തിരയുക

Vatican News
ITALY-RELIGION-POPE-HEALTH ITALY-RELIGION-POPE-HEALTH  (AFP or licensors)

പാർപ്പിടരഹിതർ, പാപ്പായ്ക്ക് ആശംസയുമായി ആശുപത്രിമുറ്റത്ത്!

ജെമേല്ലി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസീസ് പാപ്പായുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റോമിലെ ജെമേല്ലി ആശുപത്രിയിൽ ശസ്ത്രക്രിയാന്തര ചികിത്സ തുടരുന്ന പാപ്പാ എത്രയും വേഗം സുഖം പ്രാപിച്ചു പുറത്തു വരുന്നതിന് പ്രാർത്ഥനാ സഹായവും ആശംസയുമായി ഭവനരഹിതരായ ഏതാനും പേരുടെ ഒരു സംഘം ആശുപത്രിയുടെ അങ്കണത്തിലെത്തി.

കിടപ്പാടമില്ലാത്തവർക്ക് അന്തിയുറങ്ങുന്നതിന് ഫ്രാൻസീസ് പാപ്പാ സൗകര്യമൊരുക്കിയ, വത്തിക്കാൻറെ തൊട്ടടുത്തുള്ള “പലാത്സൊ മില്യോരി”യിൽ വസിക്കുന്നവരായ ഇരുപതു പേരുടെ ഒരു സംഘമാണ് പാപ്പാ കിടക്കുന്ന പത്താം നിലയിലെ മുറിക്ക് അഭിമുഖമായുള്ള ആശുപത്രിയങ്കണ ഭാഗത്ത്,  വെള്ളിയാഴ്‌ച (09/07/21) ഉച്ചതിരിഞ്ഞ് എത്തിയത്.

എളിയവരായ തങ്ങൾക്കായി ചെയ്ത സകല സഹായങ്ങൾക്കും നന്ദി പറയുന്നതിനും തങ്ങളുടെ സാമീപ്യം പാപ്പായ്ക്ക് ഉറപ്പുനല്കുന്നതിനുമാണ് തങ്ങളെത്തിയതെന്ന് വെള്ളിയാഴ്‌ച 63 വയസ്സു പൂർത്തിയായ പെറു സ്വദേശി ഹൊർഹെ പറഞ്ഞു.

പാപ്പായ്ക്കുള്ള ഒരു പുഷ്പ മഞ്ജരി അവരിൽ ഒരാളായിരുന്ന മരിയ എന്ന സ്ത്രീ ജെമെല്ലി ആശുപത്രിയിലുണ്ടായിരുന്ന വത്തിക്കാൻ സുരക്ഷാ പോലീസിനെ ഏല്പിച്ചു.

“ഫ്രാൻസീസ് പാപ്പാ, ഞങ്ങൾ അങ്ങയുടെ ചാരെയുണ്ട്” എന്ന് ഇറ്റാലിയൻ ഭാഷയിൽ എഴുതിയ പത്രികയും അവർ ഉയർത്തിപ്പിടിച്ചിരിക്കുന്നത് കാണാമായിരുന്നു.

ജൂലൈ നാലിന് ജെമേല്ലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻകുടൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ പാപ്പാ ശസ്ത്രക്രിയാനന്തര ചികിത്സകളോടു നല്ലവണ്ണം പ്രതികരിക്കുകയും സുഖംപ്രാപിച്ചു വരികയുമാണ്.

പതിനൊന്നാം തീയതി ഞായറാഴ്ച (11/07/21) മദ്ധ്യാഹ്നത്തിൽ പാപ്പാ ജെമെല്ലി ആശുപത്രിയുടെ പത്താം നിലയിലുള്ള ജാലകത്തിങ്കൽ നിന്ന് ത്രികാലപ്രാർത്ഥന നയിക്കും.

പാപ്പായുടെ ശാസ്ത്രക്രിയാനന്തര സുഖപ്രാപ്തി സാധാരണഗതിയിലാണെന്നും രക്തപരിശോധനയെല്ലാം തൃപ്തികരമാണെന്നും അനുദിന പ്രവർത്തനങ്ങളിലേക്ക് പാപ്പാ സാവധാനം തിരിച്ചുവന്നുകൊണ്ടിരിക്കയാണെന്നും വത്തിക്കാൻറെ വക്താവ് മത്തേയൊ ബ്രൂണി ശനിയാഴ്‌ച (10/07/21) പുറപ്പെടുവിച്ച ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.

രോഗികളുമായി, വിശിഷ്യ, ഏറ്റം ബലഹീനരും വേധ്യരുമായവരുമായി, വൈക്തികമായ ഒരു ബന്ധം പുലർത്തിക്കൊണ്ട് വേദനയനുഭവിക്കുന്നവരെ സഹാനുഭൂതിയോടെ പരിചരിക്കുന്നവരായ ഭിഷഗ്വരന്മാരുടെയും ആരോഗ്യപ്രവർത്തകരുടെയും മാനുഷികമായ അർപ്പണമനോഭാവം തൊട്ടറിഞ്ഞ പാപ്പാ അവരെ സവിശേഷമാംവിധം അനുസ്മരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

10 July 2021, 12:35