തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ സന്ദേശം നല്‍കുന്നു.   ഫ്രാന്‍സിസ് പാപ്പാ സന്ദേശം നല്‍കുന്നു.  

"ക്രിസ്തു ജീവിക്കുന്നു”:പുരോഹിത മേധാവിത്വം

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 98ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

മൂന്നാം അദ്ധ്യായം

നിങ്ങൾ ദൈവത്തിന്റെ "ഇപ്പോൾ" ആകുന്നു

മൂന്നാമത്തെ അദ്ധ്യായം ഇന്നത്തെ യുവജനങ്ങളുടെ അവസ്ഥ വിവരിക്കുന്നു: അനേകം യുവജനങ്ങൾ പ്രത്യയശാസ്ത്രങ്ങളാൽ പിടിക്കപ്പെടുന്നു. മറ്റുള്ളവരെ നശിപ്പിക്കാനോ ഭയപ്പെടുത്താനോ പരിഹസിക്കാനോ അവരെ ഉപയോഗിക്കുന്നു. അവരിൽ അനേകർ വ്യക്തി പ്രാധാന്യവാദികളായി തീരുന്നു. മറ്റുള്ളവരോടു ശത്രുതയോ അവിശ്വസ്ഥതയോ കാണിക്കുന്നു. അവർ അങ്ങനെ രാഷ്ടീയ ഗ്രൂപ്പുകളുടേയും സാമ്പത്തിക ശക്തികളുടേയും മൃഗീയവും നാശോന്മുഖവുമായ തന്ത്രങ്ങൾക്ക് എളുപ്പമുള്ള ലക്ഷ്യമായി തീരുന്നു. കുടിയേറ്റക്കാരുടെ നിസ്സഹായത, ദുരുപയോഗിക്കപ്പെട്ട ഇരകൾ എന്നിങ്ങനെയുള്ള കറുത്ത പാടുകൾക്ക് മദ്ധ്യേയും തന്റെ സഭയെ ഒരിക്കലും ഉപേക്ഷിക്കാത്ത കർത്താവായ യേശുവിലേക്ക് ഈ അദ്ധ്യായം വിരൽചൂണ്ടുന്നു.

98. പുരോഹിത മേധാവിത്വം

പല രൂപങ്ങളിൽ ദുരുപയോഗം നടക്കുന്നുണ്ട്. അധികാരദുർവിനിയോഗം, മനസ്സാക്ഷിയുടെ സ്വാധീനിക്കൽ, ലൈംഗികവും സാമ്പത്തികവുമായ മുതലെടുപ്പുകൾ. ഇതെല്ലാം സാധ്യമാക്കുന്ന വിധത്തിലുള്ള അധികാരപ്രയോഗം, വ്യക്തമായിട്ടും നിർമ്മൂലമാക്കപ്പെടേണ്ടതാണ്. ഉത്തരവാദിത്വരഹിതമായും സുതാര്യത ഇല്ലാത്ത വിധവും പല കേസുകളും കൈകാര്യം ചെയ്യപ്പെട്ടിട്ടുള്ളത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. മേൽക്കോയ്മയ്ക്കുള്ള ആഗ്രഹവും, സംവാദത്തിന്റെയും സുതാര്യതയുടെയും അഭാവവും, ജീവിതത്തിന്റെ ഇരട്ടത്താപ്പും, ആദ്ധ്യാത്മിക ശുഷ്കതയും വൈകാരിക ബലഹീനതയുമുള്ളിടത്താണ് അഴിമതി തഴച്ചുവളരുന്നത്. പുരോഹിത മേധാവിത്വം വൈദികരെ സംബന്ധിച്ചിടത്തോളം നിരന്തരമായ പ്രലോഭനമാണ്. തങ്ങൾ സ്വീകരിച്ചിട്ടുള്ള ശുശ്രൂഷയെ സ്വതന്ത്രവും ഔദാര്യ പൂർവ്വകവുമായ സേവനാവസരമായി കാണുന്നതിനു പകരം, അധികാരപ്രയോഗത്തിനുള്ള സന്ദർഭമായി ഇത് കണക്കാക്കുന്നു. എല്ലാ പ്രശ്നങ്ങൾക്കും ഉത്തരമുള്ള ഒരു ഗണമാണ് നാമെന്ന് ചിന്തിക്കാനിടയാകുന്നു. തത്ഫലമായി ആർക്കെങ്കിലും ചെവി കൊടുക്കാനോ എന്തെങ്കിലും പഠിക്കാനോ നമുക്കാവശ്യമില്ല എന്ന് ചിന്തിക്കാനിടയാകുന്നു. അത്തരത്തിലുള്ള പുരോഹിത മേധാവിത്വം, സമർപ്പിത വ്യക്തികളുടെ വിശുദ്ധമായവയോടുള്ള ആദരവും, ഓരോ വ്യക്തിയുടെയും അന്യാധീനപ്പെടുത്താനാവാത്ത മൂല്യവും, അവന്റെയോ അവളുടെയോ സ്വാതന്ത്ര്യവും സംശയമെന്യേ കുറച്ചുകാണാനിടയാക്കുന്നു. (കടപ്പാട്. Carmel International Publishing House).

ദുരുപയോഗം

സഭയിലും സമൂഹത്തിലും അനേകതരം ദുരുപയോഗം നടക്കുന്നു. മനുഷ്യനും പ്രകൃതിയും എന്തിനു ദൈവനാമം പോലും ദുരുപയോഗിക്കപ്പെടുന്നു എന്നത് ദുഃഖകരമായ ഒരു യാഥാർത്ഥ്യമാണ്. ഇന്ന് സഭ അഭിമുഖീകരിക്കുന്ന വെല്ലുവിളികളിൽ ഏറ്റവും വലിയ ഒരു വെല്ലുവിളിയാണ് പ്രായപൂർത്തിയാകാത്തവരുടെ നേരെയും ബലഹീനരുടെ നേരെയും  വൈദീകരും, സന്യസ്തരും, സഭാംഗങ്ങളും നടത്തിയ  ലൈംഗിക ദുരുപയോഗങ്ങൾ. കൂടാതെ, ലൈംഗികമായി മാത്രമല്ല അധികാര ദുർവിനിയോഗം  ചെയ്തുകൊണ്ടും സാമ്പത്തികമായ ലക്ഷ്യങ്ങൾ മുൻനിർത്തിയും തങ്ങൾ സ്വീകരിച്ചിരിക്കുന്ന വിളിയുടെ തന്നെ മാഹാത്മ്യത്തെ നശിപ്പിക്കുന്ന ഇടയന്മാരുടെ അധഃപതനവും അജഗണങ്ങളെ സാരമായി ബാധിക്കുന്നു എന്നത് ഒരിക്കലും നിഷേധിക്കാനാവാത്ത മറ്റൊരു ഘടകമാണ്. ഈ സാഹചര്യത്തെ വ്യക്തമായി മനസ്സിലാക്കിയ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ  വൈദിക ജീവിതത്തിന്റെ മഹത്വത്തെക്കുറിച്ചും അതിന്റെ ദൗത്യത്തെ കുറിച്ചും മനോഹരമായി പല അവസരങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്.

സഭയിൽ നടക്കുന്ന പലതരത്തിലുള്ള ദുരുപയോഗങ്ങളെക്കുറിച്ചാണ് ഈ ഖണ്ഡികയിൽ ഫ്രാൻസിസ് പാപ്പാ പരാമർശിക്കുന്നത്. അധികാരസ്ഥാനത്തുള്ളവർ തങ്ങളുടെ അധികാരം ദുർവിനിയോഗം ചെയ്യുന്നതും അതുപയോഗിച്ച് സ്വാധീനിക്കുന്നതും മാനസീകമായും ശാരീരികമായും ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നതും തുടങ്ങി വിവിധ തരം ദുരുപയോഗങ്ങളുടെ ഒരു നീണ്ടനിര തന്നെ ഇവിടെ ഫ്രാൻസിസ് പാപ്പാ എടുത്തു പറയുന്നുണ്ട്. എന്നാൽ ഈ ദുരന്തങ്ങൾക്കെല്ലാം കാരണമാകുന്ന ഒരു തിന്മയുണ്ട്. അഭിഷിക്തരും സമർപ്പിതരും സഭാ സേവകരും അവരുടെ സേവനത്തിനുള്ള സമർപ്പണത്തെ സ്വാർത്ഥലാഭത്തിനായി ഉപയോഗിക്കുമ്പോൾ സംഭവിക്കാവുന്ന വലിയ ഒരു വീഴ്ച. വളരെ കാര്യമായി പരിശുദ്ധ പിതാവ് പരാമർശിക്കുന്ന ആ തിന്മയെന്തെന്ന് ഇന്ന് നമുക്കൊന്ന് നോക്കാം.

 പുരോഹിത മേധാവിത്വവും എതിർ സാക്ഷ്യവും

മതപുരോഹിത ഗണത്തിന്റെ അധികാരം നിലനിർത്താനും വിപുലമാക്കാനുമുള്ള പ്രണതയെ നമുക്ക് പുരോഹിത മേധാവിത്വം എന്ന് വിളിക്കാം. അഭിഷേകത്തിന്റെയും അധികാരത്തിന്റെയും ബലത്തിൽ തങ്ങൾക്ക് എല്ലാം അറിയാം എന്ന ഭാവവും പേറി ആരുടേയും മുന്നിൽ തല കുനിക്കാതെ, എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം തങ്ങളുടെ കൈകളിലുണ്ടെന്ന് കരുതുന്ന ഒരു തരം മനോഭാവമാണിത്. ഇത്തരം സമർപ്പിതർ മനുഷ്യരുടെ മുന്നിൽ കച്ചമുറുക്കി പാദം കഴുകാനിറങ്ങിയ നിത്യ പുരോഹിതനായ ക്രിസ്തുവിന്റെ പൗരോഹിത്യ മാതൃകയിൽ നിന്നും എത്ര അകന്നു നിൽക്കുന്നു എന്ന് വിചിന്തനം ചെയ്യേണ്ട ആവശ്യകതയെയാണ് ഫ്രാൻസിസ് പാപ്പയുടെ "ക്രിസ്തു ജീവിക്കുന്നു” എന്ന അപ്പോസ്തോലിക പ്രബോധനത്തിന്റെ 98ആം ഖണ്ഡികയിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

പൗരോഹിത്യ മേധാവിത്വവും അതുമൂലം സഭ നൽകുന്ന വിപരീത സാക്ഷ്യവും പല പ്രാവശ്യം ഫ്രാൻസിസ് പാപ്പയുടെ പരാമർശങ്ങൾക്കു വിധേയമായിട്ടുള്ളതാണ്. ഒരു പക്ഷേ സഭയ്ക്കുള്ളിൽ തന്നെയുള്ള ശുദ്ധീകരണ പ്രക്രിയയിൽ ഫ്രാൻസിസ് പാപ്പായെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചിട്ടുള്ള ഒരു തിന്മയും കൂടിയാണിത്.

പൗരോഹിത്യസ്ഥാപനത്തിന്റെ ദിനമായ പെസഹാ വ്യാഴാഴ്ച 2019 ഏപ്രിൽ പതിനെട്ടാം തിയതി വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലിമധ്യേ പാപ്പാ നൽകിയ വചന സന്ദേശത്തിൽ പൗരോഹിത്യ മേധാവിത്വത്തെക്കുറിച്ച് വളരെ വിശദമായി തന്നെ പറയുന്നുണ്ട്.  പൗരോഹിത്യം ആവശ്യപ്പെടുന്ന സേവനത്തിന് പകരം വ്യക്തിപരമായ സുഖസൗകര്യങ്ങൾ സ്ഥാപിക്കാനും വിപുലപ്പെടുത്തുവാനുമുള്ള ആഗ്രഹത്തിലാണ് പൗരോഹിത്യ മേധാവിത്വത്തിന്റെ വേരുകൾ നട്ടുപിടിപ്പിക്കപ്പെടുന്നതെന്നും വൈദികർ ജനങ്ങൾക്ക് പകരം തങ്ങളുടെ സുരക്ഷിതത്വത്തെ അന്വേഷിക്കുമ്പോൾ അത് വേരുറപ്പിക്കുന്നു എന്നും  ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

ജനങ്ങളെ പരിപാലിക്കുക

സുവിശേഷത്തിലെ അപ്പം വർദ്ധിപ്പിക്കുന്ന അത്ഭുതരംഗം ഉദാഹരണമാക്കി ആ സന്ദർഭത്തിൽ വിശന്നു പൊരിഞ്ഞു നിന്ന ജനക്കൂട്ടത്തെ പറഞ്ഞയ്ക്കാൻ ശിഷ്യർ കാണിക്കുന്ന ധൃതിയെയും എന്നാൽ യേശുവിന്റെ കണ്ണുകൾ കണ്ട ഒട്ടിയ വയറിന്റെയും കഥ പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ പുരോഹിത മേധാവിത്വത്തിന്റെ തുടക്കം വിശദീകരിച്ചത്. ജനങ്ങളെ പറഞ്ഞയക്കുവാൻ തിടുക്കം കാണിച്ച ശിഷ്യന്മാരുടെ മനോഭാവം ചൂണ്ടിക്കാണിച്ച പാപ്പാ ജനങ്ങളെ കുറിച്ച് യാതൊരു ആശങ്കയും ഇല്ലാതെ ഭക്ഷണവും, വ്യക്തിപരമായ സുഖസൗകര്യവും ഉറപ്പുവരുത്താനുള്ള ശിഷ്യന്മാരുടെ ത്വര എടുത്തു പറഞ്ഞു. എന്നാൽ ജനങ്ങളെ പരിപാലിക്കുക എന്ന ദൗത്യത്തിലേക്കാണ് യേശു അവരെ തിരികെ നയിച്ചതെന്നും വിശദീകരിച്ചു.

അധികാരത്തെയും പദവിയെയും കുറിച്ചുള്ള ഒരു പുരോഹിതന്റെ ആശങ്ക ഇരട്ട ജീവിതം നയിക്കുന്നതിനും പൗരോഹിത്യത്തെ ദുരുപയോഗം ചെയ്യുന്നതിനും ഇsയാക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ വ്യക്തമാക്കി. സാധാരണ ജനങ്ങളുമായി താദാത്മ്യം പ്രാപിക്കാനും, അവരെ ശുശ്രൂഷിക്കാനും ഇറങ്ങുമ്പോൾ ഓരോ പുരോഹിതന്റെയും പൗരോഹിത്യവും സജീവമായി ലോകത്തിൽ പ്രകാശിക്കും എന്നും മറ്റുള്ളവരെ തൈലം പൂശി സൗഖ്യമാക്കാൻ വിളിക്കപ്പെട്ട  ഒരു പുരോഹിതൻ തന്റെ വിളി യഥാർത്ഥത്തിൽ ജീവിക്കാൻ പരിശ്രമിക്കുമ്പോൾ അർത്ഥശൂന്യത, ദുരുപയോഗം, ലൈംഗീകക്രൂരത എന്നിവയിൽനിന്ന് സുഖപ്പെടുന്നു എന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

കുപ്പിയിൽ അടച്ചിരിക്കുന്ന എണ്ണയുടെ വിതരണക്കാരല്ല പുരോഹിതർ മറിച്ച് ജനങ്ങളുടെ മുറിവുകളെയും, പാപങ്ങളെയും, വ്യഥകളെയും തൊടുന്നതിലൂടെ സ്വന്തം കൈകൾ മലിനമാക്കാൻ വിളിക്കപ്പെട്ടവരാണ് എന്നും പാപ്പാ ഊന്നിപ്പറഞ്ഞു. സ്വയം ദരിദ്രരാക്കാനും ദരിദ്രരായവരുടെ കൈകൾ തൊട്ടു അവരുടെ കണ്ണുകളിൽ കരുണയോടെ നോക്കാനും

ഓരോ പ്രഭാതത്തിലും എഴുന്നേറ്റ് സ്വയം കാണേണ്ടതിന്നു കാഴ്ച തരണമേ എന്ന് ബർത്തലോമിയായെ പോലെ പ്രാർത്ഥിക്കാനും പാപ്പാ പുരോഹിതരോടു ആവശ്യപ്പെട്ടു. സ്വന്തം പാപങ്ങളുടെ കണക്കെടുക്കുമ്പോൾ കവർച്ചക്കാരുടെ കൈകളിൽ പെട്ട് മുറിവേറ്റ് സഹായത്തിനായി കേഴുന്ന വഴിപോക്കനെ പോലെയും, അതിനുശേഷം നമ്മുടെ സ്വന്തം കൈകളാൽ മറ്റുള്ളവരോടു അനുകമ്പ കാണിക്കാൻ കഴിയുന്ന സമരിയാക്കാരനെ പോലെയും ആയിതീരേണ്ടവരാണ് പുരോഹിതർ എന്നും  പറഞ്ഞ പാപ്പാ അത്തരം പുരോഹിതർക്ക് എങ്ങനെ പുരോഹിത ആധിപത്യത്തിലൂടെ മറ്റുള്ളവരെ അടിച്ചമർത്തുന്നവരാകാൻ കഴിയും എന്ന് പറയാതെ പറഞ്ഞു വയ്ക്കുകയായിരുന്നു.

പൗരോഹിത്യ മേധാവിത്വത്തിന്റെ വിവിധ ലക്ഷണങ്ങൾ

പൗരോഹിത്യ മേധാവിത്വത്തിന്റെ വിവിധ ലക്ഷണങ്ങളും ഫ്രാൻസിസ് പാപ്പാ ഇവിടെ വ്യക്തമാക്കുന്നുണ്ട്. മേൽക്കോയ്മ സ്ഥാപിക്കാനുള്ള   ആഗ്രഹവും പരസ്പര സംവാദങ്ങളിൽ സുതാര്യത കൂടാതെ പലതും മറച്ചുവയ്ക്കുന്നതും ഉള്ളിൽ മറഞ്ഞിരിക്കുന്ന മേധാവിത്വത്തിന്റെ ലക്ഷണങ്ങളാണ് എന്ന് വെളിപ്പെടുത്തുന്നുണ്ട് ഫ്രാൻസിസ് പാപ്പാ. ജീവിതത്തിൽ  പുലർത്തുന്ന മൂല്യങ്ങളോടുള്ള ഇരട്ടത്താപ്പും വളരെ പ്രാധനപ്പെട്ട ഒരു മുന്നറിയിപ്പാണ്. എന്നാൽ ഏറ്റവും കൂടുതലായി ഇവയ്ക്കെല്ലാം അടിസ്ഥാനമിടുന്നത് ആധ്യാത്മീക ജീവിതത്തിൽ വരുന്ന വീഴ്ചകളും വൈകാരിക ബലഹീനതകളുമാണ് എന്ന് പാപ്പാ ചൂണ്ടിക്കാണിക്കുന്നു.

വൈദീകർ നേരിടുന്ന നിരന്തര പ്രലോഭനങ്ങളിൽ ഒന്നായി ഫ്രാൻസിസ് പാപ്പാ കാണുന്ന പുരോഹിത മേധാവിത്വം അവരിൽ സർവ്വവും അറിയുന്നവരാണ്, എല്ലാറ്റിനും പരിഹാരം തങ്ങളിലുണ്ടെന്ന ചിന്തയും, എല്ലാം തികഞ്ഞവരെന്നഭാവവും നിറയ്ക്കുന്നു. ഇത് അവരെ ജനങ്ങളിൽ നിന്നകറ്റുകയും ചെയ്യും. മാത്രമല്ല മറ്റുള്ളവരുടെ അന്തസ്സിനെ മാനിക്കാത്ത, അവരുടെ സ്വാതന്ത്രത്തിനു ഒട്ടും വിലകൊടുക്കാത്ത രീതികളിലേക്ക് നയിക്കുകയും ചെയ്യും. ജനങ്ങളിൽ നിന്ന് അങ്ങനെ സ്വയം ഒരു മറതീർക്കുന്നവർ പിന്നീട് തങ്ങളുടെ വൈകാരിക ബലഹീനതകളിൽ നിന്ന് മുക്തിനേടാനാവാതെ ബലഹീനരുടെ മേൽ ആധിപത്യം പുലർത്തി തങ്ങളെ തന്നെ സ്ഥാപിച്ചെടുക്കാൻ നടത്തുന്ന ശ്രമമാണ് മറ്റുള്ളവരുടെ മനസാക്ഷിയെ പോലും സ്വാധീനിച്ചുകൊണ്ടു അവരുടെമേൽ സാമ്പത്തികമായും, ലൈംഗീകമായും നടത്തുന്ന മുതലെടുപ്പുകൾ. ഇത് വാസ്തവത്തിൽ സഭയ്ക്ക് എത്രമാത്രം നാണക്കേടുവരുത്തിയിട്ടുണ്ടെന്നും, എത്രമാത്രം ദുർമാതൃകകൾ നല്കിയിട്ടിട്ടുണ്ടെന്നും, എത്ര വിശ്വസികളെ സഭയിൽ നിന്നും ക്രിസ്തുവിൽ നിന്ന് പോലും അകന്നു പോകാനും ജീവിതം തീരാ ദുരിതമാക്കിയെന്നും തിരിച്ചറിഞ്ഞതുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ ഇവയ്കെതിരായ പോരാട്ടത്തിന് സഭാനവീകരണ പ്രക്രിയയിൽ വളരെയധികം പ്രാധാന്യം നൽകുന്നത്.

ജനങ്ങളെ പരിഗണിക്കുക

അതിനാൽ സമർപ്പിതരോടു പരിശുദ്ധപിതാവ് വളരെ വ്യക്തമായി പറയുന്നതു അവർ “പ്രവർത്തിക്കുന്ന പ്രദേശങ്ങളെയോ, അവരുടെ സംരക്ഷണ ചുമതല ഏൽപ്പിച്ച ജനങ്ങളെയോ പരിഗണിക്കാതെ സിദ്ധാന്തങ്ങൾ പ്രയോഗിക്കാൻ പോകരുത്” എന്നാണ് “ആടുകളുടെ ഗന്ധമുള്ള ഇടയന്മാരാകാൻ താ൯ ആഗ്രഹിക്കുന്നു” എന്നും അവരുടെ “ദൈനംദിന ആശങ്കകളിൽ ദൈവത്തെയും വ്യക്തികളെയും കേന്ദ്രീകരിക്കുന്നതിനായി” മുൻ‌കൂട്ടി നിശ്ചയിച്ച അവരുടെ “ആശയങ്ങൾ, മഹത്വത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ, സ്വയം-അവകാശവാദം എന്നിവയിൽ നിന്ന് സ്വയം ഒഴിഞ്ഞുനിൽക്ക”ണമെന്നും  ഒരുകൂട്ടം ഫ്രഞ്ച് വൈദീകർക്കു നൽകിയ കൂടിക്കാഴ്ചയിൽ സമർപ്പിതരായ എല്ലാവരെയും പാപ്പാ ഓർമ്മിപ്പിച്ചു.  വ്യക്തി മാഹാത്മ്യ വാദം, സ്വയം-അവകാശവാദം, നിസ്സംഗത എന്നീ വെല്ലുവിളികളെ നേരിടുകയും സുവിശേഷത്തിന്റെ വെളിച്ചത്തിൽ, ദൈവത്തിന്റെ അഭിരുചികൾ തനിക്കുചുറ്റും പ്രചരിപ്പിക്കുകയും അസ്വസ്ഥമായ ഹൃദയങ്ങളിലേക്ക് പ്രത്യാശ പകരുകയും ചെയ്യുന്ന മനുഷ്യ”രാകാനും ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു.

സഭയിൽ കാണുന്ന  ദുരുപയോഗങ്ങൾ ഉൻമൂലനം ചെയ്യാൻ ഏറ്റം അത്യാവശ്യമായതു വാസ്തവത്തിൽ വൈദീകരും സമർപ്പിതരും ക്രിസ്തുവിൽ വേരൂന്നി” ഹൃദയങ്ങൾ “നേടാൻ പ്രേരിപ്പിക്കുന്ന സന്തോഷം അനുഭവിക്കാനും” ഇക്കാലത്തെ “പ്രേക്ഷിതർ എന്ന നിലയിലുള്ള പ്രവർത്തനത്തിന്റെ ഉറവിടം പുരോഹിത സന്തോഷമാണ്” എന്നും  പാപ്പാ ഓർമ്മപ്പെടുത്തി.കൂടാതെ“പരിമിതികൾ, ബലഹീനതകൾ, കഷ്ടതകൾ എന്നിവയിൽ” “എപ്പോഴും സ്നേഹനിർഭരമായ ഒരു നോട്ടം നിങ്ങളുടെ മേൽ പതിക്കുകയും നിങ്ങൾക്ക് ആത്മവിശ്വാസം നൽകുകയും ചെയ്യുന്നു” എന്നത് മറക്കാതിരിക്കാനും നാഥന്റെ ആ നോട്ടത്തോടുള്ള കൃതജ്ഞത "നിരുത്സാഹം, ഏകാന്തത, പരീക്ഷണങ്ങൾ” എന്നിവയുടെ നിമിഷങ്ങളിൽ “പ്രതീക്ഷയുടെ ജ്വാല കത്തിക്കാൻ” ഇത് "എല്ലായ്പ്പോഴും ഒരു ശക്തമായ ആയുധമാണ്"  എന്നും ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു.

 

 

 

07 August 2021, 17:43