ജർമ്മനി, വെള്ളപ്പക്കത്തിൽ  ഒഴുകി ഒന്നിനുമേൽ ഒന്നായിക്കിടക്കുന്നനവാഹനങ്ങൾ, പ്രകൃതിദുരന്ത ദൃശ്യം  16/07/21 ജർമ്മനി, വെള്ളപ്പക്കത്തിൽ ഒഴുകി ഒന്നിനുമേൽ ഒന്നായിക്കിടക്കുന്നനവാഹനങ്ങൾ, പ്രകൃതിദുരന്ത ദൃശ്യം 16/07/21 

ജർമ്മനിയിൽ പ്രകൃതിക്ഷോഭം, പാപ്പായുടെ സാന്ത്വന സന്ദേശം!

പ്രളയദുരന്തത്തിൽ കേഴുന്ന ജർമ്മൻ ജനതയ്ക്കായി പാപ്പാ പ്രാർത്ഥിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കൊടുങ്കാറ്റും പേമാരിയും പ്രളയവും കനത്ത നാശം വിതച്ച ജർമ്മനിയിലെ ജനങ്ങളെ  പാപ്പാ തൻറെ ആദ്ധ്യാത്മിക സാന്നിദ്ധ്യം അറിയിക്കുന്നു.

ജർമ്മനിയുടെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രകൃതിദുരന്തത്തിൽ ഫ്രാൻസീസ് പാപ്പായുടെ വേദനയും സഹാനുഭൂതിയും അറിയിച്ചുകൊണ്ട് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ (Card. Pietro Parolin) ജർമ്മനിയുടെ പ്രസിഡൻറ്  ഫ്രാങ്ക് വാൾട്ടർ സ്റ്റയിൻമയറിന് (Frank-Walter Steinmeier) പാപ്പായുടെ നാമത്തിൽ ഒപ്പിട്ട് വ്യാഴാഴ്ച (15/07/21) അയച്ച സാന്ത്വന സന്ദേശത്തിലാണ് ഇതു കാണുന്നത്.

ഈ വെള്ളപ്പൊക്കം മൂലം കാണാതായവർക്കും മുറിവേറ്റവക്കും പ്രകൃതിദുരന്തത്തിൻറെ ഫലമായി വസ്തുവകകൾ നഷ്ടപ്പെട്ടവർക്കും വേണ്ടി പാപ്പാ പ്രത്യേകം പ്രാർത്ഥിക്കുന്നു.

വടക്കൻ റൈൻലാൻഡ്-വെസ്റ്റ്ഫാലിയ (Nordrhein-Westfalen) റൈൻ‌ലാൻ‌ഡ്-പാലറ്റിനേറ്റ് (Rheinland-Pfalz) എന്നിവിടങ്ങളിലുണ്ടായ അതിശക്തമായ കൊടുങ്കാറ്റിനെയും വെള്ളപ്പൊക്കത്തെയും സംബന്ധിച്ച വാർത്തയിൽ അതീവ ദുഃഖിതനായ പാപ്പാ  ഈ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരെ പ്രാർത്ഥനയിൽ പ്രത്യേകം ഓർക്കുന്നുവെന്നും അവരുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നുവെന്നും അടിയന്തിര രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ചാരെയും പാപ്പാ ആദ്ധ്യാത്മികമായി സന്നിഹിതനാണെന്നും ദൈവികസഹായവും സംരക്ഷണവും അപേക്ഷിക്കുന്നുവെന്നും കർദ്ദിനാൾ പരോളിൻ അറിയിക്കുന്നു.

വേനൽക്കാലമായിട്ടും ജർമ്മനിയിൽ പതിവിനു വിപരീതമായി 24 മണിക്കൂറിലേറെ തുടർച്ചയായി പെയ്തിറങ്ങിയ മഴ കനത്തതാണ് പലപ്രദേശങ്ങളും വെള്ളത്തിനടിയിലാകാൻ കാരണം.

നിരവധിയിടങ്ങളിൽ പ്രകൃതിക്ഷോഭത്തിൽ വൻ മരങ്ങൾ കടപുഴകി വീണു. വാഹനങ്ങൾ ഒഴുകിപ്പോകുകയും വീടുകൾക്കും മറ്റു കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

മരണമടഞ്ഞവരുടെ സംഖ്യ 80 കവിഞ്ഞതായിട്ടാണ് വെള്ളിയാഴ്‌ച (16/07/21) രാവിലെ വരെ ലഭിച്ച കണക്കുകൾ വെളിപ്പെടുത്തുന്നത്. മരണ സംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ട്. 1300-ലേറെപ്പേരെ കാണാതായിട്ടുണ്ട്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 July 2021, 12:15