തീരത്തടിഞ്ഞ് കിടക്കുന്ന മാലിന്യവസ്തുക്കൾ... തീരത്തടിഞ്ഞ് കിടക്കുന്ന മാലിന്യവസ്തുക്കൾ...  

കടലിൽ പ്ലാസ്റ്റിക് വലിച്ചെറിയരുതെന്ന് ഫ്രാൻസിസ് പാപ്പാ

ഐക്യരാഷ്ട്രസഭയുടെ കണക്കുകളിൽ സമുദ്രജീവികൾക്ക് മരണകാരണമാവുകയും മനുഷ്യന്റെ ഭക്ഷണ ശ്രുംഖലയിലെത്തുകയും ചെയ്യുന്ന 8 ദശലക്ഷം ടൺ പ്ലാസ്റ്റിക്കാണ് സമുദ്രത്തിൽ ഓരോ വർഷവും എത്തിച്ചേരുന്നത്‌.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ജോലിക്കും ഉപജീവനത്തിനുമായി കടലിനെ ആശ്രയിക്കുന്ന എല്ലാവർക്കുമായി പ്രത്യേകം സമർപ്പിക്കപ്പെട്ട സമുദ്ര ഞായർ ( Sea Sunday) ആണ് ജൂലൈ 11 എന്ന് അനുസ്മരിച്ച പാപ്പാ വർഷം തോറും ആചരിക്കുന്ന സമുദ്ര ഞായർ കടൽ യാത്രക്കാർക്കും മൽസ്യബന്ധനം നടത്തുന്നവർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാനും നമ്മുടെ ജീവിതത്തിൽ അവർ വഹിക്കുന്ന സുപ്രധാന പങ്കിന് നന്ദി പറയാനും ഒത്തുചേരാനുള്ളതാണെന്ന് ഓർമ്മിപ്പിച്ചു.

കടലിനെയും അതിന്റെ ആവാസാവസ്ഥയെയും പരിപാലിക്കേണ്ടതിന്റെ പ്രധാന ആവശ്യകതയെക്കുറിച്ചും പാപ്പാ ഓർമ്മിപ്പിച്ചു. താൻ ചികിത്സയ്ക്കായെത്തിയ ജെമെല്ലി പോളിക്ലിനിക്കിൽ നിന്ന് ഞായറാഴ്ച പ്രക്ഷേപണം ചെയ്ത മധ്യാഹ്ന പ്രാർത്ഥനയിലാണ് തന്റെ പ്രാർത്ഥനയിൽ അവരെ ഓർക്കുന്നെന്നും എല്ലാവരോടും കടലിന്റെ ആരോഗ്യം ശ്രദ്ധിക്കാനും പ്ലാസ്റ്റിക്കുകൾ കടലിലേക്ക് വലിച്ചെറിയാതിരിക്കാനും പാപ്പാ ആവശ്യപ്പെട്ടത്.

എട്ട് ദശലക്ഷം ടൺ പ്ലാസ്റ്റിക് ഓരോ വർഷവും കടലിലെത്തുന്നു

ഐക്യരാഷ്ട്രസഭയുടെ കണക്കുകളിൽ സമുദ്രജീവികൾക്ക് മരണകാരണമാവുകയും മനുഷ്യന്റെ ഭക്ഷണ ശ്രുംഖലയിലെത്തുകയും  ചെയ്യുന്ന 8 ദശലക്ഷം ടൺ പ്ലാസ്റ്റിക്കാണ് സമുദ്രത്തിൽ ഓരോ വർഷവും എത്തിച്ചേരുന്നത്‌. കടലിന്റെയും സമുദ്രങ്ങളുടേയും പരിപാലനത്തെ സംബന്ധിക്കുന്ന ധാരാളം പരാമർശങ്ങൾ ഫ്രാൻസിസ് പാപ്പാ തന്റെ ചാക്രീക ലേഖനമായ "ലൗദാത്തൊസീ" യിൽ നടത്തിയിട്ടുണ്ട്. "സമുദ്രങ്ങളിൽ നമ്മുടെ ഗ്രഹത്തിന്റെ ജലവിതരണത്തിന്റെ ഭൂരിഭാഗം മാത്രമല്ല, ഇപ്പോഴും നമുക്കജ്ഞാതമായ വൈവിധ്യമാർന്ന പല ജീവജാലങ്ങളും അടങ്ങിയിരിക്കുന്നു. അവ പല കാരണങ്ങളാൽ ഭീഷണി നേരിടുകയാണ്. ഇത്തരം ഭീഷണി നേരിടുന്ന സമുദ്രജീവികളാണ് നാം അവഗണിക്കുന്ന പ്ലവകം (Plankton). അവ സമുദ്രഭക്ഷ്യ ശ്രംഖലയിലെ ഒരു സുപ്രധാന ഘടകത്തെ പ്രതിനിധീകരിക്കുന്നു. നമ്മുടെ ഭക്ഷണ ഇനങ്ങൾ അത്യന്തീകമായി അവയെ ആശ്രയിച്ചാണിരിക്കുന്നത്. ഉഷ്ണ-ഉപോഷ്ണമേഖലകളിലെ കടലുകളിൽ കരയിൽ കാണുന്ന വൻ വനങ്ങൾക്ക് തുല്യമായ പവിഴപുറ്റുകൾ നമുക്ക് കാണാം. ഇവ മൽസ്യങ്ങൾ, ഞണ്ടുകൾ, കല്ലിൻമേൽ കായ് (Molluscs), കടൽപഞ്ഞി (Sponge), കടൽ കളകൾ (Algae) തുടങ്ങി ഏകദേശം ഒരു ദശലക്ഷത്തോളം  ജൈവഇനങ്ങൾക്ക് അഭയം നൽകുന്നു. ലോകത്തിലെ പല പവിഴപ്പുറ്റുകളും ഇതിനകം തരിശ്ശാവുകയോ നിരന്തരമായ വിനാശം നേരിടുന്ന അവസ്ഥയിലോ ആയതിനാൽ കടലിന്റെ അൽഭുതലോകത്തെ വെള്ളത്തിനടിയിൽ നിറവും ജീവനും നഷ്ടപ്പെട്ട സിമിത്തേരികളാക്കി മാറ്റി " എന്ന് “ലൗദാത്തൊസീ” യുടെ 40 ഉം 41 ഉം ഖണ്ഡികയിൽ പാപ്പാ എഴുതുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 July 2021, 15:43