തിരയുക

Vatican News
ലെബനോന് വേണ്ടി ഒരുമിക്കാം: ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം ലെബനോന് വേണ്ടി ഒരുമിക്കാം: ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം  (Vatican Media)

ലെബനോനിലേക്ക് ലോകശ്രദ്ധ ക്ഷണിച്ച് ഫ്രാൻസിസ് പാപ്പാ

ലെബനോനിലെ ബെയ്‌റൂട്ടിൽ, നിരവധിപേർക്ക് ജീവൻ നഷ്ടപ്പെടാനും, ആയിരക്കണക്കിനാളുകൾക്ക് പരിക്കേൽക്കാനും കാരണമായ, സ്‌ഫോടനത്തിന്റെ ഒന്നാം വാർഷികത്തിൽ ലെബനോനിന് വേണ്ടി സഹായസഹകരണങ്ങൾ ലോകജനതയോട് ആഭ്യർത്ഥിച്ചതിനോടൊപ്പം, ലെബനൻ സന്ദർശിക്കാനുള്ള തന്റെ ആഗ്രഹവും പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ജൂലൈ നാലാംതീയതി വത്തിക്കാനിൽ വച്ച് നടന്ന പൊതുകൂടിക്കാഴ്ച്ചാവേളയിൽ, ലെബനോനിലെ സമാധാനത്തിനും, ലെബനോണിന്റെ അഭിവൃദ്ധിക്കുമായി പ്രവർത്തിക്കാൻ എല്ലാ ആളുകളോടും ആഹ്വാനം ചെയ്‌ത് അഭ്യർത്ഥന നടത്തിയത്തിനൊപ്പമാണ്,  ലെബനോൻ സന്ദർശിക്കാനുള്ള തന്റെ ആഗ്രഹം വലുതാണെന്ന് മാർപാപ്പാ വ്യക്തമാക്കിയത്.

"ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ട് തുറമുഖത്ത്, മരണത്തിനും നാശനഷ്ടങ്ങൾക്കും കാരണമായ ഭീകരമായ സ്ഫോടനത്തിന്റെ ഒന്നാം വർഷത്തിൽ,  എന്റെ ചിന്തകൾ ആ പ്രിയപ്പെട്ട രാജ്യത്തിലേക്ക്, പ്രത്യേകിച്ച് സംഭവത്തിൽ ഇരകളായവരിലേക്കും, അവരുടെ കുടുംബങ്ങളിലേക്കും, പരിക്കേറ്റ അനേകരിലേക്കും, വീടും ജോലിയും നഷ്ടപ്പെട്ടവരിലേക്കുമാണ് പോകുന്നതെന്ന്" എഴുതിയ പാപ്പാ, ഈ അപകടം, "ഒരുപാട് പേർക്ക്  ജീവിക്കാനുള്ള ആഗ്രഹം പോലും നഷ്ടപ്പെടുത്തിയെന്നും" അഭിപ്രായപ്പെട്ടു..

താൻ തന്നെ വിളിച്ചുകൂട്ടിയതനുസരിച്ച്, 2021 ജൂലൈ മാസം ഒന്നിന് വത്തിക്കാനിൽവച്ച് നടന്ന പ്രാർത്ഥനയെക്കുറിച്ച് പരാമർശിച്ച പാപ്പാ, "ലെബനോനുവേണ്ടിയുള്ള പ്രാർത്ഥനയുടെയും വിചിന്തനത്തിന്റെയും" ആ ദിവസം, "വിവിധ ക്രിസ്ത്യൻ മതനേതാക്കൾക്കൊപ്പം, ക്ഷീണിതരും നിരാശരുമായ, ലെബനീസ് ജനതയുടെ അഭിലാഷങ്ങളെയും പ്രതീക്ഷകളെയും നാമെല്ലാവരും ഉൾക്കൊള്ളുകയും, നിലവിലെ കഠിനമായ പ്രതിസന്ധി തരണം ചെയ്യാനുള്ള പ്രത്യാശയുടെ വെളിച്ചം ദൈവത്തിൽനിന്ന് അവർക്കുവേണ്ടി അപേക്ഷിക്കുകയും ചെയ്തു" എന്ന് എഴുതി. തന്റെ പുതിയ അഭ്യര്ഥനയിൽ, "പുനരുത്ഥാനത്തിന്റെ" ഒരു യാത്ര നടത്താൻ ലെബനനെ സഹായിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട്" അഭ്യർത്ഥിച്ച പാപ്പാ, ആ സഹായം "വാക്കുകളിൽ മാത്രമല്ല, പ്രായോഗികമായ നടപടികളിലൂടെയാകണമെന്നും " ആവശ്യപ്പെട്ടു. ഇത്തരുണത്തിൽ, ഇതുമായി ബന്ധപ്പെട്ട് "ഫ്രാൻസും ഐക്യരാഷ്ട്രസഭയും മുൻകൈയെടുത്ത് നടത്തുന്ന സമ്മേളനം ഫലപ്രദമാകുമെന്ന്" താൻ പ്രതീക്ഷിക്കുന്നതായും പാപ്പാ കൂട്ടിച്ചേർത്തു.

ലെബനോനിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, " ലെബനോൻ ഒരിക്കൽക്കൂടി സാഹോദര്യത്തിന്റെയും, മുഴുവൻ മദ്ധ്യപൂർവ്വദേശങ്ങൾക്കും വേണ്ടിയുള്ള, സമാധാനത്തിന്റെ ഒരു സന്ദേശവുമായി മാറുന്നതിനായി, നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതിൽ ഞാൻ ഒരിക്കലും മടുപ്പുള്ളവനല്ല" എന്ന് എഴുതിയ ഫ്രാൻസിസ് പാപ്പാ "ലെബനോൻ സന്ദർശിക്കാനുള്ള തന്റെ ആഗ്രഹം വലുതാണെന്ന്" വ്യക്തമാക്കി.

കഴിഞ്ഞവർഷം ഓഗസ്റ്റ് മാസം നാലാം തീയതി ബെയ്‌റൂട്ടിൽ വച്ച് നടന്ന വൻസ്‌ഫോടനത്തിൽ നിരവധിയാളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

05 August 2021, 08:23