒരുമയിൽ ചരിച്ചിരുന്നവരുമായിരുന്ന ആദ്യ ക്രൈസ്തവസമൂഹത്തിൻറെ ശൈലി പിൻചെന്നുകൊണ്ട് സ്ലൊവാക്യയിലെ സഭയുടെയും അന്നാടിൻറെയും യാത്രയിലും ചോദ്യങ്ങളിലും പ്രതീക്ഷകളിലും പങ്കുചേരുന്നതിനാണ് താൻ എത്തിയിരിക്കുന്നതെന്നും പാപ്പാ പറഞ്ഞു.

സുവിശേഷ ദീപമേന്തി ജീവിതസരണികളിലൂടെ സഞ്ചരിക്കുന്ന ഒരു സഭയെ ആണ് ഇന്ന് ആവശ്യമെന്നും അകന്നു നിന്ന് ലോകത്തെ നോക്കിക്കാണുന്ന ഉന്നതത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദുർഗ്ഗം, ഒരു ശക്തികേന്ദ്രം അല്ല സഭയെന്നും സുവിശേഷാനന്ദത്താൽ ക്രിസ്തുവിലേക്കാകർഷിക്കാൻ അഭിലഷിക്കുന്ന ഒരു സമൂഹമാണ് അതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ലോകത്തിൽ നിന്ന് വേറിട്ടുനില്ക്കാത്തതും ജീവിതത്തെ വിരക്തിയോടെ നോക്കാത്തതും മറിച്ച് അതിനുള്ളിൽ വസിക്കുന്നതുമാണ് സഭയെന്നും പാപ്പാ കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യം, സൃഷ്ടിപരത, സംഭാഷണം എന്നീ മൂന്നു കാര്യങ്ങൾ ജനങ്ങളുടെ ആത്മീയാവശ്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുത്തരം നല്കണമെങ്കിൽ സുപ്രധാനമാണെന്ന് പാപ്പാ തൻറെ പ്രഭാഷണത്തിൽ വിശദീകരിച്ചു.

യഥാർത്ഥ സ്വാതന്ത്ര്യത്തിൻറെ അഭാവത്തിൽ യഥാർത്ഥ മാനവിക സാധ്യമല്ലെന്നും, സ്വതന്ത്രനായിരിക്കാനാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പാ പറഞ്ഞു.

അതുപോലെ തന്നെ സുവിശേഷപ്രഘോഷണത്തിന് നൂതന ശൈലികൾ കണ്ടുപിടിക്കേണ്ടതുണ്ടെന്നും അങ്ങനെ അപ്പോസ്തലന്മാർ പുതിയ വഴികളുടെ കണ്ടുപിടുത്തക്കാരായി ഭവിച്ചുമെന്നും പാപ്പാ രചനാത്മകതയെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് വിശദീകരിച്ചു.

വിശ്വാസികളുമായും, വിവിധ ക്രൈസ്തവസഭകളുമായും ജനങ്ങളുമായും സംഭാഷണത്തിലേർപ്പെടേണ്ടതിൻറെയും മൈത്രിയിലായിരിക്കേണ്ടതിൻറെയും പ്രാധാന്യവും പാപ്പാ ചൂണ്ടിക്കാട്ടി.

പാപ്പായുടെ പ്രസംഗം അവസാനിച്ചപ്പോൾ എല്ലാവരും ചേർന്ന് കർത്തൃപ്രാർത്ഥന ചൊല്ലി. തദ്ദനന്തരം പാപ്പാ സമാപനാശീർവ്വാദം നല്കി. തുർന്ന് പാപ്പാ എല്ലാ മെത്രാന്മാരെയും ഓരോരുത്തരെയായി അഭിവാദ്യം ചെയ്യുകയും എല്ലാവരുമൊരുമിച്ച് ഫോട്ടൊയെടുക്കുകയും ചെയ്തു. ഈ സമയത്തൊക്കെ ദേവാലയഗായക സംഘം ശ്രുതിമധുര സ്തുതിഗീതം പൊഴിക്കുന്നുണ്ടായിരുന്നു.

ഈ കൂടിക്കാഴ്ചാനന്തരം പാപ്പാ 8 കിലോമീറ്റർ അകലെയുള്ള അപ്പൊസ്തോലിക് നൺഷിയേച്ചറിലേക്ക് കാറിൽ പോകുകയും മുത്താഴം കഴിച്ച് അല്പം വിശ്രമിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 September 2021, 13:36