തിരയുക

Vatican News

സഭയുടെ പരിവർത്തനത്തിനായി പ്രാർത്ഥിക്കുക: ഫ്രാൻസിസ് പാപ്പാ

സുവിശേഷത്തിന്റെ വെളിച്ചത്തിൽ സഭ കൂടുതൽ നന്മയിലേക്ക് പരിവർത്തനപ്പെടാനായി പരിശുദ്ധാത്മാവിന്റെ കൃപ സഭയിൽ കൂടുതലായി ലഭിക്കാൻ എല്ലാവരും പ്രാര്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

“സഭ യാത്രയിൽ” എന്ന വിഷയം അടിസ്ഥാനമാക്കി, ഓഗസ്റ്റ് മാസത്തേക്കുള്ള പ്രത്യേക പ്രാർത്ഥനാനിയോഗം ഉൾക്കൊള്ളുന്ന വീഡിയോ സന്ദേശത്തിലൂടെ, പരിശുദ്ധാത്മാവിനാൽ പ്രേരിതരായി, പ്രാർത്ഥനയിലൂടെയും, ഉപവിപ്രവർത്തനങ്ങളിലൂടെയും സേവനങ്ങളിലൂടെയും തങ്ങളുടെ വ്യക്തിജീവിതത്തിൽ മാറ്റങ്ങൾ വരുത്തുവാനും, അങ്ങനെ സഭ മുഴുവന്റെയും പരിവർത്തനത്തിനായി യത്നിക്കുവാനും എല്ലാ വിശ്വാസികളെയും ഫ്രാൻസിസ് പാപ്പാ ക്ഷണിച്ചു.

ഉള്ളിൽ തുടങ്ങേണ്ട പരിവർത്തനം

"നമ്മുടെ അനുദിന ജീവിതത്തിൽ ദൈവഹിതം വിവേചിച്ചറിഞ്ഞ്, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ഒരു മാറ്റം നമ്മിൽത്തന്നെ ആരംഭിക്കുന്നതിലൂടെ മാത്രമേ നമുക്ക് സഭയെ നവീകരിക്കാനാകൂ" എന്ന് പറഞ്ഞ അദ്ദേഹം, വ്യക്തികൾ എന്ന നിലയിൽ നമ്മുടെതന്നെ ജീവിതങ്ങളെ മെച്ചപ്പെടുത്തുകയെന്നതാണ് യഥാർത്ഥ പരിവർത്തനം എന്നും "നമ്മുടെ ഹൃദയങ്ങളിലെ ദൈവികദാനമായ പരിശുദ്ധാത്മാവ്, യേശു പഠിപ്പിച്ചവയെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുകയും അത് പ്രായോഗികമാക്കാൻ സഹായിക്കുകയും ചെയ്യട്ടെ" എന്നും പറഞ്ഞു.

"ദാനത്തിന്റേതും, ഉപവിയുടെയും, സേവനത്തിന്റെയും, ആത്മീയതയുടെയും അനുഭവങ്ങളിൽനിന്ന് തുടങ്ങി, മുൻകൂട്ടി തയ്യാറാക്കിയ ആശയങ്ങളോ, പ്രത്യയശാസ്ത്രപരമായ മുൻവിധികളോ, കർക്കശ്യമോ ഇല്ലാതെ, സ്വയം പരിഷ്ക്കരണത്തിലൂടെ സഭയുടെ പരിഷ്‌കരണം ആരംഭിക്കാമെന്ന്" പാപ്പാ തുടർന്നു.

സഭയും പ്രേഷിതവേലയും മതപരിവർത്തനവും

സഭയുടെ വിളിയും, സത്വവും തന്നെ സുവിശേഷവത്കരണമാണെന്ന്, തന്റെ സന്ദേശത്തിന്റെ ആരംഭത്തിൽത്തന്നെ എടുത്തുപറഞ്ഞ പാപ്പാ, എന്നാൽ സുവിശേഷവത്ക്കരണം എന്നത് നിർബന്ധിതമതപരിവർത്തനം എന്നല്ല അർത്ഥമാക്കുന്നതെന്നും ഓർമ്മിപ്പിച്ചു.

“ഇന്നത്തെ ലോകത്തെ സുവിശേഷവത്ക്കരിക്കുന്നതിനായി, മതപരിവർത്തനം എന്ന ലക്‌ഷ്യം വച്ചല്ലാതെ മറ്റുള്ളവരിലേക്ക് കടന്നുചെല്ലുന്ന, അതിന്റെ എല്ലാ ഘടനകളെയും പരിവർത്തനം ചെയ്യുന്ന ഒരു സുവിശേഷവത്കരണത്തിന്റെ സാധ്യതകളെ താൻ സ്വപ്നം കാണുന്നു” എന്ന് തന്റെ സന്ദേശത്തിൽ മാർപാപ്പാ പറഞ്ഞു.

ജീവനുള്ള സഭയും പ്രതിസന്ധികളും.

ലോകമെമ്പാടുമുള്ള സഭ കടന്നുപോകുന്ന ബുദ്ധിമുട്ടുകളെ കണക്കിലെടുത്ത്, “സഭയ്ക്ക് എപ്പോഴും ബുദ്ധിമുട്ടുകൾ ഉണ്ടെന്നും, അത് എപ്പോഴും പ്രതിസന്ധികളിലൂടെ കടന്നുപോകുന്നു എന്നും നമുക്ക് ഓർക്കാമെന്നും, അവയ്ക്ക് കാരണം സഭ ജീവിക്കുന്നതായതുകൊണ്ടാണ്” എന്നും പപ്പാ പറഞ്ഞു. ജീവനുള്ളവ മാത്രമാണ് പ്രതിസന്ധികളെ നേരിടുന്നതെന്നും, മരിച്ചവർ മാത്രം പ്രതിസന്ധിയിലേക്ക് കടക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുവിശേഷത്തിന്റെ പ്രകാശത്തിൽ, തന്നെത്തന്നെ പരിഷ്‌കരിക്കാനുള്ള കൃപ, പരിശുദ്ധാത്മാവിൽനിന്ന് സഭയ്ക്ക് ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കാനും എല്ലാവരെയും ആഹ്വാനം ചെയ്തുകൊണ്ടാണ് തന്റെ സന്ദേശം പാപ്പാ അവസാനിപ്പിച്ചത്.

05 August 2021, 08:50