തിരയുക

സമാധാനത്തിനായുള്ള പ്രാർത്ഥന - ഫയൽ ചിത്രം സമാധാനത്തിനായുള്ള പ്രാർത്ഥന - ഫയൽ ചിത്രം 

ദൈവത്തിന്റെ സമാധാനപദ്ധതിയിൽ ലെബനോനിനൊപ്പം

സമാധാനത്തിനും, പ്രത്യാശയ്ക്കുമായുള്ള ലെബനോനിന്റെ നിലവിളിയിൽ പ്രാർത്ഥനയോടെ പങ്കുകാരാകാൻ ക്ഷണിച്ച് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ലെബാനോന് വേണ്ടി പ്രാർത്ഥിക്കാനായി വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ താൻ വിളിച്ചുകൂട്ടിയ പ്രാർത്ഥനാദിനത്തിൽ പറഞ്ഞ പ്രസംഗത്തിലാണ്, താൻ സന്ദർശിക്കാൻകൂടി ആഗ്രഹിക്കുന്ന ലെബാനോനിലെ ജനങ്ങൾക്കുവേണ്ടി കൂടുതൽ പ്രാർത്ഥിക്കാൻ പപ്പാ ആഹ്വാനം ചെയ്തത്. സാഹോദര്യത്തിന്റെയും അനുരഞ്ജനത്തിന്റെയും സമ്പൂർണ്ണ ഐക്യത്തിന്റെയും പാതയിൽ, സുവിശേഷത്തിന് സാക്ഷ്യം നൽകാൻ തങ്ങൾക്ക് പൂർണ്ണമായി സാധിക്കാത്തതിൽ ബസലിക്കയിൽ ഒരുമിച്ചുകൂടിയ എല്ലാ ക്രിസ്ത്യൻ സഭാനേതാക്കളുടെയും പേരിൽ പാപ്പാ ഖേദം പ്രകടിപ്പിച്ചു.

ലെബനൻ ഒരു ചെറിയ രാജ്യമാണ്, അതിന്റെ പ്രാധാന്യം വലുതാണെന്നും, ലെബനൻ എന്നത് മദ്ധ്യപൂർവ്വദേശത്തുനിന്ന് ഉയരുന്ന സാർവത്രിക സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് എന്നും പാപ്പാ എടുത്തുപറഞ്ഞു.

“എനിക്ക് നിങ്ങളെക്കുറിച്ച് ഒരു പദ്ധതിയുണ്ട് അത് നിങ്ങളുടെ നാശത്തിനുള്ളതല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണ്” (Ger, 29,11) എന്ന വിശുദ്ധഗ്രന്ഥഭാഗം ഉദ്ധരിച്ച മാർപ്പാപ്പാ ലെബനൻ സമാധാനത്തിന്റെ ഒരു പദ്ധതിതന്നെയാണെന്നും അങ്ങനെതന്നെ നിലനിൽക്കണമെന്നും ഓർമ്മിപ്പിച്ചു. ലെബനോൻ സഹിഷ്ണുതയുടെയും ബഹുസ്വരതയുടെയും നാടായിരിക്കണം എന്നും വിവിധ മതങ്ങളും വിശ്വാസങ്ങളും ഒത്തുചേരുന്ന ഒരു മരുപ്പച്ചയായി തുടരണമെന്നും, വ്യക്തിപരമായ താത്പര്യങ്ങളെക്കാൾ പൊതുനന്മയായിരിക്കണം എന്നും തങ്ങളുടെ ലക്‌ഷ്യം എന്നും ഉത്‌ബോധിപ്പിച്ചു. അധികാരത്തിലിരിക്കുന്നവർ സമാധാനത്തിനായി തങ്ങളുടെ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കണമെന്നും, സ്വാർത്ഥതാല്പര്യങ്ങൾ മാറ്റിവയ്ക്കണമെന്നും, ലെബനോനിനെയും മദ്ധ്യപൂർവ്വദേശങ്ങളെയും പ്രത്യേകതാല്പര്യങ്ങൾക്കും ലാഭങ്ങൾക്കുമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും, ലെബനോനിലെ അനാവശ്യ ബാഹ്യഇടപെടലുകൾ നിറുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങളുടെ പൂർവ്വികരുടെ പാതയിൽ സമാധാനത്തിനായി യത്നിക്കാൻ ലബനോൻ പൗരന്മാരെ ആഹ്വാനം ചെയ്ത പാപ്പാ, നീതി നടപ്പാക്കാതെ സമാധാനം ഉണ്ടാകില്ലെന്നും , ഇപ്പോഴത്തെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഉചിതമായ പരിഹാരം കണ്ടെത്തുവാൻ പരിശ്രമിക്കണമെന്നും ഓർമ്മിപ്പിച്ചു. ലെബനോനിന്റെ തകർച്ച ഇല്ലാതാക്കാനും അതിനെ വീണ്ടെടുക്കലിന്റെ പാതയിലൂടെ നടത്താനും അന്താരാഷ്ട്രസമൂഹം സംയുക്തമായി പരിശ്രമിക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു.

സമാധാനത്തിനായി അദ്ധ്വാനിക്കാൻ എല്ലാ ക്രിസ്ത്യാനികളെയും ആഹ്വാനം ചെയ്ത പാപ്പാ, മറ്റു മതസ്ഥരുടെ ഒരുമിച്ചുചേർന്ന് സാഹോദര്യവും സമാധാനവും വളർത്താൻ പരിശ്രമിക്കണമെന്നും ഓർമിപ്പിച്ചു.

യുവജനങ്ങൾ, ഇന്നിന്റെ ഇരുട്ടിൽ തെളിയുന്ന വിളക്കുകളാണെന്നും, നാളെയുടെ പ്രത്യാശയുടെ വെളിച്ചമാണ് അവരുടെ മുഖങ്ങളിൽ കാണുന്നതെന്നും പറഞ്ഞ ഫ്രാൻസിസ് പാപ്പാ, കണ്ണുനീരിൽ നിറഞ്ഞ കുട്ടികളുടെ ജീവിതം മനുഷ്യമനഃസാക്ഷിയെ ഉണർത്തണമെന്നും, ശരിയായ തീരുമാനങ്ങൾ എടുക്കാൻ എല്ലാവരെയും ഓർമ്മിപ്പിക്കണമെന്നും പറഞ്ഞു. സ്ത്രീകൾ ജീവന്റെയും പ്രത്യാശയുടെയും സൃഷ്ടാക്കളാണെന്ന് പറഞ്ഞ പപ്പാ, അവർ ബഹുമാനിക്കപ്പെടുകയും വിലമതിക്കുകയും ചെയ്യണമെന്നും, ലെബനോന്റെ തീരുമാനമെടുക്കൽ പ്രക്രിയകളിൽ ഉൾപ്പെടുകയും ചെയ്യണമെന്നും ആവശ്യപ്പെട്ടു.

സംഘർഷങ്ങൾ നിറഞ്ഞ രാത്രി അപ്രത്യക്ഷമാവുകയും പ്രത്യാശയുടെ ഒരു പ്രഭാതം ഉയിർത്തെഴുന്നേൽക്കുകയും, ശത്രുതകൽ അവസാനിച്ച്, അഭിപ്രായവ്യത്യാസങ്ങൾ മാറി സമാധാനത്തിന്റെ വെളിച്ചം പകരാൻ ലെബനോണ് സാധിക്കുകയും ചെയ്യട്ടെ എന്ന ആശംസയോടെയാണ് പാപ്പാ തന്റെ വാക്കുകൾ ഉപസംഹരിച്ചത്.

01 July 2021, 12:41