ഫ്രാൻസിസ്കൻ സഭയുടെ പുതിയ തലവന് ഫ്രാൻസിസ് പാപ്പായുടെ അനുമോദനം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ചെറിയ സന്ന്യാസിമാരുടെ സഭ എന്നറിയപ്പെടുന്ന ഫ്രാൻസിസ്കൻ ഓർഡർ ഓഫ് ഫ്രിയേഴ്സ് മൈനർ എന്ന OFM സമൂഹത്തിന്റെ പുതിയ തലവൻ (മിനിസ്റ്റർ ജനറൽ), മാസ്സിമോ ജ്യോവാന്നി ഫുസറെല്ലിക്ക് (Massimo Giovanni Fusarelli) ജൂലൈ പതിമൂന്നാം തീയതിയാണ് ഫ്രാൻസിസ് പാപ്പാ അനുമോദനസന്ദേശം അയച്ചത്.
പുതിയ മിനിസ്റ്റർ ജനറലിന് പ്രാർത്ഥനയും അഭിനന്ദനങ്ങളും അറിയിച്ച ഫ്രാൻസിസ് പാപ്പാ, തന്റെ സേവനരംഗത്തുള്ള പ്രവർത്തങ്ങളിൽ ദൈവം അദ്ദേഹത്തെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ എന്ന് ആശംസിച്ചു. വിശുദ്ധ ഫ്രാൻസിസ്, തന്റെ സന്ന്യാസസഹോദരങ്ങളെ നയിക്കുന്നതിൽ അങ്ങേക്ക് ധൈര്യം നൽകട്ടെ എന്നും ഫ്രാൻസിസ് പാപ്പാ കൂട്ടിച്ചേർത്തു.
2021 മുതൽ 2027 വരെ ആറു വർഷത്തേക്കാണ് പുതിയ മിനിസ്റ്റർ ജനറലിന്റെ നിയമനം. 1963 മാർച്ച് 30ന് റോമിൽ ജനിച്ച അദ്ദേഹം 1983 ജൂലൈ 30നാണ് പ്രഥമവ്രതവാഗ്ദാനം നടത്തിയത്. സഭാപിതാക്കന്മാരുടെ ദൈവശാസ്ത്രത്തെക്കുറിച്ചുള്ള പഠനത്തിന് 1992ൽ റോമിലെ അഗസ്റ്റീനിയന് ഇന്സ്ടിട്യൂട്ടിൽനിന്ന് (Istituto Patristico Augustinianum) ഡോക്ടറേറ്റ് നേടിയ അദ്ദേഹം അന്തോണിയാനം യൂണിവേഴ്സിറ്റിയിൽ (Pontificio Ateneo Antonianum) 1991 മുതൽ 1996 വരെ അധ്യാപകനായിരുന്നു.
ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന ഫ്രാൻസിസ്കൻ സന്ന്യാസവൈദികരും സന്ന്യാസസഹോദരന്മാരും ഉൾപ്പെടുന്ന OFM സഭ, സ്ത്രീകൾക്കായി വിശുദ്ധ ക്ലാരയുടെ പേരിലുള്ള സന്ന്യാസസഭ, അത്മായർക്കായി വിശുദ്ധ ഫ്രാൻസിസിന്റെ പേരിലുള്ള മൂന്നാം സഭ എന്നിവ ഉൾപ്പെടുന്നതാണ് ഫ്രാൻസിസ്കൻ സന്ന്യാസസമൂഹം-
1209 ൽ ഇന്നസെന്റ് മൂന്നാമൻ പപ്പയുടെ അനുമതിയോടെ വിശുദ്ധ ഫ്രാൻസിസ് അസ്സിസി ആണ് ഫ്രാൻസിസ്കൻ സമൂഹം ആരംഭിച്ചത്.