തിരയുക

Vatican News

ജീവിതത്തിലെ സുപ്രധാന ദ്വിമാനങ്ങൾ:വിശ്രാന്തിയും അനുകമ്പയും!

നിശ്ചലരാകുക, മൗനം പാലിക്കുക, പ്രാർത്ഥിക്കുക.ഭ്രാന്തമായ ഓട്ടങ്ങൾ നമുക്ക് അവസാനിപ്പിക്കാം. പ്രകൃതിയെക്കുറിച്ച് ധ്യാനിക്കുന്നതിനും ദൈവവുമായുള്ള സംഭാഷണത്തിലൂടെ നവവീര്യം ആർജ്ജിക്കുന്നതിനും വേണ്ടി നമുക്കു് ഒരു നിമിഷം നില്ക്കാനും, മൊബൈൽ‌ ഫോൺ‌ നിശബ്ദമാക്കാനും പഠിക്കാം- ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ മാസം നാലാം തീയതി, (04/07/21) റോമിലെ ജെമെല്ലി പോളിക്ലിനിക് മെഡിക്കൽ കോളേജാശുപത്രിയിൽ വൻകുടൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും ഏതാനും നാളത്തെ ആശുപത്രിവാസത്തിനു ശേഷം പതിനാലാം തീയതി (14/07/21) ബുധനാഴ്ച, വത്തിക്കാനിൽ തിരിച്ചെത്തുകയും ചെയ്ത ഫ്രാൻസീസ് പാപ്പാ ഈ ഞായറാഴ്ച (18/07/21) പതിവുപോലെ വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. ഈ ത്രികാല പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ വിശുദ്ധ പത്രോസിൻറെ നാമത്തിലുള്ള ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്നു. പാപ്പാ  റോമിലെ സമയം ഉച്ചയ്ക്ക് 12 മണിയ്ക്ക് ത്രികാല പ്രാർത്ഥന നയിക്കുന്നതിനായി ആ സമയത്തിന് അല്പം മുമ്പ്, അരമനയുടെ പതിവു ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ ജനസഞ്ചയത്തിൻറെ ആനന്ദരവങ്ങൾ ഉയർന്നു.  പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ സാധാരണ ചെയ്യാറുള്ളതുപോലെ, ഒരു വിചിന്തനം നടത്തി. ഈ ഞായറാഴ്ച (18/07/21) ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളിൽ, മ‍ര്‍ക്കോസി‍ന്‍റെ സുവിശേഷം 6,30-34 വരെയുള്ള  വാക്യങ്ങൾ, അതായത്, ഭക്ഷണം കഴിക്കാൻ പോലും സമയം കിട്ടാവിധം ദൈവരാജ്യപ്രഘോഷണ ദൗത്യത്തിൽ വ്യാപൃതരായിരുന്ന ശിഷ്യന്മാരെ യേശു അല്പം വിശ്രമിക്കുന്നതിന് വിജനസ്ഥലത്തേക്കു ക്ഷണിക്കുന്നതും തങ്ങളുടെ അടുത്തേക്കു വന്നിരുന്ന “ ഇടയനില്ലാത്ത ആട്ടിൻപറ്റം” പോലെ ആയിരുന്ന ജനക്കൂട്ടത്തോട് യേശുവിന് അനുകമ്പ തോന്നുന്നതും അവിടന്ന് അവരെ പഠിപ്പിക്കുന്നതുമായ സുവിശേഷ സംഭവം ആയിരുന്നു പാപ്പായുടെ പരിചിന്തനത്തിന് അവലംബം.

പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണത്തിൻറെ പരിഭാഷ :

ജീവിതത്തിലെ രണ്ടു സുപ്രധാന വശങ്ങൾ

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഇന്നത്തെ ദിവ്യബലിയിലെ സുവിശേഷഭാഗത്തിൽ (മർക്കോ 6: 30-34) നമുക്ക് കാണാൻ കഴിയുന്ന യേശുവിൻറെ മനോഭാവം ജീവിതത്തിൻറെ രണ്ട് പ്രധാന വശങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നു. ആദ്യത്തേത് വിശ്രമമാണ്. ആയാസകരമായ ദൗത്യനിർവ്വഹണാനന്തരം മടങ്ങിയെത്തി തങ്ങൾ ചെയ്തതെല്ലാം ആവേശത്തോടെ വിവരിക്കാൻ തുടങ്ങുന്ന അപ്പസ്തോലന്മാർക്ക് യേശു സ്നേഹപൂർവ്വം ഒരു ക്ഷണം നല്കുന്നു: "നിങ്ങൾ ഒരു വിജന സ്ഥലത്തേക്കു വരുവിൻ, അല്പം വിശ്രമിക്കാം" (മർക്കോസ് 6:31). വിശ്രമിക്കാനുള്ള ക്ഷണം.

വിശ്രാന്തിയുടെ പൊരുൾ- മൗനവും പ്രാർത്ഥനയും

അപ്രകാരം, യേശു നമുക്ക് ഒരു അമൂല്യ പ്രബോധനം നല്കുകയാണ്. പ്രസംഗത്തിൻറെ വിസ്മയകരമായ ഫലങ്ങളിൽ ശിഷ്യന്മാർ സന്തുഷ്ടരായിരിക്കുന്നതിൽ അവിടന്ന് സന്തോഷിക്കുന്നുണ്ടെങ്കിലും, അവരെ അഭിനന്ദിക്കുന്നതിനും ചോദ്യങ്ങളുന്നയിക്കുന്നതിനും ശ്രമിക്കുകയല്ല, മറിച്ച്, അവരുടെ ശാരീരികവും ആന്തരികവുമായ തളർച്ചയെക്കുറിച്ച് ആശങ്കപ്പെടുകയാണ് ചെയ്യുന്നത്. അവിടന്ന് എന്തുകൊണ്ടാണ് ഇത് ചെയ്യുന്നത്? കാരണം, നമുക്കും ബാധകമായ, എല്ലായ്‌പ്പോഴും പതിയിരിക്കുന്ന, ഒരു അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ അവിടന്ന് ആഗ്രഹിക്കുന്നു: ലഭിക്കുന്ന ഫലങ്ങളും നമ്മളാണ് പരമ നായകരാണെന്ന തോന്നലും പ്രാധാന്യമർഹിക്കുന്നവയായി ഭവിക്കുന്ന കർമ്മോത്സുകതയുടെ അടിമത്തത്തിലാകുകയും കർമ്മോദ്യുക്തതയുടെ കെണിയിൽ വീഴുകയും ചെയ്യുന്ന അപകടം. സഭയിൽ ഇത് എത്ര തവണ സംഭവിക്കുന്നു: തിരക്കുപിടിച്ച്, ഓടിനടക്കുന്ന നമ്മൾ,  എല്ലാം നമ്മെ ആശ്രയിച്ചിരിക്കുന്നുവെന്ന് ചിന്തിക്കുകയും ചെയ്യുന്നു. ഇവിടെ, അവസാനം, യേശുവിനെ അവഗണിക്കുകയും നമ്മെത്തന്നെ കേന്ദ്രസ്ഥാനത്ത് സ്വയം പ്രതിഷ്ഠിക്കുന്നതിലേക്കു തിരിയുകയും ചെയ്യുന്ന അപകട സാദ്ധ്യതയുണ്ട്. അതുകൊണ്ടാണ് യേശു, തന്നോടൊപ്പം അൽപ്പം വിശ്രമിക്കാൻ വിജനസ്ഥലത്തേക്ക് ക്ഷണിക്കുന്നത്. അത് ശാരീരിക വിശ്രമം മാത്രമല്ല, ഹൃദയത്തിൻറെ വിശ്രാന്തിയുമാണ്. ഒരു വിരാമമിടൽ കൊണ്ട് കാര്യമില്ല ശരിക്കും വിശ്രമിക്കേണ്ടതുണ്ട്. ഇത് ചെയ്യുന്നത് എങ്ങനെയാണ്? ഇത് ചെയ്യുന്നതിന്, നിങ്ങൾ കാര്യങ്ങളുടെ സത്തയിലേക്ക് മടങ്ങേണ്ടതുണ്ട്: തൊഴിൽപരമായ ഓട്ടങ്ങളിൽ നിന്ന് വിശ്രമദിനങ്ങളുടെ ഓട്ടത്തിലേക്കു കടക്കാതിരിക്കേണ്ടതിന്, നിശ്ചലരാകുക, മൗനം പാലിക്കുക, പ്രാർത്ഥിക്കുക. യേശു ജനക്കൂട്ടത്തിൻറെ ആവശ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നില്ല, എന്നാൽ എല്ലാ ദിവസവും, സർവ്വോപരി, അവിടന്ന്, ഏകനായി, പ്രാർത്ഥനയിലും നിശബ്ദതയിലും പിതാവിനോടുള്ള ഉറ്റബന്ധത്തിലും ചിലവഴിക്കുന്നു. അവിടത്തെ ആർദ്രമായ ക്ഷണം - അൽപ്പം വിശ്രമിക്കുക – എന്നത് നമ്മെയും അകമ്പടി സേവിക്കണം: സഹോദരീസഹോദരന്മാരേ, കര്യക്ഷമത എന്നതിനെക്കുറിച്ച് നമുക്ക് ജാഗ്രതയുള്ളവരാകാം. നമ്മുടെ കാര്യപരിപാടികൾ നമ്മെ നിർബന്ധിക്കുന്ന  ഭ്രാന്തമായ ഓട്ടങ്ങൾ നമുക്ക് അവസാനിപ്പിക്കാം. പ്രകൃതിയെക്കുറിച്ച് ധ്യാനിക്കുന്നതിനും ദൈവവുമായുള്ള സംഭാഷണത്തിലൂടെ നവവീര്യം ആർജ്ജിക്കുന്നതിനും വേണ്ടി നമുക്കു് ഒരു നിമിഷം നില്ക്കാനും, മൊബൈൽ‌ ഫോൺ‌ നിശബ്ദമാക്കാനും പഠിക്കാം.

അനുകമ്പ

എന്നിരുന്നാലും, യേശുവിനും ശിഷ്യന്മാർക്കും അവരുടെ ഹിതാനുസാരം വിശ്രമിക്കാൻ കഴിയില്ലെന്ന് സുവിശേഷം വ്യക്തമാക്കുന്നു. ആളുകൾ അവരെ കണ്ടെത്തി എല്ലായിടത്തുനിന്നും അവരുടെ അടുത്തേക്കൊഴുകി. ആ സമയത്ത് കർത്താവിന് അവരോട് അനുകമ്പ തോന്നി. ഇതാണ് രണ്ടാമത്തെ വശം: അനുകമ്പ, അത് ദൈവത്തിൻറെ രീതിയാണ്. സാമീപ്യം, അനുകമ്പ, ആർദ്രത എന്നിവ ദൈവത്തിൻറെ ശൈലിയാണ്. സുവിശേഷത്തിൽ, ബൈബിളിൽ എത്ര തവണ ഈ വാചകം കാണാം: "അവന് അനുകമ്പ ഉണ്ടായി". മനസ്സലിഞ്ഞ യേശു ജനത്തിനുവേണ്ടി സമയം നീക്കിവയ്ക്കുകയും അവരെ വീണ്ടും പഠിപ്പിക്കാൻ തുടങ്ങുകയും ചെയ്യുന്നു (മർക്കോസ് 6,33-34). ഇത് ഒരു വൈരുദ്ധ്യമായി തോന്നാമെങ്കിലും വാസ്തവത്തിൽ അത് അങ്ങനെയല്ല. വാസ്തവത്തിൽ, വ്യഗ്രതയിൽ ആമഗ്നമാകാൻ അനുവദിക്കാത്ത ഹൃദയത്തിനു മാത്രമേ അലിവുള്ളതാകുന്നതിന് സാധിക്കുകയുള്ളു, അതായത്, സ്വന്തം കാര്യത്തിലും ചെയ്യേണ്ട കാര്യങ്ങളിലും മുഴുകാതിരിക്കുന്നതിനും മറ്റുള്ളവരെയും, അവരുടെ മുറിവുകളെയും, ആവശ്യങ്ങളെയുംക്കുറിച്ച് ചിന്തിക്കുന്നതിനും കഴിയുകയുള്ളു. മനനത്തിൽ നിന്നാണ് അനുകമ്പ ഉണ്ടാകുന്നത്. നാം യഥാർത്ഥത്തിൽ വിശ്രമിക്കാൻ പഠിക്കുകയാണെങ്കിൽ, നാം യഥാർത്ഥ അനുകമ്പയുള്ളവരായിത്തീരും; നാം ധ്യാനാത്മകമായ ഒരു ദർശനം ഊട്ടിവളർത്തുകയാണെങ്കിൽ, എല്ലാം കൈവശപ്പെടുത്താനും ഉപഭോഗം ചെയ്യാനും ആഗ്രഹിക്കുന്നവരുടെ ദുരാഗ്രഹ മനോഭാവമില്ലാതെ നമുക്ക് നമ്മുടെ പ്രവർത്തനങ്ങൾ തുടരാൻ സാധിക്കും; നാം കർത്താവുമായി സമ്പർക്കത്തിലായിരിക്കുകയും നമ്മുടെ അത്യഗാധമായ ഉൾത്തടത്തെ മയക്കത്തിലാഴ്ത്താതിരിക്കുകയും ചെയ്യുകയാണെങ്കിൽ നമുക്ക്  ചെയ്യേണ്ട കാര്യങ്ങൾക്ക് നമ്മെ ശ്വാസം മുട്ടിക്കാനും നമ്മെ വിഴുങ്ങാനും ശക്തിയുണ്ടാകില്ല. ഇത് നമുക്ക് ആവശ്യമാണ് - ഇത് നമുക്ക് അനുഭവപ്പെടണം- അതായത്, വിശ്രമവും ധ്യാനവും അനുകമ്പയും ചേർന്ന ഒരു "ഹൃദയത്തിൻറെ ആവാസവ്യവസ്ഥ". ഇതിനു നമുക്ക് വേനൽക്കാലം പ്രയോജനപ്പെടുത്താം!

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം

മൗനവും പ്രാർത്ഥനയും ധ്യാനവും ഊട്ടിവളർത്തുകയും സ്വന്തം മക്കളോട് എപ്പോഴും ആർദ്രമായ അനുകമ്പ കാട്ടുകയും ചെയ്യുന്ന നമ്മുടെ അമ്മയോട് നമുക്ക് ഇപ്പോൾ പ്രാർത്ഥിക്കാം.

ഈ വാക്കുകളെ തുടർന്ന് പാപ്പാ കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. ആശീർവ്വാദനാന്തരം പാപ്പാ യൂറോപ്പിൽ പ്രകൃതിദുരന്തത്തിൻറെ പ്രഹരമേറ്റ നാടുകളെ അനുസ്മരിച്ചു.

ജലപ്രളയബാധിത യൂറോപ്യൻ നാടുകൾക്കായി പാപ്പായുടെ പ്രാർത്ഥന

ദുരന്തപൂർണ്ണമായ ജലപ്രളയം ബാധിച്ച ജർമ്മനി, ബെൽജിയം, നെതർലാൻഡ്‌സ് എന്നിവിടങ്ങളിലെ ജനങ്ങളോടുള്ള തൻറെ സാമീപ്യം പാപ്പാ വളിപ്പെടുത്തി. ഈ ദുരന്തത്തിൽ മരണമടഞ്ഞവരെ കർത്താവ് സ്വീകരിക്കുകയും അവരുടെ കുടുംബാംഗങ്ങൾക്ക് സാന്ത്വനം പകരുകയും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ പരിശ്രമങ്ങളെ തുണയ്ക്കുകയും ചെയ്യുന്നതിന് പാപ്പാ പ്രാർത്ഥിച്ചു.

ദക്ഷിണാഫ്രിക്കയിൽ സമാധാനം സംജാതമാക്കുന്നതിന് സകലരുടെയും സഹകരണം പാപ്പാ ആഹ്വാനം ചെയ്യുന്നു

ദൗർഭാഗ്യവശാൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് അക്രമത്തെക്കുറിച്ച് ഇക്കഴിഞ്ഞ വാരത്തിൽ എത്തിയ വാർത്തകളെക്കുറിച്ച് പരാമർശിച്ച പാപ്പാ  കോവിദ് 19 മഹാമരി മൂലം അന്നാട്ടിൽ സാമ്പത്തികവും ആരോഗ്യപരവുമായ ബുദ്ധിമുട്ടകളനുഭവിക്കുന്ന സഹോദരങ്ങളുടെ അവസ്ഥ അക്രമസംഭവങ്ങൾ കൂടുതൽ വഷളാക്കിയിരിക്കയാണെന്ന് അനുസ്മരിച്ചു.

ദക്ഷിണാഫ്രിക്കയിൽ സമാധാനത്തിനായി പരിശ്രമിക്കുന്നതിനും ആവശ്യത്തിലിരിക്കുന്നവർക്ക് സഹായഹസ്തം നീട്ടുന്നതിനും വേണ്ടി നാടിൻറെ അധികാരികളുമായി സഹകരിച്ചു പ്രവർത്തിക്കാൻ, പ്രാദേശിക മെത്രാന്മാർ,   സംഘർഷങ്ങളിലേർപ്പെട്ടിരിക്കുന്ന സകലരോടും നടത്തിയ അഭ്യർത്ഥന പാപ്പാ നവീകരിച്ചു. ഐക്യത്തിൽ പുനർജനിക്കാൻ ദക്ഷിണാഫ്രിക്കയിലെ ജനങ്ങളെ പ്രേരിപ്പിച്ച  അഭിവാഞ്ഛ വിസ്മരിക്കപ്പെടരുതെന്ന് പാപ്പാ ഓർമ്മിച്ചു.

സംഘഷഭരിതമായ ക്യുബയിലെ ജനങ്ങളോടും ഐക്യദാഢ്യവുമായി പാപ്പാ

യാതനകളുടെതായ ഒരു ഘട്ടത്തിലൂടെ കടന്നു പോകുന്ന ക്യൂബയിലെ ജനങ്ങളോട്, പ്രത്യേകിച്ച് കൂടുതൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളോടുള്ള തൻറെ സാമീപ്യവും പാപ്പാ ത്രികാലപ്രർത്ഥനാ വേളയിൽ വെളിപ്പെടുത്തി.

സമാധാനത്തിലും സംഭാഷണത്തിലും ഐക്യദാർഡ്യത്തിലും കൂടുതൽ നീതിപൂർവ്വകവും സാഹോദര്യവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ ആ ജനതയ്ക്ക് കഴിയുന്നതിന് പാപ്പാ ദൈവികസഹായം അവർക്കായി പ്രാർത്ഥിച്ചു.കോബ്രെയിലെ സഹായ നാഥായായ കന്യകാമറിയത്തിൻറെ സ്വർഗ്ഗീയ സംരക്ഷണത്തിന് സ്വയം സമർപ്പിക്കാൻ പാപ്പാ എല്ലാ ക്യൂബക്കാരോടും അഭ്യർത്ഥിക്കുകയും ഈ യാത്രയിൽ അവൾ തുണയായിരിക്കും എന്ന ഉറപ്പു നല്കുകയും ചെയ്തു.

സമാപനാഭിവാദ്യവും ആശംസയും

ത്രികാലപ്രാര്‍ത്ഥനാപരിപാടിയുടെ അവസാനം പാപ്പാ ചത്വരത്തിൽ സന്നിഹിതരായിരുന്ന വിവധ വിഭാഗങ്ങളെ പ്രത്യേകം അഭിവാദ്യം ചെയ്യുകയും എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തു‌ട‍ര്‍ന്ന് പാപ്പാ എല്ലാവ‍ര്‍ക്കും നല്ലൊരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

19 July 2021, 12:12

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >