തിരയുക

പാപ്പാ:ആവലാതികളാൽ ലോകത്തെ മലിനമാക്കുന്നത് അക്രൈസ്തവികം!

സ്വയം കുറ്റപ്പെടുത്താൻ പഠിക്കുക എന്നത് ഒരു ജ്ഞാനമാണ്- അപരനെ പഴിക്കുന്നതിന് സമയം ചിവഴിക്കുന്നത് സമയം പാഴാക്കലാണ്, ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ ഞായറാഴ്ചയും (29/08/21) ഫ്രാൻസീസ് പാപ്പാ ഞായറാഴ്ചകളിലെ  പതിവനുസരിച്ച് വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. ത്രികാല പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ വിശുദ്ധ പത്രോസിൻറെ നാമത്തിലുള്ള ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്നു. പാപ്പാ  റോമിലെ സമയം ഉച്ചയ്ക്ക് 12 മണിയ്ക്ക് ത്രികാല പ്രാർത്ഥന നയിക്കുന്നതിനായി, ആ സമയത്തിന് അല്പം മുമ്പ്, അരമനയുടെ പതിവു ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദരവങ്ങളും ഉയർന്നു. പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ സാധാരണ ചെയ്യാറുള്ളതുപോലെ, ഒരു വിചിന്തനം നടത്തി. ഈ ഞായറാഴ്ച (29/08/21) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിൻറെ സുവിശേഷം അദ്ധ്യായം 7,1-8.14-15.21-23 വരെയുമുള്ള വാക്യങ്ങൾ, അതായത്, ഭക്ഷണത്തിനു മുമ്പ് കൈകകഴുകുന്ന പാരമ്പര്യം ലംഘിച്ചുകൊണ്ട് യേശുശിഷ്യർ ഭക്ഷണം കഴിച്ചതിനെ ഫരിസേയരും നിയമജ്ഞരും ചോദ്യം ചെയ്യുന്നതും എന്നാൽ യേശുവാകട്ടെ ആന്തരികശുദ്ധിയുടെ, ഹൃദയശുദ്ധിയുടെ പ്രാധാന്യത്തെക്കുറിച്ചു പഠിപ്പിക്കുന്നതുമായ സുവിശേഷഭാഗം ആയിരുന്നു പാപ്പായുടെ പരിചിന്തനത്തിന് അവലംബം.

ഇറ്റാലിയൻ ഭാഷയിലായിരുന്ന പ്രസ്തുത വിചിന്തനത്തിൻറെ പരിഭാഷ:

പാരമ്പര്യാചാരങ്ങളോടുള്ള യേശുവിൻറെ മനോഭാവം                     

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ചില നിമജ്ഞരും ഫരിസേയരും യേശുവിൻറെ മനോഭാവത്തിൽ ആശ്ചര്യപ്പെടുന്നതാണ് ഇന്നത്തെ ആരാധനാക്രമത്തിലെ സുവിശേഷം അവതരിപ്പരിക്കുന്നത്. പരമ്പരാഗത ആചാരപരമായ അംഗശുദ്ധി വരുത്താതെ തന്നെ യേശുവിൻറെ ശിഷ്യന്മാർ ഭക്ഷണം കഴിക്കുന്നത് അവർക്ക് ഉതപ്പിനു കാരണമായി. അവർ പരസ്പരം പറഞ്ഞു: "ഈ പ്രവർത്തന ശൈലി മതപരമായ ആചാരത്തിന് വിരുദ്ധമാണ്" ( മർക്കോസ് 7:2-5).

ബാഹ്യപ്രകടനമല്ല ആന്തരികതയാണ് വിശ്വാസത്തിൻറെ കാതൽ 

നമുക്കും നമ്മോടുതന്നെ സ്വയം ചോദിക്കാനാകും: എന്തുകൊണ്ടാണ് യേശുവും ശിഷ്യന്മാരും ഈ പാരമ്പര്യങ്ങളെ അവഗണിക്കുന്നത്? അടിസ്ഥാനപരമായി അവ മോശം കാര്യങ്ങളല്ല, മറിച്ച് ആചാരപരമായ നല്ല ശീലങ്ങളാണ്, ഭക്ഷണത്തിനു മുമ്പ് ലളിതമായ ക്ഷാളനം. എന്തുകൊണ്ടാണ് യേശു അതിൽ ശ്രദ്ധിക്കാത്തത്? കാരണം, അവിടത്തെ സംബന്ധിച്ചിടത്തോളം പ്രധാനം വിശ്വാസത്തെ അതിൻറെ കേന്ദ്രത്തിലേക്ക് തിരികെ കൊണ്ടുവരുന്നതാണ്. സുവിശേഷത്തിൽ നാം അത് നിരന്തരം കാണുന്നു: വിശ്വാസം കേന്ദ്രസ്ഥാനത്ത് പുനഃപ്രതിഷ്ഠിക്കൽ. കൂടാതെ, ആ നിയമജ്ഞർക്കെന്നപോലെ നമുക്കും ബാധകമായ ഒരു അപകടസാധ്യത ഒഴിവാക്കുകയും വേണം, അതായത്, വിശ്വാസത്തിൻറെ സത്തയെ രണ്ടാം തട്ടിലാക്കിക്കൊണ്ടുള്ള ബാഹ്യമായ ഔപചാരിക ആചരണം എന്ന വിപത്ത്. നമ്മളും പലപ്പോഴും നമ്മുടെ ആത്മാവിന് "ചായം" ഇടുന്നു. വിശ്വാസത്തിൻറെ ആത്മാവല്ല ബാഹ്യമായ ഔപചാരികതയാണ് ഇവിടെ: ഇതൊരു അപകടമാണ്. ഇത് ബാഹ്യപരതയാർന്ന ഒരു മതാത്മകതയെന്ന വിപത്താണ്: ഹൃദയ ശുദ്ധിവരുത്തുന്നത് അവഗണിച്ചുകൊണ്ട് പുറമെ സുന്ദരമായി പ്രത്യക്ഷപ്പെടുക. ചില ബാഹ്യമായ ഭക്തിപ്രകടനങ്ങൾ കൊണ്ട് "ദൈവത്തെ വരുതിയിലാക്കാനുള്ള" പ്രലോഭനം  എപ്പോഴും ഉണ്ട്, എന്നാൽ യേശുവാകട്ടെ ഈ ഭക്താനുഷ്ഠാനത്തിൽ തൃപ്തനല്ല. ബാഹ്യപ്രകടനം യേശു ആഗ്രഹിക്കുന്നില്ല, അവിടത്തേയ്ക്കു വേണ്ടത് ഹൃദയത്തിൽ നിന്നു വരുന്ന വിശ്വാസമാണ്.

അശുദ്ധിയുളവാക്കുന്നത് ഉള്ളിൽ നിന്ന് ബഹിർഗമിക്കുന്നത് 

വാസ്തവത്തിൽ, ഉടൻ തന്നെ, അവിടന്ന് ആൾക്കൂട്ടത്തെ അടുത്തേക്കു വിളിച്ച് വലിയ ഒരു സത്യം പറയുന്നു: " പുറമേനിന്ന് ഉള്ളിലേക്കു കടന്ന്, ഒരുവനെ അശുദ്ധനാക്കാൻ ഒന്നിനും കഴിയില്ല." (മർക്കോസ് 7,15). മറിച്ച്, "ഉള്ളിൽ നിന്ന്, ഹൃദയത്തിൽ നിന്ന്" (വാ. 21) ആണ് മോശമായവ ജന്മംകൊള്ളുന്നത്.  ഈ വാക്കുകൾ വിപ്ലവകരമാണ്, കാരണം ചില ഭക്ഷണങ്ങളോ ബാഹ്യ സമ്പർക്കങ്ങളോ ഒരുവനെ അശുദ്ധനാക്കുമെന്നായിരുന്നു അക്കാലഘട്ടത്തിലെ ചിന്താഗതി. യേശു ആ കാഴ്ചപ്പാടിനെ തകിടംമറിക്കുകയാണ്: പുറമേനിന്നു വരുന്നവയല്ല ഉപദ്രവകരം, മറിച്ച് ഉള്ളിൽ നിന്നു പുറപ്പെടുന്നവയാണ്.

അപരനെ പഴിക്കുന്ന സമയം  പാഴാക്കൽ 

പ്രിയ സഹോദരീസഹോദരന്മാരേ, ഇത് നമുക്കും ബാധകമാണ്. തിന്മ പ്രധാനമായും പുറത്തുനിന്നാണ് വരുന്നതെന്ന് നമ്മൾ പലപ്പോഴും ചിന്തിക്കുന്നു, അതായത്, മറ്റുള്ളവരുടെ പെരുമാറ്റത്തിൽ നിന്ന്, നമ്മളെക്കുറിച്ച് മോശമായി ചിന്തിക്കുന്നവരിൽ നിന്ന്, സമൂഹത്തിൽ നിന്ന്. നമുക്ക് സംഭവിക്കുന്ന എല്ലാത്തിനും നമ്മൾ എത്ര തവണ മറ്റുള്ളവരെ, സമൂഹത്തെ, ലോകത്തെ കുറ്റപ്പെടുത്തുന്നു! ഇത് എല്ലായ്പ്പോഴും "മറ്റുള്ളവരുടെ" കുറ്റമാണ്: ഇത് ആളുകളുടെയും ഭരിക്കുന്നവരുടെയും ദൗർഭാഗ്യത്തിൻറെയും മറ്റും കുറ്റമായി കാണുന്നു. പ്രശ്നങ്ങൾ വരുന്നത് എപ്പോഴും പുറത്തു നിന്നാണെന്ന് ചിന്തിക്കുന്നു. കുറ്റപ്പെടുത്തുന്നതിനായി നമ്മൾ സമയം ചെലവഴിക്കുന്നു; എന്നാൽ മറ്റുള്ളവരെ കുറ്റപ്പെടുത്താൻ സമയം ചെലവഴിക്കുന്നത് സമയം പാഴാക്കലാണ്. ദേഷ്യപ്പെടുകയും പ്രകോപിതരാകുകയും ദൈവത്തെ സ്വന്തം ഹൃദയത്തിൽ നിന്ന് അകറ്റിനിറുത്തുകയും ചെയ്യുന്നു. സുവിശേഷത്തിൽ കാണുന്ന, പരാതിപ്പെടുകയും അപവദിക്കുകയും പ്രശ്നങ്ങളുണ്ടാക്കുകയും യേശുവിനെ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന ആ ജനത്തെപ്പോലെ. ആവലാതിപ്പെട്ടുകൊണ്ട് ഒരുവന് യഥാർത്ഥ മതവിശ്വാസിയാകാൻ കഴിയില്ല: കാരണം പരാതി വിഷലിപ്തമാണ്, അത് നിന്നെ, കോപത്തിലേക്കും നീരസത്തിലേക്കും ഹൃദയവ്യഥയിലേക്കും നയിക്കുന്നു, അത് ദൈവത്തിനു നേരെ  വാതിലുകൾ അടയ്ക്കുന്നു.

സ്വയം കുറ്റപ്പെടുത്തുക, അതൊരു ജ്ഞാനം

ഞാനല്ല, മറ്റുള്ളവരാണ് അത് ചെയ്തത്  എന്നു പറയുന്ന കുട്ടികളെപ്പോലെ, നാം മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിൽ നിന്ന് നമുക്ക് മോചനമരുളാൻ നമുക്ക്  ഇന്ന് കർത്താവിനോട് അപേക്ഷിക്കാം. പരാതികളാൽ ലോകത്തെ മലിനമാക്കുന്ന അക്രൈസ്തവിക പ്രവർത്തിയാൽ സമയം പാഴാക്കാതിരിക്കാനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. മറിച്ച്, നമ്മുടെ ഹൃദയത്തിൽ നിന്ന് ജീവിതത്തെയും ലോകത്തെയും നോക്കാൻ യേശു നമ്മെ ക്ഷണിക്കുന്നു. നാം നമ്മുടെ ഉള്ളിലേക്കു നോക്കിയാൽ, നമ്മൾ വെറുക്കുന്ന മിക്കവാറും എല്ലാം നമുക്ക് പുറത്ത് കാണാം. നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കാൻ നാം ദൈവത്തോട് ആത്മാർത്ഥമായി അപേക്ഷിക്കുകയാണെങ്കിൽ, നാം ലോകത്തെ കൂടുതൽ ശുദ്ധമാക്കുന്ന പ്രക്രിയയക്ക് തുടക്കം കുറിക്കും. കാരണം തിന്മയെ ജയിക്കാൻ അപ്രമാദപരമായ ഒരു വഴിയുണ്ട്: അത് അവനവൻറെ ഉള്ളിൽ അതിനെ തോൽപ്പിക്കാൻ തുടങ്ങുകയാണ്. "വിശുദ്ധിയിലേക്കുള്ള പാത എതാണ്? ഞാൻ എങ്ങനെ തുടങ്ങണം? എന്ന് സഭയിലെ ആദ്യ പിതാക്കന്മാരായ സന്യാസിമാരോട് ചോദിക്കവെ അവർ സ്വയം പറയുമായിരുന്നു, ആദ്യ പടി സ്വയം കുറ്റപ്പെടുത്തുകയാണ് എന്ന്. സ്വയം കുറ്റമാരോപിക്കുക. നമ്മെത്തന്നെ കുറ്റപ്പെടുത്തുക. നമ്മളിൽ എത്ര പേർ, ദിവസത്തിൽ, അല്ലെങ്കിൽ ആഴ്ചയിലെ ഏതെങ്കിലും സമയത്ത്, ഉള്ളിൽ സ്വയം കുറ്റപ്പെടുത്താൻ കഴിവുള്ളവരാണ്? "അതെ, ഇത് ഇയാളാണ്, അയാളാണ് എനിക്ക് ചെയ്ത്, അത് ദുഷ്ടതയാണ്...". പക്ഷെ ഞാനോ? ഞാനും അതുതന്നെ ചെയ്യുന്നു, അല്ലെങ്കിൽ ഞാൻ ഇങ്ങനെ ചെയ്യുന്നു ... സ്വയം കുറ്റപ്പെടുത്താൻ പഠിക്കുക എന്നത് ഒരു ജ്ഞാനമാണ്. അത് ചെയ്യാൻ ശ്രമിച്ചു നോക്കുക, അത് നിങ്ങൾക്ക് ഗുണം ചെയ്യും. എനിക്ക് അത് ചെയ്യാൻ കഴിയുമ്പോൾ, അത് എനിക്ക് ഗുണകരമായി ഭവിക്കുന്നുണ്ട്. അങ്ങനെ ചെയ്യുക എല്ലാവർക്കും നല്ലതാണ്.

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം

ഹൃദയശുദ്ധിയിലൂടെ ചരിത്രം മാറ്റിയെഴുതിയ കന്യാമറിയം നമ്മെ ശുദ്ധീകരിക്കാൻ, മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും സകലത്തെയും കുറിച്ച് പരാതിപറയുകയും ചെയ്യുന്ന ദുശ്ശീലത്തെ സർവ്വോപരി മറികടക്കാൻ സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. ആശീർവ്വാദാനന്തരം പാപ്പാ, അഫ്ഗാനിസ്ഥാനിലെ അവസ്ഥയിൽ തനിക്കുള്ള അതീവ ആശങ്ക വെളിപ്പെടുത്തി.

അഫ്ഗാനിസ്ഥാനിലെ അവസ്ഥയിൽ നിസ്സംഗതയരുത്

അഫ്ഗാനിസ്ഥാനിൽ ഇക്കഴിഞ്ഞ വ്യാഴാഴ്‌ച (26/08/21) ഉണ്ടായ ചാവേർആക്രമണത്തിൽ ജീവൻ പൊലിഞ്ഞ തങ്ങളുടെ പ്രിയപ്പെട്ടവരെയോർത്ത് കേഴുന്നവരുടെയും സഹായവും അഭയവും തേടുന്നവരുടെയും സഹനങ്ങളിൽ താൻ പങ്കുചേരുന്നുവെന്ന് പാപ്പാ അറിയിച്ചു.

മരണമടഞ്ഞവരെ സർവ്വശക്തനായ ദൈവത്തിൻറെ കാരുണ്യത്തിന് സമർപ്പിച്ച പാപ്പാ കടുത്തയാതനകളനുഭവിക്കുന്ന ആ ജനതയെ, വിശിഷ്യ, സ്ത്രീകളെയും കുട്ടികളെയും സഹായിക്കുന്നതിനായി പരിശ്രമിക്കുന്ന എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.  ആവശ്യത്തിലിരിക്കുന്നവർക്ക് സഹായഹസ്തം നീട്ടുന്നത് തുടരാനും സംഭാഷണവും ഐക്യദാർഢ്യവും, സമാധാനപരവും സാഹോദര്യപരവുമായ ഒരു സഹജീവനം ഉറപ്പുവരുത്തുകയും നാടിൻറെ ഭാവിയെക്കുറിച്ചുള്ള പ്രത്യാശ പ്രദാനം ചെയ്യുകയും ചെയ്യുന്നതിനായി പ്രാർത്ഥിക്കാനും പാപ്പാ എല്ലാവരോടും അഭ്യർത്ഥിച്ചു. ഇതുപോലുള്ളൊരു കാലഘട്ടത്തിൽ നിസ്സംഗത പാലിക്കാനാകില്ലെന്ന് സഭയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ടെന്നും പാപ്പാ പറഞ്ഞു. ഈ സാഹചര്യം നമ്മെ ക്രിസ്ത്യാനികളെന്ന നിലയിൽ ബാദ്ധ്യതപ്പെടുത്തുന്നുവെന്ന് ഓർമ്മിപ്പിച്ച പാപ്പാ പ്രാർത്ഥനയും ഉപവാസവും തീവ്രതരമാക്കുന്നതിന് എല്ലാവരോടും അഭ്യർത്ഥിക്കുകയും ചെയ്തു. പ്രാർത്ഥനയും ഉപവാസവും പ്രാർത്ഥനയും പ്രായശ്ചിത്തവും ആവശ്യമാണെന്നും അതിനുള്ള സമയമാണിതെന്നും കർത്താവിൻറെ കാരുണ്യവും മാപ്പും യാചിച്ചുകൊണ്ട് ഇത് ചെയ്യണമെന്നും പാപ്പാ പറഞ്ഞു.

വെനെസ്വേലയിൽ പ്രളയദുരിതം അനുഭവിക്കുന്നവരെ പാപ്പാ അനുസ്മരിക്കുന്നു

ഇക്കഴിഞ്ഞ ദിനങ്ങളിൽ ജലപ്രളയവും മണ്ണിടിച്ചിലും നാശം വിതച്ച വെനെസ്വേലയിലെ മേരിദ സംസ്ഥാനത്തിലെ ജനങ്ങളെയും പാപ്പാ അനുസ്മരിച്ചു. അവരുടെ ചാരെ താനുണ്ടെന്നും ഈ ദുരന്തംമൂലം മരണമടഞ്ഞവർക്കും അവരുടെ കുടുംബങ്ങൾക്കും യാതനകൾ അനുഭവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്നും പാപ്പാ ഉറപ്പുനല്കി.

സമാപനാഭിവാദ്യങ്ങൾ

“ലൗദാത്തൊ സീ” 'പ്രസ്ഥാനത്തിലെ അംഗങ്ങൾക്ക് ഹൃദയംഗമമായ അഭിവാദ്യങ്ങൾ അർപ്പിച്ച പാപ്പാ നമ്മുടെ പൊതുവായ ഭവനത്തോടുള്ള അവരുടെ പ്രതിബദ്ധതയ്ക്ക്, പ്രത്യേകിച്ച്, സൃഷ്ടിക്കായുള്ള ലോക പ്രാർത്ഥനാ ദിനത്തിലും തുടർന്നുള്ള “സൃഷ്ടിയുടെ കാലത്തിൻറെ” വേളയിലും, നന്ദിയപ്പിച്ചു. ഭൂമിയുടെ നിലവിളിയും ദരിദ്രരുടെ രോദനവും കൂടുതൽ കൂടുതൽ ഗൗരവമുള്ളതും ആപത്സൂചകവുമായി മാറുന്നുവെന്നും ഈ പ്രതിസന്ധിയെ ഒരു അവസരമാക്കി മാറ്റുന്നതിന് നിർണ്ണായകവും അടിയന്തിരവുമായ നടപടി ആവശ്യമാണെന്നും പാപ്പാ പറഞ്ഞു.

തുടർന്ന് പാപ്പാ ത്രികാലപ്രാർത്ഥനയിൽ സംബന്ധിച്ച റോമാക്കാരായ വിശ്വാസികളെയും വിവിധ രാജ്യക്കാരായ തീർത്ഥാടകരെയും അഭിവാദ്യം ചെയ്തു

ത്രികാലപ്രാര്‍ത്ഥനാപരിപാടിയുടെ അവസാനം പാപ്പാ എല്ലാവർക്കും നല്ലൊരു ഞായർ ആശംസിച്ചു. തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിച്ച പാപ്പാ എല്ലാവ‍ര്‍ക്കും നല്ലൊരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകൾ വീശി ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 August 2021, 11:47

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >