കർദ്ദിനാൾ  ലൌറന്റ് മൊൺസെങ്ക്വോ പാസിൻയാ... കർദ്ദിനാൾ ലൌറന്റ് മൊൺസെങ്ക്വോ പാസിൻയാ...  

കർദ്ദിനാൾ ലൌറന്റ് മൊൺസെങ്ക്വോ പാസിൻയായുടെ വിയോഗത്തിൽ പാപ്പാ അനുശോചനം അറിയിച്ചു

കർദ്ദിനാൾ ലൌറന്റ് മൊൺസെങ്ക്വോ പാസിൻയായുടെ വിയോഗത്തിന്റെ വാർത്തയറിഞ്ഞ് തന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടു കിൻഷാസായിലെ മെത്രാപ്പോലീത്താ കാർഡിനൽ ഫ്രീഡൊളിൻ അംബോംഗോയ്ക്കാണ് ഫ്രാൻസിസ് പാപ്പാ ടെലഗ്രാമയച്ചത്

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കർദ്ദിനാൾ  ലൗറെന്റിന്റെ കുടുംബാംഗങ്ങളെയും മറ്റു സഹായമെത്രാൻമാരേയും അദ്ദേഹത്തിന്റെ  രൂപതകളായിരുന്ന ഇനോംഗോ, കിസാംഗാനി, കിൻഷാസാ എന്നിവിടങ്ങളിലെ വിശ്വാസികളേയും തന്റെ  അനുശോചനം അറിയിക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു. ശാസ്ത്രത്തിന്റെയും ആത്മീയതയുടേയും മനുഷ്യനും ഇടയനും സഭയുടെ സേവനത്തിൽ അഗാധമായ സമർപ്പണത്തോടെ ജോലി ചെയ്യുകയും ചെയ്ത അദ്ദേഹത്തെ തന്റെ  സമാധാനത്തിലേക്കും വെളിച്ചത്തിലേക്കും സ്വീകരിക്കാൻ എല്ലാ കരുണയുടേയും പിതാവായ ദൈവത്തോടു യാചിക്കുന്നു എന്നും പാപ്പാ അറിയിച്ചു.

വിശ്വാസികളുടെ ആവശ്യങ്ങൾ അറിഞ്ഞ് ധൈര്യത്തോടും സ്ഥൈര്യത്തോടും കൂടെ തന്റെ  വൈദീക ജീവിതവും മെത്രാൻ പദവിയും വിനിയോഗിച്ച കർദ്ദിനാൾ മൊൺസെങ്ക്വോ വിശ്വാസത്തിന്റെ സാംസ്കാരീകാനുരൂപണത്തിനും ദരിദ്രർക്കായുള്ള തിരഞ്ഞെടുപ്പിലും ശ്രദ്ധേയനായിരുന്നു. നീതിയെയും സമാധാനത്തേയും ഐക്യത്തേയും പ്രണയിച്ച അദ്ദേഹം കോംഗോ റിപ്പബ്ളിക്കിലെ സമഗ്ര മനുഷ്യ വികസനത്തിൽ വഹിച്ച പങ്കും പാപ്പാ ഓർമ്മിച്ചു. രാഷ്ട്രത്തിലെ സഭാ, സാമൂഹ്യ രാഷ്ട്രീയ നേതൃത്വം ബഹുമാനിക്കുകയും ശ്രവിക്കുകയും ചെയ്യാൻ കാത്തിരുന്ന അദ്ദേഹത്തിന്റെ വാക്കുകളും പ്രവർത്തികളും എല്ലായിപ്പോഴും ജനതകൾ തമ്മിലുള്ള സംവാദത്തിനും അനുരഞ്ജനത്തിനും സമർപ്പിക്കപ്പെട്ടതായിരുന്നു. രാഷ്ട്രത്തിന്റെ പുരോഗതിക്ക് അദ്ദേഹം ചെയ്ത സംഭാവനകൾ വളരെ പ്രാധാന്യമർഹിക്കുന്നു എന്നും പാപ്പാ അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി. തന്റെ  വിശ്വസ്ഥ സഹകാരിയായിരുന്നു കൊണ്ടു ആഗോള സഭയ്ക്ക് നൽകിയ സംഭാവനകളെയും പാപ്പാ മറന്നില്ല.

ഒരു സമാശ്വാസത്തിന്റെ പ്രതീകമായി കർദ്ദിനാൾ ഫ്രിഡോളിനും , സഹായമെത്രാൻമാർക്കും, വൈദീകർക്കും, സമർപ്പിതർക്കും മരണമടഞ്ഞ കർദ്ദിനാൾ മൊൺ സെങ്ക്വോയുടെ ബന്ധുക്കൾക്കും ശവസംസ്കാര കർമ്മങ്ങളിൽ പങ്കുചേരുന്ന എല്ലാവർക്കും തന്റെ  അപ്പോസ്തലീകാശീർവ്വാദം നൽകി കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ  അനുശോചന സന്ദേശം അവസാനിപ്പിച്ചത് .കോംഗോയിൽ നിന്നുള്ള കർദ്ദിനാൾ ലൌറൻ്റ് മോൺസെങ്ക്വോ പാസിൻയാ കഴിഞ്ഞ ഞായറാഴ്ച ഫ്രാൻസിലെ  വെർസായിലെസിൽ നിര്യാതനായനായി. അദ്ദേഹത്തിന് 81വയസ്സായിരുന്നു. ജൂലൈ മുതൽ അസുഖം ബാധിച്ച് ഫ്രാൻസിൽ ആശുപത്രിയിലായിരുന്നു. ഒരു വിശുദ്ധഗ്രന്ഥ ദൈവശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം ബിബ്ളിക്കൂം പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡോക്ടറേറ്റ് നേടുന്ന ആദ്യത്തെ ആഫ്രിക്കക്കാരനായിരുന്നു. റോമൻ കൂരിയയുടെ നവീകരണത്തിനും സഭയുടെ ഭരണത്തിന് പാപ്പായെ സഹായിക്കാൻ ഫ്രാൻസിസ് പാപ്പാ രൂപീകരിച്ച കർദ്ദിനാൾമാരുടെ കൗൺസിലിൽ ഒരംഗവും കൂടിയായിരുന്നു കർദ്ദിനാൾ മോൺസെങ്ക്വോ. 2008 ൽ അദ്ദേഹം കൗൺസിൽ വിട്ട് കോംഗോയിലെ കിൻഷാസായിലെ മെത്രാപോലീത്തയായി തന്റെ  പ്രവർത്തനം നടത്തുകയായിരുന്നു. രാഷ്ട്രം ഭരിച്ചിരുന്ന ജോസഫ് കബീലായുടെ കീഴിൽ ഗുരുതരമായ രാഷ്ട്രീയ സാമൂഹീക പ്രതിസന്ധിയിലായിരുന്ന തന്റെ  രാജ്യമായ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ സമാധാനം പുന:സ്ഥാപിക്കുന്നതിന് സഭയെ മുൻനിരയിൽ നിന്ന് നയിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. തികഞ്ഞ വാഗ്മിയും സത്യസന്ധനുമായിരുന്ന അദ്ദേഹത്തിന്റെ  ധൈര്യമാർന്ന നേതൃത്വമാണ് കോംഗോയിൽ രാഷ്ട്രീയ മാറ്റങ്ങൾക്ക് വേണ്ടിയുള്ള നീക്കങ്ങളിൽ സഭയെ മുൻനിരയിൽ നയിച്ചിരുന്നത്.

1939 ൽ ജനിച്ച്‌ 1963ൽ വൈദീകനായ അദ്ദേഹത്തെ ജോൺ പോൾ രണ്ടാമൻ പാപ്പായാണ് 1980 ൽ മെത്രാനാക്കിയത്. പിന്നീട് 2010ൽ ബനഡിക്ട് പതിനാറാമൻ അദ്ദേഹത്തെ കർദ്ദിനാളായി ഉയർത്തി. ആഫ്രിക്കയുടെയും മഡഗാസ്കറിന്റെയും  മെത്രാൻ സമിതിയുടെ അദ്ധ്യക്ഷൻ തുടങ്ങി നിരവധി സ്ഥാനങ്ങൾ അലങ്കരിച്ച അദ്ദേഹം പാപ്പയുടെ സാന്നിധ്യത്തിൽ റോമൻ കൂരിയയിലെ 2012 ൽ  നോയമ്പ് കാല ധ്യാനം പ്രസംഗിച്ചിരുന്നു. 2013 ൽ അപ്പോസ്തലീക ഭരണഘടനയുടെ നവീകരത്തിനായുള്ള കർദ്ദിനാൾ സംഘത്തിലേക്ക് അദ്ദേഹത്തെ ഫ്രാൻസിസ് പാപ്പാ തിരഞ്ഞെടുത്തിരുന്നു. ഈ വരുന്ന ദിവസങ്ങളിൽ കർദ്ദിനാൾ  മോൺസെങ്ക്വോയുടെ ഭൗതികാവശിഷ്ടം കോംഗ ഡെമോക്രാറ്റിക് റിപ്പബ്ളിക്കിന്റെ തലസ്ഥാനമായ കാൻഷാസായിൽ കൊണ്ടുവന്ന് കത്തീഡ്രലിൽ സംസ്കരിക്കും.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 July 2021, 16:08