Vatican News

ജീവൻറെ അപ്പം:സുവിശേഷത്തിൻറെ "ഭോഷത്തം" !

ലോകദൃഷ്ടിയിൽ ഒരു കഷണം അപ്പത്തിനു മുന്നിൽ മുട്ടുകുത്തുന്നതിന് എന്ത് അർത്ഥമുണ്ട്? ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നീലാംബര കുടക്കീഴെ, വേനൽക്കാല സൂര്യകിരണങ്ങൾ നിർല്ലോഭം ചൊരിയപ്പെട്ട ഒരു ദിനമായിരുന്ന റോമിൽ ഈ ഞായറാഴ്ചയും (22/08/21). അന്ന് ഫ്രാൻസീസ് പാപ്പാ ഞായറാഴ്ചകളിലെ പതിവനുസരിച്ച് വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. ത്രികാല പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ വിശുദ്ധ പത്രോസിൻറെ നാമത്തിലുള്ള ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്നു. പാപ്പാ റോമിലെ സമയം ഉച്ചയ്ക്ക് 12 മണിയ്ക്ക് ത്രികാല പ്രാർത്ഥന നയിക്കുന്നതിനായി, ആ സമയത്തിന് അല്പം മുമ്പ്, അരമനയുടെ പതിവു ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദരവങ്ങളും ഉയർന്നു. പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ സാധാരണ ചെയ്യാറുള്ളതുപോലെ, ഒരു വിചിന്തനം നടത്തി. ഈ ഞായറാഴ്ച (22/08/21) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, യോഹന്നാൻറെ സുവിശേഷം അദ്ധ്യായം 6,60-69 വരെയുള്ള വാക്യങ്ങൾ, അതായത്, യേശുവിൻറെ വാക്കുകൾ ദുർഗ്രാഹ്യങ്ങളായി കണ്ട അനേകർ അവിടത്തെ വിട്ടു പോകുന്നതും എന്നാൽ പത്രോസ് “കർത്താവേ, നിത്യജീവൻറെ വചനങ്ങൾ നിൻറെ പക്കലുണ്ട്, നീയാണ് ദൈവത്തിൻറെ പരിശുദ്ധൻ എന്ന് ഞങ്ങൾ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു” എന്നു പ്രഖ്യാപിക്കുന്നതുമായ സുവിശേഷ ഭാഗം ആയിരുന്നു പാപ്പായുടെ പരിചിന്തനത്തിന് അവലംബം. ഇറ്റാലിയൻ ഭാഷയിലായിരുന്ന തൻറെ വിചിന്തനം പാപ്പാ ആരംഭിച്ചത് ഇപ്രകാരമാണ്:

പാപ്പായുടെ പ്രഭാഷണത്തിൻറെ പരിഭാഷ

പിന്തിരിയുന്ന ജനങ്ങളും വിശ്വാസം പ്രഖ്യാപിക്കുന്ന പത്രോസും  

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഇന്നത്തെ ആരാധനാക്രമത്തിൽ സുവിശേഷം (യോഹന്നാൻ 6:60-69) നമുക്കു കാണിച്ചുതരുന്നത് യേശു അപ്പം വർദ്ധിപ്പിച്ച അത്ഭുതത്തിനുശേഷം അവിടത്തെ പ്രസംഗത്തോടുള്ള ജനക്കൂട്ടത്തിൻറെയും ശിഷ്യന്മാരുടെയും പ്രതികരണം ആണ്. ആ അടയാളം വ്യാഖ്യാനിക്കാനും സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവൻറെ അപ്പമായ തന്നിൽ വിശ്വസിക്കാനും യേശു ക്ഷണിച്ചു; താൻ നൽകുന്ന അപ്പം തൻറെ മാംസവും രക്തവുമാണെന്ന് അവിടന്ന് വെളിപ്പെടുത്തി. ഈ വാക്കുകൾ ജനത്തിൻറെ ശ്രവണപുടങ്ങൾക്ക് കഠിനവും ദുർഗ്രാഹ്യവുമായി തോന്നുന്നു, ആ നിമിഷം മുതൽ - സുവിശേഷം പറയുന്നു – അവൻറെ ശിഷ്യന്മാരിൽ പലരും പിന്തിരിയുന്നു, അതായത്, ഗുരുവിനെ പിന്തുടരുന്നതിൽ നിന്ന് പിന്മാറുന്നു (യോഹന്നാൻ-6, വാക്യങ്ങൾ 60,66). അപ്പോൾ യേശു പന്ത്രണ്ടു ശിഷ്യന്മാരോടുമായി ചോദിക്കുന്നു: "നിങ്ങൾക്കും പോകണോ?" (വാക്യം 67), ആ ശിഷ്യഗണത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് പത്രോസ് അവിടത്തോടൊപ്പമായിരിക്കാനുള്ള തീരുമാനം സ്ഥിരീകരിക്കുന്നു: «കർത്താവേ, ഞങ്ങൾ ആരുടെ അടുത്തേക്ക് പോകും? നിത്യജീവൻറെ വാക്കുകൾ നിൻറെ പക്കലുണ്ട്, നീയാണ് ദൈവത്തിൻറെ പരിശുദ്ധൻ എന്ന് ഞങ്ങൾ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നു "(യോഹന്നാൻ 6,68-69). അത് മനോഹരമായൊരു വിശ്വാസ പ്രഖ്യാപനം ആണ്.

പിന്തിരിയുകയും ഇനി യേശുവിനെ പിന്തുടരേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തവരുടെ മനോഭാവത്തെക്കുറിച്ച് നമുക്ക് ഹ്രസ്വമായി ഒന്നു ചിന്തിക്കാം. ഈ അവിശ്വാസത്തിൻറെ ഉത്ഭവം എന്തിൽ നിന്നാണ്? ഈ തിരസ്കരണത്തിനു നിദാനമെന്ത്?

യേശുവചനത്തിൻറെ ദുർഗ്രാഹ്യത

യേശുവിൻറെ വാക്കുകൾ വലിയ ഒരു പ്രകോപനമുളവാക്കുന്നു: ദൈവം സ്വയം പ്രത്യക്ഷപ്പെടാനും മനുഷ്യ ശരീരത്തിൻറെ ബലഹീനതയിൽ രക്ഷ സാക്ഷാത്കരിക്കാനും തിരുമനസ്സായി എന്നാണല്ലൊ അവൻ പറയുന്നത്. അതാണ് മനുഷ്യാവതാരരഹസ്യം. ദൈവത്തിൻറെ മനുഷ്യാവതാരമാണ് ഉതപ്പിനു കാരണം, ആ ജനത്തിന്, പലപ്പോഴും നമുക്കും, ഒരു പ്രതിബന്ധമായി നല്ക്കുന്നത് അതാണ്. വാസ്തവത്തിൽ യേശു ഉറപ്പിച്ചു പറയുന്നത് നിത്യജീവദായകമായ രക്ഷയുടെ യഥാർത്ഥ അപ്പം സ്വന്തം മാംസം ആണെന്നാണ്; ദൈവവുമായുള്ള സംവേദനക്ഷമത ഉണ്ടാകുന്നതിന്, നിയമപാലനത്തിനൊ മതപരമായ അനുശാസനകൾ പൂർത്തീകരിക്കുന്നതിനൊ മുമ്പ് അവിടന്നുമായി യഥാർത്ഥവും സമൂർത്തവുമായ ഒരു ബന്ധം ജീവിക്കേണ്ടത് ആവശ്യമാണ്. കാരണം, രക്ഷ കൈവന്നത് അവിടന്ന് വഴിയാണ്, അവിടത്തെ മനുഷ്യാവതാരത്തിലൂടെയാണ്. ഇതിനർത്ഥം നാം ദൈവത്തെ സ്വപ്നങ്ങളിലും മാഹാത്മ്യത്തിൻറെയും ശക്തിയുടെയുമായ ചിത്രങ്ങളിലുമല്ല പിന്തുടരേണ്ടത്, പ്രത്യുത, യേശുവിൻറെ മാനവികതയിൽ, തദ്വാര, നാം വഴികളിൽ കണ്ടുമുട്ടുന്ന സഹോദരീസഹോദരങ്ങളിൽ അവിടത്തെ തിരിച്ചറിയണം എന്നാണ്. ദൈവം മാംസമായി. തിരുപ്പിറവിദിനത്തിലും, മംഗളവാർത്താ ദിനത്തിലും, വിശ്വാസപ്രമാണത്തിൽ, ഇത് പറയുമ്പോൾ, നാം മനുഷ്യാവതാരരഹസ്യത്തെ ആരാധിക്കാൻ മുട്ടുകുത്തുകയാണ്. ദൈവം മാംസവും രക്തവും ആയിത്തീർന്നു: നമ്മെപ്പോലെ ഒരു മനുഷ്യനായിത്തീരത്തക്കവിധം അവിടന്ന് തന്നെത്തന്നെ താഴ്ത്തി, നമ്മുടെ കഷ്ടപ്പാടുകളും പാപവും സ്വയം ഏറ്റെടുക്കുന്നതുവരെ സ്വയം അപമാനിതനായി, അതിനാൽ അവിടത്തെ അന്വേഷിക്കാൻ ദൈവം ആവശ്യപ്പെടുന്നു, ഈ അന്വേഷണം, ജീവിതത്തിനും ചരിത്രത്തിനും പുറത്തല്ല, മറിച്ച് ക്രിസ്തുവുമായും സഹോദരങ്ങളുമായുമുള്ള ബന്ധത്തിൽ. ജീവിതത്തിൽ, ചരിത്രത്തിൽ, നമ്മുടെ ദൈനംദിന ജീവിതത്തിൽ അവിടത്തെ തിരയുക. സഹോദരീ സഹോദരന്മാരേ, ഇതാണ് ദൈവത്തെ കണ്ടുമുട്ടാനുള്ള മാർഗ്ഗം: ക്രിസ്തുവുമായും സഹോദരങ്ങളുമായുമുള്ള ബന്ധം.

സുവിശേഷത്തിൻറെ "ഭോഷത്തം"

ഇന്നും യേശുവിൻറെ മാനവികതയിൽ ദൈവത്തിൻറെ ആവിഷ്കാരം അപവാദത്തിന് ഇടയാക്കും, അത് അംഗീകരിക്കുക അത്ര എളുപ്പമല്ലതാനും. അതിനെയാണ് വിശുദ്ധ പൗലോസ്, അത്ഭുതങ്ങൾ അല്ലെങ്കിൽ ലൗകിക ജ്ഞാനം തേടുന്നവരുടെ മുന്നിൽ സുവിശേഷത്തിൻറെ "ഭോഷത്തം" (1കോറിന്തോസ്1:18-25) എന്ന് വിളിക്കുന്നത്. ഈ "ഉതപ്പ്" ദിവ്യകാരുണ്യ കൂദാശയാൽ നന്നായി പ്രതിനിധാനം ചെയ്യപ്പെടുന്നുണ്ട്: ലോകദൃഷ്ടിയിൽ ഒരു കഷണം അപ്പത്തിനു മുന്നിൽ മുട്ടുകുത്തുന്നതിന് എന്ത് അർത്ഥമുണ്ട്? എന്തുകൊണ്ടാണ് ഈ അപ്പം തീക്ഷ്ണതയോടെ ഭക്ഷിക്കാത്തത്? ലോകത്തിന് ഉതപ്പാണ്.

നമ്മെ പ്രതിസന്ധിയിലാക്കുന്ന യേശു 

അഞ്ച് അപ്പവും രണ്ട് മത്സ്യവും കൊണ്ട് ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം നൽകുന്ന യേശുവിൻറെ അത്ഭുതപ്രവർത്തികണ്ട് സകലരും അവിടത്തെ പ്രകീർത്തിക്കുന്നു, അവിടത്തെ ജേതാവായി കൊണ്ടുനടക്കാൻ, രാജാവാക്കാൻ അവർ ആഗ്രഹിക്കുന്നു. പക്ഷേ, തൻറെ പ്രവർത്തി തൻറെ യാഗത്തിൻറെ, അതായത് ജീവൻറെ, തൻറെ മാംസരക്തങ്ങളുടെ ദാനത്തിൻറെ അടയാളമാണെന്നും, അവനെ പിന്തുടരാൻ ആഗ്രഹിക്കുന്നവൻ തന്നെ, ദൈവത്തിനും മറ്റുള്ളവർക്കും വേണ്ടി ദാനമാക്കപ്പെട്ട മാനവികതയെ സ്വാംശീകരിക്കണമെന്നും അവിടന്നു തന്നെ വ്യക്തമാക്കുമ്പോൾ അത് അവർക്ക് ഇഷ്ടപ്പെടുന്നില്ല, ഈ യേശു നമ്മെ പ്രതിസന്ധിയിലാക്കുന്നു. വാസ്തവത്തിൽ, അത് നമ്മെ പ്രതിസന്ധിയിലാക്കുന്നില്ലെങ്കിൽ നാം ആശങ്കപ്പെടണം, കാരണം, ഒരുപക്ഷേ നാം അവിടത്തെ സന്ദേശത്തിൽ വെള്ളം ചേർത്തുകാണും!

 

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം

അവിടത്തെ "നിത്യജീവൻറെ വാക്കുകൾ" നമ്മെ ഉണർത്താനും നമ്മെ പരിവർത്തനം ചെയ്യാനും അനുവദിക്കുന്നതിനുള്ള കൃപ നമുക്ക് യാചിക്കാം. പുത്രനായ യേശുവിനെ ശരീരത്തിൽ സംവഹിക്കുകയും അവിടത്തെ യാഗത്തിൽ ഒന്നുചേരുകയും ചെയ്ത പരിശുദ്ധ മറിയം, നമ്മുടെ വിശ്വാസത്തിന് എപ്പോഴും സമൂർത്ത ജീവിതത്തിലൂടെ സാക്ഷ്യം വഹിക്കാൻ നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

സമാപനാഭിവാദ്യങ്ങൾ

ആശീർവ്വാദാനന്തരം പാപ്പാ, ത്രികാലപ്രാർത്ഥനയിൽ സംബന്ധിച്ച റോമാക്കാരായ വിശ്വാസികളെയും വിവിധ രാജ്യക്കാരായ തീർത്ഥാടകരെയും അഭിവാദ്യം ചെയ്തു. ചത്വരത്തിൽ കണ്ട വിവിധ നാടുകളുടെ പതാകകൾ പല രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്നതിനെക്കുറിച്ചു പാപ്പാ സൂചിപ്പിച്ചു. പ്രാർത്ഥനയിൽ പങ്കുകൊണ്ട യുവതീയുവാക്കളുടെ സംഘങ്ങളെ പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു. ഒത്തൊരുമിച്ച് ദീർഘദൂരം താണ്ടിയ അനുഭവം അവരിൽ പലർക്കും ഉണ്ടെന്ന വസ്തുത അനുസ്മരിച്ച പാപ്പാ ഇത് സുവിശേഷസരണിയിൽ മുന്നേറാൻ സഹായകമാകട്ടെയെന്ന് ആശംസിച്ചു.

ത്രികാലപ്രാര്‍ത്ഥനാപരിപാടിയുടെ അവസാനം പാപ്പാ എല്ലാവർക്കും നല്ലൊരു ഞായർ ആശംസിച്ചു. തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിച്ച പാപ്പാ എല്ലാവ‍ര്‍ക്കും നല്ലൊരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകൾ വീശി ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.
 

23 August 2021, 12:22

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >