തിരയുക

പാപ്പാ: മുത്തശ്ശീമുത്തച്ഛൻമാരും വൃദ്ധരും ജീവന്റെ മേശയിൽ പുഷ്ടിപ്പെടുത്താൻ കഴിവുള്ള അമൂല്യമായ അപ്പക്കഷണങ്ങൾ

മുത്തശ്ശീ മുത്തച്ഛൻമാരുടെ പ്രഥമ ആഗോള ദിനത്തിൽ വി. യോഹന്നാന്റെ സുവിശേഷത്തിലെ അപ്പം വർദ്ധിപ്പിക്കൽ അത്ഭുതം ആസ്പദമാക്കി പരിശുദ്ധ പിതാവ് തയ്യാറാക്കിയ വചനപ്രഘോഷണം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മുത്തശ്ശീ മുത്തച്ഛന്മാരുടെ പ്രഥമ ആഗോള ദിനമാചരിച്ചു.

യേശുവിന്റെ മുത്തശ്ശീ മുത്തച്ഛൻമാരായ ജൊവാക്കിമിന്റെയും അന്നയുടെയും തിരുന്നാൾ ദിവസത്തെ അനുസ്മരിച്ചാണ് തിരുസഭയിൽ മുത്തശ്ശീമുത്തച്ഛൻമാർക്കും മുതിർന്നവർക്കുമായുള്ള പ്രഥമ ആഗോള ദിനം ആചരിക്കപ്പെട്ടത്.   "ഞാന്‍ എന്നും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും" (മത്തായി 28 : 20) എന്ന വചനമാണ് ആചരണത്തിന്റെ പ്രമേയം. 

കത്തോലിക്കാ സഭ ആഗോളതലത്തിൽ ആചരിക്കുന്ന മുത്തശ്ശീ മുത്തച്ഛൻമാരുടെ പ്രഥമ ദിനാചരണം  വത്തിക്കാനിൽ ഇന്നലെ  ഞായറാഴ്ച നടന്നു. ശസ്ത്രക്രിയയ്ക്കു ശേഷം സുഖം പ്രാപിച്ചു വരുന്ന ഫ്രാൻസിസ് പാപ്പയ്ക്ക് വിശ്രമം നൽകാനായി നവസുവിശേഷവൽക്കരണത്തിനായുള്ള പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ റീനോ ഫിസിക്കെല്ലായുടെ മുഖ്യകാർമ്മീകത്വത്തിൽ അർപ്പിച്ച ദിവ്യബലി അവിടെ സന്നിഹിതരായിരുന്ന മുത്തശ്ശീ മുത്തച്ഛൻമാർക്കും മുതിർന്നവർക്കും തന്നെ ശ്രവിച്ചുകൊണ്ടിരിക്കുന എല്ലാവർക്കും പാപ്പായുടെ സാമീപ്യം അറിയിച്ചു കൊണ്ടാണ് അദ്ദേഹം ആരംഭിച്ചത്. ദിവ്യബലി മദ്ധ്യേ ഫ്രാൻസിസ് പാപ്പാ തയ്യാറാക്കിയ സുവിശേഷ പ്രഭാഷണം മോൺ. ഫിസിക്കെല്ലാ വായിക്കുകയും ചെയ്തു.

നമ്മുടെ മുത്തശ്ശീമുത്തച്ഛൻമാരും വൃദ്ധരും ജീവിതത്തിൽ നിന്നുള്ള അവശിഷ്ടങ്ങളല്ല, ജീവന്റെ മേശയിൽ ഇനിയും നമ്മെ പുഷ്ടിപ്പെടുത്താൻ കഴിവുള്ള അമൂല്യമായ അപ്പക്കഷണങ്ങളാണ്. മുത്തശ്ശീ മുത്തച്ഛൻമാരുടെ പ്രഥമ ആഗോള ദിനത്തിൽ വി. യോഹന്നാന്റെ സുവിശേഷത്തിലെ അപ്പം വർദ്ധിപ്പിക്കൽ അത്ഭുതം ആസ്പദമാക്കി പരിശുദ്ധ പിതാവ് തയ്യാറാക്കിയ വചനപ്രഘോഷണത്തിൽ ജനക്കൂട്ടത്തിന്റെ വിശപ്പറിഞ്ഞ യേശുവിന്റെ നോട്ടവും, അപ്പം പങ്കുവയ്ക്കലും, ബാക്കി വന്നത് നഷ്ടപ്പെടുത്താതെ സൂക്ഷിക്കാനാവശ്യപ്പെട്ടതും വിശദീകരിച്ചുകൊണ്ട് മുത്തശ്ശീമുത്തച്ഛന്മാരുടെ സമൂഹത്തിലെ ഒഴിച്ചുകൂടാനാവാത്ത പ്രാധാന്യം വരച്ചുകാട്ടി. ആ മൂന്നുനിമിഷങ്ങളെ കാണുക, പങ്കു വയ്ക്കുക, സംരക്ഷിക്കുക എന്നീ മൂന്ന് ക്രിയാ പദങ്ങളിൽ സംഗ്രഹിച്ചു കൊണ്ടായിരുന്നു പാപ്പായുടെ പ്രഭാഷണം.

കാണുക

തന്നെ കാണാൻ നീണ്ട യാത്ര നടത്തിയെത്തിയ ജനക്കൂട്ടത്തിന്റെ ക്ഷീണിച്ച മുഖങ്ങൾ  കണ്ടു അവരിലെ വിശപ്പ്  യേശു തിരിച്ചറിയുന്നത് വിവരിച്ച്‌ തുടങ്ങുന്ന  യോഹന്നാന്റെ സുവിശേഷ ഭാഗത്തിൽ അൽഭുതം ആരംഭിക്കുന്നത്  യേശുവിന്റെ  നോട്ടത്തിൽ നിന്നാണ്. അവിടെ മനുഷ്യകുലത്തിന്റെ വിശപ്പിനോടു നിസ്സംഗതയല്ല അത് തീർക്കാൻ ശ്രമിക്കുന്ന യേശുവിന്റെ ഹൃദയത്തിന്റെ  സംവേദന ക്ഷമതയാണ് കാണിക്കുന്നതെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. നമ്മുടെ ക്ഷീണവും നമ്മെ മുന്നോട്ടു നയിക്കുന്ന പ്രത്യാശയും ആ ഹൃദയം കാണുന്നു.

ദൈവത്തിന്റെ കണ്ണിൽ ഒരു അജ്ഞാതരായ ജനക്കൂട്ടമല്ല വിശപ്പും ദാഹവുമുള്ള വ്യക്തികളാണുള്ളത്. നമ്മുടെ ജീവിതങ്ങളിലേക്ക് നോക്കി നമ്മെ മനസ്സിലാക്കുകയും ഓരോരുത്തരുടേയും ആവശ്യങ്ങളെ തിരിച്ചറിയുകയും ചെയ്യുന്ന ആനോട്ടമാണ് യേശുവിന്റെത് പാപ്പാ വെളിപ്പെടുത്തി.

ഇതേ നോട്ടമാണ് നമ്മുടെ മുത്തശ്ശീമുത്തച്ഛന്മാരും മുതിർന്നവരും നമ്മുടെ ജീവിതത്തിലേക്ക് നോക്കിയതെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. നമ്മൾ കുഞ്ഞുങ്ങളായിരുന്നപ്പോൾ അവർ നമ്മെ അങ്ങനെയാണ് കരുതലോടെ നോക്കിയത്. അവരുടെ കഠിനമായ ജോലിയിലും സഹനങ്ങളിലും അവർ നമുക്കായി നേരം കണ്ടെത്തി. നമ്മൾ തെറ്റിദ്ധരിക്കപ്പെട്ടപ്പോഴും ജീവിത വെല്ലുവിളികളിൽ ഭയചകിതരായി നിന്നപ്പോഴും അവർ നമ്മെ മനസ്സിലാക്കുകയും സ്നേഹത്തോടും കരുതലോടും കൂടെ നമ്മുടെ വളർച്ചയിൽ സഹായിക്കുകയും ചെയ്തു. ആ സ്നേഹമാണ് നമ്മെ യുവത്വത്തിലേക്ക് വളർത്തിയത്. പാപ്പാ പറഞ്ഞു.

ഇന്ന് നമ്മൾ എങ്ങനെയാണ് നമ്മുടെ മുത്തശ്ശീ മുത്തച്ഛൻമാരെ കാണുന്നതെന്ന ചോദ്യം ഉയർത്തിക്കൊണ്ട്  ഇന്നത്തെ സ്വകാര്യ തിരക്കുകൾക്കിടയിൽ അവരെ ഒന്നു നോക്കാനും, അഭിവാദനം ചെയ്യാനും, പുണരാനും നേരം കാണാത്ത സമൂഹത്തിൽ വ്യക്തികളെ പേരില്ലാത്ത കുട്ടത്തിലൊരാളാക്കി പരസ്പരം തിരിച്ചറിയാൻ കഴിയാത്ത മനോഭാവവും തന്നെ വേദനിപ്പിക്കുന്നു എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. നമ്മുടെ ജീവിതം പുഷ്ടി പിടിപ്പിച്ച നമ്മുടെ മുത്തശ്ശീ മുത്തച്ഛൻമാർ ഇന്ന് നമ്മുടെ സ്നേഹത്തിനും കരുതലിനും സാമിപ്യത്തിനുമായി തീക്ഷ്ണമായി ആഗ്രഹിക്കുകയാണ് എന്നും നമ്മെ യേശു കാണുന്നതുപോലെ നമുക്ക് കണ്ണുകളുയർത്തി അവരെ കാണാമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

പങ്കു വയ്ക്കുക

ജനക്കൂട്ടത്തിന്റെ വിശപ്പ് കണ്ട് യേശു അവരുടെ വിശപ്പകറ്റാൻ ആഗ്രഹിക്കുന്നു. എന്നിട്ടും ഇത് സംഭവിക്കുന്നത് അഞ്ചപ്പവും രണ്ടു മീനും വച്ചുനീട്ടിയ ഒരു ചെറുപ്പക്കാരന്റെ സംഭാവനയിൽ നിന്നാണ്. 5000 ആളുകളെ സംതൃപ്തരാക്കുന്ന ഈ അൽഭുതത്തിന്റെ കേന്ദ്രം തനിക്കുള്ളത് പങ്കുവയ്ക്കാനുളള ഒരു യുവാവിന്റെ മനോഭാവമാണ് എന്നത് എത്ര ഹൃദയസ്പർശിയാണ് എന്ന് പാപ്പാ ആശ്ചര്യപ്പെട്ടു.

ജീവിതത്തിന്റെ നിധികൾ പങ്കുവയ്ക്കാനും, തലമുറകൾ തമ്മിലുള്ള സംഘർഷങ്ങൾ തരണം ചെയ്യാനും സകലരുടേയും ഒരു നല്ലഭാവി ഒരുക്കാനുമായി ഇന്ന് യുവജനങ്ങളും വൃദ്ധരും തമ്മിൽ ഒരു പുതിയ ഉടമ്പടി വേണം. ജീവനും സ്വപ്നവും ഭാവിയും പങ്കുവയ്ക്കാനുള്ള ഒരു ഉടമ്പടിയുടെ അഭാവത്തിൽ നമ്മൾ പട്ടിണിയാലും, മുറിഞ്ഞ ബന്ധങ്ങളാലും, ഏകാന്തതയും, സ്വാർത്ഥതയും വർദ്ധിച്ചു വരുന്ന ശിഥിലികരണശക്തികളാലും നശിച്ചുപോകാനുള്ള സാധ്യതകൾ ഏറെയാണ്. നാം ആയിരിക്കുന്നതും നമ്മുടെ കൈവശമുള്ളതും പങ്കിടാനാണ് സുവിശേഷം നമ്മോടാവശ്യപ്പെട്ടുന്നത്. കാരണം ഇത്തരത്തിൽ മാത്രമേ നമുക്ക് പരിപൂർണ്ണ രാകാൻ കഴിയൂ എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ജോയേൽ പ്രവാചകന്റെ വാക്കുകളെ ഉദ്ധരിച്ച പാപ്പാ തങ്ങളുടെ സ്വപ്നങ്ങൾ തുടരുകയും അനുഭവങ്ങൾ യുവതലമുറയുടെ വഴി തടയാതെ അവരോട് പങ്കിടുകയും ചെയ്യുന്ന മുതിർന്നവരും,  ഭാവിയുടെ പ്രവാചകരും തങ്ങളുടെ ചരിത്രം വിലമതിക്കുന്നവരുമായ യുവജനങ്ങളും  ഒരുമിച്ച് സമൂഹത്തിലും സഭയിലും പാരമ്പര്യത്തിന്റെ നിധിയും ആത്മാവിന്റെ പുതുമയും ഒരുമിപ്പിക്കുന്ന ഒരു ഉടമ്പടിയുടെ സ്വപ്നമാണ് പങ്കുവച്ചത്.

കാത്തു സൂക്ഷിക്കുക

ജനക്കൂട്ടം ഭക്ഷിച്ചു കഴിഞ്ഞപ്പോൾ മിച്ചം വന്ന അപ്പം ഒന്നും കളയാതെ ശേഖരിക്കാൻ യേശു ആവശ്യപ്പെടുന്നതും പാപ്പാ ചിന്താവിഷയമാക്കി. നമുക്കാവശ്യമുള്ളതിനേക്കാൾ നമുക്ക് തരികയും ഒന്നും നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുന്ന ദൈവഹൃദയത്തെയാണ് ഇവിടെ ഫ്രാൻസിസ് പാപ്പാ കണ്ടെത്തിയത്. ഒരു അപ്പകഷണം ഒരു ചെറിയ കാര്യമായി തോന്നിയേക്കാം എന്നാൽ ദൈവത്തിന്റെ കണ്ണിൽ ഒന്നും എറിഞ്ഞു കളയേണ്ടവയല്ല. എല്ലാറ്റിലുമുപരി ഒരു വ്യക്തിയും ഒരിക്കലും തഴയപ്പെടേണ്ടതല്ല. അതിനാൽ ശേഖരിക്കുക, ശ്രദ്ധയോടെ കരുതുക, സംരക്ഷിക്കുക, എന്ന ഈ പ്രവാചകവിളി നമ്മിലും നമ്മുടെ സമൂഹത്തിലും നാം  കേൾപ്പിക്കണം. നമ്മുടെ മുത്തശ്ശീമുത്തച്ഛൻമാരും വൃദ്ധരും ജീവിതത്തിൽ നിന്നുള്ള അവശിഷ്ടങ്ങളല്ല, ഉപേക്ഷിക്കേണ്ട അവശിഷ്ടങ്ങൾ. നമുക്ക് നഷ്ടപ്പെട്ടു പോയ "ഓർമ്മയുടെ സുഗന്ധവുമായി" ജീവന്റെ മേശയിൽ ഇനിയും നമ്മെ പുഷ്ടിപ്പെടുത്താൻ കഴിവുള്ള അമൂല്യമായ അപ്പക്കഷണങ്ങളാണ് എന്ന് തറപ്പിച്ചു പറഞ്ഞു.

മുതിർന്നവർ കരുതിവച്ച ആ ഓർമ്മകൾ നഷ്ടപ്പെടാതെ കാക്കാനും ആ വേരുകളില്ലെങ്കിൽ നാം ഉണങ്ങിപ്പോകുമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. അതിനാൽ മുത്തശ്ശീമുത്തച്ഛൻമാരുടേയും മുതിർന്നവരുടേയും നേർക്കുള്ള മനോഭാവം പരിശോധിക്കാനും അവരെ സംരക്ഷിക്കാനും പാപ്പാ ആവശ്യപ്പെട്ടു.

മുതിർന്നവരും മുത്തശ്ശീമുത്തച്ഛൻമാരും നമ്മുടെ ജീവിതം പരിപോഷിപ്പിക്കുന്ന അപ്പമാണ് എന്ന് ഒരിക്കൽ കൂടെ ആവർത്തിച്ച് അവർ നമുക്ക് വേണ്ടി ചെയ്തവയ്ക്കെല്ലാം നന്ദി പറയാനും, അവ മറക്കാതിരിക്കാനും, അവരുടെ അടുത്തുചെന്ന് അവരെ ശ്രവിച്ച് അവരുമായി സമയം പങ്കിടാനും ആവശ്യപ്പെട്ട പാപ്പാ അങ്ങനെ നമ്മൾ യുവജനങ്ങളും വൃദ്ധരും ഒരുപോലെ പങ്കുവയ്ക്കിലിന്റെ മേശയിൽ ദൈവാനുഗ്രഹത്താൽ പരിപൂർണ്ണരാകും എന്നും പറഞ്ഞു കൊണ്ടാണ് സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 July 2021, 13:11