ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഈ കാലഘട്ടത്തിൽ നാം അനുഭവിക്കുന്ന യാതനകളെക്കുറിച്ച് കർത്താവിനറിയാമെന്നും അവിടന്ന് നിസ്സംഗഭാവം പുലർത്തുന്നില്ലെന്നും മാർപ്പാപ്പാ.
ഈ വരുന്ന ഇരുപത്തിയഞ്ചാം തീയതി ഞായറാഴ്‌ച (25/07/21), മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കും വേണ്ടിയുള്ള പ്രഥമ ലോകദിനം ആഗോളസഭാതലത്തിൽ ആചരിക്കുന്നതിനോടനുബന്ധിച്ച് താൻ നല്കിയ സന്ദേശത്തിൽ നിന്ന് അടർത്തിയെടുത്ത്, വെള്ളിയാഴ്ച (25/06/2021) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.
പാപ്പാ തന്നെ ഏർപ്പെടുത്തിയ ഈ ദിനാചരണത്തിൻറെ വിചിന്തന പ്രമേയം “എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” (#IamWithYouAlways) എന്ന യേശുവചനം ഹാഷ്ടാഗായുള്ളതാണ് ഈ ട്വിറ്റർ സന്ദേശം.
അതിൽ പാപ്പാ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്:
“ഈ കാലഘട്ടത്തിൽ നാം അനുഭവിക്കുന്ന കഷ്ടപ്പാടുകളിൽ ഓരോന്നും കർത്താവ് അറിയുന്നു. ഒറ്റപ്പെടുത്തപ്പെട്ട് ഏകാന്തതയുടെ വേദനാജനകമായ അനുഭവത്തിലൂടെ കടന്നുപോകുന്നവരുടെ ചാരെ അവിടന്നുണ്ട്; പകർച്ചവ്യാധി ഉപരി തീവ്രതരമാക്കിത്തീർത്ത നമ്മുടെ ഏകാന്തതയെക്കുറിച്ച് കർത്താവ് നിസ്സംഗത പുലർത്തുന്നില്ല”.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Il Signore conosce ognuna delle nostre sofferenze di questo tempo. Egli è accanto a quanti vivono l’esperienza dolorosa di essere messi da parte; la nostra solitudine – resa più dura dalla pandemia – non gli è indifferente. #IamWithYouAlways
EN: The Lord is aware of all that we have been through in this time. He is close to those who felt isolated and alone, feelings that became more acute during the pandemic. He is not indifferent to this. #IamWithYouAlways.
