പാപ്പാ: ദൈവസ്നേഹത്തിൽ അധിഷ്ഠിതമാണ്സാഹോദര്യവും സഭാപ്രബോധനവും
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
സാഹോദര്യവും സഭയുടെ സാമൂഹിക പ്രബോധനവും ദൈവശാസ്ത്രത്തിന് പുറത്തല്ല മറിച്ച് ദൈവത്തിന്‍റെ മനുഷ്യകുലത്തോടുള്ള സ്നേഹത്തിൽ അടിയുറച്ചതാണെന്ന് പാപ്പാ അടിവരയിടുന്നു.
"സുവിശേഷത്തിന്‍റെ ഹൃദയം ദൈവം നമ്മോടു കൂടെയെന്ന ഇമ്മാനുവൽ ആയ യേശു എന്ന വ്യക്തിയിലുള്ള ദൈവരാജ്യത്തിന്‍റെ വിളമ്പരമാണ്. സൃഷ്ടികളുടെ മേലുള്ള തന്‍റെ പ്രഭുത്വം സ്ഥാപിച്ചുകൊണ്ട് അവനിൽ സത്യത്തിൽ ദൈവം മനുഷ്യകുലത്തിനായുള്ള തന്‍റെ സ്നേഹപദ്ധതി പരിപൂർണ്ണമായി പ്രകടമാക്കിക്കൊണ്ട് ദൈവീക ജീവന്‍റെ വിത്ത് പാകുകയും അത് ഉള്ളിൽ നിന്ന് മനുഷ്യകുലത്തെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു." ഈ വാക്കുകളിലൂടെയാണ് ഫ്രാൻസിസ് പാപ്പാ, "സാഹോദര്യം: കാലത്തിന്‍റെ അടയാളം'' (Fraternity: Sign of the Times) എന്ന ശീർഷകത്തിൽ ഇറ്റാലിയൻ ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൽ തന്‍റെ ആമുഖം ആരംഭിക്കുന്നത്. കർദ്ദിനാൾ മിക്കായേൽ ചെർണിയും ഫാ. ക്രിസ്റ്റ്യൻ ബറോണെയും ചേർന്നെഴുതിയ പുസ്തകം വത്തിക്കാൻ പബ്ളിഷിംഗ് ഹൗസ്സാണ് പ്രസിദ്ധീകരിക്കുന്നത്.
സാഹോദര്യവും ദൈവരാജ്യവും
ദൈവരാജ്യത്തിൽ വേരൂന്നിയ ഒന്നാണ് സാഹോദര്യമെന്ന് പരിശുദ്ധ പിതാവ് തന്‍റെ ആമുഖത്തിൽ വിശദീകരിക്കുന്നുണ്ട്. "ദൈവരാജ്യം ഒരിക്കലും ഏതെങ്കിലും ഭൗമീകമോ രാഷ്ട്രീയമോ ആയ ആവിഷ്കാരവുമായി ചേർത്തുവയ്ക്കുകയോ ആശയക്കുഴപ്പമുണ്ടാക്കുകയോ അരുത്." അത് "തികച്ചും ആന്തരീകമോ, വ്യക്തിപരമോ, ആത്മീയയാഥാർത്ഥ്യമോ, മരണാനന്തര ജീവിത വാഗ്ദാനമോ ആയും കണക്കാക്കരുത്", പാപ്പാ എഴുതി. ഈശോസഭാ ദൈവശാസ്ത്രജ്ഞനായ ഹെൻറി ഡി ലുബാക്കിന്‍റെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പാ പറയുന്നു, ക്രിസ്തീയ വിശ്വാസം ഈ ആകർഷമായ വിരോധാഭാസത്തോടൊപ്പം ജീവിക്കുന്നു. ദൈവരാജ്യം ഇവിടെയും ഇപ്പോഴും ഉണ്ട്. അതേ സമയം പൂർണ്ണ വിമോചനത്തിനായുള്ള സൃഷ്ടിയുടെ ഒരു വാഗ്ദാനവും നിലവിളിയുമായി അവശേഷിക്കുകയും ചെയ്യുന്നുവെന്നും ഫ്രാൻസിസ് പാപ്പാ കൂട്ടിച്ചേർത്തു.
നമ്മുടെ ആധുനിക ലോകത്തിൽ നടപ്പെട്ട സ്വർഗ്ഗരാജ്യം
നാം ഒരിക്കലും മറക്കാൻ പാടില്ലാത്ത ക്രിസ്തീയ വിശ്വാസത്തിന്‍റെ ഒരു സാമൂഹീക വശമുണ്ട്. ഭൂമിയിൽ സ്വർഗ്ഗരാജ്യം സ്ഥാപിക്കാൻ സഹായിക്കാനാണ് ക്രിസ്ത്യാനികൾ വിളിക്കപ്പെട്ടിരിക്കുന്നത്.
"രക്ഷയുടെയും വിമോചനത്തിന്‍റെയും ഇടങ്ങൾ തുറന്നും, പ്രത്യാശ നൽകിയും, ആത്മനാശം വിതക്കുന്ന സ്വാർത്ഥയുക്തിയെ സുവിശേഷ സാഹോദര്യം വഴി തോല്‍പ്പിച്ചും, നമ്മുടെ അയൽക്കാരോടു പ്രത്യേകിച്ച് ദരിദ്രരോടു ആദ്രതയും ഐക്യവും പ്രകടിപ്പിച്ചും" "നമുക്കോരോരുത്തർക്കും ദൈവത്തിന്‍റെ രാജ്യം തീർക്കുന്നതിന് സംഭാവന നൽകാൻ കഴിയും", പാപ്പാ എഴുതി. സമൂഹത്തിൽ സാഹോദര്യവും, നീതിയും, സമാധാനവും എല്ലാവർക്കും അന്തസ്സും നിറയുന്ന അളവിൽ നമ്മുടെ ലോകത്തിൽ ദൈവരാജ്യം പ്രകടമാകും എന്നും ഇത്തരത്തിൽ "നാം "എല്ലാവരും സഹോദരങ്ങൾ" എന്ന നിലയിൽ നമ്മുടെ അമ്മയായ ഭൂമിയെ പരിപാലിക്കുന്നതും ഐക്യദാർഢ്യത്തിൽ അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കുവാനുമുള്ള ശ്രമങ്ങളും വിശ്വാസത്തിന്‍റെ പരിധിക്ക് പുറത്തല്ല മറിച്ച് അതിന്‍റെ മൂർത്തമായ പ്രകടനമാണ്" എന്ന് ഫ്രാൻസിസ് പാപ്പാ പറയുന്നു.
ദൈവസ്നേഹത്തിൽ വേരൂന്നിയ സാമൂഹീക പ്രബോധനം
സഭയുടെ സാമൂഹീക പ്രബോധനങ്ങൾ ക്രിസ്തീയ വിശ്വാസത്തിന്‍റെ ഒരു കേവല സാമൂഹീക വശമല്ലെന്നും മനുഷ്യരാശിയോടുള്ള ദൈവത്തിന്‍റെ സ്നേഹത്തിലും അവന്‍റെ സ്നേഹ സാഹോദര്യ പദ്ധതിയിലും ദൈവശാസ്ത്രത്തിലും ആഴത്തിൽ വേരൂന്നിയതാണെന്നും ഫ്രാൻസിസ് പാപ്പാ തുടർന്നു. "സാഹോദര്യം: കാലത്തിന്‍റെ അടയാളം'' എന്ന പുസ്കത്തിൽ ഗ്രന്ഥകർത്താക്കൾ തന്‍റെ "ഫ്രത്തേലി തൂത്തി" എന്ന ചാക്രീകലേഖനം പരിചയപ്പെടുത്തുന്നതോടൊപ്പം രണ്ടാം വത്തിക്കാൻ കൗൺസിലും സഭയുടെ സാമൂഹീക പ്രബോധനവുമായുള്ള ബന്ധം വിശകലനം ചെയ്യുകയാണ്. വത്തിക്കാൻ കൗൺസിൽ വെളിച്ചത്തിലേക്ക് കൊണ്ടുവന്ന കാലത്തിന്റെ ഒരടയാളമാണ് സാഹോദര്യം എന്നും നമ്മുടെ ലോകത്തിന് ഏറ്റം അത്യാവശ്യമായ ഒന്നാണ് അതെന്നും പാപ്പാ എഴുതി.
സഭ മനുഷ്യകുലത്തിന്‍റെ സേവനത്തിന്
ആധുനീക ലോകത്തിലെ സഭയുടെ അജപാലന ഭരണഘടനയായ "Gaudium et Spes" ന്‍റെ ശ്വാസം ഏറ്റെടുത്ത് ആധുനിക ലോകത്തിന്‍റെ വെല്ലുവിളികളെ വ്യക്തമാക്കാൻ ശ്രമിക്കുകയായിരുന്നു തന്‍റെ ചാക്രീക ലേഖനമെന്നും "ഇന്ന് കൗൺസിൽ പിതാക്കന്മാർ തെളിച്ച പാതയിലൂടെ നമ്മൾ മുന്നോട്ടു പോകുമ്പോൾ " " നമുക്ക് ആധുനീക ലോകത്തിൽ അതിനോടു തന്നെ സംവാദിക്കുന്ന ഒരു സഭ മാത്രം പോരെന്നും അതിനെക്കാൾ ഉപരിയായി മനുഷ്യകുലത്തിന്‍റെ സേവനത്തിനും, സൃഷ്ടിയുടെ പരിപാലനത്തിലും, മനുഷ്യബന്ധങ്ങളെ സ്വാർത്ഥതയിൽ നിന്നും അക്രമങ്ങളിൽ നിന്നും സുഖമാക്കി പരസ്പര സ്നേഹത്തിലും, സ്വീകാര്യതയിലും ഐക്യത്തിലും അടിയുറച്ച ഒരു പുതിയ സാർവ്വലൗകീക സൗഹൃദം പ്രഘോഷിക്കുന്ന പ്രകടിപ്പിക്കുന്ന ഒരു സഭയെയാണ് ആവശ്യമെന്ന് ബോധ്യമാകുന്നു" എന്നും പാപ്പാ ആമുഖത്തിൽ വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: