Vatican News

പാപ്പാ:ആരോഗ്യസേവനം സകലർക്കും ലഭ്യമാകണം!

നമുക്കെല്ലാവർക്കും, ഇപ്പോൾ, അല്ലെങ്കിൽ, പിന്നീട് സാമീപ്യത്തിൻറെയും ആർദ്രതയുടെയും "അഭിഷേകം" ആവശ്യമാണ്, ഇതു നമുക്ക് അപരനു നല്കാനും സാധിക്കും- ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ, ആശുപത്രിയിലാണെങ്കിലും, ഈ ഞായറാഴ്ചയും (11/07/21) പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയ്ക്ക് മുടക്കം വരുത്തിയില്ല. ജൂലൈ നാല്, ഞായാറാഴ്ച, റോമിലെ ജെമെല്ലി പോളിക്ലിനിക് മെഡിക്കൽ കോളേജാശുപത്രിയിൽ വൻകുടൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ പാപ്പാ പ്രസ്തുത ആശുപത്രിയുടെ പത്താം നിലയിലുള്ള ഒരു മുറിയുടെ മട്ടുപ്പാവിൽ, അഥവാ, ബാൽക്കണിയിൽ നിന്നുകൊണ്ടാണ് ഈ ഞായറാഴ്ച മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചത്. ആ ആശുപത്രിയിൽ തന്നെ ചികിത്സയിൽ കഴിയുന്ന ഏതാനും കുട്ടികളും പാപ്പായുടെ ചാരെ മട്ടുപ്പാവിൽ ഉണ്ടായിരുന്നു. പാപ്പാ ആശുപത്രിമുറിയുടെ ബാൽക്കണിയിൽ നിന്നുകൊണ്ട് ഈ ഞായറാഴ്ച മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കും എന്ന് വത്തിക്കാൻറെ വക്താവ്, മത്തോയൊ ബ്രൂണി, നേരത്തെ വെളിപ്പെടുത്തിയിരുന്നതിനാൽ ഈ പ്രാർത്ഥനയിൽ സംബന്ധിക്കുന്നതിനും പാപ്പായോടുള്ള സ്നേഹവും സാമീപ്യവും പ്രകടിപ്പിക്കുന്നതിനുമായി നിരവധി വിശ്വാസികൾ, സൂര്യതാപം ശക്തമായിരുന്നെങ്കിലും, ആശുപത്രിയങ്കണത്തിൽ സന്നിഹിതരായിരുന്നു. പാപ്പാ  റോമിലെ സമയം ഉച്ചയ്ക്ക് 12 മണിയ്ക്ക് ത്രികാല പ്രാർത്ഥന നയിക്കുന്നതിനായി ആ സമയത്തിന് അല്പം മുമ്പ്, മട്ടുപ്പാവിൽ പ്രത്യക്ഷനായപ്പോൾ ജനസഞ്ചയത്തിൻറെ ആനന്ദരവങ്ങൾ ഉയർന്നു. പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ സാധാരണ ചെയ്യാറുള്ളതുപോലെ, ഒരു വിചിന്തനം നടത്തി. ഈ ഞായറാഴ്ച (11/07/21) ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളിൽ, മ‍ര്‍ക്കോസി‍ന്‍റെ സുവിശേഷം 6,7-13 വരെയുള്ള  വാക്യങ്ങൾ, അതായത്, തൻറെ 12 ശിഷ്യന്മാരെ, രണ്ടു പേർ വീതം തിരിച്ച്, യേശു ദൗത്യനിർവ്വഹണത്തിനായി അയയ്ക്കുന്നതും അവർ അനുതാപത്തിൻറെ സുവിശേഷം പ്രഘോഷിക്കുന്നതും പിശാചുക്കളെ പുറത്താക്കുന്നതും രോഗികളെ തൈലം പൂശി സുഖപ്പെടുത്തുന്നതുമായ കാര്യങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ഭാഗം, ആയിരുന്നു പാപ്പായുടെ പരിചിന്തനത്തിന് അവലംബം. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണം ഇപ്രകാരം പരിഭാഷപ്പെടുത്താം:

സാമീപ്യവും പ്രാർത്ഥനാസഹായവും

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

കർത്താവിൻറെ മാലാഖ എന്നാരംഭിക്കുന്ന, ഞായറാഴ്‌ച പതിവുള്ള മദ്ധ്യാഹ്നപ്രാർത്ഥന, ഇപ്പോൾ, ജെമേല്ലി പോളിക്ലിനിക്കിൽ നിന്ന് തുടരാൻ കഴിയുന്നതിൽ എനിക്കു സന്തോഷമുണ്ട്. എല്ലാവരോടും ഞാൻ നന്ദി പറയുന്നു: നിങ്ങളുടെ സാമീപ്യവും നിങ്ങളുടെ പ്രാർത്ഥനാസഹായവും ഞാൻ അനുഭവിച്ചറിയുന്നു. ഹാദയംഗമമായ നന്ദി! യേശു അയച്ച അവിടത്തെ ശിഷ്യന്മാർ "അനേകം രോഗികളെ തൈലം പൂശി സൗഖ്യമാക്കി" (മർക്കോസ് 6:13) എന്ന് ഇന്നത്തെ ദിവ്യബിലിയിൽ വായിച്ച സുവിശേഷം വിവരിക്കുന്നു. ഈ "തൈലം" ആത്മാവിനും ശരീരത്തിനും ആശ്വാസമേകുന്ന രോഗീലേപന കൂദാശയെക്കുറിച്ചും നമ്മെ ഓർമ്മിപ്പിക്കുന്നു. എന്നാൽ ഈ "എണ്ണ" രോഗിയെ പരിചരിക്കുന്നയാളുടെ, ശ്രദ്ധ, അടുപ്പം, ഔത്സുക്യം, ആർദ്രത എന്നിവയെയും ദ്യോതിപ്പിക്കുന്നു: ഇത് സൗഖ്യമേകുകയും വേദന ശമിപ്പിക്കുകയും, വീണ്ടും  എഴുന്നേല്പിക്കുകയും. ചെയ്യുന്ന ഒരു തലോടൽ പോലെയാണ്. നമുക്കെല്ലാവർക്കും, ഇപ്പോൾ, അല്ലെങ്കിൽ, പിന്നീട് ഈ സാമീപ്യത്തിൻറെയും ആർദ്രതയുടെയും "അഭിഷേകം" ആവശ്യമാണ്, നമുക്കിത് ഒരു സന്ദർശനം, ഒരു ഫോൺ വിളി, സഹായം ആവശ്യമുള്ളവർക്ക് ഒരു  കൈസഹായം എന്നിവ വഴി അപരന് നല്കാൻ സാധിക്കും. അന്തിമ വിധിയുടെ ചട്ടത്തിൽ - മത്തായി 25 - നമ്മോട് ചോദിക്കുന്ന ഒരു കാര്യം രോഗികളോടുള്ള സാമീപ്യമായിരിക്കും എന്നത് നാം ഓർക്കുക.

സകലർക്കും സൗജന്യ ആരോഗ്യ സേവനം സുപ്രധാനം

ഇറ്റലിയിലും മറ്റ് രാജ്യങ്ങളിലും ഉള്ളതുപോലെ, എല്ലാവർക്കും ലഭ്യമാകുന്ന ഒരു നല്ല ആരോഗ്യ സേവനം എത്ര മാത്രം പ്രധാന്യമർഹിക്കുന്നുവെന്ന്, ആശുപത്രിയിൽ കിടക്കുന്ന ഈ ദിവസങ്ങളിൽ, ഞാൻ വീണ്ടും അനുഭവിച്ചറിഞ്ഞു. എല്ലാവർക്കും ഒരു നല്ല സേവനം ഉറപ്പുനല്കുന്നതായ സൗജന്യ ആരോഗ്യ സേവനം. ഈ അമൂല്യ നന്മ നഷ്ടപ്പെടുത്തരുത്. അത് നാം നിലനിർത്തണം! ആകയാൽ, ഇതിനായി നാമെല്ലാവരും പരിശ്രമിക്കണം, കാരണം ഇത് എല്ലാവർക്കും വേണ്ടതാണ്, എല്ലാവരുടെയും സംഭാവന ആവശ്യപ്പെടുകയും ചെയ്യുന്നു. കെടുകാര്യസ്ഥത മൂലം ചില ആരോഗ്യ സ്ഥാപനങ്ങൾ സാമ്പത്തിക നഷ്ടത്തിലാകുന്ന സംഭവം ചിലപ്പോൾ സഭയിലും ഉണ്ടാകാറുണ്ട്. അപ്പോഴുണ്ടാകുന്ന ആദ്യത്തെ ചിന്ത അത് വിൽക്കുക എന്നതാണ്. എന്നാൽ, പണമുണ്ടാക്കുകയല്ല സഭയുടെ വിളി, പ്രത്യുത, സേവനം ചെയ്യുക എന്നതാണ്, സേവനം എല്ലായ്പ്പോഴും സൗജന്യമാണ്. സൗജന്യ സേവനം നല്കുന്ന സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നത് നിങ്ങൾ മറക്കരുത്.

കുഞ്ഞുങ്ങളുടെ സഹനകാരണം എന്ത്?

ഈ ആശുപത്രിയിലെയും മറ്റ് ആതുരാലയങ്ങളിലെയും ഭിഷഗ്വരന്മാർക്കും എല്ലാ ആരോഗ്യ പ്രവത്തകർക്കും ഉദ്യോഗസ്ഥർക്കും എൻറെ അഭിനന്ദനവും പ്രോത്സാഹനവും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവർ കഠിനാധ്വാനം ചെയ്യുന്നു! എല്ലാ രോഗികൾക്കും വേണ്ടി നമുക്കു പ്രാർത്ഥിക്കാം. ഇവിടെ ഇപ്പോൾ രോഗികളായ ചില കുട്ടി സ്നേഹിതരുണ്ട് ….. കുഞ്ഞുങ്ങൾ എന്തുകൊണ്ടാണ് യാതനകൾ അനുഭവിക്കേണ്ടിവരുന്നത്? കുട്ടികൾ എന്തിനാണ് കഷ്ടപ്പെടുന്നത് എന്നത് ഹൃദയത്തെ സ്പർശിക്കുന്ന ഒരു ചോദ്യമാണ്. നമുക്കവരെ പ്രാർത്ഥന വഴി തുണയ്ക്കാം, എല്ലാ രോഗികൾക്കും വേണ്ടി പ്രാർത്ഥിക്കാം, പ്രത്യേകിച്ച്, കൂടുതൽ ബുദ്ധിമുട്ടുള്ള അവസ്ഥയിൽ കഴിയുന്നവർക്കായി: ആരെയും ഒറ്റയ്ക്കാക്കരുത്, ശ്രവണത്തിൻറെയും സാമീപ്യത്തിൻറെയും, ആർദ്രതയുടെയും, പരിചരണത്തിൻറെയും അഭിഷേകം എല്ലാവർക്കും ലഭ്യമാകട്ടെ. രോഗികളുടെ ആരോഗ്യവും നമ്മുടെ അമ്മയുമായ മറിയത്തിൻറെ മാദ്ധ്യസ്ഥ്യം വഴി നമുക്ക് ഇത് അപേക്ഷിക്കാം.

ഈ വാക്കുകളെ തുടർന്ന് പാപ്പാ കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

ഹൈറ്റിയിൽ ശാന്തി വാഴട്ടെ, പാപ്പായുടെ പ്രാർത്ഥന

ഹൈറ്റിയുടെ പ്രസിഡൻറിൻറെ കൊലപാതകത്തിനും അദ്ദേഹത്തിൻറെ ഭാര്യയ്ക്ക് പരിക്കേറ്റതിനും ചെയ്തതിനു ശേഷമുള്ള ഈ ദിനങ്ങളിലെല്ലാം അന്നാടിനു വേണ്ടി താൻ പ്രാർത്ഥിച്ചുവെന്ന് പാപ്പാ ആശീര്‍വ്വാദാനന്തരം വെളിപ്പെടുത്തി.

ആയുധങ്ങൾ താഴെ വയ്ക്കാനും, ജീവനും,  പൊതു താൽപ്പര്യത്തിലും ഹെയ്തിയുടെ താൽപ്പര്യത്തിലും സാഹോദര്യപരമായ ഒത്തൊരുമിച്ചുള്ള ജീവിതവും തിരഞ്ഞെടുക്കാനും പ്രാദേശിക മെത്രാന്മാർ നടത്തിയ ഹൃദയംഗമമായ അഭ്യർത്ഥനയിൽ താനും പങ്കുചേരുന്നുവെന്ന് പാപ്പാ പറഞ്ഞു.

ഹെയ്തിയിലെ ജനതയോടുള്ള തൻറെ സാമീപ്യം വെളിപ്പെടുത്തിയ പാപ്പാ  അക്രമച്ചുഴിക്ക് അറുതി വരുത്താനും സമാധാനത്തിൻറെയും ഐക്യത്തിൻറെയും ഭാവിയിലേക്കുള്ള പ്രയാണം പുനരാരംഭിക്കാനും അന്നാടിന്  കഴിയട്ടെയെന്ന് ആശംസിച്ചു.

സമുദ്ര ഞായർ - സമുദ്രങ്ങളെ ആരോഗ്യകരമായി നിലനിർത്തുക

ഈ ഞായറാഴ്‌ച "സമുദ്ര ഞായർ" ആയി ആചരിച്ചത് പാപ്പാ അനുസ്മരിച്ചു. കടൽ യാത്രികർക്കും കടലിനെ ജോലിയുടെയും ഉപജീവനത്തിൻറെയും ഉറവിടമാക്കിയിരിക്കുന്നവർക്കും വേണ്ടിയുള്ള പ്രത്യേകം സമർപ്പിതമായ ഒരു ദിനമാണ് ഇതെന്ന് പറഞ്ഞ പാപ്പാ സമുദ്രങ്ങളെയും കടലുകളെയും പരിപാലിക്കാൻ എല്ലാവരെയും ആഹ്വാനം ചെയ്തു. സമുദ്രങ്ങളെ ആരോഗ്യകരമായി നിലനിർത്തണമെന്നും കടലിൽ പ്ലാസ്റ്റിക് നിക്ഷേപിക്കരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

പാപ്പായുടെ സമാപനാഭിവാദ്യങ്ങൾ

പോളണ്ടിലെ ചെസ്തക്കോവ മരിയൻ ദേവാലയത്തിലേക്ക് റേഡിയോ മരിയയിലെ അംഗങ്ങൾ നടത്തുന്ന തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന അന്നാട്ടുകാരായ എല്ലാവരെയും പാപ്പാ അനുസ്മരിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു.

യൂറോപ്പിൻറെ സ്വഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ബെനഡിക്ടിൻറെ തിരുന്നാൾ ഈ ഞായറാഴ്‌ച തിരുസഭ ആചരിച്ചതും പാപ്പാ അനുസ്മരിക്കുകയും ലോകമെമ്പാടുമുള്ള ബെനഡിക്റ്റൈൻ സന്ന്യാസീസന്ന്യാസിനികൾക്കും  സ്വന്തം സ്ഥാപക മൂല്യങ്ങളോട് പൊരുത്തപ്പെട്ടു പോകുന്ന യൂറോപ്പിനും ആശംസകൾ നേരുകയും ചെയ്തു.

ത്രികാലപ്രാര്‍ത്ഥനാപരിപാടിയുടെ അവസാനം പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തു‌ട‍ര്‍ന്ന് പാപ്പാ എല്ലാവ‍ര്‍ക്കും നല്ലൊരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ആശുപത്രിമുറിയുടെ മട്ടുപ്പാവിൽ നിന്നു പിൻവാങ്ങി.

12 July 2021, 12:01

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >