ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സംസ്കാരത്തിൽ നിന്ന് വേറിട്ടു നില്ക്കുന്ന വിശ്വാസം ആധികാരികമാകില്ലെന്ന് മാർപ്പാപ്പാ.
ആഗസ്റ്റ് 13-15 വരെ (13-15/08/21) കൊളൊംബിയായിലെ ബെഗൊട്ടാ ആസ്ഥാനമാക്കി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന, ലത്തീനമേരിക്കയിലെയും കരീബിയൻ നാടുകളിലെയും സമർപ്പിതജീവത കോൺഗ്രസ്സിൽ പങ്കെടുക്കുന്നവർക്ക് അതിൻറെ ഉദ്ഘാടന ദിനമായിരുന്ന വെള്ളിയാഴ്‌ച (13/08/21) നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.
“സമൂഹാന്തര-സാംസ്കാരികാന്തര-സഞ്ചാരാത്മക സമർപ്പിത ജീവിതത്തിലേക്ക്” എന്ന വിചിന്തന പ്രമേയം ഈ സമ്മേളനം സ്വീകരിച്ചിരിക്കുന്നത് പാപ്പാ തൻറെ വീഡിയൊ സന്ദേശത്തിൽ അനുസ്മരിക്കുന്നു.
വിശ്വാസം അധികൃതമാകുന്നതിന് സാംസ്കാരികാനുരൂപണത്തിൻറെ അനിവാര്യത അടിവരയിട്ടു കാട്ടുന്ന പാപ്പാ ജനതയുടെ ആത്മാവിലുള്ള സംസ്കാരത്തിൻറെ യഥാർത്ഥ പൊരുൾ നമുക്ക് പ്രദാനം ചെയ്യുന്ന ആ യാഥാർത്ഥ്യത്തിലേക്ക് നാം ഇറങ്ങിച്ചെല്ലണമെന്ന് പറയുന്നു.
നമ്മൾ വിശ്വാസികളായ ജനങ്ങളുടെ ജീവിതത്തിലേക്ക് അവരുടെ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും മാനിച്ചുകൊണ്ട് കടന്നുചെല്ലണമെന്നും അങ്ങനെ വിശ്വാസത്തെ സംസ്കാരത്തിനനുരൂപമാക്കിത്തീർക്കുകയും സംസ്കാരത്തെ സുവിശേഷവത്ക്കരിക്കുകയും ചെയ്യണമെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.
സാംസ്കാരികാനുരൂപണത്തിൻറെ അഭാവത്തിൽ ക്രിസ്തീയജീവിതം, അതിലുപരി, സമർപ്പിതജീവിതം ചെന്നവസാനിക്കുന്നത് ഏറ്റം അപഭ്രംശം സംഭവിച്ചതും പരിഹാസ്യവുമായ ജ്ഞാനവാദാവസ്ഥയിലായിരിക്കുമെന്ന് പാപ്പാ മുന്നറിയിപ്പേകുന്നു.
സമർപ്പിതജീവിതം നയിക്കുന്നവരുടെ എണ്ണത്തിൽ കണ്ണുവയ്ക്കുന്ന “അതിജീവനത്തിൻറെതായ” പ്രലോഭനത്തെക്കുറിച്ച്, അതായത്, ഈ സന്ന്യസ്ത സമൂഹത്തിൽ എത്ര പേരുണ്ട്, എത്ര പേരുടെ കുറവു സംഭവിച്ചു എന്നൊക്കെ നോക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അവസ്ഥയെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ എണ്ണത്തിൻറെയും കാര്യക്ഷമതയുടെ മാനദണ്ഡം വെടിയുകയാണ് ഉത്തമമെന്നും അല്ലാത്തപക്ഷം, ഭയചകിതരായി ഗതകാലത്തിൽ അടച്ചിട്ടവരും ഗൃഹാതുരത്വത്തിൽ കൈവെടിയപ്പെട്ടവരുമായ ശിഷ്യരായിത്തീരുന്ന അപകടമുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു.
സമർപ്പിതജീവിതം “കൂട്ടായ്മയുടെ വിദഗ്ദ്ധയും” “യാത്രികയും” “സാഹോദര്യ പ്രചാരകയും” ആണെന്നും പാപ്പാ വിശദീകരിക്കുന്നു.
