Vatican News

യേശു ബധിരന് സൗഖ്യമേകുന്നതിൽ അലന്തർലീനമായ പ്രതീകാത്മകത!

ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം- "എഫത്താ", അതായത്, "തുറക്കപ്പെടട്ടെ!" നമുക്കെല്ലാവർക്കും കാതുകളുണ്ട്, പക്ഷേ പലപ്പോഴും നമുക്ക് കേൾക്കാൻ കഴിയുന്നില്ല. കാരണം? സഹോദരീ സഹോദരന്മാരേ, വാസ്തവത്തിൽ ഒരു ആന്തരിക ബധിരതയുണ്ട്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അർക്കാംശുക്കൾ നിർല്ലോഭം ചൊരിയപ്പെട്ട സുദിനമായിരുന്ന ഈ ഞായറാഴ്ച (05/09/21) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനയിൽ വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ പങ്കുകൊണ്ടു. പാപ്പാ  റോമിലെ സമയം ഉച്ചയ്ക്ക് 12 മണിയ്ക്ക് ത്രികാല പ്രാർത്ഥന നയിക്കുന്നതിനായി, ആ സമയത്തിന് അല്പം മുമ്പ്, അരമനയുടെ പതിവു ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ, വിശുദ്ധ പത്രോസിൻറെ നാമത്തിലുള്ള ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്ന ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദരവങ്ങളും ഉയർന്നു. പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ സാധാരണ ചെയ്യാറുള്ളതുപോലെ നടത്തിയ വിചിന്തനം, ഈ ഞായറാഴ്ച (05/09/21) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിൻറെ സുവിശേഷം അദ്ധ്യായം 7,31-37 വരെയുള്ള വാക്യങ്ങൾ, അതായത്, യേശു ബധിരനെ സുഖപ്പെടുത്തുന്ന സുവിശേഷഭാഗം അവലംബമാക്കിയുള്ളതായിരുന്നു.

പാപ്പാ ഇറ്റാലിയൻ ഭാഷയിൻ ഭാഷയിൽ നടത്തിയ പ്രഭാഷണത്തിൻറെ പരിഭാഷ:

യേശു ബധിരനും മൂകനുമായവനെ സുഖപ്പെടുത്തുന്ന രീതിയുടെ സവിശേഷത 

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ബധിരനും മൂകനുമായ ഒരാളെ സുഖപ്പെടുത്തുന്ന യേശുവിനെ ഇന്നത്തെ ആരാധനാക്രമത്തിൽ സുവിശേഷം അവതരിപ്പിക്കുന്നു. ഈ അത്ഭുതകരമായ അടയാളം, കർത്താവ് പ്രവർത്തിക്കുന്ന രീതി ഈ വിവരണത്തിൽ ശ്രദ്ധേയമാണ്. അവിടന്ന് അത് ചെയ്യുന്നത് ഇപ്രകാരമാണ്: ബധിരനെ മാറ്റിനിർത്തി, ചെവികളിൽ വിരലുകൾ വയ്ക്കുകയും ഉമിനീരുകൊണ്ട് അവൻറെ നാവിൽ സ്പർശിക്കുകയും, എന്നിട്ട് ആകാശത്തേക്കി നോക്കി നെടുവീർപ്പിട്ടുകൊണ്ട് ഇങ്ങനെ പറയുകയും ചെയ്യുന്നു: "എഫത്താ", അതായത്, "തുറക്കപ്പെടട്ടെ!" (മർക്കോസ് 7:33-34). ഇത്രയും തന്നെ ഗുരുതരമായ, പക്ഷാഘാതം അല്ലെങ്കിൽ കുഷ്ഠം എന്നിവ  പോലുള്ള രോഗങ്ങൾ സൗഖ്യമാക്കുമ്പോൾ യേശു ഇത്രയധികം കാര്യങ്ങൾ ചെയ്യുന്നില്ല. രോഗിയുടെ മേൽ കൈ വയ്ക്കാൻ മാത്രം ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ടാണ് അവിടന്ന് ഇപ്പോൾ ഇതെല്ലാം ചെയ്യുന്നത് (മർക്കോസ് 7,32)?  ഈ പ്രവർത്തികൾ ചെയ്യുന്നത്? ഒരുപക്ഷേ ആ വ്യക്തിയുടെ അവസ്ഥയ്ക്ക് ഒരു പ്രത്യേക പ്രതീകാത്മക മൂല്യം ഉള്ളതുകൊണ്ടാകാം. ബധിരനും മൂകനുമാകുന്നത് ഒരു രോഗമാണ്, പക്ഷേ ഇത് ഒരു പ്രതീകവുമാണ്. കൂടാതെ ഈ പ്രതീകത്തിന് നാമെല്ലാവരോടും ചിലത് പറയാനുണ്ട്. ഇത് എന്തിനെക്കുറിച്ചാണ്? ഇത് ബധിരതയെപ്പറ്റിയാണ്. ആ മനുഷ്യന് ശ്രവണശക്തിയില്ലാതിരുന്നതിനാൽ സംസാരിക്കാൻ കഴിഞ്ഞില്ല. വാസ്തവത്തിൽ, അവൻറെ അസ്വസ്ഥതയുടെ കാരണം ഇല്ലാതാക്കുന്നതിന്, യേശു സർവ്വോപരി, വിരലുകൾ അവൻറെ ചെവികളിലും പിന്നീട് വായിലും ഇടുന്നു, പക്ഷേ ആദ്യം അവൻറെ ചെവികളിലാണിടുന്നത്.

കാതുകളുള്ളള ചെകിടർ നമ്മൾ 

നമുക്കെല്ലാവർക്കും കാതുകളുണ്ട്, പക്ഷേ പലപ്പോഴും നമുക്ക് കേൾക്കാൻ കഴിയുന്നില്ല. കാരണം? സഹോദരീ സഹോദരന്മാരേ, വാസ്തവത്തിൽ ഒരു ആന്തരിക ബധിരതയുണ്ട്, ആകയാൽ ഇന്ന് നമുക്ക് നമ്മെ സ്പർശിക്കാനും സുഖപ്പെടുത്താനും യേശുവിനോട് ആവശ്യപ്പെടാം. ആ ആന്തരിക ബധിരത ശാരീരികമായതിനെക്കാൾ മോശമാണ്, കാരണം അത് ഹൃദയത്തിൻറെ ബധിരതയാണ്. തിരക്ക് മൂലവും, പറയാനും ചെയ്യാനും ആയിരം കാര്യങ്ങൾ ഉള്ളതിനാലും, നമുക്ക് നമ്മളോട് സംസാരിക്കുന്നയാളെ ശ്രവിക്കാൻ സമയം കണ്ടെത്താനാകുന്നില്ല. യാതൊന്നും നമ്മുടെ ഉള്ളിൽ കടക്കാത്തവരും നാം ശ്രവിക്കേണ്ടവർക്ക് ഇടം നൽകാത്തവരുമായി നമ്മൾ മാറുന്ന അപകടമുണ്ട്: ഞാൻ ചിന്തിക്കുന്നത് കുട്ടികൾ, യുവാക്കൾ, പ്രായമായവർ, വാക്കുകളും പ്രഭാഷണങ്ങളും അത്രയധികം ആവശ്യമില്ലാത്ത, പക്ഷേ നാം ശവിക്കേണ്ടവരായ അനേകർ എന്നിവരെക്കുറിച്ചാണ്.

നാം ചെവി കൊടുക്കേണ്ടവർ

 

നമുക്ക് സ്വയം ചോദിക്കാം: എൻറെ ശ്രവണം എങ്ങനെയാണ്? ജനങ്ങളുടെ ജീവിതം എന്നെ സ്പർശിക്കാൻ ഞാൻ എന്നെ അനുവദിക്കുന്നുണ്ടോ, എനിക്ക് ചുറ്റുമുള്ളവരെ കേൾക്കുന്നതിന് സമയം നീക്കിവയ്ക്കാൻ എനിക്കറിയാമോ? ഇത് നമുക്കെല്ലാവർക്കും ബാധകമാണ്, എന്നാൽ പ്രത്യേകിച്ച് വൈദികർക്ക്, പുരോഹിതന്മാർക്ക് പുരോഹിതൻ ജനത്തെ ശ്രവിക്കണം, തിരക്കുകൂട്ടി പോകരുത്, കേൾക്കുക, ... കേട്ടതിനുശേഷം എങ്ങനെ സഹായിക്കാൻ കഴിയുമെന്ന് ചിന്തിക്കുക. നമ്മളെല്ലാവരും: ആദ്യം കേൾക്കുക, തുടർന്ന് പ്രതികരിക്കുക. കുടുംബജീവിതത്തെക്കുറിച്ച് ചിന്തിച്ചു നോക്കൂ: കേൾക്കുന്നതിനു മുമ്പേ തന്നെ നമ്മൾ എത്ര തവണ സംസാരിക്കന്നു, പതിവു പല്ലവി ആവർത്തിക്കുന്നു! കേൾവിശക്തിയില്ലാത്ത നമ്മൾ സദാ ഒരേ കാര്യം തന്നെ പറയുന്നു, അല്ലെങ്കിൽ മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കുന്നില്ല അവരുടെ സംസാരത്തെ തടസ്സപ്പെടുത്തുന്നു. ഒരു സംഭാഷണത്തിൻറെ പുനരാരംഭം പലപ്പോഴും വാക്കുകളിൽ നിന്നല്ല, നിശബ്ദതയിൽ നിന്നാണ്, മർക്കടമുഷ്ടി കാട്ടുന്നതിലല്ല, ക്ഷമയോടെ അപരനെ ശ്രവിക്കാൻ, അവൻറെ കഷ്ടപ്പാടുകൾ  കേൾക്കാൻ, മനസ്സിലുള്ളവ   മനസ്സിലാക്കാൽ വീണ്ടും ആരംഭിക്കുന്നതിൽ നിന്നാണ്. ഹൃദയസൗഖ്യം ആരംഭിക്കുന്നത് ശ്രവണത്തിൽ നിന്നാണ്. കേൾക്കുക. ഇത് ഹൃദയത്തെ സുഖപ്പെടുത്തുന്നു. "പക്ഷേ പിതാവേ, എപ്പോഴും ഒരേ കാര്യങ്ങൾ പറയുന്ന വിരസരായ ആളുകളുണ്ട് ...". അവരെ ശ്രവിക്കൂ. എന്നിട്ട്, അവർ സംസാരിച്ചു കഴിയുമ്പോൾ, നീ സംസാരിക്കുക, പറയുക, എന്നാൽ എല്ലാം കേൾക്കണം.

യേശുശ്രവണം അനിവാര്യം- സുവിശേഷം കീശയിൽ ഉണ്ടായിരിക്കട്ടെ

കർത്താവിൻറെ കാര്യത്തിലും ഇത് പ്രസക്തമാണ്. നാം അഭ്യർത്ഥനകളാൽ  അവിടത്തെ മുക്കുന്നത് നല്ലതു തന്നെ, എന്നാൽ ആദ്യം നമ്മൾ അവനെ ശ്രവിക്കുന്നതാണ് ഉത്തമം. യേശു അത് ആവശ്യപ്പെടുന്നു. സുവിശേഷത്തിൽ, ആദ്യത്തെ കൽപ്പന എന്താണെന്ന് ചോദിച്ചപ്പോൾ, അവിടന്ന് ഉത്തരം നൽകുന്നു: "ഇസ്രായേലേ ശ്രിവിക്കുക." എന്നിട്ട് അവിടന്ന് പ്രഥമ കൽപ്പന കൂട്ടിച്ചേർക്കുന്നു: "നിൻറെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുക .... നിന്നെപ്പോലെ തന്നെ നിൻറെ അയൽക്കാരനെയും" (മർക്കോസ് 12:28-31വരെയുള്ള വാക്യങ്ങളിൽ നിന്ന്). എന്നാൽ പ്രഥമതഃ അവിടന്നു പറയുന്നു: "ഇസ്രായേലേ കേൾക്കൂ". നീ ശ്രവിക്കുക. കർത്താവിനെ ശ്രവിക്കണമെന്നത് നാം ഓർക്കുന്നുണ്ടോ? നമ്മൾ ക്രിസ്ത്യാനികളാണ്, പക്ഷേ, ദിവസവും കേൾക്കുന്ന ആയിരക്കണക്കിന് വാക്കുകളിൽ, സുവിശേഷത്തിലെ കുറച്ചു വാക്കുകളെങ്കിലും നമ്മിൽ പ്രതിധ്വനിക്കുന്ന ഏതാനും നിമിഷങ്ങൾ പോലും കണ്ടെത്താനാകില്ല. യേശുവാണ് വചനം: അവിടത്തെ കേൾക്കുന്നതിന് നാം നിന്നില്ലെങ്കിൽ, അവിടന്ന് കടന്നുപോകും. വിശുദ്ധ അഗസ്റ്റിൻ പറയുമായിരുന്നു: "കർത്താവ് കടന്നുപോകുമ്പോൾ ഞാൻ ഭയപ്പെടുന്നു." അത് അവിടത്തെ ശ്രവിക്കാതെ അവിടത്തെ കടത്തി വിടും എന്ന ഭയമായിരുന്നു. എന്നാൽ നാം സുവിശേഷത്തിനായി സമയം നീക്കിവച്ചാൽ, നമ്മുടെ ആത്മീയ ആരോഗ്യത്തിൻറെ ഒരു രഹസ്യം നാം കണ്ടെത്തും. ഇതാണ് ഔഷധം: എല്ലാ ദിവസവും അൽപ്പം നിശബ്ദതയും ശ്രവണവും, വ്യർത്ഥമായ വാക്കുകൾ കുറയ്ക്കലും ദൈവവചനം കൂട്ടലും. എപ്പോഴും നിങ്ങളുടെ കീശയിൽ സുവിശേഷഗ്രന്ഥം ഉണ്ടായിരിക്കട്ടെ, അത് വളരെയധികം സഹായകമാണ്. ജ്ഞാനസ്നാന ദിനത്തിലെന്നപോലെ, ഇന്നും നമുക്കുള്ള യേശുവിൻറെ ആ വാക്ക് നാം കേൾക്കുന്നു: " എഫത്താ, തുറക്കപ്പെടട്ടെ"! നിൻറെ കാതുകൾ തുറക്കുക. യേശുവേ, നിൻറെ വചനത്തിലേക്ക് എന്നെത്തന്നെ തുറക്കാൻ ഞാൻ ആഗ്രഹിക്കുന്നു; യേശുവേ, നിന്നെ കേൾക്കാൻ എന്നെ തുറക്കൂ; യേശുവേ, എൻറെ ഹൃദയം അടയാതിരിക്കുന്നതിന് അതിനെ സുഖപ്പെടുത്തുക, എൻറെ ഹൃദയത്തെ തിടുക്കത്തിൽ നിന്ന് സൗഖ്യമാക്കുക, അക്ഷമയിൽ നിന്ന് എൻറെ ഹൃദയത്തെ സുഖപ്പെടുത്തുക.

പരിശുദ്ധ കന്യകയുടെ മാദ്ധ്യസ്ഥ്യം

തന്നിൽ മാസം ധരിച്ച വചനത്തെ ശ്രവിക്കുന്നതിന് തുറവുള്ളവളായ കന്യകാമറിയം, നമ്മെ, അവളുടെ പുത്രനെ സുവിശേഷത്തിൽ ശ്രവിക്കുന്നതിനും നമ്മുടെ സഹോദരീസഹോദരങ്ങളെ വിധേയത്വവും ക്ഷമയും കരുതലുള്ളതുമായ ഹൃദയത്തോടെ കേൾക്കുന്നതിനും അനുദിനം സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

ത്രികാലപ്രാർത്ഥനാനന്തര അഭിവാദ്യങ്ങൾ- നവവാഴ്ത്തപ്പെട്ട മമോർത്തൊ എസ്കിയു

 

ആശീർവ്വാദാനന്തരം പാപ്പാ, ശനിയാഴ്‌ച (04/09/21) തൻറെ ജന്മനാടായ അർജന്തീനയിലെ കത്തമാർക്കയിൽ, ഫ്രാൻസിസ്ക്കൻ മൈനർ സമൂഹാംഗവും കൊർദോബയിലെ മെത്രാനുമായിരുന്ന മമോർത്തൊ എസ്കിയു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് അനുസ്മരിച്ചു.

സഭാസമൂഹവും പൗരസമൂഹവും പടുത്തുയർത്തുന്നതിനായി തീക്ഷ്ണമതിയായ ദൈവവചന പ്രഘോഷകനായിരുന്നു നവവാഴ്ത്തപ്പെട്ടവൻ എന്ന് പാപ്പാ പറഞ്ഞു. പ്രാർത്ഥനയും പ്രേഷിതപ്രവർത്തനവും സമന്വയിപ്പിക്കാനും സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടി ശുശ്രൂഷ ചെയ്യാനും അദ്ദഹത്തിൻറെ മാതൃക നമുക്ക് സഹായകമാകട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

അഫ്ഗാൻ ജനതയ്ക്കായി പാപ്പായുടെ അഭ്യർത്ഥന വീണ്ടും

താലിബാൻ കൈടക്കിയിരിക്കുന്ന അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികളെയും പാപ്പാ അനുസ്മരിച്ചു. അവരിൽ കൂടുതൽ ദുർബ്ബലരായവർക്കുവേണ്ടി പാപ്പാ പ്രാർത്ഥിക്കുകയും പുതിയൊരു ജീവിതം തേടുന്ന ഈ അഭയാർത്ഥികളെ സ്വീകരിക്കാനും അവർക്ക് സംരക്ഷണമേകാനും രാജ്യങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. അഫ്ഗാൻ യുവാക്കൾക്ക് വിദ്യാഭ്യാസവും അവരുടെ മാനവവികസനത്തിന് അത്യാവശ്യമായവയും ലഭ്യമാകട്ടെയെന്നും അന്നാട്ടിലുള്ളവരും യാത്രയിലായരിക്കുന്നവരും ആതിഥേയ രാജ്യങ്ങളിലെത്തിയിരുക്കുന്നവരുമായ  എല്ലാ അഫ്ഗാൻക്കാർക്കും അയൽക്കാരുമായി  സമാധാനത്തിലും സാഹോദര്യത്തിലും അന്തസ്സോടെ ജീവിക്കാൻ കഴിയട്ടെയെന്നും പാപ്പാ ആശംസിക്കുകയും ചെയ്തു.

അമേരിക്കൻ ഐക്യനാടുകളിലെ ചുഴലിക്കാറ്റ് ബാധിതർക്ക് പ്രാർത്ഥനാ സഹായം 

അമേരിക്കൻ ഐക്യനാടുകളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ ചുഴലിക്കാറ്റു മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് പാപ്പാ പ്രാർത്ഥനാസഹായം ഉറപ്പുനല്കി. മരണമടഞ്ഞവരെ കർത്താവ് സ്വാഗതം ചെയ്യുകയും ഈ ദുരന്തം വിതച്ച യാതനകൾ അനുഭവിക്കുന്നവരെ  അവിടന്ന് സഹായിക്കുകയും ചെയ്യട്ടെയെന്ന് പാപ്പാ പ്രാർത്ഥിച്ചു.

യഹൂദ ജനതയ്ക്ക് പാപ്പായുടെ പുതുവത്സരാശംസകൾ

അടുത്ത ദിവസങ്ങളിൽ യഹൂദ പുതുവർഷം “റോഷ് ഹഷാന” (Rosh Hashanah) ആരംഭിക്കുന്നതിനെക്കുറിച്ചും യോം കിപ്പൂർ, സുക്കോത്ത് എന്നീ  യഹൂദ തിരുന്നാളുകൾ ആചരിക്കുന്നതിനെക്കുറിച്ചും പരാമർശിച്ച പാപ്പാ  യഹൂദ മതത്തിലെ എല്ലാ സഹോദരീസഹോദരന്മാർക്കും   ഹൃദയംഗമായ പുതുവത്സരാശംസകൾ നേർന്നു. പുതിയ വർഷം സമാധാന ഫലങ്ങളാൽ സമ്പന്നമാകട്ടെയെന്നും, കർത്താവിൻറെ നിയമത്തിൽ വിശ്വസ്തതയോടെ നടക്കുന്ന എല്ലാവർക്കും നന്മനിറഞ്ഞതുമാകട്ടെ എന്ന് പാപ്പാ ആശംസിച്ചു.

മുപ്പത്തിനാലാം വിദേശ അപ്പസ്തോലിക പര്യടനം, പാപ്പായുടെ പ്രാർത്ഥനാസഹായഭ്യർത്ഥന

അടുത്ത ഞായറാഴ്ച (12/09/21) താൻ ഹങ്കറി, സ്ലൊവാക്യ എന്നീ നാടുകൾ വേദികളായുള്ള ഇടയസന്ദർശനം ആരംഭിക്കുന്നതും പാപ്പാ അനുസ്മരിച്ചു.  അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സിൻറെ സമാപനംകുറിക്കുന്നതിന് താൻ വരുന്ന ഞായറാഴ്‌ച ബുദാപെസ്റ്റിലേക്ക് പോകുമെന്നും അവിടെ അർപ്പിക്കുന്ന  ദിവ്യബലിയ്ക്കു ശേഷം തൻറെ  തീർത്ഥാടനം ഏതാനും ദിവസത്തേയ്ക്ക് സ്ലൊവാക്യയിൽ ആയിരിക്കുമെന്നും ഈ യാത്ര അന്നാടിൻറെ സ്വർഗ്ഗീയസംരക്ഷകയായ വ്യകുല നാഥയുടെ മഹോത്സവത്തോടുകൂടി പതിനഞ്ചാം തീയതി ബുധനാഴ്ച സമാപിക്കുമെന്നും പാപ്പാ വിശദീകരിച്ചു.  യൂറോപ്പിൻറെ ഹൃദയഭാഗത്ത് ആരാധനയാലും പ്രാർത്ഥനയാലും മുദ്രിതമാകുന്ന ദിനങ്ങളായിരിക്കും അതെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഈ യാത്രയ്ക്കു വേണ്ട ഒരുക്കങ്ങൾ ചെയ്തവരെ പാപ്പാ സ്നേഹപൂർവ്വം അഭിവാദ്യം ചെയ്യുകയും അവർക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. തന്നെ പ്രാർത്ഥനായാൽ അനുഗമിക്കണമെന്ന് പാപ്പാ, തന്നെ കാത്തിരിക്കുന്നവരും താൻ കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നവരുമായ എല്ലാവരോടും അഭ്യർത്ഥിച്ചു. ശത്രുതയുടെയും പീഢനങ്ങളുടെയും മദ്ധ്യേ സുവിശേഷത്തിന് സാക്ഷ്യമേകിക്കൊണ്ട്, വിശ്വാസം വീരോചിതമായ ഏറ്റുപറഞ്ഞവരായ നിരവധിപ്പേരുടെ മാദ്ധ്യസ്ഥ്യത്തിന്  താൻ ഈ ഇടയസന്ദർശനത്തെ  സമർപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. വാക്കുകൾ കൊണ്ടല്ല, സർവ്വോപരി, പ്രവർത്തികൾ കൊണ്ട്, കാരുണ്യത്തിൻറെയും സ്വാഗതം ചെയ്യലിൻറെയും പ്രവർത്തനം കൊണ്ട്, നമ്മെ സ്നേഹിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന കർത്താവിൻറെ സദ്വാർത്തയാൽ, ഇന്ന് സാക്ഷ്യമേകാൻ അവർ യൂറോപ്പിനെ സഹായിക്കട്ടെയെന്ന് പാപ്പാ പറഞ്ഞു.

തുടർന്ന് പാപ്പാ റോമാക്കാരും മറ്റിടങ്ങളിൽ നിന്നെത്തിയിരുന്നവരുമായ തീർത്ഥാടകരെ അഭിവാദ്യം ചെയ്തു.

വിശുദ്ധ മദർ തെരേസയുടെ ചരമദിനം സെപ്റ്റമ്പർ 5

എല്ലാവർക്കും അമ്മയായ തെരേസയുടെ, കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസയുടെ ഓർമ്മദിനമാണ് സെപ്റ്റമ്പർ 5 എന്നത് പാപ്പാ അനുസ്മരിച്ചു. ലോകമെമ്പാടും പലപ്പോഴും വീരോചിതമായ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഉപവിയുടെ പ്രേഷിതകളായ എല്ലാവരെയും താൻ അഭിവാദ്യം ചെയ്യുന്നുവെന്നും, വത്തിക്കാനിൽ “ദോണൊ ദി മരിയ”യിൽ പ്രവർത്തിക്കുന്നവരെ താൻ  പ്രത്യേകം ഓർക്കുന്നുവെന്നും പാപ്പാ  പറഞ്ഞു.

സമാപനാഭിവാദ്യം

ത്രികാലപ്രാര്‍ത്ഥനാപരിപാടിയുടെ അവസാനം പാപ്പാ എല്ലാവർക്കും നല്ലൊരു ഞായർ ആശംസിച്ചു. തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിച്ച പാപ്പാ എല്ലാവ‍ര്‍ക്കും നല്ലൊരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകൾ വീശി ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

 

06 September 2021, 13:11

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >