തിരയുക

Vatican News
ഫ്രാൻസിസ് പാപ്പാ മാർക്കോ ഇമ്പല്യാസ്സോയ്ക്കൊപ്പം - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പാ മാർക്കോ ഇമ്പല്യാസ്സോയ്ക്കൊപ്പം - ഫയൽ ചിത്രം 

ദീനോ ഇമ്പല്യാസ്സോയുടെ മരണത്തിൽ ഫ്രാൻസിസ് പാപ്പായുടെ അനുശോചനം

സാന്തെജീദിയോ (Sant'Egidio) സമൂഹത്തിന്റെ അധ്യക്ഷൻ മാർക്കോ ഇമ്പല്യാസ്സോയുടെ (Marco Impagliazzo) പിതാവ്, ദീനോ (Dino) ഇമ്പല്യാസ്സോയുടെ നിര്യാണത്തിൽ പാപ്പാ അനുശോചനസന്ദേശമയച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

തന്റെ ഒപ്പോടുകൂടിയ ഒരു സ്വകാര്യകത്തിലൂടെയാണ്, ദീനോ ഇമ്പല്യാസ്സോയുടെ നിര്യാണത്തിൽ, അദ്ദേഹത്തിന്റെ പുത്രനും, കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന റോം കേന്ദ്രീകരിച്ചുള്ള ഒരു സംഘടനയായ സാന്തെജീദിയോ സമൂഹത്തിന്റെ നിലവിലെ അദ്ധ്യക്ഷനുമായ മാർക്കോ ഇമ്പല്യാസ്സോയ്ക്ക്  ഫ്രാൻസിസ് പാപ്പാ അനുശോചനം അറിയിച്ചത്. ദീനോയുടെ അധ്വാനങ്ങളും ഔദാര്യതയും എടുത്തുപറഞ്ഞ പാപ്പാ, അവ "ജീവിതത്തെക്കുറിച്ചുള്ള ശക്തമായ ഒരു അധ്യാപനം" ആയിരുന്നു എന്നും, അവ സുവിഷേശത്തിന്റെ വഴിയിലൂടെ നടക്കാൻ താങ്കളെ പഠിപ്പിച്ചു എന്നും സാന്തെജീദിയോ സമൂഹത്തിന്റെ അദ്ധ്യക്ഷനുള്ള കത്തിൽ എഴുതി. ഒരു രക്ഷിതാവിന്റെ മരണം, അത് ദൈവിക രഹസ്യത്തിന്റെ ഭാഗമാണെങ്കിൽ പോലും, വേദനയ്ക്ക് കാരണമാകുന്നുണ്ട് എന്നും, ഭൗമിക ജീവിതത്തിൽ താങ്കളുടെ പിതാവിന് ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയാം എന്നും പാപ്പാ എഴുതി.

അഞ്ചു വർഷങ്ങൾക്കുമുൻപ് പപ്പായയും ദീനോയും തമ്മിൽ നടന്ന ഒരു സ്വകാര്യ കണ്ടുമുട്ടലിൽ, റോമിലെ ഭവനരഹിതരുടെ കാര്യത്തെക്കുറിച്ചും, ദാരിദ്ര്യത്തെക്കുറിച്ചും സംസാരിച്ചിരുന്നു.

ജൂലൈ 25 ഞായറാഴ്ച മരണമടഞ്ഞ ദീനോയുടെ മൃതസംസ്കാരച്ചടങ്ങുകൾ ജൂലൈ 27, ചൊവ്വാഴ്ച, ടൈബർ നദിക്കടുത്തുള്ള സാന്താ മരിയ ബസിലിക്കയിൽവച്ച് (Santa Maria in Trastevere), കർദിനാൾ കോൺറാഡ് ക്രയേവ്‌സ്‌കിയുടെ (Konrad Krajewski) മുഖ്യകാർമ്മികത്വത്തിൽ നടന്നിരുന്നു. ദിനോ അംഗമായിരുന്ന ഫൊക്കോളർ പ്രസ്ഥാനത്തിലെയും (Focular Movement), അദ്ദേഹം പാവങ്ങൾക്ക് സേവനം ചെയ്തിരുന്ന സാന്തെജീദിയോ സമൂഹത്തിലെയും നിരവധി അംഗങ്ങളും, റോമിലെ യഹൂദസമൂഹത്തിലെ പ്രധാന മതാചാര്യൻ (റബ്ബി), റിക്കാർദോ സേഞ്ഞിയും (Riccardo Segni) ചടങ്ങുകളിൽ പങ്കെടുത്തു. ദരിദ്രരും ഭവനരഹിതരുമായ നിരവധി ആളുകളുടെ സാന്നിധ്യവും മൃതസംസ്കാരച്ചടങ്ങുകളിൽ ഉണ്ടായിരുന്നു. റോം അമോർ (RomAmor) എന്ന ഒരു കൂട്ടായ്മയും ദീനോ സ്ഥാപിച്ചിരുന്നു.

29 July 2021, 21:32