ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നമ്മുടെ വിശ്വാസം സംവർദ്ധകമാക്കാനും നമ്മെ സമാധാനത്തിൻറെ ഉപകരണമാക്കാനും വേണ്ടി മാർപ്പാപ്പാ പ്രാർത്ഥിക്കുന്നു.
ഇരുപത്തിയഞ്ചാം തീയതി ഞായറാഴ്‌ച (25/07/21), മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കും വേണ്ടിയുള്ള പ്രഥമ ലോകദിനം ആഗോളസഭാതലത്തിൽ ആചരിക്കുന്നതിനോടനുബന്ധിച്ച് വെള്ളിയാഴ്‌ച (23/07/21) ഈ ദിനാചരണത്തിൻറെ ഔദ്യോഗിക പ്രാർത്ഥനയായി ഇറക്കിയിരിക്കുന്ന വീഡിയൊ പ്രാർത്ഥനയിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ അപേക്ഷയുള്ളത്.
ഏകാന്തതയുടെ അവസരത്തിലും, സാമീപ്യത്തിലുടെ കർത്താവേകുന്ന സാന്ത്വനത്തിനും അവിടന്നേകിയ ദീർഘായുസ്സിനും കുടുംബത്തിനുമുള്ള നന്ദി പ്രകാശനത്തോടെ ആരംഭിച്ചിരിക്കുന്ന ഈ പ്രർത്ഥനയിൽ പാപ്പാ നമ്മെക്കാൾ കൂടുതൽ യാതനകളനുഭവിക്കുന്നവരെ സ്വീകരിക്കാൻ നമ്മെ പഠിപ്പിക്കുന്നതിനും കർത്താവിനോട് പ്രാർത്ഥിക്കുന്നു.
പകർച്ചവ്യാധിയുടെ കൊടുങ്കാറ്റു ശമിക്കുന്നതിനും ലോകത്തെ നവീകരിക്കുന്നതിനും വേണ്ടി പരിശുദ്ധാരൂപിയെ അയയ്ക്കാനും പാപ്പാ യാചിക്കുന്നു.
ബലഹീനതയിൽ താങ്ങായിരിക്കുന്നതിനും ലോകാന്ത്യം വരെ അനുദിനം കർത്താവ് കൂടെയുണ്ടെന്ന സുനിശ്ചിതത്വത്തിൽ ഓരോ നിമിഷവും അതിൻറെ പൂർണ്ണതയിൽ ജീവിക്കാനുള്ള അനുഗ്രഹമേകുന്നതിനും പാപ്പാ പ്രാർത്ഥിക്കുന്നു.
