തിരയുക

Vatican News
ബോസ്നിയ - ഹെർത്സെഗോവിനയിലെ മരിയൻ തീർത്ഥാടന കേന്ദ്രമായ മെജ്ഗോറി ബോസ്നിയ - ഹെർത്സെഗോവിനയിലെ മരിയൻ തീർത്ഥാടന കേന്ദ്രമായ മെജ്ഗോറി  (AFP or licensors)

പാപ്പാ: ധൈര്യത്തോടും സന്തോഷത്തോടും കൂടി കർത്താവിനെ അനുഗമിക്കുക

മെജ്ഗോറിയിൽ മ്ലാഡി ഫെസ്റ്റിന് എത്തിയ യുവാക്കളോടു ഫ്രാൻസിസ് പാപ്പാ നിർദേശിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അന്തർദ്ദേശീയ പ്രാർത്ഥനാ വാർഷിക സമ്മേളനത്തിനായി ഓഗസ്റ്റ് 1 മുതൽ 6 വരെ ബോസ്നിയ - ഹെർത്സെഗോവിനയിലെ മരിയൻ തീർത്ഥാടന കേന്ദ്രമായ മെജ്ഗോറിയിൽ ഒത്തുകൂടിയ യുവജനങ്ങൾക്കയച്ച സന്ദേശത്തിൽ പരിശുദ്ധ മറിയത്തിന്റെ മാതൃകയിൽ അവരെത്തന്നെ ഭരമേൽപ്പിച്ച്  ദൈവത്തിന് സ്വയം മുഴുവനായി നൽകുമ്പോൾ ഉണ്ടാവുന്ന സത്യമായ സന്തോഷത്തിന്റെയും നിറവിന്റെയും അനുഭവത്തിൽ വിശ്വസിക്കാൻ യുവജനങ്ങളെ ക്ഷണിച്ചു.

സമാന്തര സുവിശേഷങ്ങൾ വിവരിക്കുന്ന ധനവാനായ യുവാവിന്റെ  "നിത്യജീവൻ പ്രാപിക്കാൻ ഞാൻ എന്തു ചെയ്യണം" എന്ന വാക്കുകൾ (മത്തായി 19, 16-22; മർക്കോസ് 10:17-22; ലൂക്കാ 18, 18-23) വിഷയമാക്കിയ യുവജനസമ്മേളനം നിത്യജീവൻ അതായത് സന്തോഷം നേടാൻ എന്തു ചെയ്യണമെന്നറിയാൻ കർത്താവിനെ കാണാൻ ആ യുവാവ് ഇറങ്ങിപ്പുറപ്പെടുന്നത് വിവരിച്ചുകൊണ്ടാണ് നയിക്കപ്പെടുന്നത്. ഈ വിഷയത്തെ അടിസ്ഥാനമാക്കിയുള്ള വിചിന്തനങ്ങളാണ് യുവാക്കൾക്കയച്ച ഫ്രാൻസിസ് പാപ്പായുടെ സന്ദേശത്തിൽ പാപ്പാ വ്യക്തമാക്കിയത്.

യേശുവിനെ കണ്ടുമുട്ടാനുള്ള അവസരം

കർത്താവിലേക്കുള്ള നമ്മുടെ വഴി തെളിച്ചു തരാൻ കഴിവുള്ള അവന്റെ ജീവിക്കുന്ന വചനത്തിലും, ദിവ്യബലിയിലും, ആരാധനയിലും അനുരഞ്ജന കൂദാശയിലും കൂടെയുള്ള  മ്ളാഡി ഫെസ്റ്റ് യഥാർത്ഥത്തിൽ ഒരാഴ്ചത്തെ പ്രാർത്ഥനയും യേശുക്രിസ്തുവുമായുള്ള കണ്ടുമുട്ടലുമാണ്. അങ്ങനെ സുവിശേഷത്തിൽ  പേരു പറയാത്തതും എന്നാൽ നമുക്കറിയാവുന്ന ഈ യുവാവ് സമ്മേളനത്തിൽ പങ്കെടുക്കുന്ന ഓരോരുത്തരുടേയും പ്രതീകമായി തീരുന്നു എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. സുവിശേഷത്തിൽ കാണുന്ന  യുവാവ് അറിവുള്ളവനും വിദ്യാഭ്യാസമുള്ളവനുമായിരുന്നു. യഥാർത്ഥ സന്തോഷം, ജീവിതത്തിന്റെ പരിപൂർണ്ണത തേടാനുള്ള ആരോഗ്യ പൂർണ്ണമായ ഒരു അസ്വസ്ഥതയാൽ പ്രചോദിതനായവനാണവൻ, പാപ്പാ വിവരിച്ചു. ഇതാണ് ആ യുവാവിനെ യേശുക്രിസ്തുവിൽ ആധികാരീകവും വിശ്വാസനീയനുമായ ഒരു ഗുരുവിനെ കണ്ടെത്താൻ ഇറങ്ങി പുറപ്പെടാൻ പ്രേരിപ്പിച്ചത്. യേശു അവനെ എല്ലാ നന്മയുടെയും ഏക ഉറവിടമായ ദൈവത്തിലേക്ക് തിരിച്ചുവിട്ടു. സ്വന്തം പ്രയത്നം കൊണ്ടു നേടിയെടുക്കാവുന്ന ഭൗതീകമായ ഒരു നന്മയല്ല മറിച്ച് അവൻ തേടുന്ന നന്മയായ നിത്യജീവൻ സ്വന്തമാക്കാൻ പക്വതയുടെ വിവിധ തലങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ടെന്ന് പാപ്പാ എഴുതി.

നിത്യജീവനിലേക്കുള്ള ചുവടുകൾ:  അയൽക്കാരോടുള്ള സ്നേഹം.

യേശു സൂചിപ്പിക്കുന്ന ആദ്യ തലം "അയൽക്കാരനോടുള്ള മൂർത്തമായ സ്നേഹമാണ്". കൽപനകൾ പാലിക്കുന്നതിലൂടെ മാത്രം നൽകുന്ന സ്നേഹമല്ല മറിച്ച് "സൗജന്യവും സംപൂർണ്ണവുമായ" സ്നേഹമാണ് പാപ്പാ ചൂണ്ടിക്കാണിച്ചത്. യുവാവ് തന്റെ ഉള്ളിൽ കൊണ്ടുനടന്ന പരിപൂർണ്ണയ്‌ക്കുള്ള ആഗ്രഹം കാണുന്നുണ്ടെങ്കിലും പല "ഭൗതീക വസ്തുക്കളോടുമുള്ള “ആസക്തി" നൽകുന്ന അവന്റെ "ബലഹീനതയും" യേശു അറിയുന്നു. ഇതിനാൽ നിത്യജീവനിലേക്കുള്ള യാത്രയിലെ രണ്ടാമത്തെ പടിയായി യേശു അവനോടു“നേടിയെടുക്കലിന്റെ യുക്തിയിൽ” നിന്ന് “കൊടുക്കലിന്റെ” യുക്തിലേക്ക് നീങ്ങാൻ ആവശ്യപ്പെടുന്നു. "നീ പൂര്‍ണ്ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ്‌ ദരിദ്രര്‍ക്കുകൊടുക്കുക. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിനക്കു നിക്ഷേപമുണ്ടാകും."(മത്താ.19:21). യേശു അവന്റെ കാഴ്ചപ്പാട് മാറ്റുന്നു. മരണാനന്തര ജീവിതം സുരക്ഷിതമാക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതിനു പകരം, ഭൗമീക ജീവിതത്തിൽ എല്ലാം നൽകുവാനും അങ്ങനെ കർത്താവിനെ അനുകരിക്കാനും അവനെ ക്ഷണിക്കുന്നു. അത് പ്രതിഫലത്തിനായി പ്രമാണങ്ങൾ പാലിക്കുന്നതിൽ നിന്ന്, പരിമിതികൾ ഇല്ലാതെ നൽകി കൊണ്ടുള്ള സ്നേഹത്തിലേക്ക് നയിക്കുന്ന, കൂടുതൽ പക്വതയിലേക്കുള്ള ഒരു വിളിയാണ്. ഹൃദയത്തെ ഭാരപ്പെടുത്തുന്നതും സ്നേഹത്തിന് തടസ്സം നിൽക്കുന്നതുമായ എല്ലാം ഉപേക്ഷിക്കാനാണ് യേശു അവനോടാവശ്യപ്പെടുന്നതെന്ന് ഫ്രാൻസിസ് പാപ്പാ വിശദീകരിച്ചു. മറ്റുള്ളവരുമായുള്ള ബന്ധത്തിൽ ധന്യരാകാനും സ്നേഹിക്കാൻ സ്വതന്ത്രരാകാനുമാണ്  യേശു ആവശ്യപ്പെടുന്നത് അല്ലാതെ എല്ലാം എടുത്ത് കളയാനല്ല എന്ന് പാപ്പാ കൂട്ടിച്ചേർത്തു.

എല്ലാ ആസക്തികളിൽ നിന്നും വിമോചിതരാവുക

ഹൃദയം സ്വത്തുക്കളാൽ തിങ്ങി നിറഞ്ഞിരുന്നാൽ കർത്താവും അയൽക്കാരും വെറും"വസ്തുക്കൾ” മാത്രമാകും, കാരണം "വളരെയധികം ഉണ്ടായിരിക്കുകയും ആഗ്രഹിക്കുകയും" ചെയ്യുന്നത് നമ്മെ ശ്വാസം മുട്ടിക്കുകയും "അസന്തുഷ്ടരാക്കുകയും സ്നേഹിക്കാൻ കഴിവില്ലാത്തവരുമാക്കുകയും" ചെയ്യുന്നുവെന്ന് പാപ്പാ വിശദീകരിച്ചു.

തന്നെ അനുഗമിക്കാൻ യേശു ആ യുവാവിനോടു ആവശ്യപ്പെട്ട മൂന്നാമത്തെ ചുവടുവയ്പ്പ് സമൂലമായ ഒരു തിരഞ്ഞെടുപ്പിനെ ചൂണ്ടിക്കാണിക്കുന്നതാണെന്ന് ഫ്രാൻസിസ് പാപ്പാ നിരീക്ഷിച്ചു. "ശിഷ്യരായിരിക്കുക" എന്നത്  യേശുവിനെ ഉപരിവിപ്ലവമായി അനുകരിക്കുക എന്നല്ല മറിച്ച് "അനേകം സഹോദരീ സഹോദരന്മാരുടെയും മാതാപിതാക്കളുടേയും കുട്ടികളുടേയും ഒപ്പം" ധന്യവും സന്തോഷകരവുമായ ഒരു ജീവിതം കിട്ടാൻ ഹൃദയത്തിന്റെ ആഴത്തിൽ ''യേശുവുമായി അനുരൂപപ്പെടുക" എന്നാണ്. യേശുവിനെ അനുഗമിക്കുന്നത് ഒരു നഷ്ടമല്ല, അത് കണക്കാക്കാൻ പറ്റാത്ത നേട്ടമാണെന്നെഴുതുന്ന പാപ്പാ അതേസമയം പരിത്യാഗം ഈ വഴി തടയുന്ന തടസ്സങ്ങളെ നീക്കുന്നതാണെന്നും കൂട്ടിച്ചേർത്തു. ധനവാനായ യുവാവിന്റെ ഹൃദയം രണ്ടു യജമാനൻമാർക്കിടയിൽ അതായത് പണത്തിനും ദൈവത്തിനുമിടയിൽ വിഭജിക്കപ്പെട്ടിരുന്നു. അതിനാൽ അപകട സാധ്യതയും തന്റെ സമ്പാദ്യങ്ങളുടെ നഷ്ടവും അവനിൽ ദു:ഖം നിറച്ചു. അവൻ വീട്ടിലേക്കു മടങ്ങി. പാപ്പാ സന്ദേശത്തിൽ വെളിപ്പെടുത്തി.

സന്തോഷമായിരിക്കാൻ ക്രിസ്തുവിലേക്ക് അടുക്കുക: ഒന്നും പിടിച്ചു വയ്ക്കാതെ സമ്മതം പറയുക

യേശുവിന്റെ ഉത്തരം അംഗീകരിക്കാനുള്ള ധൈര്യം അവനുണ്ടാകാതിരുന്നത് ഒരു സങ്കട നിമിഷമായിരുന്നു. കർത്താവുമായി കെട്ടുമുറുക്കാനായി അവനിൽ നിന്നും അവന്റെ സമ്പാദ്യങ്ങളിൽനിന്നുമുള്ള കെട്ടഴിക്കനാണ് യേശു ആവശ്യപ്പെട്ടത്. യേശുവോടൊപ്പം നടന്ന് യഥാർത്ഥ സന്തോഷം കണ്ടെത്താനെന്ന് ഫ്രാൻസിസ്  പാപ്പാ എഴുതി.

അവരുടെ യുവത്വം ജീവിക്കാൻ അവരെ തന്നെ കർത്താവിനു സമർപ്പിച്ച് അവനോടൊപ്പം യാത്ര നടത്താൻ പാപ്പാ യുവാക്കളെ ആഹ്വാനം ചെയ്തു. അവന്റെ സ്നേഹാദ്രമായ നോട്ടത്താൽ കീഴടക്കപ്പെട്ട്, ജീവിതം വാഗ്ദാനം ചെയ്ത് മരണം പ്രദാനം ചെയ്യുന്ന മറ്റു വിഗ്രഹങ്ങളുടേയും വ്യാജസമ്പാദ്യങ്ങളുടേയും വശീകരണങ്ങളിൽ നിന്ന് മോചിതരാകാനും പാപ്പാ അവരോടു ആവശ്യപ്പെട്ടു. ധനവാനായ യുവാവിനെ പോലെ നഷ്ടധൈര്യരാകാതിരിക്കാനും കർത്താവിനെ അനുകരിക്കുന്നതിന്റെ വലിയ ഉദാഹരണമായ മറിയത്തിൽ നോട്ടം വച്ച്, അവളിൽ സമർപ്പിച്ച്, അവൾ സമ്മതം മൂളിയതു പോലെ കർത്താവിന്റെ വചനത്തെ സ്വാഗതം ചെയ്യാൻ ഭയപ്പെടാതെ അവന്റെ വിളിയെ സംശയലേശമന്യേ സ്വീകരിക്കാനും പാപ്പാ യുവാക്കളെ പ്രോത്സാഹിപ്പിച്ചു.

മറിയം നമുക്കെല്ലാം മാതൃക

മറിയത്തിൽ മാതൃസംരക്ഷണത്തിന് പ്രാർത്ഥനാ സമ്മേളനത്തിനെത്തിയ യുവജനങ്ങളെ ഭരമേൽപ്പിച്ച പാപ്പാ അവളായിരിക്കട്ടെ നമ്മുടെ "ഇതാ ഞാൻ" എന്ന സമ്മതത്തിന് ശക്തി കേന്ദ്രമെന്നും, കർത്താവിനെ ലോകത്തിനു നൽകാനും ജീവിതം മറ്റുള്ളവർക്കായി സമർപ്പിക്കുന്നതിന് മാതൃകയും എന്നും അറിയിച്ചു. അവളെ പോലെ, മറ്റുള്ളവരെ കുറിച്ച് ശ്രദ്ധാലുക്കളായിരിക്കാനും, സ്വാഗതം ചെയ്യാൻ അത്ര എളുപ്പമല്ലെങ്കിൽ കൂടി ദൈവഹിതത്തിൽ നമ്മുടെ സന്തോഷം കണ്ടെത്താനും പാപ്പാ അവരെ ആഹ്വാനം ചെയ്തു. എന്നാൽ തീർച്ചയായും അത് നമ്മെ സന്തോഷഭരിതരാക്കും എന്ന് പാപ്പാ കൂട്ടിച്ചേർത്തു.

"യേശുവിനെ കണ്ടെത്തുന്ന എല്ലാവരുടേയും ഹൃദയങ്ങളിലും ജീവിതങ്ങളിലും സുവിശേഷത്തിന്റെ സന്തോഷം നിറയുന്നു. അവനാൽ രക്ഷിക്കപ്പെടാൻ സമ്മതം മൂളുന്നവർ പാപത്തിൽ നിന്നും ദു:ഖത്തിൽ നിന്നും ആന്തരീക ശൂന്യതയിൽ നിന്നും, ഒറ്റപ്പെടലിൽ നിന്നും മോചിപ്പിക്കപ്പെടുകയും ചെയ്യുന്നു. കർത്താവോടൊപ്പം സന്തോഷം എപ്പോഴും ജനിക്കുകയും പുനർജ്ജനിക്കുകയും ചെയ്യുന്നു" എന്നും പാപ്പാ അവർക്കെഴുതിയ സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു.

03 August 2021, 16:29