തിരയുക

പാപ്പാ: കാപട്യക്കാരന് യഥാർത്ഥ സ്നേഹം സാധ്യമല്ല!

"എന്താണ് കാപട്യം? അത് സത്യത്തോടുള്ള ഭയമാണെന്ന് പറയാം. എല്ലായ്പ്പോഴും, എല്ലായിടത്തും സത്യം പറയാനുള്ള കടമയിൽ നിന്ന് ഒരാൾ എളുപ്പത്തിൽ ഒളിച്ചോടുന്നു. ഔപചാരികതയുടെ ചിഹ്നത്തിൽ വ്യക്തിബന്ധങ്ങൾ ജീവിക്കുന്ന ഒരു അന്തരീക്ഷത്തിൽ, കപടതയുടെ അണു (വൈറസ്) എളുപ്പത്തിൽ പടരുന്നു. ദൗർഭാഗ്യവശാൽ സഭയിൽ കാപട്യം ഉണ്ട്. കപടനാട്യക്കാരായ ക്രൈസ്തവരും ശുശ്രൂഷകരും നിരവധിയുണ്ട്' " - പാപ്പായുടെ പൊതുദർശന പ്രഭാഷണത്തിൽ നിന്ന്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാന്‍സീസ് പാപ്പാ, ഈ ബുധനാഴ്ചയും (25/08/2021) വത്തിക്കാനില്‍ അനുവദിച്ച  പ്രതിവാര പൊതുദര്‍ശനപരിപാടിയുടെ വേദി വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോൾ ആറാമൻ ശാല ആയിരുന്നു. വിവിധ രാജ്യക്കാരും ഭാഷാക്കാരുമായിരുന്ന നിരവധി തീര്‍ത്ഥാടകരും സന്ദര്‍ശകരും ഈ ശാലയിൽ സന്നിഹിതരായിരുന്നു. ശാലയിൽ പ്രവേശിച്ച പാപ്പായെ ജനങ്ങൾ കരഘോഷത്തോടെ വരവേറ്റു. എല്ലാവരെയും അഭിവാദ്യം ചെയ്ത പാപ്പാ, റോമിലെ സമയം രാവിലെ ഏതാണ്ട് 09.30 ആയപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1 മണിയോടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

ഗലാത്യർ, 2,11.14

പ്രിയ സഹോദരീസഹോദരന്മാരേ, കേപ്പാ അന്ത്യോക്യയിൽ വന്നപ്പോൾ അവനിൽ കുറ്റം കണ്ടതുകൊണ്ട്, ഞാൻ അവനെ മുഖത്തുനോക്കി എതിർത്തു.... അവരുടെ എല്ലാവരുടെയും മുന്നിൽ വച്ച് ഞാൻ കേപ്പായോടു പറഞ്ഞു: യഹൂദനായ നീ യഹൂദനെപ്പോലെയല്ല വിജാതീയനെപ്പോലെയാണ് ജീവിക്കുന്നതെങ്കിൽ, യഹൂദരെപ്പോലെ ജീവിക്കാൻ വിജാതീയരെ പ്രേരിപ്പിക്കുന്നതിന് നിനക്ക് എങ്ങനെ സാധിക്കും?

ഈ വായനയെത്തുടർന്ന് ജനങ്ങളെ സംബോധനചെയ്ത പാപ്പാ, പൗലോസപ്പോസ്തലന്‍ ഗലാത്തിയക്കാര്‍ക്കെഴുതിയ ലേഖനത്തിലെ ആശയങ്ങളെ അധികരിച്ച് താൻ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടർന്നു.

പാപ്പായുടെ പ്രഭാഷണം:

പൗലോസിൻറെ ശകാരമേല്ക്കുന്ന പത്രോസ്  

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഗലാത്യർക്കുള്ള കത്ത് വളരെ വിസ്മയജനകമായ ഒരു വസ്തുത അവതരിപ്പിക്കുന്നു. നാം വായിച്ചു കേട്ടതുപോലെ, താൻ കേപ്പായെ, അതായത്,  പത്രോസിനെ അന്ത്യോക്യയിലെ സമൂഹത്തിന് മുന്നിൽവച്ച് ശാസിച്ചു എന്ന് പൗലോസ് പറയുന്നു, കാരണം അയാളുടെ പെരുമാറ്റം നല്ലതായിരുന്നില്ല. പത്രോസിനോട് ഇത്ര പരുഷമായി സംസാരിക്കാൻ പൗലോസിനെ നിർബന്ധിതനാക്കത്തക്ക ഗൗരവമുള്ള എന്താണ് സംഭവിച്ചത്? ഒരു പക്ഷേ, സ്വന്തം സ്വഭാവത്തെ നിയന്ത്രിക്കാതെ പൗലോസ് അതിരുകടന്നിട്ടുണ്ടാകുമോ? അത് അങ്ങനെയല്ലെന്നും നിയമവും സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം വീണ്ടും അപകടത്തിലാണെന്നും നമുക്കു മനസ്സിലാകും.

നിയമത്തിന് അധീനരാകണോ?

ഗലാത്യർക്ക് എഴുതിയപ്പോൾ, പൗലോസ്,  വർഷങ്ങൾക്ക് മുമ്പ് അന്ത്യോക്യയിൽ നടന്ന  ഈ സംഭവം മനഃപൂർവ്വം പരാമർശിക്കുന്നു. പരിച്ഛേദനം ചെയ്യേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച്, അതായത്, എല്ലാ നിബന്ധനകളോടും കുടെ "നിയമത്തിന് അധീനർ" ആകണം എന്ന് പറയുന്നവരെ ഒട്ടും ശ്രവിക്കേണ്ടതില്ലെന്നും, ആ ക്രൈസ്തവസമൂഹത്തെ ഓർമ്മിപ്പിക്കുകയായിരുന്നു അദ്ദേഹത്തിൻറെ ലക്ഷ്യം. വിരുന്നിൽ പങ്കെടുത്ത പത്രോസിൻറെ പെരുമാറ്റമായിരുന്നു അദ്ദേഹത്തിനെതിരായ വിമർശനത്തിന് കാരണം. ഒരു യഹൂദൻ യഹൂദരല്ലാത്തവർക്കൊപ്പം ഭക്ഷണം കഴിക്കുന്നത് നിയമം വിലക്കിയിരുന്നു. എന്നാൽ പത്രോസ്തന്നെ, മറ്റൊരു സന്ദർഭത്തിൽ, നിയമം ലംഘിക്കുകയാണെന്ന അവബോധത്തോടുകൂടിത്തന്നെ കേസറിയായിൽ, ശതാധിപൻ കൊർണേലിയൂസിൻറെ വീട്ടിൽ പോയി. എന്നിട്ട് അദ്ദേഹം പറഞ്ഞു: "ഒരു മനുഷ്യനെയും ഹീനജാതിക്കാരനെന്നോ അശുദ്ധൻ എന്നോ വിളിക്കരുതെന്ന് ദൈവം എനിക്ക് കാണിച്ചുതന്നിരിക്കുന്നു" (അപ്പസ്തോലപ്രവർത്തനം 10:28). പത്രോസ് ജറുസലേമിൽ തിരിച്ചെത്തിയപ്പോൾ, മോശയുടെ നിയമം അനുസരിക്കുന്ന പരിച്ഛേദന വിധേയരായ ക്രിസ്ത്യാനികൾ അവൻറെ ഈ പ്രവർത്തിയ്ക്ക് അവനെ കുറ്റപ്പെടുത്തി, എന്നാൽ പത്രോസ് ഇങ്ങനെ പറഞ്ഞുകൊണ്ട് സ്വയം ന്യായീകരിച്ചു: "അപ്പോൾ ഞാൻ കർത്താവിൻറെ  വാക്കുകൾ ഓർത്തു: "യോഹന്നാൻ ജലംകൊണ്ട് സ്നാനം നല്കി, നിങ്ങളാകട്ടെ പരിശുദ്ധാത്മാവിനാൽ സ്നാനമേൽക്കും". നാം യേശുക്രിസ്തുവിൽ വിശ്വസിച്ചപ്പോൾ ദൈവം നമുക്കു നൽകിയ അതേ ദാനം അവർക്കും നൽകിയെങ്കിൽ, ദൈവത്തെ തടസ്സപ്പെടുത്താൻ ഞാൻ ആരാണ്? ”(അപ്പസ്തോലപ്രവർത്തനം 11,16-17).

പത്രോസിൻറെ ചെയ്തികളിൽ പ്രകടമാകുന്ന വൈരുദ്ധ്യം 

സമാനമായ ഒരു സംഭവം, പൗലോസിൻറെ സാന്നിദ്ധ്യത്തിൽ, അന്ത്യോക്യയിലും സംഭവിച്ചു. മുമ്പ്, പുറജാതിയിൽ നിന്ന് വന്ന ക്രിസ്ത്യാനികളോടൊപ്പം യാതൊരു ബുദ്ധിമുട്ടും കൂടാതെ പത്രോസ്  ഭക്ഷിച്ചിരുന്നു; എന്നാൽ, ജറുസലേമിൽ നിന്ന് പരിച്ഛേദിതരായ ചില ക്രിസ്ത്യാനികൾ നഗരത്തിൽ എത്തിയപ്പോൾ, അവരുടെ വിമർശനം ഉണ്ടാകാതിരിക്കാൻ അവൻ പിന്നീട് അങ്ങനെ ചെയ്തില്ല. പൗലോസിൻറെ ദൃഷ്ടിയിൽ ഇത് ഗൗരവമുള്ള കാര്യമാണ്, കാരണം മറ്റ് ശിഷ്യന്മാർ പത്രോസിനെ അനുകരിച്ചിരുന്നു, അവരിൽ പ്രഥമൻ, പൗലോസിനൊപ്പം ഗലാത്യരെ സുവിശേഷവൽക്കരിച്ച (ഗലാത്യർ 2:13). ബർണബാസ് ആയിരുന്നു. മനഃപൂർവ്വമല്ലെങ്കിലും അങ്ങനെ ചെയ്യുന്നതിലൂടെ  പത്രോസ് സമൂഹത്തിൽ നീതിയുക്തമല്ലാത്ത ഒരു പിളർപ്പ് സൃഷ്ടിച്ചു.

പൗലോസിൻറെ ശകാരത്തിൻറെ പൊരുൾ- കാപട്യത്തിനെതിരായ പോരാട്ടം

പൗലോസ് തൻറെ ശകാരത്തിൽ, അവൻറെ പ്രതികരണത്തിൻറെ യുക്തിയിലേക്ക് നമ്മെ ആനയിക്കുന്ന ഒരു പദം ഉപയോഗിക്കുന്നു: കാപട്യം (ഗലാത്യർ 2:13). ക്രിസ്ത്യാനികളുടെ നിയമപാലനം ഈ കപട പെരുമാറ്റത്തിലേക്ക് നയിച്ചു, ഈ കപടതയ്ക്കെതിരെ ശക്തിയുക്തം പോരാടാൻ അപ്പോസ്തലൻ ഉദ്ദേശിക്കുന്നു. എന്താണ് കാപട്യം? അത് സത്യത്തോടുള്ള ഭയമാണെന്ന് പറയാം. സ്വയം ആയിരിക്കുന്നതിനേക്കാൾ അങ്ങനെയാണെന്ന് ഭാവിക്കാൻ ഒരാൾ ഇഷ്ടപ്പെടുന്നു. സത്യം തുറന്നുപറയാനുള്ള ധൈര്യത്തിന് ഈ അഭിനയം വിഘാതമാകുന്നു, അതിനാൽ, എല്ലാം അവഗണിച്ച് എല്ലായ്പ്പോഴും, എല്ലായിടത്തും സത്യം പറയാനുള്ള കടമയിൽ നിന്ന് ഒരാൾ എളുപ്പത്തിൽ ഒളിച്ചോടുന്നു. ഔപചാരികതയുടെ ചിഹ്നത്തിൽ വ്യക്തിബന്ധങ്ങൾ ജീവിക്കുന്ന ഒരു അന്തരീക്ഷത്തിൽ, കപടതയുടെ അണു (വൈറസ്) എളുപ്പത്തിൽ പടരുന്നു.

കാപട്യത്തിനെതിരായ സൂചനകൾ ബൈബിളിൽ

ബൈബിളിൽ കപടതയ്‌ക്കെതിരെ പോരാടുന്ന നിരവധി ഉദാഹരണങ്ങളുണ്ട്. വിജാതീയ ദൈവങ്ങൾക്ക് ബലിയർപ്പിച്ച മാംസം സ്വജീവൻ രക്ഷിക്കുന്നതിന് ഭക്ഷിക്കുന്നതായി നടിക്കാൻ വൃദ്ധനായ ഏലിയാസറിനോട് ആവശ്യപ്പെടുമ്പോൾ, അദ്ദേഹം നല്കുന്ന സാക്ഷ്യം മനോഹരമാണ്. ദൈവഭയമുള്ള ആ മനുഷ്യൻ പറഞ്ഞു: “നമ്മുടെ ഈ പ്രായത്തിന് ഈ അഭിനയം ചേർന്നതല്ല. ഏലിയാസർ തൊണ്ണൂറാം വയസ്സിൽ മതം മാറിയെന്ന് ചെറുപ്പക്കാർ വിചാരിക്കും. കുറച്ചു സമയംകൂടി ജീവിക്കാൻവേണ്ടി എൻറെ ഈ അഭിനയം മൂലം ഞാൻ അവരെ വഴിതെറ്റിക്കുകയും എൻറെ വാർദ്ധക്യത്തെ പങ്കിലവും അപമാനിതവും ആക്കുകയും ചെയ്യും". (2 മക്കബായർ 6,24-25). കാപട്യത്തിൽ നിന്ന് അകന്നു നില്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിനുതകുന്ന എത്ര മനോഹരമായ ഒരു താളാണിത്! ഉള്ളം നിറയെ കാപട്യവും അനീതിയും വച്ചുകൊണ്ട് പുറമെ നീതിമാന്മാരായി പ്രത്യക്ഷപ്പെടുന്നവരെ യേശു ശക്തമായി ശാസിക്കുന്ന വിവിധ സന്ദർഭങ്ങൾ സുവിശേഷങ്ങളും അവതരിപ്പിക്കുന്നുണ്ട് (മത്തായി 23:13-29).

കപടനാട്യക്കാർ സഭയിലും

മുഖംമൂടിയണിഞ്ഞ് ജീവിക്കുകയും സത്യത്തെ അഭിമുഖീകരിക്കാൻ ഭയപ്പെടുകയും അഭിനയിക്കുകയും മുഖസ്തുതി പറയുകയും വഞ്ചിക്കുകയും ചെയ്യുന്ന വ്യക്തിയാണ് കപടനാട്യക്കാരൻ. ഇക്കാരണത്താൽ, അവന് യഥാർത്ഥത്തിൽ സ്നേഹിക്കാൻ കഴിയില്ല: അവൻ സ്വാർത്ഥതയിൽ ജീവിക്കുന്നതിൽ സ്വയം ഒതുങ്ങുന്നു, സ്വന്തം ഹൃദയം സുതാര്യമായി കാണിക്കാനുള്ള ശക്തി അവനില്ല. കാപട്യം പ്രകടമാകുന്ന നിരവധി സാഹചര്യങ്ങളുണ്ട്. അത് പലപ്പോഴും ജോലിസ്ഥലത്ത് മറഞ്ഞിരിക്കുന്നു, അവിടെ ഒരുവൻ സഹപ്രവർത്തകരുമായി ചങ്ങാത്തത്തിലാണെന്ന് പുറമെ കാണിക്കുകയും അതേസമയം മത്സരം അവരെ പിന്നിൽ നിന്ന് കുത്താൻ അവനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. രാഷ്ട്രീയത്തിൽ പൊതു ജീവിതത്തിനും സ്വകാര്യ ജീവിതത്തിനുമിടയിൽ രണ്ടുമുഖമുള്ള കപടനാട്യക്കാരെ കണ്ടുമുട്ടുക അസാധാരണമല്ല. സഭയിൽ, പ്രത്യേകിച്ച്, കാപട്യം അതിനിന്ദ്യമാണ്. ദൗർഭാഗ്യവശാൽ സഭയിൽ കാപട്യം ഉണ്ട്. കപടനാട്യക്കാരായ ക്രൈസ്തവരും ശുശ്രൂഷകരും നിരവധിയുണ്ട്. കർത്താവിൻറെ വാക്കുകൾ നാം ഒരിക്കലും മറക്കരുത്: "നിങ്ങളുടെ വാക്ക് അതെ, അതെ,  എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളത് ദുഷ്ടനിൽനിന്നു വരുന്നു" (മത്തായി 5:37 സഹോദരീസഹോദരന്മാരേ, പൗലോസും യേശുവും അപലപിക്കുന്നതെന്താണോ അതിനെക്കുറിച്ച്,  ഇന്ന് നമുക്കു ചിന്തിക്കാം: അത് കാപട്യമാണ്. സത്യസന്ധരായിരിക്കുന്നതിന്, സത്യം പറയുന്നതിന്, സത്യം കേൾക്കുന്നതിന്, സത്യത്തിന് അനുരൂപരാകുന്നതിന് നാം ഭയപ്പെടേണ്ടതില്ല. അപ്രകാരം നമുക്കു സ്നേഹിക്കാൻ സാധിക്കും. കപടനാട്യക്കാരന് സ്നേഹിക്കാൻ സാധിക്കില്ല. മറിച്ച് സത്യത്താലല്ലാതെ വർത്തിക്കുക എന്നാൽ, കർത്താവ് തന്നെ പ്രാർത്ഥിച്ച സഭൈക്യത്തെ അപകടത്തിലാക്കുക എന്നാണ്. നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

പാരാലിമ്പിക്സ്-പാപ്പായുടെ ആശംസകൾ

ശാരീരിക വൈകല്യമുള്ളവർക്കായുള്ള പാരംലിമ്പിക്ക് കായിക മാമാങ്കത്തിന് ജപ്പാനിലെ ടോക്കിയോയിൽ ചൊവ്വാഴ്‌ച (24/08/21) കൊടിയേറിയത് പാപ്പാ അനുസ്മരിച്ചു.

ഈ പാരലിമ്പിക്സിൽ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങൾക്കും അഭിവാദ്യമർപ്പിച്ച പാപ്പാ അവർ പ്രത്യാശയുടെയും ധീരതയുടെയും സാക്ഷ്യം ഏവർക്കും പ്രദാനം ചെയ്യുന്നുവെന്ന് ശ്ലാഘിച്ചു. മറികടക്കാനാവാത്തതെന്ന് പ്രത്യക്ഷത്തിൽ തോന്നുന്ന ബുദ്ധിമുട്ടുകളെ തരണം ചെയ്യുന്നതിന് കായികപ്രതിബദ്ധത എപ്രകാരം സഹായിക്കുമെന്ന് അവർ കാണിച്ചു തരുന്നുവെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

മദ്ധ്യ ഇറ്റലിയിലെ ഭുകമ്പത്തിൻറെ അഞ്ചാം വാർഷികം

ഇറ്റലിയിൽ 5 വർഷം മുമ്പ് 24 ആഗസ്റ്റിന് ഭൂകമ്പം ഉണ്ടായ പ്രദേശമായ മോന്തെഗാല്ലൊയിൽ നിന്നെത്തിയിരുന്നവരെ അഭിവാദ്യം ചെയ്ത പാപ്പാ ആ ഭൂകമ്പത്തിൻറെ കഠിനമായ പ്രത്യാഘാതങ്ങൾ അനുഭവിച്ച അക്കൂമൊളി, അമത്രീച്ചെ എന്നീ മദ്ധ്യ ഇറ്റലിയിലെ പ്രദേശങ്ങളിലെ ജനങ്ങളെയും അനുസ്മരിച്ചു. പ്രതീക്ഷയോടും ധൈര്യത്തോടും മുന്നോട്ട് പോകാൻ പാപ്പാ പ്രചോദനം പകരുകയും ചെയ്തു.

സമാപനാഭിവാദ്യങ്ങൾ

പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ പതിവുപോലെ, പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ അഭിവാദ്യം ചെയ്യുകയും ക്രിസ്തുവുമായി കൂടുതൽ സൗഹൃദത്തിലാകാനും അവിടന്നിൽ ശാന്തതയും ക്രിസ്തീയ പ്രത്യാശയും കണ്ടെത്താനുമുള്ള ആഗ്രഹം എല്ലാവരുടെയും ഹൃദയത്തിൽ വർദ്ധമാനമാകട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

തുടർന്ന് പാപ്പാ എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 August 2021, 12:46

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >